Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

അന്വേഷണം ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം; യുവതി അപ്രത്യക്ഷമായത് ഒരു കിലോമിറ്ററിനുള്ളിലെന്ന നിഗമനം ക്ലാസിക് തുമ്പായി; മണ്ണു മാറ്റമ്പോൾ ദുർഗന്ധം മണത്ത ജെസിബി ഡ്രൈവറുടെ മൊഴി കച്ചിത്തുരുമ്പും; അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞത് ഡി വൈ എസ് പി; തെളിയുന്നത് സുരേഷ് ബാബുവിന്റെ മികവ്

അന്വേഷണം ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം; യുവതി അപ്രത്യക്ഷമായത് ഒരു കിലോമിറ്ററിനുള്ളിലെന്ന നിഗമനം ക്ലാസിക് തുമ്പായി; മണ്ണു മാറ്റമ്പോൾ ദുർഗന്ധം മണത്ത ജെസിബി ഡ്രൈവറുടെ മൊഴി കച്ചിത്തുരുമ്പും; അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞത് ഡി വൈ എസ് പി; തെളിയുന്നത് സുരേഷ് ബാബുവിന്റെ  മികവ്

പ്രകാശ് ചന്ദ്രശേഖർ

മലപ്പുറം: 31-ാം ദിവസം അന്വേഷണം ഏറ്റെടുത്തു. തരിമ്പും തെളിവില്ലാത്ത അവസ്ഥ. സിസിടിവി പരിശോധിച്ചപ്പോൾ അപ്രത്യക്ഷമാകൽ വീടിനടുത്തുതന്നെ എന്നുറപ്പിച്ചു. മൊബൈൽ കോളുകൾക്ക് പിന്നാലെ പോയിട്ടും പ്രയോജനമുണ്ടായില്ല. അടുപ്പക്കാരിൽ ആരുടെയെങ്കിലും കൂടെ സ്ഥലം വിട്ടിരിക്കാനുള്ള സാധ്യത പരിശോധച്ചതും വെറുതെയായി. കൊലപാതക സാധ്യത വിലയിരുത്തി നടന്ന അന്വേഷണം അവസാനഘട്ടത്തിൽ എത്തിയത് മൂന്നു പേരിലേയ്ക്ക്. തെളിവെടുക്കൽ ഫലംകണ്ടത് 38-ാം ദിവസം. മലപ്പുറം എസ് പി സുജിത്ദാസിന്റെ കട്ടസപ്പോർട്ടും തുണയായി.

വളാഞ്ചേരി വെട്ടിച്ചിറയിൽ 21 കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടിയതിന് പിന്നിലെ നാൾവഴികളിൽ തിളങ്ങുന്നത് അന്വേഷണത്തിന് നേതൃത്വം നൽകിയ തിരൂർ ഡിവൈ.എസ്‌പി കെ.എസ്. സുരേഷ് ബാബുവാണ്. എസ് പിയുടെ പിന്തുണയിൽ നടത്തിയ ത്രില്ലിങ് ക്രൈം ഇൻവെസ്റ്റിഗേഷൻ. ലോക്കൽ പൊലീസ് ഒരുമാസത്തോളം അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതെത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പൊലീസ് നീക്കത്തിനെതിരെ എതിർപ്പ് ശക്തമായിരുന്നു. അന്വേഷണം മറ്റ് ഏതെങ്കിലും ഏജൻസിക്ക് കൈമാറണം എന്നുവരെ ആവശ്യമുയർന്നിരുന്നു. ഈ ഘട്ടത്തിലാണ് എസ് സുജിത്ദാസ് ഈ കേസ്സ് ഏറ്റെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെടുന്നത്. അന്വേഷണം ഏറ്റെടുത്ത് കൃത്യം 10-ാം ദിവസം പ്രതിയെ അറസ്റ്റുചെയ്യാനുമായി- ഡിവൈഎസ്‌പി പറയുന്നു.

വളാഞ്ചേരി സി ഐ ഷെമീർ എസ് ഐ മാരായ മുഹമ്മദ് റാഫി,പ്രമോദ്,രാജേഷ് ,പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. വീട്ടിൽ നിന്നിറങ്ങി ഒരു കിലോമീറ്ററോളം നടന്ന് ഹൈവേയിലെത്തി ബസ്സ് കയറിയാണ് പെൺകുട്ടി ജോലിക്ക് പോയിരുന്നത്. സംഭവദിവസം രാവിലെ 9 മണിയോടെ പെൺകുട്ടി വീട്ടിൽ നിന്നും പുറപ്പെടുന്നത് അയൽവീട്ടിലെ സിസി ടിവി ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. ഹൈവേയിൽ ബസ്സ് കയറുന്ന ഭാഗത്തെ സി സി ടിവി ദൃശ്യങ്ങളിലൊന്നും പെൺകുട്ടിയെ കണ്ടെത്തിയിരുന്നുമില്ല. ഇതോടെ പെൺകുട്ടി ആപ്രത്യക്ഷമായത് ഈ ഒരു കിലോമീറ്ററിനുള്ളിലാണെന്ന് ഉറപ്പിച്ചു.

മൊബൈൽ കോളുകളും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുമെല്ലാം വിശദമായി പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പെൺകുട്ടിയെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹ മോചിതയായതിനാൽ ഇനി മറ്റാരെങ്കിലുമായി അടുപ്പമുണ്ടായിരുന്നോ, മത പഠനകേന്ദ്രങ്ങളിലേയ്ക്കോ മറ്റോ യാത്ര പോയോ തുടങ്ങിയ കാര്യങ്ങളും വിശദമായി പരിശോധിച്ചു. ഇതും ഫലം കാണാതെ വന്നതോടെ ഒന്നുകിൽ ആത്മഹത്യ ചെയ്തിരിക്കാം അല്ലെങ്കിൽ കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തിൽ എത്തി. ചെങ്കൽ ക്വാറികളും സമീപത്തെ കിണറുകളും കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങളുമെല്ലാം നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞെങ്കിലും ഫലം കണ്ടില്ല.

ഇതോടെ കൊല്ലപ്പെട്ടിരിക്കാമെന്നുള്ള നിഗമനത്തിൽ , ഈ വഴിക്കുള്ള സാധ്യതകൾ ആരാഞ്ഞു. അങ്ങിനെ സംശയിക്കാവുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് അൻവർ നോക്കി നടത്തിയിരുന്ന തോട്ടത്തിലെ മണ്ണ് മാറ്റാൻ ജെസിബി വിളിച്ചതായി വിവരം കിട്ടിയത്. സ്ഥലം ഉടമയോട് ചോദിച്ചപ്പോൾ ഇക്കാര്യം അറിയില്ലെന്നായിരുന്നു പ്രതികരണം. ഇതോടെ അൻവറിന്റെ സ്വഭാവ രീതികളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇയാൾക്ക് സ്ത്രീകളിൽ കൂടുതൽ താൽപര്യമുണ്ടെന്ന് മനസ്സിലായി. ജെസിബി ഓപ്പറേറ്ററെ വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതക സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്ന സൂചനകളും ലഭിച്ചു.

ഇതോടെ തോട്ടമാകെ കുഴിച്ചുനോക്കാൻ പോകുകയാണെന്ന് അൻവറിനെ അറിയിച്ചു. ഇതോടെ മൃതദ്ദേഹം തോട്ടത്തിലുണ്ടെന്നും കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കാണിച്ചുതരാമെന്നും ഇയാൾ സമ്മതിച്ചു. സ്ഥലത്തെത്തിച്ച് തെളിവെടുത്തപ്പോൾ മൃതദ്ദേഹം കുഴിച്ചിട്ട സ്ഥലം അൻവർ ചൂണ്ടികാണിച്ചു. ഇവിടെ കുഴിച്ചപ്പോൾ മൃതദ്ദേഹാവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്തു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40)നെ സംഭവവുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

ഒറ്റയ്ക്ക് നടന്നുപോകുന്നതുകണ്ട് പിന്നാലെ കൂടിയെന്നും വിജനമായ പ്രദേശത്തെത്തിയപ്പോൾ മുഖം പൊത്തിപ്പിടിച്ച് കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയെന്നും കുതറിമാറാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ഇയാൾ പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്. ആഭരണം കവരാൻ ലക്ഷ്യമിട്ടായിരുന്നു കൊലയെന്നാണ് ഇയാൾ പൊലീസിനെ ധിരിപ്പിച്ചിട്ടുള്ളത്.മൃതദ്ദേഹത്തിൽ നിന്നും ഊരിയെടുത്തത് ആഭരണങ്ങൾ മൂന്നുപവൻ ഉണ്ടായിരുന്നെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.

ജെസിബി ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ അസ്വഭാവികമായി എന്തെങ്കിലും കണ്ടോ എന്നുതിരക്കിയപ്പോൾ ഇല്ലന്നും എന്തോ ദുർഗന്ധം അനുഭവപ്പെട്ടതായി തോന്നിയെന്നും ഡ്രൈവർ വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പോലാസ് നടത്തിയ തന്ത്രപരമായി നീക്കത്തിലാണ് കൊലപാതികിയായ അൻവർ കുടുങ്ങിയത്. ഇയാളുടെ മുൻകാല സ്വഭാവം കണക്കിലെടുത്താൽ ആഭരണത്തിനുമാത്രമായി കൊലനടത്തിയിരിക്കാനിടയില്ലെന്നാണ് പൊലീസ് കരുതുന്നത്്.

വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ 21 കാരിയുടെ മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. സുബീറ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.ഇന്ന് രാവിലെ മൃതദേഹം കുഴിച്ചിട്ട തെങ്ങിൻ തോപ്പിൽ പ്രതി അൻവറിനെ എത്തിച്ച് തെളിവെടുത്തിരുന്നു. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയത്.

അതിന് ശേഷമാണ് മണ്ണിനുള്ളിൽ നിന്ന് മൃതദേഹാവിശിഷ്ടങ്ങൾ പുറത്തെടുത്തത്. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചതായും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP