Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂരജ് പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നപ്പോൾ മകൾ ഡോ റിസാനയുടെ പേരിൽ വെസ്റ്റ് മാഹിയിൽ വാങ്ങിയത് ഒന്നേകാൽ ഏക്കർ സ്ഥലം; ഇതിൽ 60 സെന്റ് സ്ഥലം നൽകാമെന്ന പറഞ്ഞ് 61 ലക്ഷംരൂപ കൈപ്പറ്റി വഞ്ചിച്ചു; ടി ഒ സൂരജിന്റെ മകൾ ഭൂമി തട്ടിപ്പ് നടത്തിയതായി പരാതി; കേസ് എടുത്ത് അന്വേഷണം തുടങ്ങി പൊലീസ്; മക്കളുടെ സ്വത്തുക്കൾ സൂരജിന്റെ ബിനാമി സ്വത്തെന്നും പരാതി

സൂരജ് പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നപ്പോൾ മകൾ ഡോ റിസാനയുടെ പേരിൽ വെസ്റ്റ് മാഹിയിൽ വാങ്ങിയത് ഒന്നേകാൽ ഏക്കർ സ്ഥലം; ഇതിൽ 60 സെന്റ് സ്ഥലം നൽകാമെന്ന പറഞ്ഞ് 61 ലക്ഷംരൂപ കൈപ്പറ്റി വഞ്ചിച്ചു; ടി ഒ സൂരജിന്റെ മകൾ ഭൂമി തട്ടിപ്പ് നടത്തിയതായി പരാതി; കേസ് എടുത്ത് അന്വേഷണം തുടങ്ങി പൊലീസ്; മക്കളുടെ സ്വത്തുക്കൾ സൂരജിന്റെ ബിനാമി സ്വത്തെന്നും പരാതി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്. പാലാരിവട്ടം അഴിമതി അടക്കമുള്ള നിരവധി കേസുകളിൽ ആരോപിതനായ മുൻ പൊതുമരാമത്ത് സെക്രട്ടറിയും മൂൻ ജില്ലാകലക്ടറമായ ടി ഒ സൂരജിന്റെ മകൾക്കെതിരെയും തട്ടിപ്പുകേസിൽ പരാതി. സൂരജിന്റെ മകൾ ഡോ റിസാന ഭൂമി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കോഴിക്കോട് മാറാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഡോ റിസാനയുടെ പേരിൽ ബേപ്പൂർ വെസ്റ്റ് മാഹിയിലുള്ള 60 സെന്റ് ഭൂമി വിൽക്കാൻ കരാർ ഉണ്ടാക്കി 61 ലക്ഷംരൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് മാത്രം രജിസ്റ്റർ ചെയ്ത് വഞ്ചിച്ചുവെന്നാണ് നോർത്ത് ബേപ്പൂർ പുഞ്ചപ്പാടം സ്വദേശി സരോജിനി നിവാസിൽ കൈയിടവഴിയിൽ സുരേന്ദ്രൻ നൽകിയ പരാതിയിൽ പറയുന്നത്. ഇടനിലക്കാരായി നിന്ന ടി കെ നൗഷാദ് , അരയച്ചയന്റകത്ത് ശിവപ്രസാദ് എന്നിവർക്കെതിരെയും പരാതിയുണ്ട്.

സൂരജ് പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നപ്പോൾ ആണ് ഡോ റിസാനയുടെ പേരിൽ വെസ്റ്റ് മാഹിയിൽ ഒരു ഏക്കർ 21.5 സെന്റ് സ്ഥലം വാങ്ങിയത്. ഇതിൽനിന്നാണ് സെന്റിൽ 1.20 ലക്ഷം രൂപ തോതിൽ 60 സെന്റ് സ്ഥലം നൽകാമെന്ന് കരാർ ഉണ്ടാക്കിയതെന്ന് പരാതിയിൽ പറയുന്നു. സുരേന്ദ്രന്റെ ഇളയമകൻ സുമിലിന്റെ ഭൂമിയോട് ചേർന്നാണ് റിസാനയുടെ സ്ഥലം. ഇക്കാരണം കൊണ്ടാണ് ഇടനിലക്കാർ സമീപിച്ചത്. 2015 ജൂണിൽ സ്ഥലം വാങ്ങാൻ മൂൻകൂർ പണം നൽകി. പിന്നീട് പലപ്പോഴായി 61.5 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.

ആദ്യം 15 സെന്റ് സ്ഥലം മാത്രമാണ് രജിസ്റ്റർ ചെയ്ത് നൽകിയത്. ബാക്കി ഭൂമി ഇവർ മറ്റു പലർക്കുമായി മുറിച്ചു വിറ്റു. ഇതേ തുടർന്ന് വക്കീൽ നോട്ടീസ് അയച്ചപ്പോൾ 10 സെന്റുകൂടി രജിസ്റ്റർ ചെയ്ത് കിട്ടി. ബാക്കി പണത്തിന് നിരന്തരം ആവശ്യപ്പെട്ടപ്പോൾ, 5ലക്ഷം രൂപ തിരിച്ചുനൽകിയെന്നും, ഇനി 27.75 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും, കൂടുതൽ അന്വേഷണത്തിന് ശേഷമേ, തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് മനസ്സിലാക്കാൻ കഴിയൂ എന്നും മാറാട് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.

മക്കളുടെ സ്വത്തുക്കൾ സൂരജിന്റെ ബിനാമിയെന്ന് ആക്ഷേപം

സർക്കാർ സർവീസിൽ ഇരിക്കവേ 11 കോടിയിലേറെ അനധികൃത സ്വത്ത് സമ്പാദിച്ച സൂരജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി കൊണ്ട് വിജിലൻസ് കോടതി നടപടി കൈക്കൊണ്ടിരുന്നു. പാലാരിവട്ടം കേസിൽ കുടുങ്ങിയതിനെ തുടർന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ സൂരജ് നടത്തിയ ഇടപെടലുകൾ ചർച്ചയായിരുന്നു.

വനംവകുപ്പിൽ റേഞ്ച് ഓഫീസറായി സർക്കാർ ജോലിക്ക് കയറുമ്പോൾ സൂരജിന് ഉണ്ടായിരുന്നത് വെറും നാല് ലക്ഷം രൂപയുടെ സമ്പാദ്യമായിരുന്നു. കൊട്ടാരക്കരയിലുണ്ടായിരുന്ന കുടുംബ സ്വത്തായിരുന്നു അത്. എന്നാൽ, അധികാരത്തിൽ കയറിയപ്പോൾ മുതൽ കോടികൾ സമ്പാദിച്ചു കൂട്ടിയ സൂരജ് ഐഎഎസ് പദവിയിൽ എത്തിപ്പിടിച്ചതും രാഷ്ട്രീയ ബന്ധങ്ങളുടെ ബലത്തിലായിരുന്നു. ലീഗ് നേതൃത്വം തന്നെയായിരുന്നു സൂരജിനെ കൺഫേഡായി ഐഎഎസ് പദവി നൽകിയത്.

സൂരജിന്റെയും ഭാര്യയുടേയും മക്കളുടേയും പേരിലുള്ള അനധികൃത സമ്പാദ്യമായ ഈ സ്വത്തുക്കളെല്ലാം ജപ്തിചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടതോടയാണ് സൂരജിന്റെ പൂർവ്വകാലവും ചർച്ചയായിരുന്നു. കോഴിക്കോട്ടും തൃശൂരും ഇരുന്ന കാലത്ത് അഴിമതി സംഘങ്ങളുമായി സൂരജ് കൂട്ടുചേർന്നതായി ആരോപണമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും 2009 മുതൽ സൂരജ് ആദായനികുതി, വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്നുണ്ട്. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ്രെടെബ്യൂണലിലും ഇതുസംബന്ധിച്ച കേസുകളുണ്ടായി. എന്നിട്ടും 2011 ൽ യു.ഡി.എഫ്. സർക്കാർ സൂരജിനെ സ്ഥാനക്കയറ്റത്തോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു.

ഐ.എ.എസ്. ലഭിച്ചതിനുശേഷം സൂരജ് രണ്ടു ഡസനോളം വിജിലൻസ് കേസുകളിലും അന്വേഷണങ്ങളിലും കുടുങ്ങി. കോഴിക്കോട് കലക്ടറായിരിക്കുമ്പോൾ 12 സ്ഥാപനങ്ങളിൽനിന്നും ഒരു വ്യക്തിയിൽനിന്നും കലക്ടറുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിന്റെ പേരിൽ 1.25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ഒരു കേസ്. കോഴിക്കോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ രണ്ടാം പ്രതിയായിരുന്നു. മണൽക്കടത്ത് നടത്തിയ വാഹനങ്ങൾ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലും പെട്ടു. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കളമശേരി ഭൂമി തട്ടിപ്പ് കേസിലും ഇദ്ദേഹത്തിന്റെ പേര് ഉയർന്ന് കേട്ടത്.

വ്യവസായ ഡയറക്ടറും പൊതുമരാമത്തു സെക്രട്ടറിയുമായി ജോലി ചെയ്തിരുന്ന 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ സൂരജിന്റെ യഥാർഥ വരുമാനവും സമ്പാദിച്ച സ്വത്തുക്കളുമാണു വിജിലൻസ് പരിശോധിച്ചിരുന്നു. വരുമാനത്തിന്റെ 314% അധിക സമ്പാദ്യം കണ്ടെത്തിയതോടെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എറണാകുളം എളമക്കരയിലെ 6 സെന്റ്, 8.9 സെന്റ്, വെണ്ണലയിലെ കെട്ടിട സമുച്ചയം, ഇവിടെത്തന്നെയുള്ള 16 സെന്റിലെ ഇരുനില കെട്ടിടം, ഇടക്കൊച്ചിയിലെ 15.5 സെന്റ് സ്ഥലം, എളംകുളത്തെ ഫ്‌ളാറ്റ്, ആലങ്ങാട്ടുള്ള 57 സെന്റ് സ്ഥലം, തോട്ടയ്ക്കാട്ടുകരയിലെ 10 സെന്റ് സ്ഥലം, ആലുവയിലെ 3 ഗോഡൗണുകൾ, പീരുമേട്ടിലുള്ള 25 സെന്റ്, വാഴക്കാലയിലെ കൂറ്റൻ ഗോഡൗൺ, എളംകുളത്തുള്ള കെട്ടിടം എന്നിവ കണ്ടുകെട്ടാനാണു കോടതി ഉത്തരവിട്ടത്.

നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ 8.8 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. നാല് വാഹനങ്ങളുും 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. പത്തുവർഷത്തിനിടെ 314 ശതമാനത്തിന്റെ വർധനവുണ്ടായെന്നു വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016ൽ വിജിലൻസ് ലോകായുക്തയെ അറിയിച്ചിരുന്നു. കേരളത്തിലും കർണാടകയിലുമായി ആഡംബര ഫ്‌ളാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂർ ജില്ലകളിലും കർണാടകയിലുമായി ആഡംബര ഫ്‌ളാറ്റുകളും ഭൂമിയുമുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആറ് ആഡംബര കാറുകളും കൊച്ചിയിൽ ഗോഡൗൺ സഹിതമുള്ള ഭൂമിയും സ്വന്തമായുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മകളുടെ വിവാഹത്തിന് നൽകിയത് 600 പവൻ

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ടി.ഒ സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ വിജിലൻസ് ടി.ഒ സൂരജിനെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. 2004 മുതൽ 2014 വരെയുള്ള വരുമാനത്തിന്റെ കണക്കുവെച്ച് നോക്കിയാണ് ഇത് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയയറക്ടറേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ടി.ഒ സൂരജ്. കാസർകോട് കോട്ട ഭൂമി വിവാദത്തിലടക്കം എൻഫോഴ്സ്മെന്റ്, വിജിലൻസ് സംഘം സൂരജിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു.
മംഗലാപുരത്ത് ബി.ഡി.എസ് പഠനത്തിനു പോയ മകൻ റിസ്വാന് സ്വന്തമായി ഫ്‌ളാറ്റ് വാങ്ങിനൽകിയതും ഈ കാലത്തായിരുന്നു. വിജിലൻസ് ചോദ്യംചെയ്‌പ്പോൾ വിദേശത്തുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫ്‌ളാറ്റിൽ പേയിങ് ഗസ്റ്റായി താമസിച്ചാണ് മകൻ പഠിച്ചതെന്നാണ് സൂരജ് പറഞ്ഞത്. എന്നാൽ ഇതേസമയത്തുതന്നെ മംഗലാപുരത്തെ രജിസ്‌ട്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് റിസ്വാന്റെ പേരിൽത്തന്നെയാണ് ഫ്‌ളാറ്റെന്നും വിപണിവില ഒരുകോടിക്കുമുകളിൽ വരുമെന്നും ജേക്കബ്‌തോമസ് കണ്ടെത്തിയിരുന്നു.

വ്യവസായവകുപ്പിലിരിക്കേയാണ് ആലുവയിലെ വമ്പൻവ്യവസായിയുടെ മകനുമായുള്ള മകളുടെ വിവാഹത്തിന് 600 പവൻ സ്വർണാഭരണങ്ങളും കൊച്ചി കലൂരിനടുത്തെ ആഡംബരഫ്‌ളാറ്റും 25ലക്ഷം രൂപയും സ്ത്രീധനമായി സൂരജ് നൽകിയത്. മകളുടെ വിവാഹത്തിന് വെറും 15ലക്ഷം രൂപയേ ചിലവഴിച്ചുള്ളൂവെന്നാണ് സൂരജ് മൊഴിനൽകിയത്. എന്നാൽ സ്ത്രീധനത്തിന്റെ വിവരങ്ങൾ സൂരജിന്റെ ഉറ്റബന്ധു വിജിലൻസിന് മൊഴിനൽകി. ഇതേത്തുടർന്ന് വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളും വിജിലൻസ് പിടിച്ചെടുത്തപ്പോൾ സംഗതി ശരിയാണെന്ന് തെളിഞ്ഞു.

കൊച്ചിയിലെ ഫ്‌ളാറ്റിന് ഒന്നരക്കോടിയിലേറെ വിപണിവിലയുണ്ട്. കൊച്ചിയിലെ സ്വകാര്യകോളേജിൽ മകളുടെ എം.ഡി പഠനത്തിന് 1.50കോടിയും ഇളയമകന്റെ എം.ബി.ബി.എസ് പഠനത്തിന് ഒരുകോടിയോളവും സൂരജ് ചെലവിട്ടതായും വിജിലൻസ് കണ്ടെത്തിയിരുന്നു. സൂരജ് മറ്റുള്ളവരുടെ പേരിലെടുത്ത് സ്വന്തമായി ഉപയോഗിച്ചിരുന്ന ആറ് വാഹനങ്ങളുടെ ആർ.സിബുക്കടക്കമുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. സൂരജിന്റെ സമ്പാദ്യം വരവിന്റെ 314 ശതമാനത്തിലേറെയാണെന്ന് വിജിലൻസ് കണ്ടെത്തി. 51,520 രൂപ പ്രതിമാസശമ്പളവും 103ശതമാനം ഡി.എയുമടക്കം ഒരുലക്ഷത്തോളംരൂപയാണ് എല്ലാ സത്യവാങ്മൂലത്തിലും സൂരജ് രേഖപ്പെടുത്തിയിട്ടുള്ളത്.

പത്തുവർഷത്തിനുള്ളിൽ ഭൂമിയും വീടും വാഹനങ്ങളും വാങ്ങിയല്ലാതെ ഒന്നും വിൽപ്പന നടത്തിയിട്ടില്ല. വാടകയായി ഒരുലക്ഷത്തോളം രൂപയുടെ വരുമാനമുണ്ട്. 2014നവംബറിൽ സൂരജിന്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയാണ് വിജിലൻസ് അനധികൃതസമ്പാദ്യത്തിന്റെ രേഖകൾ പിടിച്ചത്. തൃശൂർ വിജിലൻസ് കോടതിയുടെ സെർച്ച് വാറണ്ടുമായി എത്തിയ വിജിലൻസ് സംഘത്തെ സെക്രട്ടേറിയേറ്റിൽ തടഞ്ഞത് അന്ന് വിവാദമായിരുന്നു. 1.80കോടിയുടെ അനധികൃതസന്പാദ്യമാണ് വിജിലൻസ് സംശയിച്ചതെങ്കിലും ന്യായവിലപ്രകാരം 11 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. സൂരജിനെതിരായ 2000 പേജുകളുള്ള കുറ്റപത്രത്തിൽ ഇക്കാര്യങ്ങളെല്ലാം അക്കമിട്ട് നിരത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP