Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിനിമാ മേഖലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ കണ്ണിപൊട്ടിച്ച മിടുക്കൻ; സദാസമയവും തോക്കുകളേന്തിയ നീഗ്രോകളുടെ കാവലുമുള്ള ഗോവിലെ ലഹരിമരുന്ന് വിൽപ്പന കേന്ദ്രത്തിലെത്തി പ്രതിയെ പൊക്കിയും ചരിത്രം തിരുത്തി; രാജ്യസുരക്ഷ ഏജൻസികളുടെ 'ഗുഡ്‌ലിസ്റ്റി'ലും ഇടംപിടിച്ചിട്ടും സിഐ ലക്ഷ്മണിനെ ഒതുക്കിയത് എന്തിന്?

സിനിമാ മേഖലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ കണ്ണിപൊട്ടിച്ച മിടുക്കൻ; സദാസമയവും തോക്കുകളേന്തിയ നീഗ്രോകളുടെ കാവലുമുള്ള ഗോവിലെ ലഹരിമരുന്ന് വിൽപ്പന കേന്ദ്രത്തിലെത്തി പ്രതിയെ പൊക്കിയും ചരിത്രം തിരുത്തി; രാജ്യസുരക്ഷ ഏജൻസികളുടെ 'ഗുഡ്‌ലിസ്റ്റി'ലും ഇടംപിടിച്ചിട്ടും സിഐ ലക്ഷ്മണിനെ ഒതുക്കിയത് എന്തിന്?

പ്രകാശ് ചന്ദ്രശേഖരൻ

കൊച്ചി: സിനിമ മേഖലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ കണ്ണിപൊട്ടിച്ച് നിർണ്ണായ മുന്നേറ്റം. സദാസമയവും തോക്കുകളേന്തിയ കരുത്തന്മാരായ നീഗ്രോകളുടെ കാവലുമുള്ള ഗോവിലെ ലഹരിമരുന്ന് വിൽപ്പന കേന്ദ്രത്തിലെത്തി പ്രതിയെ പൊക്കി ചരിത്രം തിരുത്തി. ജീവൻ അപകടത്തിലാവുമെന്നും പിടിയിലൊതുങ്ങില്ലന്നും കയ്യൊഴിയാനും മറ്റും നിർദ്ദേശമെത്തിയപ്പോഴും പൊരുതി നേടിയത് രാജ്യമാകെ ശ്രദ്ധിക്കുന്ന നേട്ടം. തീവ്രവാദ ബന്ധമുള്ള മയക്കുമരുന്ന് കടത്തൽ സംഘത്തെ പിടികൂടി രാജ്യത്തെ സുരക്ഷ ഏജൻസികളുടെ 'ഗുഡ്‌ലിസ്റ്റി'ലും ഇടം നേടി. സംസ്ഥാന എക്‌സൈസ് വകുപ്പ് സ്ഥലംമാറ്റം നൽകി 'ഒതുക്കിയ'സി ഐ സജി ലക്ഷ്മണന്റെ കരിയർഗ്രാഫ് ഇങ്ങിനെ.

ചരിത്ര നേട്ടം സമ്മാനിച്ചിട്ടും ഈ ഉദ്യോഗസ്ഥന് കൂച്ചുവിലങ്ങിട്ട വകുപ്പ് മേധാവികളുടെ നടപടി മയക്കുമരുന്ന് മാഫിയയെ തൃപ്തിപ്പെടുത്താനാമെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം. ആറ് എംഡിഎം എ കേസുകൾ റിപ്പോർട്ട് ചെയ്ത് വകുപ്പിൽ പകരക്കാരനില്ലാത്ത നേട്ടം കൊയ്തിട്ടും എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിൽ നിന്നും സജിയെ പുറത്താക്കിയതിന് പിന്നിൽ ഏറെ ദുരൂഹതകൾ ഉണ്ടെന്നും മയക്കുമരുന്ന് മാഫിയകളുടെ പിണിയാളുകളായ ഉദ്യോഗസ്ഥ മേധാവികളുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.

വകുപ്പിന്റെ അഭിമാനമായി മാറിയ 30 കോടിയുടെ നെടുമ്പാശേരി മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയ കോതമംഗലം നെല്ലിമറ്റം സ്വദേശി സജി ലക്ഷമണനെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഈ ഉദ്യോഗസ്ഥനെ കാര്യമായ കേസുകളില്ലാത്ത മൂവാറ്റുപുഴയിലേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ട് വകുപ്പ് ആസ്ഥാനത്തുനിന്നും ഉത്തരവിറങ്ങിയത്.

നെടുമ്പാശേരി മയക്കുമരുന്ന് കടത്തൽ കേസിന്റെ പിന്നാമ്പുറം തേടി കന്ദ്ര ഇന്റിലിജൻസ് ബ്യൂറോയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും എൻ ഐ എ യുമൊക്കെ ഇപ്പോഴും ശക്തമായ ആന്വേഷണം നടത്തിവരുന്നതായിട്ടാണ് സൂചന.എന്നാൽ സംസ്ഥാന എക്‌സൈസ് വകുപ്പ് ഈ കേസിൽ അന്വേഷണം അവസാനിപ്പിച്ചതായിട്ടാണ് പരക്കെ പ്രചരിക്കുന്ന വിവരം.കേന്ദ്ര ഏജൻസികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ കേസന്വേഷണത്തിന് നേതൃത്വം നൽകിയ സജി ലക്ഷമണനെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു.

കേസിന്റെ തുടക്കം മുതൽ പ്രതികളെ പിടികൂടിയത് വരെ എക്‌സൈസ് സംഘത്തിന്റെ മുഴുവൻ നീക്കങ്ങളെക്കുറിച്ചും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞതായിട്ടാണ് ലഭ്യമായ വിവരം.രാജ്യത്തെ വൻ സുരക്ഷ വീഴ്ച എന്ന നിലയിലാണ് സംഭവത്തെ കേന്ദ്ര ഏജൻസികൾ വിലിരുത്തുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഭീകരരുടെ ഇടപെടലോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ വഴി വർഷങ്ങളായി നടന്നുവന്നിരുന്ന ശതകോടികളുടെ മയക്കുമരുന്ന് കടത്താണ് സജി നേതൃത്വം നൽകിയ നെടുമ്പാശേരി മയക്കുമരുന്ന് വേട്ടയിലൂടെ പുറത്തായത്. അഫ്ഗാൻ-കാഷ്മീർ ഭീകരരുടെ പ്രധാന സാമ്പത്തീക ശ്രോതസ് മയക്കുമരുന്ന് വിൽപ്പനയാണെന്നുള്ള വിവരം നേരത്തെ പുറത്തായിരുന്നു.

5 കിലോ എം ഡി എം എ വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നാണ് നെടുമ്പാശേരിയിൽ എക്‌സൈസ് സംഘം പിടികൂടിയത്.കൊച്ചിയിലെ മോഹവില അനുസരിച്ച് ഇതിന് 30 കോടിരൂപ വിലവരും. ഇത് ഗൾഫിലെത്തിച്ചാൽ വില 50 കോടിക്ക് മുകളിലെത്തുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തൽ സംഘത്തെ നിയന്ത്രിക്കുന്നത് രണ്ട് മലയാളികൾ ആണെന്നവിവരം ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ എക്‌സൈസ് സംഘം കണ്ടെത്തുകയും ചെയ്തു.

കൊച്ചിയിൽ സിനിമ മേഖലയിൽ എം ഡി എം എ ഇനത്തിൽപ്പെട്ട ലഹരി പദാർത്ഥങ്ങളും ഹാഷിഷും കൊക്കെയിനും മറ്റും എത്തിച്ച് നൽകിയിരുന്ന കൊച്ചി സ്വദേശി സനീഷിനെ പിടികൂടിയതോടയാണ് സജിയുടെ പ്രവർത്തന മികവ് ഉന്നതങ്ങളിൽ ചർച്ചയായത്. മൂന്ന് തരത്തിലുള്ള മാരക ലഹരി വസ്തുക്കൾ ഒരേ സമയം പിടികൂടി എന്ന അപൂർവ്വതയും ഈ കേസിനെ ശ്രദ്ധേയമാക്കി. അടുത്ത കാലത്ത് പത്തുകോടിയിലേറെ രൂപയുടെ മയക്കുമരുന്ന് ഇയാൾ സിനിമ മേഖലയിൽ വിറ്റഴിച്ചതായിട്ടാണ് എക്‌സൈസ് അധികൃതർ നടത്തിയ പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായത്.ഇതിനകം താൻ എട്ടുതവണ ഗോവയിൽ നിന്നും കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അധികൃതർ വെളിപ്പെടുത്തിയിരുന്നു.

ഗോവയാണ് ഇയാളുടെ പ്രധാന തട്ടകമെന്നും ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുമായി ഇയാൾക്ക് അടുത്തബന്ധമുണ്ടെന്നും കണ്ടെത്തിയ എക്‌സൈസ് സംഘം ഇയാളെയും കൊണ്ട് ഗോവയിൽ എത്തി കൂട്ടാളി ഗോവൻ സ്വദേശി ദീപക് കലൻ ഗുഡ്കറിനെയും പൊക്കി.ഇതോടെ വകുപ്പിൽ താരമായ സജി നെടുമ്പാശേരി മയക്കുമരുന്ന് വേട്ടയിലൂടെ ദേശീമാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP