Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിടിച്ചതു നയതന്ത്ര പാഴ്‌സലല്ലെന്നും വ്യക്തിപരമായ ബാഗേജാണെന്നും നിലപാട് എടുക്കാൻ ഉപദേശിച്ചത് ദൃശ്യമാധ്യമ പ്രവർത്തകൻ; 2018 ൽ ഹോട്ടലിൽ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി; കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴി യുഎഇയുമായി നല്ല ബന്ധമുണ്ടാക്കാൻ ബിജെപിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തൽ; മാധ്യമ പ്രവർത്തകനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്; മകന്റെ വിസയ്ക്ക് മന്ത്രി കോൺസുലേറ്റിൽ എത്തിയതും പരിശോധനയിൽ; സ്വർണ്ണ കടത്തിൽ ട്വിസ്റ്റുകൾ തുടരുന്നു

പിടിച്ചതു നയതന്ത്ര പാഴ്‌സലല്ലെന്നും വ്യക്തിപരമായ ബാഗേജാണെന്നും നിലപാട് എടുക്കാൻ ഉപദേശിച്ചത് ദൃശ്യമാധ്യമ പ്രവർത്തകൻ; 2018 ൽ ഹോട്ടലിൽ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി; കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴി യുഎഇയുമായി നല്ല ബന്ധമുണ്ടാക്കാൻ ബിജെപിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തൽ; മാധ്യമ പ്രവർത്തകനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്; മകന്റെ വിസയ്ക്ക് മന്ത്രി കോൺസുലേറ്റിൽ എത്തിയതും പരിശോധനയിൽ; സ്വർണ്ണ കടത്തിൽ ട്വിസ്റ്റുകൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണ കടത്ത് കേസിൽ മാധ്യമ പ്രവർത്തകനേയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന. സ്വപ്‌നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഈ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്താൽ അത് രാഷ്ട്രീയ പൊട്ടിത്തെറിക്കും സാഹചര്യമൊരുക്കും.

സ്വർണക്കടത്തു പിടിച്ച ശേഷം തിരുവനന്തപുരത്തെ ഒരു ദൃശ്യമാധ്യമപ്രവർത്തകൻ വിളിച്ചിരുന്നെന്നും പിടിച്ചതു നയതന്ത്ര പാഴ്‌സലല്ല, വ്യക്തിപരമായ ബാഗേജാണെന്നു യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്റ്റേറ്റ്‌മെന്റ് നൽകിയാൽ മതിയെന്നു പറഞ്ഞെന്നും സ്വപ്നയുടെ മൊഴി. കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്ത ജൂലൈ 5ന് ഉച്ചയ്ക്കു ശേഷമാണ് ഈ വിളിയെന്നതിനാൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനാണു കസ്റ്റംസ് ആലോചന. 2018 ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴി യുഎഇയുമായി നല്ല ബന്ധമുണ്ടാക്കാൻ ബിജെപിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഇത് ഏറെ ചർച്ചയാവാൻ സാധ്യതയുണ്ട്. മനോരമയാണ് ഇത്തരത്തിൽ സ്വപ്ന മൊഴി നൽകിയതായി വെളിപ്പെടുത്തുന്നത്.

അതിനിടെ മന്ത്രിമാരുടെ ചട്ട ലംഘനം കേന്ദ്ര സർക്കാരും പരിശോധിക്കുന്നുണ്ട്. മന്ത്രിമാർ നയതന്ത്ര കാര്യാലയങ്ങളിൽ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നാണ് ചട്ടം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോൺസുലേറ്റുകൾക്കു സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഇതൊന്നും കേരളത്തിലെ മന്ത്രിമാരിൽ ചിലർ പാലിച്ചില്ലെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. എല്ലാം തോന്നുംപടി ചെയ്തു. ഇതാണ് സ്വർണ്ണ കടത്തിനുള്ള സാഹചര്യം പോലും സൃഷ്ടിച്ചത്. ഉന്നത ബന്ധങ്ങൾ തുണയാക്കി സ്വപ്‌നാ സുരേഷ് അതിസമർത്ഥമായി കാര്യങ്ങൾ കൈകാര്യം ചെയ്തുവെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ യുഎഇ കോൺസുലേറ്റിലേക്കുള്ള 2 മന്ത്രിമാരുടെ സന്ദർശന വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കുകയാണ്. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി. ഇരു മന്ത്രിമാരുടെ സന്ദർശനത്തിലും പ്രോട്ടോക്കോൾ ലംഘനമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുൻകയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളിൽ പങ്കെടുപ്പിച്ചത്. ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങൾക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി.

അതിനിടെ സ്വർണക്കടത്തു കേസ് രജിസ്റ്റർ ചെയ്ത ജൂലൈ 5നു രാത്രി തന്നെ തിരുവനന്തപുരത്തു നിന്നു താനും കുടുംബവും കൊച്ചിയിലെത്തിയിരുന്നെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു സ്വപ്നയുടെ മൊഴി. വർക്കലയിൽ വച്ചാണു സന്ദീപ് ഞങ്ങൾക്കൊപ്പം ചേർന്നത്. അന്നു രാത്രി തന്നെ അഭിഭാഷകനെ കണ്ട് വക്കാലത്ത് നൽകി. കൊച്ചിയിലും പരിസരത്തും 2 ദിവസം തങ്ങിയ ശേഷമാണു ബെംഗളൂരുവിലേക്കു പോയത്. യുഎഇ കോൺസുലർ ജനറലിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നു രാജിവച്ചതാണ്. അദ്ദേഹത്തിനു സ്ഥലം മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. പുതിയ ജോലി സ്ഥലത്തേക്ക് ഒപ്പം കൂട്ടാമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു. സെക്രട്ടറി സ്ഥാനം രാജിവച്ച ശേഷം, അനൗദ്യോഗികമായി അദ്ദേഹത്തിനു നൽകിയിരുന്ന സഹായങ്ങൾക്കു പ്രതിമാസം 1000 യുഎസ് ഡോളർ (75,000 രൂപ) പ്രതിഫലം ലഭിച്ചിരുന്നുവെന്നാണ് സ്വപ്‌ന പറയുന്നത്.

സ്വർണക്കടത്തു കേസിൽ അന്വേഷണത്തിന് യുഎഇയിലേക്കു പോകാൻ എൻഐഎ സംഘം ആലോചിക്കുന്നുണ്ട്. എന്നാൽ, അന്വേഷണത്തിൽ യുഎഇയുടെ സഹകരണം ഉറപ്പാക്കാനുള്ള അഭ്യർത്ഥന എൻഐഎയിൽ നിന്നു ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. യുഎഇ സർക്കാരിന്റെ അനുമതിയില്ലാതെ എൻഐഎക്ക് അവിടെ നേരിട്ട് കേസന്വേഷണം സാധിക്കില്ല. വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യുഎഇ എംബസി മുഖേന അവിടത്തെ സർക്കാരിനെ സമീപിക്കണം. പൊലീസിന്റെ സഹകരണം ആവശ്യമെങ്കിൽ സിബിഐ മുഖേന ഇന്റർപോളിനെ സമീപിക്കണം.

അനൗദ്യോഗികമായി അന്വേഷകർക്കു വിദേശരാജ്യത്തു പോകാനും അവിടെ കസ്റ്റഡിയിലല്ലാത്തവരെ ഇന്ത്യൻ എംബസിയിൽ വരുത്തി ചോദ്യം ചെയ്യാനും സാധിക്കും. അറ്റാഷെയുടെ മൊഴിയെടുക്കാൻ അനുവദിക്കണമെന്നു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഏതായാലും കേ്ന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ എൻഐഎ തീരുമാനം എടുക്കൂ.

സ്വർണക്കടത്തുകേസിലെ ചോദ്യംചെയ്യലിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ പകർപ്പ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വപ്നയുടെ ആവശ്യപ്രകാരമാണു കസ്റ്റംസ് ആക്ട് 108 (എ) പ്രകാരമുള്ള നടപടി. കസ്റ്റംസ് നിയമപ്രകാരം, പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ പ്രതിചേർക്കാൻ കഴിയും. ചില രാഷ്ട്രീയ നേതാക്കളടക്കം സ്വർണക്കടത്തിനു സഹായിച്ചവരുടെ പേരുകൾ മൊഴിയിലുണ്ടെന്നാണു സൂചന. ഭാവിയിൽ മൊഴി മാറ്റാൻ സമ്മർദം ഉണ്ടാകാമെന്നതു കണക്കിലെടുത്താണു പകർപ്പ് കോടതിയിൽ സമർപ്പിക്കാൻ സ്വപ്ന കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥർ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണൽ സി.ജെ.എം. കോടതിയിലെത്തിയാണ് മൊഴിപ്പകർപ്പ് മുദ്രവച്ച കവറിൽ സമർപ്പിച്ചത്.

കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്തിലെ പണമിടപാടുകളെക്കുറിച്ചാണ് ഇ.ഡി. അന്വേഷിക്കുന്നത്. പണത്തിന്റെ ഉറവിടം, ഹവാല, ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അന്വേഷണപരിധിയിലുണ്ട്. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രണ്ടു ബാങ്ക് ലോക്കറുകളിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തതു കള്ളക്കടത്തിലെ ബിനാമി ഇടപാടുകൾ സംബന്ധിച്ചു സൂചന നൽകുന്നതാണെന്ന് അന്വേഷണ വൃത്തങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP