Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചു കിലോ സ്വർണം അണിഞ്ഞ് വിവാഹത്തിന് നിൽക്കുന്ന ഫോട്ടോയുമായി സ്വപ്‌നാ സുരേഷിന്റെ അഭിഭാഷകൻ; ആഫ്രിക്കൻ ലഹരി മാഫിയയെന്ന വാദവുമായി അന്വേഷണ സംഘവും; റമീസിന്റെ ടാൻസാനിയൻ യാത്രകളിൽ നിറയുന്നത് തീവ്രവാദത്തിന്റെ സ്വാധീനമെന്ന് എൻഐഎ; കസ്റ്റംസിനെ ശിവശങ്കർ സ്വാധീനിച്ചില്ലെന്ന് പറയുമ്പോഴും കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ പഴയ സെക്രട്ടറിക്ക് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാതെ വാദങ്ങൾ; സ്വപ്‌നാ സുരേഷിന്റെ ജാമ്യ ഹർജി വാദത്തിൽ നിറയുന്നതും പിണറായിയുടെ ഓഫീസ്

അഞ്ചു കിലോ സ്വർണം അണിഞ്ഞ് വിവാഹത്തിന് നിൽക്കുന്ന ഫോട്ടോയുമായി സ്വപ്‌നാ സുരേഷിന്റെ അഭിഭാഷകൻ; ആഫ്രിക്കൻ ലഹരി മാഫിയയെന്ന വാദവുമായി അന്വേഷണ സംഘവും; റമീസിന്റെ ടാൻസാനിയൻ യാത്രകളിൽ നിറയുന്നത് തീവ്രവാദത്തിന്റെ സ്വാധീനമെന്ന് എൻഐഎ; കസ്റ്റംസിനെ ശിവശങ്കർ സ്വാധീനിച്ചില്ലെന്ന് പറയുമ്പോഴും കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ പഴയ സെക്രട്ടറിക്ക് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാതെ വാദങ്ങൾ; സ്വപ്‌നാ സുരേഷിന്റെ ജാമ്യ ഹർജി വാദത്തിൽ നിറയുന്നതും പിണറായിയുടെ ഓഫീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തിന് തീവ്രാവാദ ബന്ധമുണ്ടെന്ന വാദം ശക്തമാക്കി എൻഐഎ. സ്വർണ്ണ കടത്തിന് ആഫ്രിക്കൻ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം കോടതിയെ അറിയിച്ച് എൻ.ഐ.എ എടുക്കുന്നത് അതിശക്തമായ നിലപാടാണ്. യു.എ.ഇയിലേക്ക് സ്വർണം എത്തിക്കുന്നത് ആഫ്രിക്കയിലെ ലഹരി മാഫിയയാണെന്ന് സംശയമുണ്ടെന്നും ഇത് അതീവഗൗരവകരമായ വിഷയമാണെന്നുമാണ് എൻ.ഐ.എ. കോടതിയിൽ പറഞ്ഞത്. സ്വപ്‌നാ സുരേഷിന്റെ ജാമ്യ ഹർജിയിലാണ് എൻഐഎ സംശയങ്ങൾ വിശദീകരിച്ചത്. സ്വപ്‌നാ സുരേഷ് മുഖ്യ ആസൂത്രകയെന്ന നിലയിലാണ് എൻഐഎ കാര്യങ്ങൾ കോടതിയിൽ അവതരിപ്പിച്ചത്. സ്വപ്നയുടെ മൊഴി ഉദ്ധരിച്ചാണ് എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്. ജാമ്യഹർജിയിൽ വിധി തിങ്കളാഴ്ച പറയും.

കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പല തവണ സന്ദർശനം നടത്തിയിട്ടുണ്ട്. അവിടെനിന്ന് ഇന്ത്യയിലേക്ക് പല സാധനങ്ങളും ഇയാൾ ഇറക്കുമതി ചെയ്തിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് ആഫ്രിക്കൻ ലഹരി മാഫിയയുടെ ബന്ധത്തെക്കുറിച്ചും എൻ.ഐ.എ. സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിലും യു.എ.ഇ. കോൺസുലേറ്റിലും വലിയ സ്വാധീനമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. സ്വർണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന ശിവശങ്കറെ ബന്ധപ്പെട്ടതായും എൻ.ഐ.എയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

എൻ.ഐ.എ. സംഘം കോടതിയിൽ ഹാജരാക്കിയ കേസ് ഡയറി പൂർണമല്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇത്തരമൊരു കേസിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹാജരായത് അതിന്റെ തെളിവാണെന്നും പ്രതിഭാഗം ആരോപിച്ചു. സ്വപ്നയുടെ കൈവശമുള്ള സ്വർണം വിവാഹസമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാൻ സ്വപ്നയുടെ വിവാഹഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. വിവാഹച്ചടങ്ങുകളിൽ സ്വപ്ന അഞ്ച് കിലോ സ്വർണാഭാരണങ്ങൾ ധരിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ നിന്നും ഒരു കിലോ സ്വർണം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പരമ്പരാഗതമായി സ്വപ്‌നയ്ക്ക് സ്വർണം കിട്ടിയെന്ന് വരുത്താനുള്ള നീക്കം. അഞ്ചു കിലോ സ്വർണം എങ്ങനെയാണ് ആളുകൾ ധരിച്ച് പുറത്തിറങ്ങുകയെന്നതും ഇനി ഉയരാൻ പോകുന്ന ചോദ്യമാണ്.

സ്വപ്‌ന അഞ്ചു കിലോ സ്വർണം ധരിച്ചിട്ടുണ്ടെന്നതിന് തെളിവായി ഫോട്ടോയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം തള്ളികളയുന്ന വാദമാണ് എൻഐഎ പുറത്തെടുത്തത്. സ്വർണക്കടത്തിനെ കുറിച്ച് സ്വപ്നയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്ന പങ്കാളി ആയിരുന്നു. കൂടാതെ സംസ്ഥാന സർക്കാരിന്റെ സ്പേസ് പാർക്ക് പദ്ധതിയിലും സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നെന്നും എൻ.ഐ.എ. അറിയിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറുമായി അടുപ്പവും ഉണ്ടായിരുന്നു. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി സാധാരണ പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചു.

സ്വർണം കടത്തിക്കൊണ്ടുവന്ന ബാഗ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന, ശിവശങ്കറിനെ അദ്ദേഹത്തിന്റെ ഫ്ളാറ്റിലെത്തി കണ്ടിരുന്നു. എന്നാൽ അത്തരത്തിൽ ബാഗ് വിട്ടുകിട്ടുന്നതിൽ ഇടപെടാൻ ശിവശങ്കർ തയ്യാറായില്ലെന്നും എൻ.ഐ.എ. കോടതിയിൽ അറിയിച്ചു. ഇതുമാത്രമല്ല, യു.എ.ഇ. കോൺസുലേറ്റിൽ സാധാരണ ഉദ്യോഗസ്ഥ എന്നതിലുപരിയുള്ള സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നുവെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. യു.എ.ഇ. എല്ലാ കാര്യങ്ങൾക്കും സ്വപ്ന വേണം എന്ന ഒരു നില ആ ഓഫീസിൽ ഉണ്ടായിരുന്നു. സ്വപ്ന രാജിവെച്ചു പോയ ശേഷം 1000 ഡോളർ പ്രതിഫലത്തിൽ അവർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നുവെന്നും എൻ.ഐ.എ. വ്യക്തമാക്കി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്ക് ഓരോ ഇടപാടിലും 5000 രൂപ വീതം നൽകിയിരുന്നതായും എൻ.ഐ.എ. കോടതിയെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നയ്ക്ക്‌ബന്ധമുള്ള കാര്യം നേരത്തെ പുറത്തു വന്നതാണെങ്കിലും കോടതിയിൽ ഒരു വാദമായി എൻഐഎ ഇക്കാര്യം ഉയർത്തുന്നത് ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തൽ. അതേസമയം കള്ളക്കടത്ത് വിവരം ശിവശങ്കർ അറിഞ്ഞിരുന്നോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫ്‌ളാറ്റിൽ എത്തിയ സ്വപ്ന ബാഗിൽ സ്വർണ്ണമാണെന്ന വിവരം ശിവശങ്കറിനോട് പറഞ്ഞിരുന്നോ എന്ന കാര്യവും പറഞ്ഞിട്ടില്ല.

അറ്റാഷേയും കോൺസുൽ ജനറലുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നും പറയുന്നു. കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ ഒരു കാര്യവും സ്വപ്ന അറിയാതെ നടന്നിരുന്നില്ല എന്നുമാണ് പറഞ്ഞിരിക്കുന്നത്. സ്വർണ്ണക്കടത്തിന് ഓരോരുത്തർക്കും വൻതുകയാണ് പ്രതിഫലം നൽകിയിരുന്നത്. സ്വർണം കടത്തിയ കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് എൻഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സ്വർണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്ന വാദമായിരുന്നു ഇതിന് എൻഐഎ കോടതിയിൽ മറുപടി നൽകിയത്. സ്വർണക്കടത്തിന്റെ പേരിൽ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകൾ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു.

ഇത് നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റേത്. എന്നാൽ കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. കേസിൽ വാദം പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP