Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിംസിലെ കാഷ്വാലിറ്റി ഡോക്ടറുടെ മൊഴി ശ്രീറാമിന് വിനയാകും; പ്രാഥമിക ശുശ്രൂഷകൾ നൽകി ഡിസ്ചാർജ്ജ് ചെയ്യാനുള്ള പരിക്കുകളേ ഉണ്ടായിരുന്നുവെന്ന് മെഡിക്കൽ സംഘം; ജയിലിൽ ആകാതിരിക്കാൻ കള്ളക്കളി നടത്തിയത് മുഴുവൻ മെഡിക്കൽ കോളേജിലെ മുൻ സഹപാഠികളും അദ്ധ്യാപകരുമായ ഡോക്ടർമാരും; ജയിലിൽ അടക്കാനുള്ള അവസാന വട്ട നീക്കം തടഞ്ഞതു വേണ്ടപ്പെട്ടവരുടെ കള്ള റിപ്പോർട്ട്; ശ്രീറാമിന്റെ മെഡിക്കൽ രേഖകൾ എല്ലാം വിശദമായി പരിശോധിക്കാൻ ഉറച്ച് അന്വേഷണ സംഘം

കിംസിലെ കാഷ്വാലിറ്റി ഡോക്ടറുടെ മൊഴി ശ്രീറാമിന് വിനയാകും; പ്രാഥമിക ശുശ്രൂഷകൾ നൽകി ഡിസ്ചാർജ്ജ് ചെയ്യാനുള്ള പരിക്കുകളേ ഉണ്ടായിരുന്നുവെന്ന് മെഡിക്കൽ സംഘം; ജയിലിൽ ആകാതിരിക്കാൻ കള്ളക്കളി നടത്തിയത് മുഴുവൻ മെഡിക്കൽ കോളേജിലെ മുൻ സഹപാഠികളും അദ്ധ്യാപകരുമായ ഡോക്ടർമാരും; ജയിലിൽ അടക്കാനുള്ള അവസാന വട്ട നീക്കം തടഞ്ഞതു വേണ്ടപ്പെട്ടവരുടെ കള്ള റിപ്പോർട്ട്; ശ്രീറാമിന്റെ മെഡിക്കൽ രേഖകൾ എല്ലാം വിശദമായി പരിശോധിക്കാൻ ഉറച്ച് അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ ജയിൽവാസം ഒഴിവാക്കാൻ വേണ്ടി നടത്തിയ കള്ളത്തരങ്ങൾ ഓരോന്നായി നേരത്തെ പുറത്തുവന്നിരുന്നു. കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ മെഡിക്കൽ പരിശോധനക്ക് ശേഷം പോകാമെന്ന ഘട്ടത്തിലാണ് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ശ്രീറാം ജയിൽവാസം ഒഴിവാക്കിയത്. ഇതിന് വേണ്ടി വൻ കള്ളക്കളികൾ തന്നെ നടന്നു. ഇപ്പോൾ കേസ് വീണ്ടും അന്വേഷിക്കുന്ന പൊലീസ് സംഘവും ജയിൽവാസം ഒഴിവാക്കാൻ ശ്രീറാമിന് വേണ്ടി നടന്നത് കള്ളക്കളികൾ ആണെന്ന് ബോധ്യമായി.

ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയാണു നിർണായകമായത്. മൂന്നിനു പുലർച്ചെ ഒരു മണിയോടെ നടന്ന അപകടത്തിനു ശേഷം പൊലീസ് ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്‌തെങ്കിലും ശ്രീറാം കുമാരപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. അവിടെ കാഷ്വൽറ്റി കെയർ വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്രധാന ഡോക്ടറിന്റെയും അസിസ്റ്റന്റിന്റെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

ആശുപത്രിയിൽ വന്ന സമയത്തു ശ്രീറാമിനു ഗുരുതര പരുക്കുകളൊന്നും ഇല്ലായിരുന്നെന്നും അതിനാൽ അത്യാഹിത വിഭാഗത്തിൽ സാധാരണ ചികിത്സ മാത്രമാണു നൽകിയതെന്നും ഡോക്ടർമാർ പറഞ്ഞു. കയ്യിലും മുതുകിലും നിസ്സാര പരുക്കുണ്ടായിരുന്നെന്നും ഇവർ മൊഴി നൽകി. സ്വകാര്യാശുപത്രിയിൽ സുഖചികിത്സയെന്ന വാർത്തകളെത്തുടർന്നു ശ്രീറാമിനെ വൈകിട്ടു തന്നെ ഇവിടെ നിന്നു ഡിസ്ചാർജ് ചെയ്തു മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്നു ജയിലിലേക്കു കൊണ്ടുപോയെങ്കിലും സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം നേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിട്ടു.

അവിടെ പൊലീസ് സെല്ലിനു പകരം മൾട്ടി സ്‌പെഷ്യൽറ്റി ട്രോമ കെയറിലെ തീവ്രപരിചരണ വിഭാഗത്തിലാണു ശ്രീറാമിനെ പ്രവേശിപ്പിച്ചത്. ഗുരുതര പരുക്കുണ്ടെന്ന പ്രതീതി പരത്തിയായിരുന്നു ഈ നീക്കങ്ങൾ. മെഡിക്കൽ കോളജിലെ പൂർവവിദ്യാർത്ഥിയായ ശ്രീറാമിന്റെ അദ്ധ്യാപകരും സഹപാഠികളായിരുന്ന ഡോക്ടർമാരുമാണ് ഇതിനു പിന്നിലെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. ഗുരുതര പരുക്കേറ്റതായി മെഡിക്കൽ ബോർഡ് പ്രസ്താവനയുമിറക്കി. അപകടവും അതിനു തൊട്ടുമുമ്പുള്ള മണിക്കൂറുകളിലെ കാര്യങ്ങളും മറന്നു പോകുന്ന റിട്രോഗ്രേഡ് അംനീസ്യ ശ്രീറാമിന് ഉണ്ടെന്നും അവിടത്തെ ഡോക്ടർമാർ കണ്ടെത്തിയിരുന്നു.

നിസ്സാര പരുക്കോടെ സ്വകാര്യ ആശുപത്രി വിട്ട ശ്രീറാം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ എങ്ങനെ 'ഗുരുതര രോഗി'യായെന്ന് അന്വേഷണ സംഘം പരിശോധിക്കും. അവിടെ നൽകിയ എല്ലാ ചികിത്സകളുടെയും രേഖകൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്തു നൽകി. ശ്രീറാമിന്റെ എക്സ്‌റേ, സ്‌കാൻ റിപ്പോർട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ വിലയിരുത്തും.

അതേസമയം മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടക്കേസ് പൂർണമായും തേച്ചുമാച്ചു കളയാനുള്ള ശ്രമങ്ങളും ഊർജ്ജിതമായി. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാമിന്റെ രക്ത പരിശോധന ഒമ്പത് മണിക്കൂർ വൈകിച്ച് കേസിന്റെ കാര്യത്തിൽ മിടുക്ക് കാട്ടിയ ഭരണ വൃത്തങ്ങൾ തന്നെയാണ് ഇപ്പോഴും സജീവമായി രംഗത്തുള്ളത്. കാർ ഓടിച്ചത് ആരെന്നു വെളിയിൽ വരാതിരിക്കാൻ വേണ്ടിയുള്ള ശക്തമായ കരുനീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. ഈ ശ്രമത്തിന്റെ ഭാഗമായാണ് അപകടം നടന്നയുടൻ കാറിൽ സൺ ഗ്ലാസ് ഒട്ടിച്ചതിന് പൊലീസ് വഫയ്ക്ക് പിഴ ചുമത്തിയത്.

കാർ ഓടിച്ചത് ശ്രീറാം എന്നുള്ള ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറുടെ മൊഴി നിലനിൽക്കുമ്പോഴാണ് ഇത് മനസിലാക്കി സൺ ഗ്ലാസ് പിഴ എന്ന തിയറി മ്യൂസിയം പൊലീസ് സ്‌പോട്ടിൽ നടപ്പിലാക്കിയത്. ഓട്ടോ ഡ്രൈവറുടെ മൊഴിയെ വെല്ലാൻ ഏറ്റവും മികച്ച മാർഗം എന്ന രീതിയിലാണ് സൺ ഗ്ലാസ് തിയറി പൊലീസ് കൊണ്ടുവരുന്നത്. സൺ ഗ്ലാസ് ഒട്ടിച്ചതിന് പിഴ ചുമത്തി. സൺ ഗ്ലാസ് ഉള്ള കാർ ഓടിച്ചത് ആരെന്നു ആർക്ക് പറയാനാകും. പ്രത്യേകിച്ചും കോടതിയിൽ. ഇതിനായുള്ള കരുനീക്കങ്ങളാണ് ഈ കേസിൽ ആദ്യം മുതൽ നടന്നത്. സംഭവം നടക്കുന്നത് അർദ്ധരാത്രിയിൽ. കാമറകളും കണ്ണടച്ചിരിക്കുന്നു. അപകടം നടന്ന സമയം മുതൽ ശ്രീറാമാണ് കാർ ഓടിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിൽ ശ്രീറാമിനെ രക്ഷിക്കാൻ പൊലീസ് നടത്തിയ, ജില്ലാ ഭരണകൂടം നടത്തിയ നാണംകേട്ട ശ്രമങ്ങളുടെ പരമ്പരയിലെക്കാണ് ഈ സൺ ഗ്ലാസ് പിഴയും തിയറിയുമെല്ലാം വിരൽ ചൂണ്ടുന്നത്.

സൺ ഗ്ലാസ് ഒട്ടിച്ചതിന് സ്‌പോട്ടിൽ പൊലീസ് വഫയിൽ നിന്നും പിഴ ഈടാക്കി. ഈ പിഴ വാങ്ങിയത് കാർ ഓടിച്ചത് ആരെന്നു വെളിയിൽ വരാതിരിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് കാരണം ചോദിച്ചപ്പോൾ ഒരു കാരണവും നൽകാതെ ലൈസൻസ് റദ്ദ് ചെയ്യപ്പെടുന്നത് നോക്കിനിന്ന വഫ പക്ഷെ സൺ ഗ്ലാസ് ഒട്ടിച്ചതിന് പിഴ നല്കാൻ പറഞ്ഞപ്പോൾ സ്‌പോട്ടിൽ പിഴ നൽകുകയാണ് ചെയ്തത്. ഈ രീതിയിൽ പിഴ നൽകാൻ ശക്തമായ ഒരു നിർദ്ദേശം വഫയ്ക്ക് ലഭിച്ചിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്ന കാര്യം.

ലൈസൻസ് റദ്ദ് ചെയ്യുന്നത് നോക്കി നിന്ന വഫയുടെ രീതി പ്രകാരം പിഴ ചുമത്താൻ പറഞ്ഞപ്പോൾ പിഴ ചുമത്താതെ വഫ ഒഴിഞ്ഞു നിന്നേനെ. അപകടം നടന്ന ശേഷമുള്ള എല്ലാ കാര്യങ്ങളിലും വഫയ്ക്ക് എവിടെ നിന്നോ ശക്തമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പ്രകാരമാണ് ഏഷ്യാനെറ്റ് അഭിമുഖമടക്കം എല്ലാ കാര്യങ്ങളിലും വഫ വ്യാപൃതയായത്. വാഹനാപകടക്കേസിൽ നിന്നും ശ്രീറാമിനെ രക്ഷിക്കാൻ വേണ്ടിയുള്ള രണ്ടാം കരുനീക്കത്തിന്റെ ഭാഗമായാണ് സൺ ഗ്ലാസിന്റെ പേരിലുള്ള പിഴ എന്നാണ് ഇപ്പോൾ വിരൽ ചൂണ്ടപ്പെടുന്നത്.

സൺ ഗ്ലാസ് ഒട്ടിച്ച കാറിൽ ഡ്രൈവിങ് സീറ്റിൽ ആരെന്നു ഒരിക്കലും വ്യക്തമാകില്ല. ഈ അപകടത്തിന്റെ ഒരു പ്രത്യേകത കാറിന്റെ ഇടത് ഡോർ അപകടത്തിനു ശേഷം ജാമായിരുന്നു. ആ ഡോർ തുറക്കാൻ കഴിയില്ല. കാറിൽ സൺ ഗ്ലാസും. കാറിലെ ആർക്കും വേണമെങ്കിലും ഡ്രൈവിങ് സീറ്റ് വഴി പുറത്തേക്ക് ഇറങ്ങാം. പുരുഷൻ എന്ന നിലയിൽ ആദ്യം ഡ്രൈവിങ് സീറ്റ് വഴി ഇറങ്ങിയത് ശ്രീറാം ആയിരിക്കാം. കാർ ഓടിച്ചത് വഫയോ, ശ്രീറാമോ ആകാം. പക്ഷെ ഇത് വിവാദമായി തുടരണം. കാർ ഓടിച്ചത് ആരെന്നു ഒരിക്കലും വെളിയിൽ വരരുത്. ഇതിനായുള്ള തന്ത്രപരമായ നീക്കമായാണ് പിഴ ചുമത്തൽ ഇപ്പോൾ വീക്ഷിക്കപ്പെടുന്നത്.

അപകട സമയത്ത് കാർ ഓടിച്ചത് വഫയോ ശ്രീറാമോ എന്ന കാര്യം ഇപ്പോഴും വിവാദവിഷയമായി തുടരുകയാണ്. ഇപ്പോഴും ക്രൈംബ്രാഞ്ച് സംഘത്തിനു ഈ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. . ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെൽറ്റ് ക്ലിപ്പിൽനിന്നു ലഭിച്ച വിരലടയാളം ശ്രീറാമിന്റെത് എന്ന് സ്ഥിരീകരിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്. ഇത് പക്ഷെ സൺ ഗ്ലാസ് പിഴയിൽ കുടുങ്ങി കോടതിമുറിയിൽ മൂക്കുമടച്ച് താഴെ വീഴാൻ സാധ്യതയുള്ള ഒരു റിപ്പോർട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ കാർ ഓടിച്ചത് ആരെന്ന കാര്യം വിവാദമാണ്. വഫയാണ് കാർ ഓടിച്ചത് എങ്കിലും ശ്രീറാമിന് വേണമെങ്കിൽ ഡ്രൈവിങ് സീറ്റ് വഴി ചാടിയിറങ്ങാം. സൺ ഗ്ലാസ് ഒട്ടിച്ചതിന് സ്‌പോട്ടിൽ പൊലീസ് പിഴ ചുമത്തിയതോടെ ആരാണ് കാർ ഓടിച്ചത് എന്ന് ഇനി വെളിയിൽ വരാതിരിക്കാൻ സാധ്യതകൾ കുറവാണ്.

സൺ ഗ്ലാസ് ഒട്ടിച്ച ഒരു കാർ ആര് ഓടിച്ചെന്ന കാര്യം കോടതിയിൽ തെളിയാൻ സാധ്യത കുറവാണ്. ഇടത് ഡോർ ജാമാണ്. ഡ്രൈവിങ് സീറ്റ് വഴി ചാടിയിറങ്ങുകയാണ് താൻ ചെയ്തത് എന്ന് ശ്രീറാം പറഞ്ഞാൽ വഫ കുടുങ്ങും. വഫയല്ല ഓടിച്ചത് എന്ന് പറയാൻ തെളിവില്ല. ഈ കാര്യത്തിന് ബലം പകർന്നു കവടിയാർ മുതൽ മ്യൂസിയം ജംഗ്ഷൻ വരെയുള്ള എല്ലാ കാമറകളും കണ്ണടച്ചിട്ടുമുണ്ട്. അതിലും ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ കരുനീക്കങ്ങൾ ഒളിഞ്ഞിരിക്കുന്നു. ശ്രീറാം ആദ്യം വിളിച്ചപ്പോൾ കാറുമായി പോയ വഫ താൻ കവടിയാർ വരെ പോയി ശ്രീറാമിനെ കാണാതെ മടങ്ങിയ കാര്യം പറയുന്നുണ്ട്.

അതിനു ശേഷം വെള്ളയമ്പലം വഴി വീണ്ടും തിരികെ വന്നാണ് ശ്രീറാമിനെ കവടിയാർ പാർക്കിൽ നിന്നും കൂട്ടി വന്നത് എന്നാണ് വഫയുടെ മൊഴി. ഈ കാര്യം പൊലീസ് സ്ഥിരീകരിച്ചത് ആ സമയത്ത് ഉണർന്നിരുന്ന കവടിയാർ വെള്ളയമ്പലം റോഡിലെ കാമറകൾ വഴിയാണ്. അതിനു ശേഷമാണ് ബഷീറിനെ ശ്രീറാം ഓടിച്ച കാർ ഇടിച്ചു കൊന്നത്. അപ്പോൾ കാമറകൾ കണ്ണടച്ചു എന്ന് പറയുമ്പോൾ അതിൽ എന്ത് ലോജിക്ക് ആണ് ഉള്ളതെന്ന് ആരെങ്കിലും ചോദിച്ചാൽ ഇതേ പൊലീസിനും ജില്ലാ ഭരണകൂടത്തിനും പുറത്ത് പറയാൻ എന്ത് മറുപടിയാണ് അവശേഷിക്കുന്നത്.

വെള്ളയമ്പലത്തുനിന്നും ഏകദേശം 140 കിലോമീറ്റർ സ്പീഡിലാണ് ശ്രീറാമിന്റെ വാഹനം മ്യൂസിയം ഭാഗത്തേക്ക് സഞ്ചരിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളയമ്പലത്തുനിന്നും മ്യൂസിയം ഭാഗത്തേക്ക് വരുന്ന വഴിക്ക് ഈ വണ്ടിയുടെ അമിത വേഗം കണ്ട് അവർക്ക് ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കാനായി രണ്ട് ഓട്ടോ ഡ്രൈവർമാർ വഴിയിൽ വണ്ടി മാറ്റി നിർത്തിയതായും മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം തെളിയിക്കാനുള്ള കാമറകൾ ആണ് ഇപ്പോൾ കണ്ണടച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP