Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഠനത്തിൽ ശ്രദ്ധ കുറയുമെന്ന് കരുതി കൂട്ടുകാരിൽ നിന്നും അകറ്റി നിർത്തി; എപ്പോഴും പഠിക്കാൻ പറഞ്ഞതും മാനസിക സമ്മർദ്ദമേറ്റി; ഗത്യന്തരമില്ലാതെ മരിക്കാൻ തീരുമാനിച്ചത് ഒറ്റപ്പെടുന്നു എന്ന ചിന്ത തോന്നിയതിനാൽ; എന്നെ സ്നേഹിക്കാൻ ആരുമില്ലെന്നതിനാൽ ആത്മഹത്യക്ക് ശ്രമിച്ചത് എന്ന് പൊലീസിൽ മൊഴിയും; പൂജപ്പുരയിൽ കോളേജ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിക്കാൻ കാരണം മാതാപിതാക്കളുടെ അമിതശാസനയാൽ

പഠനത്തിൽ ശ്രദ്ധ കുറയുമെന്ന് കരുതി കൂട്ടുകാരിൽ നിന്നും അകറ്റി നിർത്തി; എപ്പോഴും പഠിക്കാൻ പറഞ്ഞതും മാനസിക സമ്മർദ്ദമേറ്റി; ഗത്യന്തരമില്ലാതെ മരിക്കാൻ തീരുമാനിച്ചത് ഒറ്റപ്പെടുന്നു എന്ന ചിന്ത തോന്നിയതിനാൽ; എന്നെ സ്നേഹിക്കാൻ ആരുമില്ലെന്നതിനാൽ ആത്മഹത്യക്ക് ശ്രമിച്ചത് എന്ന് പൊലീസിൽ മൊഴിയും; പൂജപ്പുരയിൽ കോളേജ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിക്കാൻ കാരണം മാതാപിതാക്കളുടെ അമിതശാസനയാൽ

ആർ പീയൂഷ്

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചത് വീട്ടുകാരിൽ നിന്നും എപ്പോഴും വഴക്ക് കേൾക്കുന്നതിൽ മനം മടുത്തെന്ന് പ്രാഥമിക വിവരം. പൂജപ്പുര പാതിരാപ്പള്ളി ചാടിയറ സ്വദേശി ഹരിശങ്കർ (18) ആണ് ആത്മഹത്യക്കു ശ്രമിച്ചത്. പെട്രോൾ ഉപയോഗിച്ച് തീ കൊളുത്തിയായിരുന്നു ആത്മഹത്യാ ശ്രമം. നിരന്തരമായി വഴക്ക് പറയുന്നതിനൊപ്പം സുഹൃത്തുക്കളുമായി ഇടപഴകാൻ പോലും സമ്മതിച്ചിരുന്നില്ല. ഇത് മൂലം ഏറെ വിഷാദ രോഗിയുമായിരുന്നു. ഇതിനെ തുടർന്ന് വീട്ടിൽ വച്ച് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോളേജിൽ പോയി മടങ്ങി വന്ന ഹരിശങ്കർ മുകൾ നിലയിലെ കിടപ്പുമുറിയിൽ കയറി കതകടക്കുകയും തീ കൊളുത്തുകയുമായിരുന്നു. വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപ വാസി ഓടി എത്തി. മുകൾ നിലയിലെ ഹരിശങ്കറിന്റെ മുറിയിൽ നിന്നായിരുന്നു പുകയുയർന്നത്. അടച്ചിട്ട മുറി ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോൾ ഹരിശങ്കർ തീ പിടിച്ച ശരീരവുമായി മുറിയിൽ ഓടുകയായിരുന്നു. വേഗം തന്നെ ഇവർ ഹരിശങ്കറിനെ നനവുള്ള തുണികൊണ്ട് പൊതിഞ്ഞ് തീ കെടുത്തി. പിന്നീട് മുറിക്കകത്തെ തീ അണച്ചു. ഈ സമയം ചെങ്കൽചൂളയിൽ നിന്നും ഫയർഫോഴ്സും പൂജപ്പുരയിൽ നിന്നും പൊലീസും എത്തി. 80 ശതമാനത്തോളം പൊള്ളലേറ്റ ഹരിശങ്കറിനെ കരമന പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിശങ്കറിന്റെ നില ഗുരുതരമായി തുടരുകയാണ്.

ആശുപത്രിയിൽ വച്ച് ഇയാൾ പൂജപ്പുര പൊലീസിന് നൽകിയ മൊഴിയിൽ എന്നെ ആരും സ്നേഹിക്കാനില്ല, അതിനാലാണ് മരിക്കാൻ തീരുമാനിച്ചതെന്ന് പറഞ്ഞു. അതേ സമയം അയൽ വീട്ടുകാരോടൊന്നും ഹരിശങ്കറിന്റെ മാതാപിതാക്കൾക്ക് യാതൊരു സഹകരണവുമില്ല. കൂടാതെ ഹരിശങ്കറിനെയും സഹോദരനെയും ആരോടും സഹകരിക്കാൻ സമ്മതിച്ചിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. അതേ സമയം ഹരിശങ്കറിന്റെ സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴി വീട്ടുകാരെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ്. മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു എന്നാണ് അവർ നൽകിയ മൊഴി. പ്ലസ്ടുവിന് ക്രൈസ്റ്റ് നഗർ ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ നിന്നും മികച്ച മാർക്ക് വാങ്ങിയാണ് ഹരിശങ്കർ പ്ലസ്ടു പാസ്സായത്.

തുടർ പഠനത്തിനായി അപേക്ഷ നൽകിയപ്പോൾ മാർ ഇവാനിയോസ് കോളേജിൽ സീറ്റ് ലഭിച്ചിരുന്നു. എന്നാൽ പ്ലസ്ടുവിന് ഒപ്പം പഠിച്ച സുഹൃത്തുക്കൾക്കും അവിടെ തന്നെ സീറ്റ് ലഭിച്ചിരുന്നതിനാൽ മാതാപിതാക്കൾ അവിടെ നിന്നും മാറ്റി മാറനെല്ലൂർ ക്രസ്റ്റ് കോളേജിൽ ചേർക്കുകയായിരുന്നു. അത് കൂടാതെ ഒരിക്കലും സുഹൃത്തുക്കൾക്കൊപ്പം പോകാൻ അനുവദിച്ചിരുന്നില്ല. രാവിലെ സുഹൃത്തുക്കൾക്കൊപ്പം നടക്കാൻ പോകുന്ന ശീലമുണ്ടായിരുന്നു ഹരിശങ്കറിന്. എന്നാൽ അതും മാതാപിതാക്കൾ വിലക്കി. കൂട്ടുകാർക്കൊപ്പം നടന്നാൽ പഠിക്കില്ലെന്നായിരുന്നു വീട്ടുകാരുടെ പല്ലവി.

മാതാപിതാക്കളുടെ മാനസിക പീഡനം സഹിക്കാനാവാതെ ഏറെ നാളായി വിഷാദത്തിലായിരുന്നു ഹരിശങ്കർ. അങ്ങനെയാവാം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുറിയിൽ കയറിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി. തീ പിടിത്തത്തിൽ മുറിയിലുണ്ടായിരുന്ന പഠന സാമഗ്രികളും കട്ടിലും മറ്റു ഫർണിച്ചറുകളും കത്തി നശിച്ചു.

ചെങ്കൽച്ചുള്ളയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. തീ കെടുത്തിയ ശേഷം മുറിയിൽ നിന്നും രണ്ട് കുപ്പി പെട്രോൾ കൂടി പൊലീസ് കണ്ടെടുത്തു. പൂജപ്പുര എസ്‌ഐ ഗിരിലാലിന്റെ നേതൃത്വത്തിൽ സംഭവത്തെകുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP