Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേഘയുടെ മാതാപിതാക്കളുടെ സംരക്ഷണവും ഏറ്റെടുക്കാമെന്ന വ്യവസ്ഥയിൽ ലെനിനുമായി വിവാഹം; വിവാഹം കഴിഞ്ഞപ്പോൾ 13 ലക്ഷം രൂപ സഹോദരിക്കു നൽകി; കിടക്ക പങ്കിടാത്ത വൈവാഹിക ബന്ധങ്ങൾ പണം തട്ടാൻ വേണ്ടി മാത്രം; നോയ്ഡയിലെ വീട്ടിലെത്തിയ കേരളാ പൊലീസിനു മുമ്പിൽ അറസ്റ്റിനു വഴങ്ങാതെ സഹോദരിമാർ

മേഘയുടെ മാതാപിതാക്കളുടെ സംരക്ഷണവും ഏറ്റെടുക്കാമെന്ന വ്യവസ്ഥയിൽ ലെനിനുമായി വിവാഹം; വിവാഹം കഴിഞ്ഞപ്പോൾ 13 ലക്ഷം രൂപ സഹോദരിക്കു നൽകി; കിടക്ക പങ്കിടാത്ത വൈവാഹിക ബന്ധങ്ങൾ പണം തട്ടാൻ വേണ്ടി മാത്രം; നോയ്ഡയിലെ വീട്ടിലെത്തിയ കേരളാ പൊലീസിനു മുമ്പിൽ അറസ്റ്റിനു വഴങ്ങാതെ സഹോദരിമാർ

അർജുൻ സി വനജ്

കൊച്ചി: കൊച്ചി പൊലീസിന്റെ അന്വേഷണ മികവിന്റെ മറ്റൊരു ഉദാഹരണം കൂടിയായി മാറുകയാണ് വിവാഹത്തട്ടിപ്പ് നടത്തുന്ന നാലംഗസംഘത്തെ മധ്യപ്രദേശിലെ നോയിഡയിലെത്തി അറസ്റ്റ് ചെയ്ത സംഭവം. മാസങ്ങൾ നീണ്ട, പിഴവില്ലാത്ത അന്വേഷണത്തിലൂടെയാണ് കടവന്ത്ര പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്. നോയിഡ സെക്ടർ 120 ലെ 25,000 രൂപ മാസവാടക വരുന്ന ആഡംബര ഫ്ലാറ്റിലായിരുന്ന പ്രതികളെ 17ന് പുലർച്ചെയാണ് കടവന്ത്ര പൊലീസിലെ നാലംഗ അന്വേഷണസംഘം പിടികൂടുന്നത്.

സംഭവത്തെക്കുറിച്ച് കടവന്ത്ര അഡീഷണൽ എസ്.ഐ ഷാജി വിവരിക്കുന്നത് ഇങ്ങനെ. 15 ന് പുലർച്ചെയാണ് ഡൽഹി റെയിൽവെ സ്റ്റേഷനിൽ തന്റെ നേതൃത്വത്തിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽ കൂമാർ, വനിത സിപിഒമാരായ ബിജി, പ്രവീണ എന്നിവരടങ്ങുന്ന നാലംഗ അന്വേഷണ സംഘം എത്തുന്നത്. തുടർന്ന് കേരളത്തിൽ നിന്നുള്ള സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ സിഗ്‌നൽ കേന്ദ്രീകരിച്ച് യാത്ര ആരംഭിച്ചു. മധ്യപ്രദേശിലെ പട്ടണമായ നോയിഡയിലെ സെക്ടർ 120 ലെ ഒരു ആഡംബര ഫ്ലാറ്റിന് മുന്നിലാണ് ഈ അന്വേഷണം എത്തിയത്. തുടർന്ന് ഫ്ലാറ്റും പരിസരവും നിരീക്ഷിച്ചു.

ഫ്ലാറ്റിലുള്ളവരിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു. പക്ഷെ, പകൽസമയം പ്രതികളുടെ ഫ്ലാറ്റിൽ പ്രായാധിക്യം മൂലം തളർന്നുകിടക്കുന്ന മാതാപിതാക്കൾ മാത്രമേയുള്ളുവെന്നു മനസ്സിലായി. തുടർന്ന് നോയിഡ പൊലീസിന്റെ സഹായം തേടി സ്റ്റേഷനിൽ എത്തി. അറസ്റ്റ് ചെയ്യാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതിനു ശേഷം നോയിഡയിൽ മുറിയെടുത്ത് താമസിച്ചു. 17 ന് രാവിലെ ആറു മണിയോടെ നോയിഡ പൊലീസിലെ ഉദ്യോഗസ്ഥരുമായി അവരുടെ പൊലീസ് വാഹനത്തിലും മറ്റൊരു സ്വകാര്യ വാഹനത്തിലുമായി ആഡംബര ഫ്ലാറ്റിലെത്തി.

കോളിങ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് കേസിലെ ഒന്നാം പ്രതി മേഘ ഭാർഗവ് ആയിരുന്നു. നോയിഡ പൊലീസ് കാര്യങ്ങൾ അവരോട് വിശദീകരിച്ചുവെങ്കിലും അറസ്റ്റിന് വഴങ്ങാൻ പ്രതികൾ തയ്യാറായില്ല. മേഘയുടെ സഹോദരി പ്രാചിയാണ് ഏറ്റവുമധികം അറസ്റ്റിനെ എതിർത്തത്. തുടർന്ന് ഏറെ പണിപ്പെട്ടാണ് മൂന്നു പ്രതികളേയും കോണ്ട് പൊലീസ് വാഹനത്തിൽ നോയിഡ സ്റ്റേഷനിൽ എത്തിയത്. ഫ്ലാറ്റിൽ മേഘയുടെ ഇളയ സഹോദരിയും ഉണ്ടായിരുന്നു. മേഘയടക്കം നാല് പെൺമക്കളാണ് കുടുംബത്തിൽ. ഏറ്റവും മുതിർന്ന സഹോദരിയുടെ ഭർത്താവാണ് ദേവേന്ദ്ര ശർമ്മ. നോയിഡ പൊലീസ് സ്റ്റേഷനിൽ വച്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽകുമാർ പ്രതികളെ ചോദ്യം ചെയ്തു.

ഏഴു വർഷക്കാലം ഡൽഹി പൊലീസിൽ സേവനമനുഷ്ഠിച്ചതിന്റെ പരിചയം സുനിൽ കുമാറിന് ഉണ്ടായതിനാൽ ഭാഷ ഒരു പ്രശ്‌നമായില്ല. മൂന്ന് വിവാഹം കഴിച്ചുവെന്ന് മേഘയും അഞ്ചു വിവാഹമെന്ന് ദേവേന്ദ്ര ശർമ്മയും പ്രാഥമികമായി ചോദ്യം ചെയ്തപ്പോൾ തന്നെ സമ്മതിച്ചു. തുടർന്ന് കേസ് റിപ്പോർട്ട് സഹിതം സൂരജ്പൂറിലെ സി.ജെ.എം കോടതിയിൽ പ്രതികളെ ഹാജരാക്കി. 22 നുള്ളിൽ പ്രതികളെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. 18ന് രാവിലെ ട്രെയിൻ മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ട സംഘം 19 ന് രാത്രി കൊച്ചിയിലെത്തി. വിവിധ റിസർവേഷനുകളാണ് ലഭിച്ചതെങ്കിലും ടി.ടി.ആറിനെ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ച് സീറ്റ് അടുത്തടുത്ത സ്ഥലങ്ങളിലാക്കി.

മെയ് മാസത്തിൽ ഇതേ പ്രതികൾക്കായി അന്വേഷണ സംഘം പൂണെയിൽ പോയിരുന്നു. അന്ന് പ്രതികൾ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയെങ്കിലും പൊലീസ് സംഘം എത്തുന്നതിന് ഏതാനം ദിവസം മുമ്പേ പ്രതികൾ രക്ഷപ്പെട്ടു. ഒന്നര മാസം മാത്രമാണ് പ്രതികൾ അവിടെ താമസിച്ചിരുന്നതെന്നും വ്യക്തമായി. തുടർന്ന് വിവിധ പ്രദേശങ്ങളിലായി പ്രതികൾ താൽക്കാലികമായി താമസിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

കൊച്ചി ബ്രോഡ് വേയിൽ തുണിയുടെ മൊത്ത വിതരണക്കാരനായ ലെനിൻ ജിതേന്ദ്ര ഗുജറാത്തിലെ കുടുംബബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ബ്രോക്കറായ മഹേന്ദ്ര ഗൗണ്ടലയെ പരിചയപ്പെടുന്നത്. തുടർന്ന് ലെനിനും അമ്മയും ചേർന്ന് നോയിഡയിലെ ഫ്ലാറ്റിലെത്തി മേഘയെ പെണ്ണുകണ്ടു. തളർന്നു കിടക്കുന്ന മാതാപിതാക്കളെ നോക്കുന്നത് എം.ബി.എ ക്കാരിയായ താനാണെന്നും കേരളത്തിലേക്ക് വിവാഹം കഴിച്ച് വന്നാൽ തന്റെ കുടുംബം ബുദ്ധിമുട്ടുമെന്നും മേഘ ലെനിന്റെ മാതാവിനോട് പറഞ്ഞു.

സംസാരവൈകല്യമുള്ള ലെനിന് മേഘയെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടതിനാൽ അവരുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് ലെനിനും മാതാവും സമ്മതിച്ചു. ഇതേ തുടർന്നാണ് കലൂർ പാവക്കുളങ്ങര ക്ഷേത്രത്തിൽ വച്ച് വിവാഹം നടക്കുന്നത്. വിവാഹശേഷം ലെനിന്റെ കുടുംബം 13 ലക്ഷം രൂപ വിവാഹത്തിനെത്തിയ പ്രാചിയുടെയും മറ്റൊരു സഹോദരി ഭർത്താവ് ദേവേന്ദ്ര ശർമ്മയുടേയും കൈവശം നൽകി. വിവാഹത്തിന് മുമ്പേ ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായിരുന്നു ഈ തുക.

ജൈനമതത്തിലെ ചടങ്ങുകൾ പ്രകാരം വിവാഹം കഴിഞ്ഞ് ആദ്യ തവണ ഭാര്യയുടെ വീട്ടിൽ പോകുമ്പോൾ, ഭാര്യ തനിച്ചാണ് പോകേണ്ടത്. തുടർന്ന് ഭർത്താവ് അവളെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുവരണം. ഇതു പ്രകാരം വിവാഹം കഴിഞ്ഞ് 20-ാം ദിവസം മേഘ നോയിഡയിലേക്ക് തനിച്ചുപോയി. രണ്ടു ദിവസത്തിന് ശേഷം ലെനിനും അവിടെയെത്തി. എന്നാൽ ലെനിന്റെ കൂടെ വരാൻ മേഘ തയ്യാറായില്ല. നിവൃത്തിയില്ലാതെ ലെനിൻ തനിച്ച് കൊച്ചിയിലേക്ക് മടങ്ങി. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് തങ്ങൾ ചതിയിൽപ്പെട്ടെന്ന് ലെനിന്റെ കുടുംബത്തിന് ബോധ്യമാവുന്നത്. അഞ്ചു വിവാഹം കഴിച്ചെങ്കിലും മേഘ ഇതുവരെ ഒരു ഭർത്താവുമായും കിടക്ക പങ്കിട്ടില്ലെന്നാണ്, ഇവരുടെ ചതിയിൽപ്പെട്ട വിവിധ ആളുകളിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP