Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോയമ്പത്തൂരിൽ പഠനം പൂർത്തിയാക്കി മൈത്ര ആശുപത്രിയിൽ ജോലി; സ്ഥിരപ്പെടാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സഹപ്രവർത്തകന്റെ വിവാഹത്തോട് അനുബന്ധിച്ച ബാച്ചിലർ പാർട്ടിയിൽ മരണം; അമിതമായി മദ്യപിച്ചതാണ് മരണ കാരണമെന്ന് സുഹൃത്തുക്കൾ പറയുമ്പോഴും ആശുപത്രി രേഖകളിൽ കാർഡിയാക് അറസ്റ്റും സയനോസ്ഡ് എന്ന വാക്കും രേഖപ്പെടുത്തിയത് ദൂരൂഹം; ഡോക്ടറുടെ മൊഴിയിലെ പൊലീസ് റിപ്പോർട്ടിൽ കാർഡിയാക് അറസ്റ്റ് ഇല്ല; എരഞ്ഞിപ്പാലത്തെ സ്റ്റെഫാനോ ക്രിസ്റ്റിക്ക് പറ്റിയത് എന്ത്?

കോയമ്പത്തൂരിൽ പഠനം പൂർത്തിയാക്കി മൈത്ര ആശുപത്രിയിൽ ജോലി; സ്ഥിരപ്പെടാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സഹപ്രവർത്തകന്റെ വിവാഹത്തോട് അനുബന്ധിച്ച ബാച്ചിലർ പാർട്ടിയിൽ മരണം; അമിതമായി മദ്യപിച്ചതാണ് മരണ കാരണമെന്ന് സുഹൃത്തുക്കൾ പറയുമ്പോഴും ആശുപത്രി രേഖകളിൽ കാർഡിയാക് അറസ്റ്റും സയനോസ്ഡ് എന്ന വാക്കും രേഖപ്പെടുത്തിയത് ദൂരൂഹം; ഡോക്ടറുടെ മൊഴിയിലെ പൊലീസ് റിപ്പോർട്ടിൽ കാർഡിയാക് അറസ്റ്റ് ഇല്ല; എരഞ്ഞിപ്പാലത്തെ സ്റ്റെഫാനോ ക്രിസ്റ്റിക്ക് പറ്റിയത് എന്ത്?

ജാസിം മൊയ്ദീൻ

കോഴിക്കോട്: മകന്റെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് ഒരു കുടുംബം. കോഴിക്കോട് എരഞ്ഞിപ്പാലം പിഒഎസ്വി കോളനിയിലെ ചിറമ്മൽ വീട്ടിൽ ജോസഫ് ജേക്കബാണ് മകൻ സ്റ്റെഫാനോ ക്രിസ്റ്റി ജോസഫിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ജനുവരി 10നാണ് സ്റ്റെഫാനോ സഹപ്രവർത്തകന്റെ വീട്ടിൽ വെച്ച് മരണപ്പെട്ടത്. പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്തെങ്കിലും ഇതുവരെ അന്വേഷണം എങ്ങുമെത്താത്തിനെ തുടർന്നാണ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരിക്കുന്നത്.

കോയമ്പത്തൂരിൽ നിന്നും മാസ്റ്റർ ഓഫ് ഇന്റർനാഷണൽ ബിസിനസ് കോഴ്സ് പൂർത്തിയാക്കി രണ്ട് മാസം ബാംഗ്ലൂരിൽ ജോലി ചെയ്തതിന് ശേഷമാണ് സ്റ്റെഫാനോ കോഴിക്കോട് മൈത്ര ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. പരിശീലന കാലയളവിന് ശേഷം ജോലി സ്ഥിരപ്പെടാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സ്റ്റെഫാനോയുടെ മരണം. സഹപ്രവർത്തകന്റെ വിവാഹത്തിനോടനുബന്ധിച്ച് നടന്ന ബാച്ചിലർ പാർട്ടിക്കിടയിലാണ് സ്റ്റെഫാനോ മരണപ്പെട്ടത്.

മരണത്തിൽ ദുരൂഹത ആരോപിച്ച് സ്റ്റെഫാനോയുടെ പിതാവ് ജോസഫ് ജേക്കബ് പരാതി നൽകിയിരുന്നെങ്കിലും മകൻ മരണപ്പെട്ട അച്ഛന്റെ മാനസിക പ്രയാസങ്ങളാണ് പരാതിക്ക് കാരണമെന്ന് പറഞ്ഞ് പൊലീസ് അന്വേഷണം അവസാനിപ്പിച്ച അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് മരണത്തിൽ ദുരൂഹത ആരോപിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും ജോസഫ് ജേക്കബ് അപേക്ഷ നൽകിയിരിക്കുന്നത്.

ബാച്ചിലർപാർട്ടി ദിവസം നടന്ന മരണത്തിൽ അടിമുടി ദുരൂഹത

ജനുവരി പത്താം തീയതിയാണ്‌ സഹപ്രവർത്തകൻ കോഴിക്കോട് എടക്കാട് കണ്ടംപറമ്പത്ത് റിതേഷിന്റെ വിവാഹത്തിനോട് അനുബന്ധിച്ച ബാച്ചിലർ പാർട്ടിയിൽ സ്റ്റെഫാനോയും സുഹൃത്തുക്കളും പങ്കെടുക്കുന്നത്. ഈ പാർട്ടിയിൽ വച്ചാണ് സ്റ്റെഫാനോ മരണപ്പെടുന്നത്. അമിതമായി മദ്യപിച്ചതാണ് മരണ കാരണമെന്ന് സ്റ്റെഫാനോയുടെ സുഹത്തുക്കളും വിവാഹ വീട്ടുകാരും പറയുന്നു. 10ാം തിയ്യതി 9 മണിയോടെ സ്റ്റെഫാനോ മദ്യപിച്ച് അബോധാവസ്ഥയിലായി എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അതിന് ശേഷം സ്റ്റെഫാനോയെയും സമാന അവസ്ഥയിലായ മറ്റൊരു സുഹൃത്തിനെയും കല്യാണ വീട്ടിൽ ഒരു ഭാഗത്ത് മേശയിൽ കിടത്തുകയും അതിന്റെ ഫോട്ടോ പകർത്തുകയും ചെയ്തിട്ടുണ്ട്.

9 മണിക്കും 10 മണിക്കും ഇടയിലാണ് ഫോട്ടോ എടുത്തതെന്ന് ഫോൺ രേഖകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. മേശയിൽ കൊണ്ട് പോയി കിടത്തുന്നതിന് 7 മിനിട്ട് മുമ്പ് പോലും മറ്റൊരു സുഹൃത്തുമായി സ്റ്റെഫാനോ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഈ സംസാരത്തിൽ മദ്യപിച്ചതിന്റേതായ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു എന്ന് ഫോണിൽ സംസാരിച്ച സുഹൃത്ത് പറയുകയും ചെയ്യുന്നു. റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണവും അത് സാക്ഷ്യപ്പെടുത്തുന്നു. ഏഴ് മിനിട്ട് മുമ്പ് പൂർണ്ണ ബോധത്തോട് കൂടി സംസാരിച്ചയാൾ പെട്ടെന്ന് മദ്യപിച്ച് അബോധാവസ്ഥയിലാകുമോ എന്നതാണ് ദുരൂഹത ഉണർത്തുന്ന ഒരു കാര്യം.

മറ്റൊന്ന് 9 മണിക്ക് അബോധാവസ്ഥയിലായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ പുലർച്ചെ രണ്ട് മണിയോടെയാണ് വിവാഹം നടക്കുന്ന വീട്ടിൽ നിന്നും കേവലം 200 മീറ്റർ ദൂരം മാത്രമുള്ള മൈത്ര ഹോസ്പിറ്റലിലേക്ക് സ്റ്റെഫാനോയെ എത്തിച്ചത്. ഇത്രയും സമയം വൈകിപ്പിച്ചത് എന്തിനാണെന്നതും സംശയകരമാണ്. മാത്രവുമല്ല ആ പാർട്ടിയിൽ പങ്കെടുത്തവരിൽ മഹാഭൂരിഭാഗവും ആശുപത്രി ജീവനക്കാരാണ്. ഡോക്ടർമാരും നഴ്സിങ് സ്റ്റാഫുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. മരണകാരണമാകുന്ന രീതിയിൽ അബോധാവസ്ഥയിലായ ഒരാൾക്ക് പ്രാഥമിക ശുശ്രൂഷ പോലും നൽകാത്തതും ദുരൂഹത ഉണർത്തുന്ന കാര്യമാണ്. വിവാഹ വീട്ടിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തിനോടടുത്താണ് അബോധാവസ്ഥയിലായ സ്റ്റെഫാനോയെ കിടത്തിയിരുന്നത്. ഫോട്ടോയിലും അതാണ് കാണിക്കുന്നത്. അബോധാവസ്ഥയിലായെന്ന് പറയപ്പെടുന്ന സമയത്തിന് ശേഷം സ്റ്റെഫാനോയുടെ ഫോണിൽ പകർത്തിയ ചിത്രം ഒരു ബെഡ്റൂമിലേതാണ്.

അബോധാവസ്ഥയിലായതിന് ശേഷം ഇവിടെ നിന്നും സ്റ്റെഫാനോയെ മറ്റെവിടേക്കെങ്കിലും മാറ്റിക്കിടത്തിയിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുത്തുന്നതാണ് ചിത്രം. ഫോണിലുണ്ടായിരുന്ന ഒരു സിംകാർഡും മെമ്മറി കാർഡും മരണ ശേഷം വീട്ടുകാർക്ക് ലഭിച്ച ഫോണിൽ ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ നിരവധിയായ ദുരൂഹത ഈ വിവാഹ വീട്ടിൽ വെച്ച് സ്റ്റെഫാനോയുടെ മരണവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. മാത്രമല്ല ഇത്തരത്തിൽ ഒരു മരണം നടന്നതായി സമീപത്തുള്ളവരോ വിവാഹത്തൽ പങ്കെടുത്തവരോ അറിഞ്ഞിട്ടുമില്ല. തലേ ദിവസം മരണം നടന്ന വീട്ടിൽ അടുത്ത ദിവസം ആയിരണക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വിവാഹം ആഘോഷ പൂർവ്വം നടക്കുകയും ചെയ്തു. വിവാഹം മുടങ്ങിപ്പോകാതിരിക്കാൻ വേണ്ടി വീട്ടുകാർ മരണ വിവരം മറച്ചുവെക്കുകയായിരുന്നു എന്നും സംശയിക്കുന്നു. മരണം നടന്ന് ദിവസങ്ങൾക്ക് ശേഷം സ്റ്റെഫാനോയുടെ കുടുംബം മരണം നടന്ന വിവാഹ വീട്ടിൽ പോയിരുന്നു.

സ്റ്റെഫാനോയുടെ ഷൂസും കണ്ണടയും അവിടെ നിന്ന് ലഭിച്ചു. ഈ വസ്തുക്കൾ മരണം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും വീട്ടുകാർക്ക് നൽകാത്തതിലും ദുരൂഹത ആരോപിക്കുന്നു. അങ്ങോട്ട് ആവശ്യപ്പെട്ടതിന് ശേഷമാണ് വസ്തുക്കൾ ലഭിച്ചത്. എന്തിനാണ് അവ സൂക്ഷിച്ചതെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. സ്റ്റെഫാനോയെ കിടത്തിയിരുന്ന സ്ഥലം കാണിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും അവർ അത് നിരുത്സാപ്പെടുത്തുകയായിരുന്നു. ഏറെ നിർബന്ധത്തിന് ശേഷമാണ് അവർ ആ സ്ഥലം കാണിച്ചു തന്നതെന്നും ജോസഫ് ജേക്കബ് പറയുന്നു.

ആശുപത്രി രേഖകളിൽ കാർഡിയാക് അറസ്റ്റും സയനോസ്ഡ് എന്ന വാക്കും രേഖപ്പെടുത്തിയെങ്കിലും പൊലീസ് റിപ്പോർട്ടിൽ അത് കാണാനില്ല.

പുലർച്ചെ രണ്ട് മണിയോടെയാണ് സ്റ്റെഫാനോയെ മൈത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മരണത്തിന് കാരണമാകുന്ന രീതിയിൽ അബോധാവസ്ഥയിലായ ഒരു ചെറുപ്പക്കാരനെ ആശുപത്രി ജീവനക്കാരായ സുഹൃത്തുക്കൾ 200 മീറ്റർ മാത്രം ദൂരമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് അബോധാവസ്ഥയിലായി അഞ്ച് മണിക്കൂറിന് ശേഷമാണ്. ഇത് തന്നെയാണ് ഈ മരണത്തിൽ ദുരൂഹത ആരോപിക്കാനുള്ള പ്രധാന കാരണം, ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മകൻ അബോധാവസ്ഥയിലാണെന്ന് രക്ഷിതാക്കളെന്ന നിലയിൽ തങ്ങളെ അറിയിച്ചിരുന്നെങ്കിൽ ഉടൻ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനമൊരുക്കുമായിരുന്നു എന്ന് ജോസഫ് ജേക്കബ് പറയുന്നു. എന്നാൽ ആശുപത്രിയിൽ എത്തി മരിച്ചതിന് ശേഷമാണ് രക്ഷിതാക്കൾ വിവരമറിയുന്നത്. ആശുപത്രി സമ്മറിയിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കാർഡിയാക് അറസ്റ്റ് എന്ന് രേഖപ്പെടുത്തിയെങ്കിലും ഡോക്ടർമാരുടെ മൊഴിപ്രകാരം തയ്യാറാക്കിയ പൊലീസ് റിപ്പോർട്ടിൽ അത് രേഖപ്പെടുത്താത്തതും ദുരൂഹമാണ്. പോസറ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ള സയനോസ്ഡ് എന്ന വാക്ക് ഏതെങ്കിലും തരത്തിൽ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത് എന്നും വ്യക്തമാക്കുന്നു.

കൈയിൽ സൂചി ഉപയോഗിച്ചതിന്റെ അടയാളം ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും ഇക്കാര്യങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല. പൊലീസ് ഭാഷ്യം അമിതമായി മദ്യപിക്കുകയും അബോധാവസ്ഥിയിലായ സമയത്ത് കിടത്തിയപ്പോൾ മദ്യം ശ്വാസകോശത്തിൽ കയറിയതുമാണ് മരണ കാരണമെന്നാണ്.

സ്വാഭാവിക മരണമല്ലെന്ന് കരുതാനുള്ള കാരണങ്ങൾ

മകന്റെ മരണം പൊലീസ് പറയുന്ന തരത്തിലുള്ള മരണമല്ലെന്ന് കുടുംബം ആരോപിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് സ്റ്റെഫാൻ അബോധാവസ്ഥയിലാകുന്ന തരത്തിൽ മദ്യപിക്കുന്ന ആളല്ല എന്നതാണ്. വല്ലപ്പോഴും മദ്യപിക്കുമെങ്കിലും അബോധാവസ്ഥയിലാകുന്ന തരത്തിൽ മദ്യപിക്കാറില്ല. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനാണ്. വിവാഹ ദിവസം അവിടെ വിളമ്പിയത് വ്യാജ മദ്യവും വാറ്റ് ചാരായവുമാണെന്നും വിവരങ്ങളുണ്ട്. അതിനെ കുറിച്ച് അന്വേഷണങ്ങൾ നടന്നിട്ടില്ല.

ഭക്ഷണ പദാർത്ഥത്തിന്റെ അംശം ശ്വസന നാളത്തിൽ കുടുങ്ങിയെന്ന് പറയുന്നുണ്ടെങ്കിലും അതിന്റേതായ അസ്വസ്ഥകളോ പ്രയാസങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. അമിതമായി മദ്യപിച്ചുണ്ടാകുന്ന പ്രശ്നങ്ങളോ ഭക്ഷണം ശ്വസന നാളത്തിൽ കുടുങ്ങിയാലുള്ള പ്രശ്നങ്ങളോ ആയിരുന്നെങ്കിൽ അവിടെയുണ്ടായിരുന്ന ആശുപത്രി ജീവനക്കാർക്ക് പരിഹരിക്കാവുന്നതെയുള്ളു. അതുമല്ലെങ്കിൽ 200 മീറ്റർ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാമായിരുന്നു. അതുണ്ടായിട്ടില്ല. സ്വബോധത്തോട് കൂടി ഫോൺ ഉപയോഗിച്ചതിന് കേവലം ഏഴ് മിനിട്ടിന് ശേഷം അബോധാവസ്ഥയിലായി മരണപ്പെട്ടു എന്നതും അവിശ്വസനീയമാണ്.

മൊബൈൽ ഫോണിലെ സിംകാർഡും മെമ്മറി കാർഡും കാണാതായിട്ടുണ്ട്. ബോഡി ആദ്യം പരിശോധിച്ച ഡോക്ടർ ശരീരത്തിൽ വിഷത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചി ഉപയോഗിച്ചതിന്റെ അടയാളും കൈയിൽ ഉണ്ടെന്നും പറഞ്ഞിരിക്കുന്നു. ഈ കാരണങ്ങളൊന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നില്ല എന്നത് തന്നെയാണ് പൊലീസിന്റെ റിപ്പോർട്ടിനെയും അന്വേഷണത്തെയും അവിശ്വസിക്കാനുള്ള കാരണം.

കൊലപാതകതകത്തിലേക്കുള്ള സംശയങ്ങൾ

മകന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാൻ ജോസഫ് ജേക്കബിന് നിരവധി കാരണങ്ങളുണ്ട്. മൈത്ര ആശുപത്രിയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള രഹസ്യ വിവരങ്ങൾ സ്റ്റെഫാന് അറിയാമെന്നും അത് പുറത്തറിയാതിരിക്കാൻ നടത്തിയ കൊലപാതകമാണെന്നും കുടുംബം സംശയിക്കുന്നു. മരണ ശേഷം ആശുപത്രിയുമായി ബന്ധപ്പെട്ട് വീട്ടിൽ വന്ന സന്ദർശകരിൽ നിന്നുള്ള പെരുമാറ്റത്തിലും നേരത്തെ സ്റ്റെഫാൻ രക്ഷിതാക്കളോട് പറഞ്ഞ ചില കാര്യങ്ങളിലും അതിന്റെ അപകടം സൂചിപ്പിച്ചിരുന്നു. ആശുപത്രിയെ തകർക്കാൻ ചിലർ ശ്രമിക്കുന്നതായി സ്റ്റെഫാൻ രക്ഷിതാക്കളോട് പറഞ്ഞിരുന്നു.

മറ്റൊന്ന് കുടുംബപരമായി സ്റ്റെഫാന് ലഭിക്കേണ്ട ഒരു എയ്ഡഡ് സ്‌കൂളുമായി ബന്ധപ്പെട്ട കാര്യമാണ്. തൃശൂർ ജില്ലയിലെ പ്രസ്തുത എയ്ഡഡ് സ്‌കൂളിന്റെ മാനേജർ നിലവിൽ സ്റ്റെഫാന്റെ പിതാവാണ്. അദ്ദേഹത്തിന് ശേഷം രേഖ പ്രകാരം അടുത്ത അവകാശി സ്റ്റെഫാനാണ്. ഈ സ്‌കൂളിന്റെ അവകാശ തർക്കവുമായി ബന്ധപ്പട്ടും കേസുകൾ നടക്കുന്നുണ്ട്. ഇതും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നു. മറ്റൊന്ന് പഠിക്കുന്ന കാലത്ത് സ്റ്റെഫാന് കോയമ്പത്തൂരിലുള്ള ഒരു പെൺകുട്ടിയുമായുണ്ടായിരുന്ന ബന്ധം അവരുടെ വീട്ടുകാരറിഞ്ഞിരുന്നു. അവർ ഏതെങ്കിലും തരത്തിൽ മകനെ ഉപദ്രവിച്ചോ എന്നും ജോസഫ് ജേക്കബ് സംശയിക്കുന്നു. മറ്റൊന്ന് ആശുപത്രിയിൽ സ്റ്റെഫാന് ജോലി സ്ഥിരപ്പെടുന്നതിൽ അസൂയ ഉള്ളവർ ആരെങ്കിലും മദ്യലഹരിയിൽ കൊലപ്പെടുത്തിയോ എന്ന സംശയമാണ്. ബാച്ചിലർ പാർട്ടിയിൽ വിളമ്പിയ മദ്യത്തിന്റെ ഗുണനിലവാരത്തെ കുറിച്ചും കുടുംബം സംശയിക്കുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്ന വിഷത്തിന്റെ സാന്നിധ്യവും കൈയിൽ സൂചി ഉപയോഗിച്ച പാടും എല്ലാം മരണത്തിലെ അസ്വഭാവികതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

എലത്തൂർ പൊലീസിനാണ് അന്വേഷണ ചുമതല. പൊലീസ് അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച സ്ഥിതിയിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമെല്ലാം ജോസഫ് ജേക്കബ് പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. മകൻ മരണപ്പെട്ട അച്ഛന്റെ മാനസിക വിഷമത്തിൽ നിന്നുണ്ടാകുന്ന സംശയങ്ങളാണ് പരാതികൾക്ക് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP