Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ച സമയത്തും ചെക്ക് പോസ്റ്റുകൾ സുരക്ഷിതമായി കടന്ന് സ്വതന്ത്രരായി ബംഗളൂരുവിലെത്തി; യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായും കണ്ടെത്തൽ; ഇടപാടിന് പിന്നിലും ലൈഫ് മിഷൻ; സ്വപ്‌നാ സുരേഷ് ബാങ്കുകാരെ വിറപ്പിച്ച് കമ്മീഷൻ പണം ഡോളറിൽ ആക്കിയത് എന്തിന്? യൂണിടാക്ക് ഇടപാട് സംശയ നിഴലിൽ

പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ച സമയത്തും ചെക്ക് പോസ്റ്റുകൾ സുരക്ഷിതമായി കടന്ന് സ്വതന്ത്രരായി ബംഗളൂരുവിലെത്തി; യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായും കണ്ടെത്തൽ; ഇടപാടിന് പിന്നിലും ലൈഫ് മിഷൻ; സ്വപ്‌നാ സുരേഷ് ബാങ്കുകാരെ വിറപ്പിച്ച് കമ്മീഷൻ പണം ഡോളറിൽ ആക്കിയത് എന്തിന്? യൂണിടാക്ക് ഇടപാട് സംശയ നിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായി വിവരം. ഉദ്യോഗസ്ഥൻ തന്നെയാണ് എൻ.ഐ.എ.യോട് ഇക്കാര്യം പറഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദത്തിലായ യൂണിടാക്കിന്റെ ഉന്നതനാണ് ഇടനിലക്കാരനായതെന്ന് എൻ.ഐ.എ.കണ്ടെത്തി. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ അതിനിർണ്ണായകമായ സാമ്പത്തിക കുറ്റകൃത്യം നടന്നുവെന്നതിന് തെളിവാണ് ഇത്.

അതിനിടെ നയതന്ത്ര പാഴ്‌സലിൽ സ്വർണം കടത്തിയ സ്വപ്ന സുരേഷിന് അധികാരത്തിന്റെ ഇടനാഴികളിലുള്ള സ്വാധീനം പ്രകടമാണെന്ന് സാമ്പത്തിക കുറ്റവിചാരണക്കോടതി വ്യക്തമാക്കി കഴിഞ്ഞു. കേസിലെ പ്രതികളായ സ്വപ്ന, മലപ്പുറം വേങ്ങര സ്വദേശി ഇ. സയീദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാന സർക്കാരിലെ ഉന്നതരുമായി അടുപ്പമുള്ള സ്വപ്ന സുരേഷിന് ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നതു തെളിവുകൾ നശിപ്പിക്കപ്പെടാൻ വഴിയൊരുക്കുമെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അധികാര വഴികളിൽ സ്വാധീനമുള്ള പ്രതിക്കു ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കേസുകളിൽ പ്രതികളാവുന്ന സ്ത്രീകൾക്കു സാധാരണ ലഭിക്കാറുള്ള ആനൂകൂല്യങ്ങൾ സ്വപ്നയ്ക്കു നൽകുന്നത് ഉചിതമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ സ്വപ്‌നയ്ക്ക് ജയിൽ മോചനം ഉടൻ ഉണ്ടാകില്ലെന്ന് വ്യക്തമാകുകയാണ്.

ഇതിനൊപ്പമാണ് യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ എൻഐഎ ചോദ്യം ചെയ്തത് ചർച്ചയാകുന്നത്. ഓഗസ്റ്റ് ആദ്യവാരമായിരുന്നു ഈ ഇടപാട്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന് കീഴിൽ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം യൂണിടാക് ഏറ്റെടുത്ത ഉടനെ ആയിരുന്നു സംഭവം. യു.എ.ഇ.യിലുള്ള സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് ആണ് ഈ പദ്ധതിക്ക് പണം നൽകിയിരുന്നത്. സ്വകാര്യ ബാങ്കിന്റെ കരമന ശാഖയിലെ യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്ന് യൂണിടാക്കിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടിരൂപ ട്രാൻഫർ ചെയ്തതിനുശേഷമാണ് ഡോളർ വാങ്ങിപ്പിച്ചത്.

കോൺസുലറ്റിന്റെ ആറ് അക്കൗണ്ടുകളിൽ ഒന്നിൽനിന്നാണ് തുക അയപ്പിച്ചത്. സ്വപ്നയാണ് ഇതിനുപിന്നിൽ. തന്നെ ഭീഷണിപ്പെടുത്തി നിയമപരമല്ലാത്ത ഇടപാടുകാരിൽനിന്നുമാണ് ഡോളർ വാങ്ങിപ്പിച്ചത് എന്നും ഇതിന്റെ തുല്യമായ തുക ഇന്ത്യൻ കറൻസി ആയി യൂണിടാക് ഉന്നതൻ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വെച്ച് തന്നു എന്നും എൻ.ഐ.എ.യോട് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു. ''ഡോളർ സംഘടിപ്പിച്ച് നൽകിയത് അന്നുതന്നെ ഈ ഉദ്യോഗസ്ഥൻ തന്റെ ബാങ്കിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ, കോൺസുലേറ്റ് അയച്ച തുക യൂണിടാകിന്റെ അക്കൗണ്ടിലേക്ക് വരാൻ വൈകി എന്നും അതിന് സ്വപ്നതന്നെ വിളിച്ച് ശകാരിച്ചു എന്നുമാണ് ഉദ്യോഗസ്ഥൻ രേഖാമൂലം അന്ന് ബാങ്കിനെ അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തെ ബാങ്ക് ഉദ്യോഗസ്ഥനെ കോൺസുലറ്റിലേക്ക് വിളിപ്പിച്ചാണ് സ്വപ്ന ശാസിച്ചിരുന്നത്. അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മറ്റുമെന്നും ഭീഷണി പ്പെടുത്തി. നേരിട്ട് പണം ട്രാൻസ്ഫർ ചെയ്ത ശേഷം എന്തിന് ഡോളർ കള്ളത്തരത്തിൽ വാങ്ങി എന്നതിൽ വ്യക്തതയില്ല. ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോവാൻ ആവും ഇത് എന്നാണ് നിഗമനം. 5.25 കോടി കൈമാറിയതിന്റെ അടുത്ത ദിവസം സാൻസ് വെൻചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 2.25 കോടി മാറ്റിയിരുന്നു. ഈ സ്ഥാപനത്തിന് ലൈഫ് മിഷനുമായി ഉള്ള ബന്ധവും എൻ.ഐ.എ. അന്വേഷണപരിധിയിൽ ഉണ്ട്. എന്നാൽ, കോൺസുേലറ്റിലെ മറ്റ് പ്രവൃത്തികൾക്കുവേണ്ടിയാണ് ഈ കൈമാറ്റമെങ്കിൽ കൂടുതൽ അന്വേഷണം ഉണ്ടാവില്ല.

ഹൈദരാബാദിൽ തുടങ്ങുന്ന യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകളും ഇതേ സ്വകാര്യബാങ്കിന് നൽകാമെന്നും അതിനു 'വേണ്ടത്' ചെയ്യണം എന്നും സ്വപ്ന പറഞ്ഞതായും ഈ ഉദ്യോഗസ്ഥൻ ബാങ്കിനെ അറിയിച്ചിരുന്നു. എന്നാൽ, വഴിവിട്ട കാര്യങ്ങൾ ചെയ്ത് ഇടപാട് നേടേണ്ട എന്നായിരുന്നു ബാങ്ക് അധികൃതർ നിർദേശിച്ചത്. എൻ.ഐ.എ.യോട് പറഞ്ഞ ഈ വിവരങ്ങളോടുകൂടി ലൈഫ് മിഷൻ പദ്ധതിയിലേക്കും അന്വേഷണം നീങ്ങിയേക്കും.

ജാമ്യ ഹർജി തള്ളിയ കോടതി ഉത്തരവും കേസിന്റെ ഗതി വ്യക്തമാക്കുന്നതാണ്. ഉന്നത സ്വാധീനം ഉപയോഗിച്ചാണു സ്വപ്ന സുരേഷ് സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായ ജോലി നേടിയത്. തിരുവനന്തപുരത്തെ കോൺസുലേറ്റിലെ ജോലി രാജി വച്ചിട്ടും അവിടത്തെ ഉന്നതരെ സഹായിക്കാൻ ഇവർക്കു കഴിഞ്ഞിരുന്നു. പ്രതി അങ്ങേയറ്റം സ്വാധീന ശക്തിയുള്ള സ്ത്രീയാണെന്നു കസ്റ്റംസ് ഹാജരാക്കിയ രേഖകളിലും വ്യക്തമാണ്. സ്വപ്ന സുരേഷ് തയാറായില്ലെങ്കിൽ നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണക്കടത്തു നടക്കുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കോവിഡ് വ്യാപനം തടയാൻ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരത്തു നിന്നു കാറിൽ കൊച്ചിയിലേക്ക് ഒളിച്ചു കടന്ന സ്വപ്ന അവിടെ താമസിച്ച ശേഷം കൂട്ടുപ്രതി സന്ദീപ് നായർക്കൊപ്പം റോഡ് മാർഗം ബെംഗളൂരുവിലേക്കു പോയതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ച സമയത്തും ചെക്ക് പോസ്റ്റുകൾ സുരക്ഷിതമായി കടന്ന് സ്വതന്ത്രരായി ബെംഗളൂരുവിലെത്താൻ പ്രതികൾക്കു കഴിഞ്ഞെന്ന പ്രോസിക്യൂഷൻ വാദവും കോടതി ശരിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP