Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

കോളേജിന്റെ പേരുദോഷം മാറ്റാൻ മെത്രാന്റെ വക ഭീഷണി; ആത്മഹത്യാക്കുറിപ്പിലുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് വിദ്യാർത്ഥികളും; കെപി യോഹാന്നാന്റെ കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ഉന്നത ഇടപെടൽ ശക്തം

കോളേജിന്റെ പേരുദോഷം മാറ്റാൻ മെത്രാന്റെ വക ഭീഷണി; ആത്മഹത്യാക്കുറിപ്പിലുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് വിദ്യാർത്ഥികളും; കെപി യോഹാന്നാന്റെ കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ഉന്നത ഇടപെടൽ ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: റാന്നി പെരിനാട് ബിലീവേഴ്‌സ് ചർച്ച് കാർമൽ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി പി.എസ്.അമലി(20)ന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോളേജ് അധികൃതരെയും അദ്ധ്യാപകരെയും നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് തടഞ്ഞുവച്ചു. പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് ഇവരെ നാട്ടുകാർ വിട്ടയച്ചത്. കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ആക്ഷേപം. അതിനിടെ കേസ് ഒതുക്കാൻ സ്വയം പ്രഖ്യാപിത മെത്രാനായ കെപി യോഹന്നാന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. മന്ത്രിസഭയിലെ പ്രധാനി ഉൾപ്പെടെ ചിലരം കൂട്ടുപിടിച്ചാണ് നീക്കങ്ങൾ.

അതിനിടെ ഈ വിഷയത്തിൽ സമരത്തിനിറങ്ങിയാൽ വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്കുൾപ്പെടെയുള്ള പലതും നിഷേധിക്കുമെന്ന ഭീഷണിയും ഉയർത്തിക്കഴിഞ്ഞു. യോഹന്നാന്റെ സാമ്പത്തിക കരുത്തിൽ മുഖധാരാ രാഷ്ട്രീയ പാർട്ടികൾ ആരും പ്രതിഷേധിക്കാൻ തയ്യാറല്ല. ഇതു മനസ്സിലാക്കിയാണ് കോളേജിലെ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത്. പല കുട്ടികളുടേയും വീട്ടിലേക്ക ഭീഷണി സന്ദേശങ്ങൾ എത്തിക്കഴിഞ്ഞതായാണ് സൂചന. കുട്ടികൾക്ക് നല്ല ഭാവി വേണമെങ്കിൽ പ്രശ്‌നങ്ങളിൽ നിന്ന് പിന്തിരിയണമെന്നാണ് ആവശ്യം. എന്നാൽ അമലിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

ഈ സാഹചര്യത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും ഈ പ്രതിഷേധത്തിനൊപ്പം ചേരും. റാന്നി പെരിനാട് ബിലീവേഴ്‌സ് ചർച്ച് കാർമൽ എൻജിനിയറിങ് കോളേജിലെ മൂന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു അമൽ. അമലിന്റെ പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരിൽ അമ്മയെ കോളേജ് അധികൃതർ വിളിച്ചുവരുത്തുകയും അമ്മയുടെ മുന്നിൽവച്ച് അമലിനെ ശാസിക്കുകയും ചെയ്തിരുന്നു. ഇതേകാരണത്താൽ അമലിനെ കോളേജ് ഹോസ്റ്റലിൽനിന്ന് ദിവസങ്ങൾക്കു മുമ്പ് പുറത്താക്കുകയും മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് കൂട്ടുകാരും നാട്ടുകാരും പറയുന്നത്.

തിങ്കളാഴ്ച മൂന്നുമണിയോടെയാണ് കല്ലടയാറ്റിൽ കടപുഴ പാലത്തിനുസമീപം അമലിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ കോളേജ് മാനേജ്‌മെന്റ് അധികൃതരും അദ്ധ്യാപകരും എത്തിയപ്പോഴാണ് നാട്ടുകാരും വിദ്യാർത്ഥികളും പ്രതിഷേധവുമായെത്തിയത്. പ്രകോപിതരായ ആളുകൾ ഇവരെ അമലിന്റെ വീടിനടുത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഒരുമണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടും നാട്ടുകാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. കോവൂർ കുഞ്ഞുമോൻ എംഎ‍ൽഎ. സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.

കഴിഞ്ഞ ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് കോളേജിലേക്ക് പോയ അമൽ, വൈകിട്ട് മടങ്ങിവന്നില്ല. അന്വേഷണം നടത്തുന്നതിനിടെ കുന്നത്തൂർ പാലത്തിന് സമീപത്തുനിന്ന് അമലിന്റെ ബൈക്കും ബാഗും കണ്ടെത്തി. സംശയത്തെ തുടർന്ന് ഞായറാഴ്ച കല്ലടയാറ്റിൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അമൽ എഴുതിവച്ചതായി കരുതുന്ന ആത്മഹത്യക്കുറിപ്പും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനംമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ചിലരുടെ പേരുകളും കത്തിലുണ്ടെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന സൂചന. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ആത്മഹത്യാക്കുറിപ്പിലുള്ളവർക്കെതിരെ കേസ് എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരം പീഡനങ്ങൾ പരിശോധിക്കണമെന്നാണ് ആവശ്യം. കോളേജിലെ അടിസ്ഥാന സൗകര്യക്കുറവാണ് വിദ്യാഭ്യാസ നിലവാരം കുറയാൻ കാരണം. ഇത് മറച്ചു പിടിക്കാൻ കുട്ടികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP