Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചോദ്യം ചെയ്യലിന് സ്പീക്കർ ഹാജരാകുന്നതിൽ തീരുമാനം എടുക്കുക പാർട്ടി; ശ്രീരാമകൃഷ്ണനെ നോട്ടമിടുന്നവരുടെ യഥാർത്ഥ ലക്ഷ്യം പിണറായി എന്ന തിരിച്ചറിവിൽ സിപിഎം; മുൻ കോൺസുൽ ജനറലിനെ ചോദ്യം ചെയ്യാനായാൽ മുഖ്യമന്ത്രിക്കെതിരേയും കൂടുതൽ തെളിവു കിട്ടുമെന്ന പ്രതീക്ഷയിൽ കേന്ദ്ര ഏജൻസികൾ; ഡോളർ കടത്തിൽ ഇനി അതിവേഗ നീക്കങ്ങൾക്ക് സാധ്യത

ചോദ്യം ചെയ്യലിന് സ്പീക്കർ ഹാജരാകുന്നതിൽ തീരുമാനം എടുക്കുക പാർട്ടി; ശ്രീരാമകൃഷ്ണനെ നോട്ടമിടുന്നവരുടെ യഥാർത്ഥ ലക്ഷ്യം പിണറായി എന്ന തിരിച്ചറിവിൽ സിപിഎം; മുൻ കോൺസുൽ ജനറലിനെ ചോദ്യം ചെയ്യാനായാൽ മുഖ്യമന്ത്രിക്കെതിരേയും കൂടുതൽ തെളിവു കിട്ടുമെന്ന പ്രതീക്ഷയിൽ കേന്ദ്ര ഏജൻസികൾ; ഡോളർ കടത്തിൽ ഇനി അതിവേഗ നീക്കങ്ങൾക്ക് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡോളർ കടത്ത് കേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് സ്പീക്കർ ശ്രീരാമകൃഷ്ണൻ ഹാജരാകണമോ എന്ന കാര്യത്തിൽ തീരുമാനം സിപിഎം എടുക്കും. 12നു രാവിലെ 11 മണിക്കു ചോദ്യം ചെയ്യലിനു ഹാജരാകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നൽകിയിട്ടുണ്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ എത്തണമെന്നാണു നിർദ്ദേശം. വിദേശത്തേക്കുള്ള ഡോളർ സ്പീക്കർ തന്നെ ഏൽപിച്ചെന്നും ഡോളറടങ്ങിയ ബാഗ് താൻ യുഎഇ മുൻ കോൺസൽ ജനറലിനു കൈമാറിയെന്നുമുള്ള സ്വപ്നയുടെ മൊഴിയുടെ പേരിലാണു ചോദ്യംചെയ്യൽ.

ഈ നോട്ടീസിന്റെ നിയമപരമായ സാധുതകൾ സ്ിപിഎം പരിശോധിക്കും. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കർക്ക് ഇത്തരത്തിലൊരു നോട്ടീസ് നൽകാൻ കസ്റ്റംസിന് കഴിയുമോ എന്നാകും പരിശോധിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷമാകും സ്പീക്കറുടെ ചോദ്യം ചെയ്യലിൽ സിപിഎം തീരുമാനം എടുക്കുക. നിയമ വഴിയിലൂടെ പ്രതിരോധം തീർക്കാനാണ് ശ്രമം. സ്പീക്കറും മുഖ്യമന്ത്രിയും ഡോളർ കടത്തിൽ നേരിട്ട് ഇടപെട്ടുവെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറെ രക്ഷിച്ചെടുക്കാനുള്ള ആലോചന പാർട്ടി തലത്തിൽ നടക്കുന്നത്.

സ്വപ്‌നയുടെ മൊഴി കേന്ദ്രസർക്കാരിന്റെ ഗൂഢാലോചനയാണെന്നാണ് സിപിഎം പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ തകർക്കാനുള്ള ശ്രമം. ഈ സാഹചര്യത്തിലാണ് സ്പീക്കറെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള സിപിഎം നീക്കം. സ്പീക്കറുടെ ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന വിലയിരുത്തലുമുണ്ട്. ഡോളർ കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസിന്റെ തുടർ അന്വേഷണത്തിൽ യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരുടെ നിലപാട് നിർണായകമാണ്.

മുൻ കോൺസൽ ജനറൽ ജമാൽ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി എന്നിവരെ ചോദ്യം െചയ്യേണ്ടത് അത്യാവശ്യമാണെന്നു കസ്റ്റംസ്, കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിയിലേക്ക് അന്വേഷണം കൊണ്ടു പോകാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം. ഇവരെ ഇന്ത്യയിലെത്തിക്കുക എളുപ്പമല്ല. ഖാലിദ് അലി ഷൗക്രിയെ 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയ കേസിൽ പ്രതിയാക്കുകയും ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾക്കു തുടക്കമിടുകയും െചയ്തിട്ടുണ്ട്. എന്നാൽ, ഡോളർ കടത്തിൽ വ്യക്തത വരണമെങ്കിൽ 3 മുൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. എത്ര ഡോളർ വീതം എത്ര തവണ കടത്തി, യാത്ര നടത്തിയ തീയതികൾ, എവിടെ വച്ച്, ആർക്കു കൈമാറി തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.

ഡോളർ കേസിൽ ഉന്നതർക്കു പങ്കുണ്ടെന്ന വാർത്തകൾ വിവാദമുയർത്തുന്നതിനിടെ, സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം, മസ്‌കത്തിൽ വിദ്യാഭ്യാസ സ്ഥാപനമുടമയായ പ്രവാസി മലയാളിയെയും പൊന്നാനി സ്വദേശിയെയും ചോദ്യം ചെയ്തുവെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതും ആരോപണങ്ങൾക്കു വഴിവച്ചിരിക്കെയാണു ഹൈക്കോടതിയിൽ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് വീണ്ടുമെത്തിയത്. ഈ ചോദ്യം ചെയ്യലുകളിൽ നിന്ന് വ്യക്തമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന. അതുകൊണ്ട് തന്നെ സ്പീക്കറുടെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. ചോദ്യം ചെയ്യലിൽ പതറിയാൽ ശ്രീരാമകൃഷ്ണനെ ഉടൻ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണയാലാണ് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളർ കടത്തിയതെന്നു സ്വർണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിയുമായും അനധികൃത പണമിടപാടുകളുമായും മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയതായി അറിയിച്ചു. 3 മന്ത്രിമാരുടെയും സ്പീക്കറുടെയും നിയമവിരുദ്ധവും അനുചിതവുമായ പ്രവർത്തനങ്ങളെക്കുറിച്ചും സ്വപ്ന മൊഴി നൽകിയെന്നു കസ്റ്റംസിന്റെ വിശദീകരണപത്രികയിൽ പറയുന്നു.

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയ്ക്കു മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിലെ നിരീക്ഷണങ്ങൾക്കെതിരെ ജയിൽ ഡിജിപി നൽകിയ ഹർജിയിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ പത്രിക നൽകിയത്. കസ്റ്റംസ് നിയമത്തിലെ 108ാം വകുപ്പു പ്രകാരം സ്വപ്ന നൽകിയ മൊഴിയിലും ക്രിമിനൽ നടപടിച്ചട്ടത്തിലെ 164ാം വകുപ്പു പ്രകാരം മജിസ്‌ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലും മുഖ്യമന്ത്രിക്കും സ്പീക്കർക്കും 3 മന്ത്രിമാർക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പഴ്‌സനൽ സ്റ്റാഫ് എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നു സ്വപ്ന വെളിപ്പെടുത്തി. പല ഇടപാടുകളിലും ഉന്നതർക്കുള്ള പങ്കും അവർ വാങ്ങിയ കോഴയും മൊഴിയിലുണ്ട്. എല്ലാ ഇടപാടുകളെക്കുറിച്ചും അറിയാമെന്നും താൻ സാക്ഷിയാണെന്നും സ്വപ്ന അറിയിച്ചു. അറബിക് ഭാഷാ പരിജ്ഞാനമുള്ളതിനാൽ ഉന്നതരും മധ്യപൂർവദേശത്തുനിന്നുള്ളവരും തമ്മിലുള്ള ഇടപാടുകളിൽ അവർ ദ്വിഭാഷിയായി പ്രവർത്തിച്ചു.

സർക്കാർ പദ്ധതികളുടെ മറവിൽ ഉന്നത രാഷ്ട്രീയക്കാരും മറ്റു ചിലരും കോൺസുലേറ്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകൾ ഏകോപിപ്പിച്ചത് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണെന്നു സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഡിജിറ്റൽ രേഖകളും സാക്ഷി മൊഴികളും കൂടുതൽ തെളിവു നൽകുമെന്ന പ്രതീക്ഷയിലാണു കസ്റ്റംസ്. കഴിഞ്ഞമാസം ജമാൽ അൽസാബിയുടെ ബാഗിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോൺ, പെൻഡ്രൈവ് എന്നിവയുടെ പരിശോധന നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP