Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

സുപ്രീംകോടതി ജഡ്ജിയായും സുകാഷ് ചന്ദ്രശേഖർ ആൾമാറാട്ടം നടത്തി; അറസ്റ്റിലായപ്പോൾ ജഡ്ജി ചമഞ്ഞ് ജാമ്യം ആവശ്യപ്പെട്ടു; അഴിക്കുള്ളിലായപ്പോൾ ജയിലിനുള്ളിൽ കിടന്നും സുകാഷിന്റെ ഓപ്പറേഷൻ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് കാണിച്ച് 'സ്പൂഫ് കോളുകൾ' ചെയ്തു; ലീന മരിയ പോളിന്റെ ജീവിത പങ്കാളിയുടെ തട്ടിപ്പുകൾക്ക് അന്തമില്ല

സുപ്രീംകോടതി ജഡ്ജിയായും സുകാഷ് ചന്ദ്രശേഖർ ആൾമാറാട്ടം നടത്തി; അറസ്റ്റിലായപ്പോൾ ജഡ്ജി ചമഞ്ഞ് ജാമ്യം ആവശ്യപ്പെട്ടു; അഴിക്കുള്ളിലായപ്പോൾ ജയിലിനുള്ളിൽ കിടന്നും സുകാഷിന്റെ ഓപ്പറേഷൻ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് കാണിച്ച് 'സ്പൂഫ് കോളുകൾ' ചെയ്തു; ലീന മരിയ പോളിന്റെ ജീവിത പങ്കാളിയുടെ തട്ടിപ്പുകൾക്ക് അന്തമില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ, സുപ്രീം കോടതി ജഡ്ജിയായും ആൾമാറാട്ടം നടത്തിയതിന്റെ വിവരങ്ങളും പുറത്തുവരുന്നു. ഡൽഹി പൊലീസ് സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. 2017 ൽ സുപ്രീം കോടതി ജഡ്ജിയായിരുന്ന കുര്യൻ ജോസഫെന്ന വ്യാജേന, വിചാരണ കോടതി ജഡ്ജിയെ സ്വാധീനിക്കാനും ജാമ്യം നേടാനും ശ്രമിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. ഡൽഹിക്കു പുറത്തുള്ള ജയിലിലേക്കു മാറ്റണമെന്ന സുകാഷിന്റെ ആവശ്യത്തെ പൊലീസ് എതിർത്തു.

അണ്ണാ ഡിഎംകെയുടെ തിരഞ്ഞെടുപ്പു ചിഹ്നം മുൻ ജനറൽ സെക്രട്ടറി ശശികലയുടെ വിഭാഗത്തിനു കിട്ടാനായി അനന്തരവൻ ടി.ടി.വി.ദിനകരൻ തിരഞ്ഞെടുപ്പു കമ്മിഷനു കോഴ നൽകിയെന്ന കേസിൽ ഇടനിലക്കാരനായ സുകാഷ് 2017 ഏപ്രിലിൽ അറസ്റ്റിലായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നു പിടിയിലായതിനു പിന്നാലെ സുകാഷ് ആൾമാറാട്ടം നടത്തിയെന്നണു പൊലീസ് പറയുന്നത്. സ്‌പെഷൽ ജഡ്ജിയായിരുന്ന പൂനം ചൗധരിയെ 2017 ഏപ്രിൽ 28നു ഫോണിൽ ബന്ധപ്പെട്ടയാൾ, താൻ ജസ്റ്റിസ് കുര്യൻ ജോസഫാണെന്നും സുകാഷിനു ജാമ്യം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതു സുകാഷ് തന്നെയായിരുന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

അതേസമയം സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ സുകേഷിന്റെ ഭാര്യയും നടിയുമായ ലീനാ മരിയ പോളും മുഖ്യ ആസൂത്രകയണ്. ആളുകളെ 'വഞ്ചിച്ചതിൽ അഗ്രഗണ്യ', തട്ടിപ്പുകേസിലെ മുഖ്യ ആസൂത്രക, നിരപരാധിയെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചു എന്നിവയാണ് ലീനയുടെപേരിലുള്ള കുറ്റങ്ങൾ. സുകാഷും ലീനയും കൂട്ടാളികളായിട്ടാണ് വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയത്. വ്യവസായികളെയും രാഷ്ട്രീയനേതാക്കളെയും വഞ്ചിച്ചു കോടികൾ തട്ടിയെടുത്ത ഒട്ടേറെ കേസുകളിലെ പ്രതികളാണ് ചെന്നൈ സ്വദേശിയായ സുകേഷ് ചന്ദ്രശേഖറും ലീനാ മരിയ പോളും. വായ്പത്തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദറിന്റെ ഭാര്യയിൽനിന്ന് 200 കോടി തട്ടിയെടുത്തിരുന്നു.

സുകാഷ് അഴിക്കുള്ളിൽ നിന്നും ജയിൽ അധികൃതരുടെ സഹായത്തോടു കൂടി നടത്തിയ തട്ടിപ്പിന്റെ ഗുണഭോക്താവായത് പുറത്തുള്ള ലീന മരിയ പോളായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്നെന്നും മുതിർന്ന ഉദ്യോഗസ്ഥരെന്നും ചമഞ്ഞുള്ള ഫോൺവിളിയിലാണ് സുകാഷ് എല്ലാവരെയും കുടുക്കിയത്. 'സഹകരിച്ചാൽ' ഉടൻ ഭർത്താവിനു ജാമ്യം കിട്ടുമെന്ന് ഫോണിന്റെ മറുതലയ്ക്കൽ ഉണ്ടായിരുന്ന 'ഉദ്യോഗസ്ഥർ' ഉറപ്പു നൽകുകയും ചെയ്തു. പാർട്ടി ഫണ്ടിലേക്കു നൽകിയ പണത്തെക്കുറിച്ചും അവർ വാതോരാതെ സംസാരിച്ചു.

എന്നാൽ ഒരു ആൾമാറാട്ടക്കാരനുമായാണ് താൻ സംസാരിച്ചിരുന്നതെന്നും അതിനുള്ളിൽ കോടികൾ കൈവിട്ടു പോയെന്നും തിരിച്ചറിയാൻ ആ സ്ത്രീക്കു മാസങ്ങൾ വേണ്ടിവന്നു. ജൂലൈയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നറിയിപ്പു നൽകിയതു മുതൽ അവർ കോളുകളും ചാറ്റുകളും റെക്കോർഡ് ചെയ്തു തുടങ്ങി. തുടർന്ന് വിവരങ്ങൾ ഇഡിക്ക് കൈമാറി. 200 കോടി രൂപ തട്ടിയെടുത്തെന്നു കാട്ടി ഡൽഹി പൊലീസിൽ കേസ് കൊടുക്കുകയും ചെയ്തു. ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങിന്റെ കൈയിൽ നിന്ന്, ഭർത്താവിനു ജാമ്യം നേടിക്കൊടുക്കാമെന്നു വാഗ്ദാനം നൽകി 200 കോടി രൂപയോളം തട്ടിച്ച സുകാഷിന്റെ ശൈലി കണ്ട് എല്ലവരും വിശ്വസിച്ചു പോയി എനന്തൈാണ് വസ്തുത.

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരെന്നു തെറ്റിദ്ധരിപ്പിച്ച് 'സ്പൂഫ് കോൾ' നടത്തുകയാിരുന്നു സുകാഷ് ചന്ദ്രശേഖർ. അതിഥി സിങ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്, 2017 മുതൽ ജയിലിൽ കഴിയുന്ന സുകാഷ് പിടിയിലാകുന്നത്. കള്ളപ്പണം വെളുപ്പിക്കലിന്റെ പേരിൽ 2019 ൽ അറസ്റ്റിലായ ശിവിന്ദർ സിങ്ങിനു ജാമ്യം നേടിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് അതിഥിയിൽനിന്ന് ഇയാൾ പണം തട്ടിയത്.

സുകാഷ് വാങ്ങിയെടുത്ത 200 കോടിയിൽനിന്ന് ഒരു ചില്ലിക്കാശ് പോലും ഒരു സർക്കാർ ഉദ്യോഗസ്ഥനും നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും ഇതുവരെ സുകാഷിനെതിരെ പരാതി നൽകിയിട്ടുമില്ല. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ അജയ് ഭല്ല, രാജ്യത്തിന്റെ നിയമ സെക്രട്ടറി അനൂപ് കുമാർ, നിയമമന്ത്രാലയ ഉദ്യോഗസ്ഥൻ അഭിനവ് എന്നിവരാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് സുകാഷ്, അതിഥിയെ കബളിപ്പിച്ചത്.

സാമ്പത്തിക തട്ടിപ്പു കേസിൽ തിഹാർ ജയിലിൽ കഴിയവെ, ജീവനക്കാർ വഴി സംഘടിപ്പിച്ച ഫോൺ വഴിയായിരുന്നു സുകാഷിന്റെ തട്ടിപ്പ്. പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന ടെൻഡർ, ക്വട്ടേഷൻ പരസ്യങ്ങൾ തിരഞ്ഞു കണ്ടെത്തുകയാണ് ആദ്യപടി. തുടർന്ന് പരസ്യത്തിൽ ഒപ്പുവച്ച ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെന്ന പേരിൽ കമ്പനി ഉടമകളെ ഫോണിൽ ബന്ധപ്പെട്ട് കരാർ നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അനധികൃത സ്വത്തിനെതിരെ ക്രിമിനൽ നടപടികൾക്കു സാധ്യതയുണ്ടെന്നും രക്ഷിക്കാമെന്നും ഓഫർ നൽകി വ്യവസായികളിൽനിന്നു പണം തട്ടിയിരുന്നതും ജയിലിൽ കിടന്നു തന്നെ.

17ാം വയസിൽ കുറ്റകൃത്യങ്ങൾ നടത്തി തുടങ്ങിയ ക്രിമിനൽ

ബെംഗളുരു സ്വദേശിയായ ബാലാജി എന്ന സുകാഷ് 17-ാം വയസ്സിലാണ് സാമ്പത്തിക തട്ടിപ്പിലേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് കോടികൾ സമ്പാദിക്ുന്ന തട്ടിപ്പുകളായിരിരുന്നു. ഇതിനിടെ ഇരുപതോളം തട്ടിപ്പു കേസുകൾ. നൂറിലേറെപ്പേരെ തട്ടിച്ച് കോടിക്കണക്കിനു രൂപ സ്വന്തമാക്കി. ജയിലിൽ കഴിയുമ്പോഴും ഇതുവരെ നടത്തിയ തട്ടിപ്പുകളെ വെല്ലുന്ന ഇടപാട്. ആരെയും വശത്താക്കുന്ന പെരുമാറ്റവും ഉന്നതങ്ങളിൽ പിടിപാടുണ്ടെന്ന തരത്തിലുള്ള ജീവിതശൈലിയും കൊണ്ടാണ് ഇരകളുടെ വിശ്വാസമാർജിക്കുന്നതും കെണിയൊരുക്കുന്നതും. രാഷ്ട്രീയക്കാരും വൻകിട വ്യവസായികളുമെല്ലാം സുകാഷിന്റെ ഇരകളായി. ഇതിൽ കേരളത്തിൽനിന്നുള്ളവർ ഉൾപ്പെടെയുണ്ട്. ലീന മരിയ പോളാണ് സുകാഷിന്റെ എത്താ തട്ടിപ്പിലെയും മുഖ്യ കണ്ണിയായി നിന്നത്.

ബെംഗളൂരു വികസന അഥോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരിൽ നിന്നായി 75 കോടി തട്ടിച്ചതാണ് ആദ്യ കേസ്. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയിൽനിന്ന് 19 കോടിയുടെ വായ്പത്തട്ടിപ്പ്, ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 76 ലക്ഷത്തിന്റെ തട്ടിപ്പ് എന്നിങ്ങനെ പല കേസുകൾ. 2013 ലാണു ലീനയും സുകാഷും ആദ്യം അറസ്റ്റിലാകുന്നത്. അന്ന് ഇവരിൽനിന്ന് 9 ആഡംബര കാറുകളും തോക്കുകളുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു. പിന്നീടു ജാമ്യത്തിലിറങ്ങിയ ഇവർ തട്ടിപ്പു തുടർന്നു.

ഇതിനിടെയാണ്, അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം നിലനിർത്താൻ ശശികലയെയും സംഘത്തെയും സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് അവരിൽനിന്ന് 50 കോടി രൂപ തട്ടിയത്. തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുക്കാനായി പണം സമാഹരിച്ചെന്ന ഈ കേസിൽ 2017 ഏപ്രിലിൽ അറസ്റ്റിലായ സുകാഷ് ജയിലിൽ കഴിയുന്നതിനിടെയാണ് പുതിയ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ കേസിൽ സെപ്റ്റംബർ അഞ്ചിനാണ് ചെന്നൈയിൽ ലീന അറസ്റ്റിലായത്. ഇവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു.

ഫോർട്ടിസ് ഉടമയുടെ ഭാര്യയെ സുകേഷ് കെണിയചിൽ പെടുത്തിയത് വളരെ സമർഥമായാണ് 2020 ജൂൺ 15 നാണു നിയമ സെക്രട്ടറിയെന്നു പരിചയപ്പെടുത്തിയയാളുടെ ഫോൺ സന്ദേശം തനിക്കു ലഭിച്ചതെന്ന് അതിഥി സിങ് തന്റെ പരാതിയിൽ പറയുന്നു. 'ഒരു ലാൻഡ് നമ്പരിൽ നിന്നാണ് (011233***) ലോ സെക്രട്ടറി എന്നു പരിചയപ്പെടുത്തിയയാൾ വിളിച്ചത്. ഇയാൾ വീണ്ടും വിളിച്ചപ്പോൾ ട്രൂ കോളർ ആപ്ലിക്കേഷൻ വഴി നമ്പർ പരിശോധിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് എന്നാണ് അതിൽ കാണിച്ചത്. പിന്നീട് പലതവണ ഫോണിൽ ബന്ധപ്പെടുകയും പാർട്ടി ഫണ്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നു മറ്റൊരാളുടെ ഫോൺ നമ്പറും നൽകി. ഇയാളും സഹായം വാഗ്ദാനം ചെയ്യുകയും പല കോർപറേറ്റുകളും തങ്ങളുടെ സംരക്ഷണത്തിലാണെന്ന് അറിയിക്കുകയും ചെയ്തു' -അതിഥി സിങ് പരാതിയിൽ പറയുന്നു.

മൽവിന്ദറിന്റെ ഭാര്യ ജപ്ന സിങ് 3.5 കോടി രൂപയാണു ജൂലൈ 28, 29, 30, ഓഗസ്റ്റ് 6 തീയതികളിലായി ഇവർക്കു കൈമാറിയത്. ഹോങ്കോങ്ങിലെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതിന്റെ രേഖകൾ പൊലീസിനു സമർപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7 നാണ് അതിഥി സിങ് ഡൽഹി പൊലീസിൽ ആദ്യം പരാതി നൽകിയത്. റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡ് (ആർഎഫ്എൽ) പ്രമോട്ടർമാരായിരിക്കെ സ്ഥാപനത്തിൽനിന്നു വായ്പയെടുത്ത് അവരുടെ മറ്റു കമ്പനികളിൽ നിക്ഷേപിച്ച് കമ്പനിക്കു 2,397 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റ വിഭാഗം (ഇഒഡബ്ല്യു) 2019 ലാണ് മൽവിന്ദറിനെയും ശിവിന്ദറിനെയും അറസ്റ്റ് ചെയ്യുന്നത്.

അതിഥിയുടെ പരാതിക്കു പിന്നാലെ ഡൽഹി പൊലീസ് സംഘം തിഹാർ ജയിലിലെ സുകാഷിന്റെ മുറി പരിശോധിച്ചപ്പോഴാണു 2 മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. ഓഗസ്റ്റ് 7, 8 തീയതികളിലായി സുകാഷിന്റെ കൂട്ടാളികളായ പ്രദീപ് രാംധാനി, ദീപക് രുക്മിണി എന്നിവരെ അറസ്റ്റ് ചെയ്തു. അസി. ജയിൽ സൂപ്രണ്ട് ധരം സിങ് മീണ, ഡപ്യൂട്ടി സൂപ്രണ്ട് സുഭാഷ് ബത്ര എന്നിവരും പിടിയിലായി. ഫോൺ സ്പൂഫ് ചെയ്താണു സുകാഷ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായി അടുപ്പമുണ്ടാക്കിയതെന്നാണ് വിവരം.

തട്ടിപ്പു നടത്താൻ സുകാഷ് ചന്ദ്രശേഖർ ജയിലിൽ ഉപയോഗിച്ച ആപ്പിൾ ഐഫോൺ 12 പ്രോയുടെ വിവരങ്ങൾ കണ്ടെത്താൻ സിംഗപ്പൂരിലെ കമ്പനിയെ സമീപിച്ചിരുന്നു ഡൽഹി പൊലീസ്. ഗുജറാത്ത് ഗാന്ധിനഗറിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്കു (എഫ്എസ്എൽ) കൈമാറിയ ഈ ഫോണിലൂടെ, മൂന്ന് ബോളിവുഡ് നടിമാരെ ഉൾപ്പെടെ സുകാഷ് ബന്ധപ്പെട്ടിരുന്നുവെന്നു കണ്ടെത്തിയിരുന്നു. രാജ്യാന്തര സിംകാർഡാണ് ഫോണിൽ ഉപയോഗിച്ചിരുന്നത്. ഫോണിലെ ആപ്പിൾ ഐ ക്ലൗഡ് വിവരങ്ങളും മറ്റും അറിയില്ലെന്നാണു സുകാഷ് നൽകിയിരിക്കുന്ന മൊഴി. പണം കൊടുത്ത് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ വഴിയായിരുന്നു സുകാഷ് തന്റെ സംഘാംഗങ്ങളെ ബന്ധപ്പെടുകയും ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നതെന്നാണു പൊലീസിന്റെ വിശദീകരണം.

200 കോടിയുടെ തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. സുകാഷ് ചന്ദ്രശേഖറും ജാക്വിലിൻ ഫെർണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. സുകാഷ് ജാക്വിലിനെ ചുംബിക്കുന്ന മിറർ സെൽഫിയാണ് പ്രചരിച്ചത്. ജയിലിലായിരുന്ന സുകാഷ് പരോളിൽ ഇറങ്ങിയ സമയത്ത് എടുത്തതാണു സെൽഫിയെന്നാണ് സൂചന.

സുകാഷ് ചന്ദ്രശേഖർ ജയിലിൽ കഴിയുമ്പോഴും ലീനയ്ക്ക് അളവില്ലാതെ പണം ലഭിച്ചിരുന്നതാണ് ഇഡിയുടെ അന്വേഷണം അവരേലിക്ക് എത്തിച്ചത്. ചെന്നൈ നഗരത്തിൽ കടലിനഭിമുഖമായുള്ള 15 കോടി രൂപ വിലവരുന്ന ആഡംബര വീട്ടിൽ സഹായികൾക്കും അംഗരക്ഷകർക്കുമൊപ്പം കഴിയവെയാണ് ലീനയെ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തിയത്. വീടിനു പുറമേ 16 ആഡംബര കാറുകൾ, 2 കിലോ സ്വർണം, 82.50 ലക്ഷം രൂപ, ആഡംബര ഷൂസുകളുടെയും ബാഗുകളുടെയും വൻശേഖരം എന്നിവയും ഇഡി കണ്ടുകെട്ടി. റോൾസ് റോയ്‌സ് ഗോസ്റ്റ്, ബെന്റ്ലി ബെന്റെയ്ഗ, ഫെറാറി 458 ഇറ്റാലിയ, ലംബോർഗിനി ഉറൂസ്, എസ്‌കലേഡ്, മെഴ്‌സിഡീസ് എഎംജി 63 എന്നിവയുൾപ്പെടെയാണു പിടിച്ചെടുത്തത്. 40,000 ഡോളർ (29.6 ലക്ഷം രൂപ) വിലയുള്ള ബാഗുകളും കൂട്ടത്തിലുണ്ടായിരുന്നു സുകാഷും ലീനയും ചേർന്ന് ബെനാമി ഇടപാടിലൂടെ വാങ്ങിയ വീടാണിതെന്നും ഇഡി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP