Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ആറുപേരെയും കൊന്നത് താൻ തന്നെയെന്ന് ജോളി പറഞ്ഞത് കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചതോടെ; വെളിപ്പെടുത്തലുകളിൽ ഞെട്ടിപ്പോയെങ്കിലും പുറത്തു പറയാതിരുന്നത് മകളുടെ ഭാവിയോർത്തെന്നും പിതാവ് ജോസഫ് തുറന്നു പറഞ്ഞത് അന്വേഷണ സംഘത്തോട്; അച്ഛൻ പറഞ്ഞതെല്ലാം സത്യമെന്ന് മറ്റ് മക്കളും പറഞ്ഞതോടെ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക മൊഴികൾ

ആറുപേരെയും കൊന്നത് താൻ തന്നെയെന്ന് ജോളി പറഞ്ഞത് കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചതോടെ; വെളിപ്പെടുത്തലുകളിൽ ഞെട്ടിപ്പോയെങ്കിലും പുറത്തു പറയാതിരുന്നത് മകളുടെ ഭാവിയോർത്തെന്നും പിതാവ് ജോസഫ് തുറന്നു പറഞ്ഞത് അന്വേഷണ സംഘത്തോട്; അച്ഛൻ പറഞ്ഞതെല്ലാം സത്യമെന്ന് മറ്റ് മക്കളും പറഞ്ഞതോടെ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക മൊഴികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആറുപേരെയും താൻ കൊന്നതാണെന്ന് ജോളി പറഞ്ഞിരുന്നതായി പിതാവും സഹോദരങ്ങളും പൊലീസിന് മൊഴി നൽകി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് കൂടത്തായി കൊലപാതക പരമ്പരയിലെ നിർണായക വെളിപ്പെടുത്തലുകൾ മുഖ്യപ്രതിയുടെ അച്ഛനും സഹോദരനും നടത്തിയത്. ദുരൂഹമരണങ്ങളിലെ സംശയമുന തന്നിലേക്ക് നീളുകയും കല്ലറ തുറക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ പിതാവ് ജോസഫിനോടും സഹോദരങ്ങളോടും ആറുപേരെയും താൻ കൊന്നതായി ജോളി പറഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

Stories you may Like

കൊലപാതകങ്ങളെകുറിച്ച് ജോളി പറഞ്ഞതോടെ താൻ ഞെട്ടിയതായി ജോളിയുടെ പിതാവ് ജോസഫ് വെളിപ്പെടുത്തി. എന്നാൽ, മോളുടെ ഭാവിയോർത്തു താൻ ഇതു പുറത്തുപറഞ്ഞില്ലെന്നും ഡിവൈ.എസ്‌പി ആർ. ഹരിദാസിന്റെ ചോദ്യം ചെയ്യലിൽ ജോസഫ് സമ്മതിച്ചു. ജോളിയുടെ സഹോദരങ്ങളും ഇക്കാര്യങ്ങൾ സമ്മതിച്ചു. വെളിപ്പെടുത്തൽ കഴിഞ്ഞു ദിവസങ്ങൾക്കകം തന്നെകേസിൽ ജോളിയെ അറസ്റ്റുചെയ്തതായും ഇവർ പറഞ്ഞു.

താൻ പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ ബന്ധുക്കളിൽനിന്നു സഹായം പ്രതീക്ഷിച്ചായിരുന്നു ജോളിയുടെ വെളിപ്പെടുത്തലെന്നും അവർ പറഞ്ഞു. കേസിൽ നിർണായകമായേക്കാവുന്ന മൊഴിയാണു ജോളിയുടെ ബന്ധുക്കളിൽനിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.അതേസമയം കൊലപാതക പരമ്പരയിൽ ജോളിയുടെ പിതാവിനോ മറ്റുബന്ധുക്കൾക്കോ നേരിട്ടുബന്ധമില്ലെന്നും പൊലീസ് പറയുന്നു.

കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫും സമ്മതിച്ചിരുന്നു. അന്വേഷണവുമായി ജോളി സഹകരിച്ചിരുന്നു. ജോളിയുടെ മൊഴിയെടുപ്പ് ക്യാമറയിലും ചിത്രീകരിച്ചിരുന്നു. ആറു പേരുടെ മരണത്തിന്റെ കാരണം കണ്ടെത്താൻ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തിയിരുന്നു. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അദ്ധ്യാപികയുമായ അന്നമ്മ തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയിൽ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത് പരിശോധിച്ചത്.

16 വർഷങ്ങൾക്കു മുമ്പുതുടങ്ങി ഇടവേളകളിലുണ്ടായ ആറു ബന്ധുക്കളുടെ മരണങ്ങൾ ആസൂത്രിതമായ കൊലപാതകങ്ങളാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. 2002 ഓഗസ്റ്റ് 22-നാണ് കേസിനാസ്പദമായ ആദ്യ മരണം. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മ(57) ആട്ടിൻസൂപ്പ് കഴിച്ചയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആർക്കും അസ്വാഭാവികത തോന്നിയില്ല.

പിന്നീട് ആറ് വർഷം കഴിഞ്ഞ് 2008 ഓഗസ്റ്റ് 26-ന് ടോം തോമസും(66) മരിച്ചു. ഛർദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. അന്നും ആർക്കും അസ്വാഭാവികത തോന്നിയില്ല. മൂന്ന് വർഷത്തിനു ശേഷം 2011 സെപ്റ്റംബർ 30-ന് മകൻ റോയ് തോമസ്(40)മരിച്ചു. ബാത്ത്റൂമിൽ കയറിയപ്പോൾ ബോധംകെട്ടുവീണു എന്നായിരുന്നു ഭാര്യ ജോളിയുടെ മൊഴി. അതും നാട്ടുകാർ വിശ്വസിച്ചു.

മൂന്നുവർഷത്തിനുശേഷം 2014 ഏപ്രിൽ 24-ന് അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ മാത്യു മഞ്ചാടിയിൽ (67) മരിച്ചു. അതും സ്വാഭാവിക മരണമായി കണക്കാക്കി. പിന്നീടാണ് അതേവർഷം മെയ് മൂന്നിന് ടോം തോമസിന്റെ അനുജനായ സക്കറിയയുടെ മകൻ ഷാജു സക്കറിയായുടെ പത്തുമാസം പ്രായമുള്ള മകൾ ആൽഫൈൻ മരിച്ചത്. വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ഏറ്റവുമൊടുവിൽ, ഷാജു സക്കറിയായുടെ ഭാര്യ സിലി സെബാസ്റ്റ്യൻ (ഫിലി-42) 2016 ജനുവരി 11ന് മരിച്ചതോടെ കാണാമറയത്തെത്തിയവരുടെ എണ്ണം ആറായി.

വഴിത്തിരിവായത് റോജോയുടെ പരാതി

ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നൽകിയ പരാതിയിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ജോളി പിന്നീട് ടോമിന്റെ സഹോദരപുത്രൻ ഷാജുവിനെ വിവാഹം കഴിച്ചിരുന്നു. വീട്ടിൽ കയറുന്നതിൽ നിന്നും ടോം തോമസ് വിലക്കിയ ആളാണ് ഷാജു. ഇത് റോജോയിൽ സംശയമുണ്ടാക്കിയിരുന്നു. ഇതാണ് പരാതി നൽകാൻ കാരണമായത്. വ്യാജ ഓസ്യത്ത് എഴുതി ടോം ജോസിന്റെ സ്വത്തുക്കൾ ജോളി തന്റെ പേരിലാക്കിയിരുന്നു. ഈ കരാർ പിന്നീട് റദ്ദാക്കി. ഇതിനെ തുടർന്നാണ് കൊലപാതകത്തിലെ ചുരുൾ അഴിഞ്ഞത്. കൃത്യമായി ആസൂത്രണം നടത്തി പലപ്പോഴായി സയനൈഡ് നൽകിയായിരുന്നു കൊലപാതകങ്ങളെന്നാണ് സൂചന. റോയി തോമസിന്റെ അമ്മയായ അന്നാമ്മയാണ് ആദ്യം മരിച്ചത്. ആട്ടിൻ സൂപ്പ് കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണാണ് അന്നാമ്മ മരിക്കുന്നത്. ഇതിന് ശേഷം ഭർതൃപിതാവ് ടോം തോമസ്, ഭർത്താവ് റോയി തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ ഫിലി, മകൾ അൽഫൈൻ എന്നിവരാണ് പലപ്പോഴായി ഒരേ രീതിയിൽ ഛർദിച്ച് കുഴഞ്ഞുവീണ് മരിച്ചത്.

ഷാജുവിനെ വീട്ടിൽ കയറുന്നതിനെ ടോം തോമസ് വിലക്കിയിരുന്നു. ഷാജുവിന്റെയും ജോളിയുടെയും വിവാഹത്തിനെ അടുത്ത ബന്ധുക്കളും ഇടവക വികാരിയും എതിർത്തിരുന്നു. തുടർന്ന് മറ്റൊരു പള്ളിയിലെത്തിയാണ് വിവാഹം കഴിച്ചത്. അന്നമ്മയുടെയും ടോം തോമസിന്റെയും മരണത്തിന് പിന്നാലെ ടോമിന്റെ ഡയറി വീട്ടിൽ നിന്നും കാണാതായതായും റിപ്പോർട്ടുണ്ട്. റോയിയുടെ അമ്മാവനും തൊട്ടടുത്ത് താമസക്കാരനുമായ മാത്യു മഞ്ചാടിയിൽ ദുരൂഹ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു. മാത്യുവിന്റെ നിർബന്ധത്തെത്തുടർന്നാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. പോസ്റ്റ്മോർട്ടത്തിൽ റോയിയുടെ ശരീരത്തിൽ സയനൈഡ് ചെന്നിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ സയനൈഡ് എവിടെ നിന്നാണ് എത്തിയതെന്ന് പൊലീസ് അന്വേഷിച്ചിരുന്നുമില്ല. റോയിയുടേത് ആത്മഹത്യയാണെന്നും, ഇക്കാര്യം കുത്തിപ്പൊക്കിയാൽ കുടുംബത്തിന് ചീത്തപ്പേരുണ്ടാകുമെന്നും പറഞ്ഞ് ജോളി കുടുംബാംഗങ്ങളെ സ്നേഹപൂർവം വിലക്കി.

മരണങ്ങളിൽ സംശയം തുടർന്ന അമ്മാവൻ മാത്യു ഭീഷണിയാകുമെന്ന് ജോളി ഭയന്നു. മാത്യുവിനെയും വകവരുത്താൻ തീരുമാനിച്ചു. കൃത്യമായ ആസൂത്രണം നടത്തിയ ജോളി, മാത്യുവിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ചെല്ലുകയും ഭക്ഷണത്തിൽ വിഷം കലർത്തുകയുമായിരുന്നു. മരച്ചീനിയിൽ വിഷം കലർത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജോളിയും ഷാജുവുമായി വർഷങ്ങളായി അവിഹിത ബന്ധം ഉണ്ടായിരുന്നതായാണ് സൂചന. ഷാജുവുമായി പിരിയാനാകാത്ത വിധം അടുത്ത ജോളി, പിന്നീട് ജീവിതത്തിൽ ഒരുമിക്കുന്നതിനായി ഷാജുവിന്റെ ഭാര്യയെയും മകളെയും കൊലപ്പെടുത്തി.

ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളി എംകോം ബിരുദധാരിണിയാണെന്നാണ് വിവഹസമയത്ത് ബന്ധുക്കളോട് പറഞ്ഞിരുന്നത്. 1998 ലായിരുന്നു ജോളിയും റോയിയും തമ്മിൽ വിവാഹം നടന്നത്. കോഴിക്കോട് എൻഐടിയിൽ ഏറെനാൾ അദ്ധ്യാപികയായിരുന്നുവെന്നും ജോളി പറഞ്ഞിരുന്നു. എന്നാൽ അത് കളവാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. എൻഐടിയുടെ വ്യാജ ഐഡന്റിറ്റി കാർഡ് ഉണ്ടാക്കിയത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോളി നേരത്തെ ബ്യൂട്ടി പാർലറും വിദ്യാഭ്യാസ സ്ഥാപനവും നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. ഇവിടെ ഷാജുവും നിത്യ സന്ദർശകനായിരുന്നു. ജോളിയെ സംബന്ധിച്ച വിശദാംശങ്ങൾകട്ടപ്പനയിൽ അടക്കം എത്തി ക്രൈംബ്രാഞ്ച് സംഘം തെളിവുകൾ ശേഖരിച്ചിരുന്നു. രണ്ടരമാസത്തോളം ക്രൈംബ്രാഞ്ച് സംഘം അതീവ രഹസ്യമായി വിവരങ്ങൾ ശേഖരിച്ചുവരികയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP