Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം

അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയിൽ 21കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അൻവർ പിടിയിലായതിന് പിന്നിൽ പൊലീസിന്റെ സമർത്ഥമായ നീക്കങ്ങൾ. പ്രതിയുടെ വസ്തുവിൽ ജെസിബി കൊണ്ട് മണ്ണ് മൂടിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി. ഇത് പൊലീസും അറിഞ്ഞു. എന്നാൽ ഒന്നും നടന്നിട്ടില്ലെന്ന ഭാവത്തിൽ പൊലീസ് നടത്തിയ നീക്കങ്ങൾ ഫലം കണ്ടു. അങ്ങനെ താൻ കുഴിച്ച കുഴിയിൽ അൻവർ വീണു. സത്യം പുറത്തെത്തുകയും ചെയ്തു.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ചെങ്കൽ ക്വാറിക്ക് അടുത്ത ഭൂമിയിൽ മണ്ണിട്ടു മൂടിയ നിലയിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയായ പ്രതി അൻവർ കുറ്റം സമ്മതിച്ചു. കൊലപാതകം സ്വർണാഭരണങ്ങൾ മോഷ്ടിക്കാനെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്കായി തിരച്ചിൽ നടത്താനും അൻവർ മുന്നിട്ടിറങ്ങിയിരുന്നു. ചിലയിടത്ത് മണ്ണുമാറ്റാനുള്ള പൊലീസിന്റെ ശ്രമം പ്രതി തടഞ്ഞതാണ് പിടിവീഴാൻ കാരണം. തന്റെ പുരയിടത്തിലെ മണ്ണ് മാറ്റാൻ ജെസിബി എത്തിയിരുന്നു. ഇതോടൊപ്പം കാണാതായ പെൺകുട്ടി റോഡിൽ എത്തിയതിന് തെളിവൊന്നും സിസിടിവിയിൽ കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ വീട്ടിനടുത്ത വഴിയിൽ എവിടേയോ പെൺകുട്ടി അപായപ്പെട്ടുവെന്ന സംശയം സജീവമായിരുന്നു. ഇതിനിടെയാണ് അൻവറിന്റെ വസ്തുവിൽ ജെസിബി എത്തിയത്.

ഇതോടെ പൊലീസ് വീണ്ടും തന്ത്രങ്ങളുമായി എത്തി. പെൺകുട്ടിയുടെ വീട്ടിനടുത്ത് കുഴിയെടുത്ത് പരിശോധന തുടങ്ങി. അൻവറും സജീവമായി ചേർന്നു. എന്നാൽ ചില ഭാഗങ്ങളിൽ കുഴിയെടുക്കാൻ തടസ്സം പറഞ്ഞു. ഇതോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. അൻവറിനെ പൊലീസ് മുറയിൽ ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തു വരികയും ചെയ്തു. കഞ്ഞിപ്പുര ചോറ്റൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പ്രദേശത്ത് നിന്നും 40 ദിവസം മുമ്പ് കാണാതായ 21കാരിയുടേതാണെന്ന് സ്ഥിരീകരിച്ചു. കിഴക്കപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്. ചൊവ്വാഴ്ച വൈകുന്നരമാണ് കാണാതായ സുബീറ ഫർഹത്തിന്റെ വീടിന് 300 മീറ്ററോളം അകലെയായി കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

സുബീറ ഫർഹതിനെ മാർച്ച് 10 മുതലാണ് കാണാതായത്. വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിലെ സഹായിയായ സുബീറ ഫർഹത്ത് കാണാതായ ദിവസം രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ ദൃശ്യങ്ങൾ തൊട്ടപ്പുറത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ പ്രധാന റോഡിലേക്ക് എത്തിയതിന് തെളിവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വീട്ടിന് അടുത്തു തന്നെ യുവതി അപ്രത്യക്ഷമായെന്ന് വ്യക്തമാകുകയും ചെയ്തു. ജോലിക്കെത്താതിൽ ക്ലിനിക്കിലെ ഡോക്ടർ വീട്ടുകാരെ വിവരമറിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കാണാതായതിന് ശേഷം സുബീറയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായത് അന്വേഷണത്തെ കാര്യമായി ബാധിച്ചു.പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ 21കാരിയുടെ മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. സുബീറ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ മൃതദേഹം കുഴിച്ചിട്ട തെങ്ങിൻ തോപ്പിൽ പ്രതി അൻവറിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയത്. അതിന് ശേഷമാണ് മണ്ണിനുള്ളിൽ നിന്ന് മൃതദേഹാവിശിഷ്ടങ്ങൾ പുറത്തെടുത്തത്. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തപ്പോഴാണ് മൃതദേഹത്തിന്റെ കാൽ മാത്രമാണ് കണ്ടെത്തിയത്. പിന്നീട് രാത്രിയായതിനാൽ തുടർ നടപടികൾ നിർത്തിവെക്കുകയായിരുന്നു. വീടിനടുത്ത ചെങ്കൽ ക്വാറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം യുവതിയുടേതാണോയെന്ന് പൂർണമായും തിരിച്ചറിയാൻ ഇന്നലെ കഴിഞ്ഞിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40) തിരൂർ ഡിവൈ.എസ്‌പി കെ.എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. മൃതദേഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ് പ്രതി.

യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസമായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത അൻവറിനെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസ് മനസ്സിലാക്കിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP