Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

നയതന്ത്ര ബാഗോ പാഴ്‌സലോ? അന്വേഷണത്തിന് എൻഐഎ യുഎഇയിലേക്ക്; ഇന്റർപോളിന്റെ സഹായം ഏകോപിപ്പിക്കാൻ സിബിഐയും എത്തും; കോൺസുലേറ്റിന്റെ മറവിലെ കടത്തിൽ അന്വേഷണത്തിന് യുഎഇയും; കടത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന റെയ്ഡിൽ കണ്ടെടുത്ത ബാഗുകളിൽ നയതന്ത്ര പരിരക്ഷാ സ്റ്റിക്കർ; ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ നിന്നും കിട്ടിയ കറുത്ത ബാഗും നിർണ്ണായകം; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ എൻഐഎ അറസ്റ്റ് ചെയ്യാൻ സാധ്യത; സ്വപ്‌നയ്‌ക്കൊപ്പം ഐഎഎസുകാരനും അഴിക്കുള്ളിലേക്കോ?

നയതന്ത്ര ബാഗോ പാഴ്‌സലോ? അന്വേഷണത്തിന് എൻഐഎ യുഎഇയിലേക്ക്; ഇന്റർപോളിന്റെ സഹായം ഏകോപിപ്പിക്കാൻ സിബിഐയും എത്തും; കോൺസുലേറ്റിന്റെ മറവിലെ കടത്തിൽ അന്വേഷണത്തിന് യുഎഇയും; കടത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന റെയ്ഡിൽ കണ്ടെടുത്ത ബാഗുകളിൽ നയതന്ത്ര പരിരക്ഷാ സ്റ്റിക്കർ; ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ നിന്നും കിട്ടിയ കറുത്ത ബാഗും നിർണ്ണായകം; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ എൻഐഎ അറസ്റ്റ് ചെയ്യാൻ സാധ്യത; സ്വപ്‌നയ്‌ക്കൊപ്പം ഐഎഎസുകാരനും അഴിക്കുള്ളിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ അന്വേഷണം യു.എ.ഇ.യിലേക്ക്. ഇതിനായി എൻ.ഐ.എ. കോൺസുലേറ്റിന്റെ സഹായം തേടി. ഇന്റർപോളിന്റെ സഹായത്തോടെയാകും യുഎഇയിലെ അന്വേഷണം. അതിനിടെ സംഭവത്തിൽ യുഎഇയും അന്വേഷണം തുടങ്ങി. നയതന്ത്ര പാഴ്‌സലിന് പിന്നിലെ സത്യം കണ്ടെത്താനാണ് ശ്രമം. കള്ളക്കടത്ത് കേസ് യുഎഇയ്ക്ക് രാജ്യാന്തര തലത്തിൽ പേരു ദോഷം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോകമെങ്ങുമുള്ള എംബസികളും കോൺസുലേറ്റുകളും സംശയ നിഴലിലായി. ഈ സാഹചര്യത്തിലാണ് അന്വേഷണം.

യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽവന്നത് നയതന്ത്രബാഗ് അല്ലെന്നും പാഴ്സൽ ആയിരുന്നെന്നും യു.എ.ഇ. വ്യക്തമാക്കിയിരുന്നു. നയതന്ത്രപരിരക്ഷ ഇല്ലാത്ത ഈ പാഴ്സൽ ഉദ്യോഗസ്ഥന് വ്യക്തിപരമായി വന്നതാണെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം യുഎഇയിലേക്ക് നീളുന്നത്. പാഴ്‌സൽ എവിടെ നിന്നു വന്നു എന്നതിൽ വ്യക്തത വരുത്താനാകും യു.എ.ഇ.യിലേക്കുള്ള അന്വേഷണത്തിന്റെ ആദ്യഘട്ട ശ്രമം. ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്സൽ അദ്ദേഹം അറിയാതെ മറ്റാരെങ്കിലും നിയന്ത്രിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇയും അന്വേഷണം നടത്തുന്നത്.

Stories you may Like

കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതി അനുസരിച്ച് എൻ.ഐ.എ.ക്കു അന്താരാഷ്ട്രതലത്തിൽ കേസ് അന്വേഷണം വ്യാപിപ്പിക്കാനുള്ള അനുമതി നൽകിയിരുന്നു. നിലവിൽ സിബിഐ. ആണ് ഇന്ത്യയിൽ ഇന്റർപോളിന്റെ പങ്കാളി. അതുകൊണ്ട് സിബിഐ. മുഖേന എൻ.ഐ.എ.ക്ക് ഇന്റർപോളിന്റെ സഹായം തേടേണ്ടിവരും. ഫലത്തിൽ സിബിഐയും ഈ കേസുമായി സഹകരിക്കും. വിദേശത്തെ കാര്യങ്ങളിൽ എൻ ഐ എയ്ക്ക് വേണ്ടി ഇടപെടൽ നടത്തുക സിബിഐയാകും.

കൊച്ചി സ്വദേശിയായ ഫൈസൽ ഫരീദ് എന്നയാളുടെ നേതൃത്വത്തിലാണ് ദുബായ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടന്നതെന്നാണ് എൻ.ഐ.എ. കരുതുന്നത്. കസ്റ്റംസ് പ്രതിപ്പട്ടികയിൽ ഇല്ലാതിരുന്ന ഫൈസലിനെ മൂന്നാംപ്രതിയാക്കിയാണ് എൻ.ഐ.എ. കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചത്. ഇയാളെ ദുബായിൽ നിന്നെത്തിക്കാനും ശ്രമമുണ്ട്. ഫൈസലിന്റെ വിശദാംശങ്ങളും പൊലീസ് എടുത്തു കഴിഞ്ഞു. ഏത് സമയത്തും ഇയാളേയും ഇന്റർപോൾ അറസ്റ്റ് ചെയ്‌തേയ്ക്കും. സരിതിന്റെ മൊഴികളിൽ നിന്നാണ് വിവരങ്ങൾ കിട്ടിയത്.

സ്വർണക്കടത്തുകേസിലെ പ്രതികളുടെ വീടുകളിലും മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്‌ളാറ്റിലും വെള്ളിയാഴ്ച കസ്റ്റംസ് അധികൃതർ നടത്തിയ റെയ്ഡിൽ സ്വർണം കടത്താനുപയോഗിച്ചതെന്ന് കരുതുന്ന ആറുബാഗുകൾ കണ്ടെത്തിയിരുന്നു. ഇതും നിർണ്ണായകമാണ്. മൂന്നെണ്ണത്തിൽ ഡിപ്ലോമാറ്റിക് സ്റ്റിക്കർ അടർത്തിമാറ്റിയെന്നുതോന്നിക്കുന്ന ഭാഗമുണ്ട്. രണ്ടെണ്ണത്തിൽ ഇത് പൂർണമായും പൊളിച്ചുമാറ്റിയിട്ടുണ്ട്. പുതിയ ബാഗുകളായതിനാൽ പശ ഒട്ടിയനിലയിൽത്തന്നെയാണ്. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസിലെ ഉന്നതകേന്ദ്രങ്ങൾ പറഞ്ഞു.

സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപമുള്ള ഹെദർ ടവറിലെ ശിവശങ്കറിന്റെ സ്വകാര്യഫ്‌ളാറ്റായ എഫ്-6 എഫിൽനിന്ന് ഇതേതരത്തിലുള്ള ഒരു ബാഗ് ലഭിച്ചു. എന്നാലിത് സ്വർണക്കടത്തുകാർ ഉപയോഗിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. സന്ദീപ് നായരുടെയും സരിത്തിന്റെയും വീടുകളിൽനിന്നാണ് മറ്റുബാഗുകൾ കിട്ടിയത്. സി.സി.ടി.വി. ക്യാമറയിൽക്കണ്ട ബാഗുകൾ ഇതുതന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പിക്കേണ്ടതുണ്ട്. ശിവശങ്കറിനെ കേസിൽ പ്രതിചേർക്കാൻ കഴിയുന്ന തെളിവാണ് ഇത്.

ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി. വെള്ളിയാഴ്ച സന്ദർശകരജിസ്റ്ററും ക്യാമറാദൃശ്യങ്ങളും ശേഖരിച്ചു. ശനിയാഴ്ച ഫ്‌ളാറ്റിലെ കെയർടേക്കറെ മൊഴിയെടുക്കുന്നതിനായി കൊണ്ടുപോയി. ജി.എസ്.ടി. കമ്മിഷണറുടെ കാര്യാലയത്തിൽവച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ജൂലായ് ആറിന് വൈകീട്ടാണ് ശിവശങ്കർ അവസാനമായി ഫ്‌ളാറ്റിൽ എത്തിയതെന്ന് സുരക്ഷാജീവനക്കാരൻ പ്രഭാകരൻ പറഞ്ഞു. രാത്രി ഏറെ വൈകിയാണ് മിക്കപ്പോഴും അദ്ദേഹം ഫ്‌ളാറ്റിൽ എത്തിയിരുന്നത്. രാത്രി ഒരുമണിക്ക് വരുകയും രാവിലെ പോകുകയുംചെയ്യും. സ്വപ്നയുൾപ്പെടെ സ്വർണക്കടത്തിലെ പ്രതികൾ അദ്ദേഹത്തിനൊപ്പം വന്നതായി കണ്ടിട്ടില്ലെന്നും ഇയാൾ പറഞ്ഞു.

ശിവശങ്കർ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത് സ്വകാര്യ ആവശ്യത്തിനുവേണ്ടി. മാർച്ചിൽ ഇവിടെ താമസംതുടങ്ങി. അദ്ദേഹംതന്നെയാണ് വാടക കൊടുത്തിരുന്നത്. 17,500 രൂപയായിരുന്നു വാടക. ഔദ്യോഗിക ആവശ്യങ്ങൾക്ക് രാത്രി വൈകിയും സെക്രട്ടേറിയറ്റിൽ തുടരേണ്ടിവരുമ്പോൾ താമസിക്കുന്നതിനാണ് ഫ്‌ളാറ്റെന്നാണ് കെട്ടിട ഉടമകളോട് പറഞ്ഞത്. രാത്രി ഓഫീസിൽനിന്ന് ഇറങ്ങാൻ വൈകുമ്പോൾ ഇവിടേക്കാണ് പോയിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP