Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് കോടികൾ പിൻവലിച്ചു; ബാങ്ക് ബാലൻസ് കുറഞ്ഞപ്പോൾ ഉള്ള പണവും ആഭരണങ്ങളും ലാപ് ടോപ്പും ക്രെഡിറ്റ് കാർഡുമായി മുങ്ങി; വ്യാജ ഡോക്ടർമാരുടെ സഹായത്തോടെ മരുന്ന് കൊടുത്ത് മനോനില തെറ്റിച്ചു; ഭ്രാന്തനാണെന്ന് മാധ്യമങ്ങളെ അറിയിച്ച് കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; മാനേജർ ദിഷയുടെ ആത്മഹത്യയിൽ കുടുക്കുമെന്നും ഭീഷണി മുഴക്കി; സുശാന്ത് സിങ് രാജ് പുത്തിന്റെ മരണത്തിൽ നടി റിയ ചക്രബർത്തിക്കെതിരെ പിതാവ്

സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് കോടികൾ പിൻവലിച്ചു; ബാങ്ക് ബാലൻസ് കുറഞ്ഞപ്പോൾ ഉള്ള പണവും ആഭരണങ്ങളും ലാപ് ടോപ്പും ക്രെഡിറ്റ് കാർഡുമായി മുങ്ങി; വ്യാജ ഡോക്ടർമാരുടെ സഹായത്തോടെ മരുന്ന് കൊടുത്ത് മനോനില തെറ്റിച്ചു; ഭ്രാന്തനാണെന്ന് മാധ്യമങ്ങളെ അറിയിച്ച് കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; മാനേജർ ദിഷയുടെ ആത്മഹത്യയിൽ കുടുക്കുമെന്നും ഭീഷണി മുഴക്കി; സുശാന്ത് സിങ് രാജ് പുത്തിന്റെ മരണത്തിൽ നടി റിയ ചക്രബർത്തിക്കെതിരെ പിതാവ്

മറുനാടൻ ഡെസ്‌ക്‌

പാറ്റ്ന: ജൂൺ 14ന് സുശാന്ത് സിങ് രാജ്പുത് ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും, മരണത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് അവസാനമില്ല. സുശാന്തിന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയാ ചക്രബർത്തിക്കെതിരെ മോഷണവും, വഞ്ചനയും ആത്മഹത്യാപ്രേരണയും അടക്കം നിരവധി കുറ്റങ്ങൾ ആരോപിച്ച് സുശാന്തിന്റെ പിതാവ് കൃഷ്ണകുമാർ സിങ് രംഗത്തെത്തി. പാറ്റ്‌നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം എടുത്ത എഫ്‌ഐആറിൽ റിയയ്ക്കും കുടുംബത്തിനും എതിരെ ഗുരുതര കുറ്റങ്ങൾ തന്നെയാണ് ആരോപിക്കുന്നത്.

74 കാരനായ സുശാന്തിന്റെ പിതാവിന് ആരോഗ്യപ്രശ്‌നങ്ങൾ കാരണം മുബൈയിലേക്ക് പറക്കാൻ കഴിയാത്തതുകൊണ്ടാണ് പാറ്റ്‌നയിൽ കേസ് നൽകിയിരിക്കുന്നത്. മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പാറ്റ്‌ന പൊലീസിന്റെ നാലംഗ സംഘം റിയയെയും മറ്റു നാല് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാൻ മുബൈക്ക് തിരിച്ചിട്ടുണ്ട്.

സുശാന്തിന്റെ പിതാവ് ഉന്നയിക്കുന്ന മുഖ്യ ആരോപണങ്ങൾ

1.സുശാന്തിനെ റിയ സ്വന്തം വരുതിയിൽ നിർത്തി. കുടുംബത്തിൽ നിന്ന് അകറ്റി നിർത്തി. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതും റിയയാണ്. കോടികൾ ആ അക്കൗണ്ടിൽ നിന്ന് റിയ പിൻവലിച്ചു.

2. ജൂൺ 8 ന് സുശാന്തിന്റെ ബാങ്ക് ബാലൻസ് കുറഞ്ഞുവരികയാണെന്ന് മനസിലാക്കിയ റിയ പണവും ആഭരണങ്ങളും ലാപ് ടോപ്പും, ക്രെഡിറ്റ് കാർഡും അതിന്റെ പിൻ നമ്പറും പാസ് വേഡും പ്രധാനപ്പെട്ട രേഖകളും ഡോക്ടർമാരുടെ കുറിപ്പടികളുമായി കടന്നു കളഞ്ഞു. സുശാന്ത് ആ സമയത്ത് സഹോദരിയെ വിളിച്ച് റിയ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു. തന്റെ മനോനില തകരാറിലാണെന്ന് അറിയിക്കാൻ ഡോക്ടർമാരുടെ കുറിപ്പടികൾ മാധ്യമങ്ങളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. മനോനില തകരാറിലെന്ന് വന്നാൽ പിന്നീട് ആരും സുശാന്തിന് സിനിമ നൽകില്ലല്ലോ.

3.ജൂൺ 8 ന് രാത്രിയാണ് സുശാന്തിന്റെ സെക്രട്ടറി ദിഷയുടെ ആത്മഹത്യ. റിയയാണ് ദിഷയെ സെക്രട്ടറിയായി നിയമിച്ചത്. ദിഷ ജീവനൊടുക്കിയതിന് പിന്നാലെ സുശാന്തിന്റെ നമ്പർ റിയ തന്റെ മൊബൈലിൽ ബ്ലോക്ക് ചെയ്തു. സെക്രട്ടറിയുടെ ആത്മഹത്യാക്കേസ് സുശാന്തിന്റെ തലയിൽ വച്ചുകെട്ടുമെന്ന് റിയ ഭീഷണി മുഴക്കിയിരുന്നു. അങ്ങനെ സംഭവിക്കുമോയെന്ന് സുശാന്തിന് ഭയമുണ്ടായിരുന്നു.

4.ബോളിവുഡിൽ വിജയകരമായ കരിയർ ഉണ്ടായിട്ടും തന്റെ മകന്റെ മനോനില തെറ്റിച്ചതിന് പിന്നിൽ റിയയുടെയും കുടുംബത്തിന്റെയും ഗൂഢാലോചനയാണെന്ന് പിതാവ് ആരോപിക്കുന്നു. ഇങ്ങനെ മനോനില തകരാറിലായതോടെയാണ് അവൻ ആത്മഹത്യ ചെയ്തത്. 2019 മെയിൽ റിയ സുശാന്തുമായി അടുപ്പം സ്ഥാപിച്ചത് നടന്റെ മികച്ച ബന്ധങ്ങൾ ഉപയോഗിച്ച് സ്വന്തം കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള സ്വാർത്ഥതയോടെയായിരുന്നു.

5.റിയയും മാതാപിതാക്കൾ അടക്കമുള്ള കുടുംബാംഗങ്ങളും തന്റെ മകന്റെ കോടികളുടെ സ്വത്ത് കവരാനുള്ള നീക്കമാണ് നടത്തിയത്. അവന്റെ ജീവിതത്തിന്റെ സമസ്ത കാര്യങ്ങളിലും അവർ ഇടപെട്ടിരുന്നു.സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 15 കോടി എങ്ങോട്ട് മാറ്റിയെന്ന കാര്യത്തിലും അന്വേഷണം വേണം.

6.ബാന്ദ്രയിലെ സുശാന്തിന്റെ വസതി പ്രേതബാധയുള്ളതാണെന്നും അവിടം വിട്ട് മുംബൈക്ക് അടുത്തുള്ള റിസോർട്ടിലേക്ക് താമസം മാറ്റാനും റിയയും കുടുംബവും സുശാന്തിനെ നിർബന്ധിച്ചിരുന്നു. ചില ധാർമികതയില്ലാത്ത ഡോക്ടർമാരെയാണ് സുശാന്തിന്റെ ചികിത്സയ്ക്കായി റിയ നിയോഗിച്ചത്. സുശാന്തിന്റെ കുടുംബത്തിൽ നിന്ന് ഇക്കാര്യങ്ങളെല്ലാം മറച്ചുവയ്ക്കുകയും ചെയ്തു.

7.കരിയറിന്റെ ഒരുഘട്ടത്തിൽ തന്റെ മകൻ സിനിമ ഉപേക്ഷിക്കാനും കൂർഗിൽ പോയി കൃഷി ചെയ്ത് ജീവിക്കാനും തീരുമാനിച്ചിരുന്നു. സുശാന്തിനെ പൊതുജനമധ്യത്തിൽ ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് റിയ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും പിതാവ് ആരോപിക്കുന്നു.

വിഷാദ രോഗം മൂലമുള്ള ആത്മഹത്യയാണ് നടന്റേതെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും മരണത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം സുശാന്തിന്റെ അമ്മാവൻ നേരത്തെ തുറന്നടിച്ചിരുന്നു. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു, സുശാന്തുകൊല്ലപ്പെട്ടതാണെന്നും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവൻ വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് പറഞ്ഞിരുന്നു.

സുശാന്തിന്റെ മനോനില തെറ്റിച്ചത് ആര്?

സുശാന്തിന്റെ മനോനില തകരാറിലായതിനാണ് മഹേഷ് ഭട്ട് സടക് 2 എന്ന ചിത്രത്തിൽ നിന്ന് താരത്തെ മാറ്റിയതിനു കാരണമായി പറഞ്ഞു കേട്ടിരുന്നു. പക്ഷേ, ആ ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനുശേഷം സുശാന്ത് തന്നെ ആ പ്രൊജക്ടിൽ നിന്നു പിന്മാറായതാണെന്ന് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇതിൽ അസ്വസ്ഥനായ മഹേഷ് ഭട്ട് സുശാന്തിന്റെ മനോനില തകരാറിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. റിയ ചക്രവർത്തിയെ സുശാന്തിൽ നിന്ന് അകറ്റുന്നതിനും ബോധപൂർവം ഇടപെട്ടത് മഹേഷ് ഭട്ടാണെന്നും ചിലർ ആരോപിക്കുന്നു. അതിനാൽ സുശാന്തിന്റെ മരണത്തിനു പിന്നിൽ മഹേഷ് ഭട്ടിന്റെ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇവർ വാദിക്കുന്നു.

സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് റിയ പൊലീസിനോടു സമ്മതിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. റിയയും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നു.

സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാതെ ജീവിത ശൈലി ക്രമീകരിക്കാനാണ് സുശാന്ത് ശ്രമിച്ചിരുന്നത്. ഇതിനായി യോഗയും ധ്യാനവും ചെയ്തിരുന്നു. മരുന്ന് കഴിക്കാൻ തയ്യാറായില്ലെന്നും റിയ പറഞ്ഞു.കൂടുതൽ അന്വേഷണത്തിനായി റിയ, തന്റെ ഫോൺ പൊലീസിന് കൈമാറിയിരുന്നു. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.

ബോളിവുഡിനെ ഞെട്ടിച്ചാണ് സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്തയെത്തുന്നത്. 34കാരനായ താരത്തെ മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 1986ൽ ബിഹാറിലെ പാട്നയിലാണ് സുശാന്ത് ജനിച്ചത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി', പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാർനാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകൾ. കഴിഞ്ഞ വർഷം പുറത്തെത്തിയ ഡ്രൈവ് ആണ് അവസാന ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP