Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ പാതയിലൂടെ പോകുന്ന ലോറികൾ തടഞ്ഞുനിർത്തി ഹഫ്താ പിരിവ്; കച്ചവടക്കാരേയും പണക്കാരെയും ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്; ആഡംബര ഹോട്ടലുകളിൽ കയറി വയറു നിറയെ ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങുക; തോക്കുമായി നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഭയം വിതയ്ക്കുക; പിതാവിനെ വെല്ലുന്ന 'കാസർകോഡ് ഭായ്' ആയി നാടിനെ വിറപ്പിക്കാൻ കാലിയാ റഫീഖിന്റെ മകൻ സുഹൈൽ

ദേശീയ പാതയിലൂടെ പോകുന്ന ലോറികൾ തടഞ്ഞുനിർത്തി ഹഫ്താ പിരിവ്; കച്ചവടക്കാരേയും പണക്കാരെയും ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്; ആഡംബര ഹോട്ടലുകളിൽ കയറി വയറു നിറയെ ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങുക; തോക്കുമായി നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഭയം വിതയ്ക്കുക; പിതാവിനെ വെല്ലുന്ന 'കാസർകോഡ് ഭായ്' ആയി നാടിനെ വിറപ്പിക്കാൻ കാലിയാ റഫീഖിന്റെ മകൻ സുഹൈൽ

രഞ്ജിത്ത് ബാബു

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ഉപ്പള കേന്ദ്രീകരിച്ച് വീണ്ടും പ്രവർത്തനം സജീവമാക്കിയിരിക്കുകയാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊല്ലപ്പെട്ട കുപ്രസിദ്ധ അധോലോക നായകൻ കാലിയാ റഫീഖിന്റെ മകൻ സുഹൈൽ. കാലിയാ റഫീഖിനെപ്പോലെ തന്നെ കാസർഗോഡ് മുതൽ മുംബൈ വരെ തന്റെ അധോലോക സാമ്രാജ്യം വികസിപ്പിക്കാനാണ് സുഹൈലിന്റെ ശ്രമമെന്ന് അറിയുന്നു

പതിമൂന്നാം വയസ്സിൽ സമപ്രായക്കാരനെ കുത്തിപരിക്കേൽപ്പിച്ച് അച്ഛന്റെ പാതയിൽ ചുവടുവെച്ചു. പരാതിയില്ലാത്തതിനാൽ കേസുമുണ്ടായില്ല. ഉപ്പള കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിക്കാൻ കാലിയാ സുഹൈൽ അധോലോകത്തിലേക്കുള്ള അരങ്ങേറ്റം നടത്തുകയാണ്. 21 വയസ്സ് പൂർത്തിയായില്ലെങ്കിലും പിതാവിനെ പോലെ നാടിനെ വിറപ്പിക്കാൻ 'ഭായ് ' ആയി മാറി. ഉപ്പളയിൽ സുഹൈലിനെതിരെ പ്രതികരിക്കാൻ ആരും തയ്യാറാവാത്ത അവസ്ഥയിലാണ്. സുഹൈൽ യുഗത്തിന് തുടക്കമിട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ തോക്കേന്തി പ്രചാരണവും നടത്തി. പിതാവ് കാലിയാ റഫീഖിന്റെ മരണത്തോടെ സ്വസ്ഥതയിൽ ഉറങ്ങുന്ന ഉപ്പളക്കാർക്ക് ഇനി സുഹൈൽ പേടി സ്വപ്നമാവുമോ? കാസർഗോഡ് ജില്ലയിലും കർണ്ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും ക്വട്ടേഷൻ സംഘങ്ങളുടെ നേതാവായിരുന്നു കാലിയാ റഫീഖ്.

ദേശീയ പാതയിലൂടെ പോകുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു നിർത്തി ഹഫ്താ പിരിവ്, കച്ചവടക്കാരേയും സമ്പന്നരേയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുക, ആഡംബര ഹോട്ടലുകളിൽ കയറി വയറു നിറയെ ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങുക, തുടങ്ങിയ പരാതികളാണ് സുഹൈലിനും സംഘത്തിനുമെതിരെ ഉയർന്നിട്ടുള്ളത്. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘാംങ്ങളും മകനായ സുഹൈലിനൊപ്പം ചേർന്നിരിക്കയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ മാസം കാലിയാ സുഹൈലിന്റെ സംഘത്തിൽ പെട്ട ഒരു യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി വെട്ടിയും കുത്തിയും റോഡിൽ ഉപേക്ഷിച്ച സംഭവമുണ്ടായിരുന്നു.

2017 ഫെബ്രുവരി 14 ന് അർദ്ധ രാത്രിയോടെ മംഗലൂരു ക്വാട്ടേ കാറിൽ വെച്ച് കൊല ചെയ്യപ്പെടുന്നതു വരെ നാടിനെ വിറപ്പിച്ച് അധോലോക നായകനായിരുന്നു റഫീഖ്. മംഗലൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു അധോലോക സംഘം ഒരുക്കിയ കെണിയിൽ കുരുങ്ങി വെടിയേറ്റും വെട്ടേറ്റുമാണ് റഫീഖ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ അയാൾക്ക് 44 വയസ്സായിരുന്നു. 1994 ൽ കേരളത്തിൽ ചാരായ നിരോധനം ഏർപ്പെടുത്തിയതായിരുന്നു കാലിയാ റഫീഖിന് അനുഗ്രഹമായത്. കേരളാ അതിർത്തിയോട് ചേർന്ന കർണ്ണാടക ഗ്രമാങ്ങളിൽ പാക്കറ്റ് ചാരായം സുലഭമായിരുന്നു. മൂലവെട്ടി എന്ന പേരിൽ മദ്യപർ വിളിച്ചു പോന്ന ഈ ചാരായം കേരളത്തിലേക്ക് കടത്തിയാണ് കാലിയാ റഫീഖും സംഘവും സാമ്പത്തിക രംഗത്ത് ഉന്നതിയിലെത്തിയത്. കർണ്ണാടകവുമായി അതിരിടുന്ന കാസർഗോഡ് ജില്ലയിലെ 30 ഓളം ഊടുവഴികൾ ചാരായം കടത്തുകയായിരുന്നു കാലിയാ റഫീഖിന്റെ സംഘം.

നാട്ടിലെ എതിരഭിപ്രായക്കാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയിരുന്നു. രണ്ട് കൊലപാതകങ്ങളും ഒട്ടേറെ വധ ശ്രമങ്ങളും 28 അക്രമ കേസുകളും ഇക്കാലയളവിൽ കാലിയാ റഫീഖിനും സംഘത്തിനുമെതിരെയുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ ഉപ്പള പ്രദേശത്തെ അടക്കി വാണ റഫീഖിനെ കാപ്പ ചുമത്തി കണ്ണൂർ ജയിലിടച്ചു. ഇക്കാലയളവിൽ പോലും കാലിയാ റഫീഖിനെ പരിഹസിച്ചതിന്റെ പേരിൽ ഉപ്പളയിലെ ഒരു യുവാവിനെ കഴുത്തറ്റം വരെ കടലോരത്ത് മൂടി അക്രമിച്ച സംഭവവും നടന്നു. കാലിയാ റഫീഖിന്റെ അനുയായികൾ അപകടകാരികളാണെന്നും നാട്ടുകാരെ അറിയിക്കുകയായിരുന്നു. ജയിലിൽ നിന്നിറങ്ങി തന്റെ സാമ്രാജ്യം വിപുലീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മംഗലൂരുവിൽ വെച്ചുള്ള ഏറ്റുമുട്ടലിൽ റഫീഖ് കൊല്ലപ്പെട്ടത്. നിരവധി പിടിച്ചു പറി കേസുകൾ, പണം തട്ടിയെടുക്കൽ എന്നിവയും കാലിയാ റഫീഖിന്റെ നേതൃത്വത്തിൽ നടന്നിരുന്നു.

എല്ലാം കണ്ടും കേട്ടും വളരുകയായിരുന്നു അന്ന് 18 കാരനായ മകൻ സുഹൈൽ. അന്നേ അയാൾ കണക്കാക്കിയിരുന്നു പിതാവിന്റെ പിൻഗാമിയായി രംഗത്ത് വരാൻ. പിതാവിനൊപ്പമുള്ള 50 അംഗ സംഘത്തിലെ ഭൂരിഭാഗം പേരും സുഹൈലിന്റെ കൂട്ടാളികളാകാൻ തയ്യാറെടുത്തിരിക്കയാണ്. പോരാത്തതിന് സ്വന്തം അനുയായികളും. മയക്കു മരുന്ന് കടത്ത്, മണൽ കടത്ത്, തുടങ്ങയവയിൽ വിദഗ്ധരായിരുന്നു പിതാവ് കാലിയാ റഫീഖും അദ്ദേഹത്തോടൊപ്പമുള്ള സംഘവും.

കർണ്ണാടകത്തിലെ ഷിമോഗ, ഉഡുപ്പി, മംഗലൂരു, എന്നിവിടങ്ങളിയായിരുന്നു റഫീഖിന്റെ ഇടപാടുകൾ. അവിടെ അദ്ദേഹത്തിന് നിരവധി കേസുകളുമുണ്ടായിരുന്നു. അതേ പാതയിൽ സഞ്ചരിക്കാനുള്ള നീക്കമാണ് സുഹൈലും കൂട്ടാളികളും ഒരുങ്ങുന്നത്. എന്നാൽ കാലിയാ സുഹൈൽ പൊലീസിന് തെളിവ് അവശേഷിപ്പിക്കാത്ത രീതിയിൽ തന്റെ അധോലോക പ്രവർത്തനം നടത്താനാണ് ഒരുങ്ങുന്നത്. വാഹനങ്ങൾ തടഞ്ഞു നിർത്തി ഹഫ്ത്താ പിരിവും കച്ചവടക്കാരേയും സമ്പന്ന കുടുംബങ്ങളേയും ഭീഷണിപ്പെടുത്തി പണം സ്വരൂപിക്കാനും തുടങ്ങിക്കഴിഞ്ഞു. സുഹൈലിന്റെ സംഘത്തിൽ പെട്ട ഒരു യുവാവിന് നേരെയുള്ള അക്രമത്തിന് തിരിച്ചടി നൽകാനും ഇവർ ശ്രമിക്കുന്നതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP