Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെഎംബിയുടെ ഘാതകൻ ലഹരിക്കടിമയോ എന്നറിയാനുള്ള സുവർണ്ണാവസരം ഉപയോഗിക്കാത്തത് കേസ് അട്ടിമറിക്കാനോ ? ശ്രീറാം വെങ്കിട്ടരാമന്റെ നഖവും മുടിയും രക്തവും രാസ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിൽ നർകോട്ടിക് ഡ്രഗ് ആരോപണത്തിൽ വ്യക്തത വന്നേനെ; ശ്രീനാഥ് ഭാസിയോടു ചെയ്തത് ഐ എ എസ് ഉന്നതനു വേണ്ടി അട്ടിമറിച്ച കഥ

കെഎംബിയുടെ ഘാതകൻ ലഹരിക്കടിമയോ എന്നറിയാനുള്ള സുവർണ്ണാവസരം ഉപയോഗിക്കാത്തത് കേസ് അട്ടിമറിക്കാനോ ? ശ്രീറാം വെങ്കിട്ടരാമന്റെ നഖവും മുടിയും രക്തവും രാസ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിൽ നർകോട്ടിക് ഡ്രഗ് ആരോപണത്തിൽ വ്യക്തത വന്നേനെ; ശ്രീനാഥ് ഭാസിയോടു ചെയ്തത് ഐ എ എസ് ഉന്നതനു വേണ്ടി അട്ടിമറിച്ച കഥ

വിനോദ് പൂന്തോട്ടം

കൊച്ചി: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയിട്ട് മൂന്ന് വർഷം കഴിയുന്നു. 2019 ഓഗസ്റ്റ് മൂന്ന് പുലർച്ചെ 1.45 നായിരുന്നു ബൈക്കിൽ സഞ്ചരിച്ച ബഷീറിനെ അമിത വേഗതയിലായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. മദ്യലഹരിയിൽ ഒരാളെ കൊന്നത് ഐഎഎസ് ഉദ്യോഗസ്ഥാനാണ് എന്നറിഞ്ഞതോടെ കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥ ലോബി സർവ്വസന്നാഹങ്ങളുമായി ഇറങ്ങി. രക്ത പരിശോധന നടത്താത്തത് മുതൽ ശ്രീറാമിന് മറവി രോഗം ഉണ്ടെന്ന് വരെ വരുത്തി തീർക്കാൻ ശ്രമിച്ചു.

നടൻ ശ്രീനാഥ് ഭാസിയുടെ കാര്യത്തിൽ പൊലീസ് ഇപ്പോൾ നടത്തിയ നീക്കം പോലെ അന്നൊരു ഇടപെടൽ ഉണ്ടായെങ്കിൽ ഇതുവരെയും അവസാനിക്കാത്ത അഭ്യൂഹങ്ങൾക്ക് അവനസാനമുണ്ടായെനെ. കേസിൽ വ്യക്തത വന്നേനെ. അന്ന് തന്നെ ശ്രീറാ വെങ്കിട്ട രാമനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് രക്ത പരിശോധനയും നഖവും മുടിയും പരിശോധിക്കാമായിരുന്നു. ഐ എ എസ് ഉന്നതൻ ആയതു കൊണ്ട് ശ്രീറാം വെങ്കിട്ട രാമന്റെ രക്ത പരിശോധന പോലും നടത്താതെ എല്ലാ സൗകര്യങ്ങളും പൊലീസ് ചെയ്തു കൊടുത്തുവെന്ന വലിയ വിമർശനത്തിന് അധികാരികൾക്ക് ഇന്നും മറുപടിയില്ല.

നർക്കോട്ടിക് ഡ്രഗിന്റെ സാന്നിധ്യം ഫോറിൻസിക് ലാബോറട്ടറിയിലോ ചീഫ് കെമിക്കൽ എക്‌സാമിനറുടെ ഓഫീസിലോ പരിശോധിച്ചാൽ വ്യക്തത വരുമായിരുന്നു. നിരന്തര ഡ്രഗ് ഉപയോഗിക്കുന്ന ഒരാളുടെ രക്തത്തിൽ ചുവന്ന രക്താണക്കൾക്കു രൂപ മാറ്റവും വലിപ്പ വ്യത്യാസവുമുണ്ടാകും. 90 ദിവസമാണ് ചുവന്ന രക്താണക്കളുടെ ആയുസ്. അതനുസരിച്ചാണ് രക്ത പരിശോധനയിൽ മൂന്നു മാസത്തെ സാധ്യത കാണുന്നത്. കൂടാതെ ശരീരത്തിലെ ഡെഡ് ടിശ്യൂസ് ആയ തലമുടി, നഖം എന്നിവ പരിശോധിച്ചാലും മയക്കു മരുന്ന് ഉപയോഗം സംബന്ധിച്ച വ്യക്തമായ വിവരം കിട്ടും. പരിശോധനയിൽ ഒരാൾ നിരന്തരം മയക്കു മരുന്ന ഉപയോഗിക്കുന്ന ആളണോ ഒരു പ്രത്യേക സമയത്തു മാത്രമേ ഉപയോഗിച്ചുള്ളോ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനാകും.

എന്നാൽ ഒന്നര മാസത്തിനുള്ളിലെ വിവരങ്ങളെ ലഭിക്കു. പരമാവധി ആറു മാസം വരെയുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൃത്യത ഉറപ്പാക്കാൻ വീണ്ടും സൂഷ്മ പരിശോധന നടത്തേണ്ടതായി വരും. ഈ സുവർണാവസരം കെ എം ബി കേസിൽ എന്തു കൊണ്ട് പൊലീസ് ഉപയോഗിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്. സംഭവം നടന്ന് അധികം വൈകാതെ സ്ഥലത്തെത്തിയ പൊലീസ് ആദ്യം കാറോടിച്ചയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ആളേ തിരിച്ചറിഞ്ഞതോടെ ഓച്ഛാനിച്ചു നിന്ന് സല്യൂട്ടടിച്ചു. പിന്നെ നടന്നത് ഞെട്ടിക്കുന്ന അസംബന്ധ നാടകങ്ങൾ, നിയമ ലംഘനങ്ങൾ. ആദ്യം ശ്രീറാമിന്റെ കൂട്ടുകാരിയെ സുരക്ഷിതയാക്കി വീട്ടിലെത്തിച്ചു. ഉദ്യോഗസ്ഥ പ്രമാണിയെ രക്ഷിച്ചെടുക്കാൻ ക്രിമിനൽ നടപടി ചട്ടങ്ങളാകെ പൊലീസ് കാറ്റിൽപ്പറത്തി. ജില്ലാ കളക്ടറും ഐഎഎസ് ഉന്നതരും സഹപ്രവർത്തകനു വേണ്ടി രക്ഷാദൗത്യത്തിനിങ്ങി. രക്തപരിശോധന ഒഴിവാക്കിയും ഡയാലിസിസ് നടത്തിയുമാണ് തെളിവുകൾ ഇല്ലാതാക്കിയത്.

അപകടം നടന്ന ഉടൻ തന്നെ ഐഎഎസ് ബുദ്ധി കേസിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ തുടങ്ങി. ഡ്രൈവിങ് സീറ്റിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ പുറത്തേക്കിറങ്ങി അപകടം നടന്ന സ്ഥലത്തു നിന്നും ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികൾ പൊലീസിന് മൊഴി നൽകി. മദ്യലഹരിയിൽ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് പരിശോധന വൈകിപ്പിക്കാനും രക്തത്തിൽ മദ്യത്തിന്റെ അംശം കാണപ്പെടുന്നത് ഒഴിവാക്കാനുമായിരുന്നു. അതിനു പുറമെ കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന വഫ ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചും കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചു പൊലീസ് ഇതിന് കൂട്ടുനിന്നു.

പൊലീസുമായി ഒത്തുകളിച്ച് രക്തസാമ്പിൾ പരിശോധനക്ക് സമ്മതിക്കാതെ കിംസ് സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷപ്പെട്ട ശ്രീറാമിന്റെ തന്ത്രം വിജയിച്ചു. അടുത്ത ദിവസം രാവിലെ ശ്രീറാമിന്റെ രക്തസാമ്പിൾ എടുത്തെങ്കിലും മണിക്കൂറുകൾ വൈകിയുള്ള രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. അതേ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നു എന്ന് ആദ്യം പരിശോധിച്ച ഡോക്ടർ മൊഴി നൽകിയിരുന്നു. ഇതിനിടെ തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കെ എൽ 01ബി എം 360 നമ്പർ വോക്‌സ് വാഗൺ വെന്റോ കാർ ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന് വഫ ഫിറോസ് വ്യക്തമാക്കി. ശക്തമായ സമ്മർദം ഉണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ വഫയെ ഹാജരാക്കി പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

തുടർന്ന് റെട്രൊഗ്രേഡ് അംനേഷ്യ എന്ന മറവി രോഗത്തിന്റെ സർട്ടിഫിക്കറ്റ് നൽകി ഡോക്ടർമാരും പഴയ സഹപ്രവർത്തകന് കവചം തീർത്തു. പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ ശ്രീറാമിനെ സസ്പെൻഡ് ചെയ്തു. മാസങ്ങൾക്കകം തിരിച്ചെടുത്തു. പിന്നാലേ ഗുരുതര മറവി രോഗിക്ക് ആരോഗ്യവകുപ്പിൽ ഉന്നത പദവി തന്നെ നല്കി. .ഒടുവിൽ ആലപ്പുഴ ജില്ലയുടെ കളക്ടറാക്കി അധികാരവും ചെങ്കോലും നൽകി. പക്ഷേ പ്രതിഷേധത്തിനൊടുവിൽ സർക്കാരിന് തീരുമാനം തിരുത്തേണ്ടി വന്നു. പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവു നശിപ്പിക്കാൻ ബോധപൂർവം നടത്തിയ ശ്രമങ്ങൾ അക്കമിട്ട് നിരത്തിയാണ് ആറു മാസത്തിനൊടുവിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അപകടസമയത്ത് താനല്ല കാർ ഓടിച്ചിരുന്നതെന്നാണ് ശ്രീറാം അന്വേഷണ സംഘത്തിന് മുന്നിലും വകുപ്പ് തല അന്വേഷണ സമിതിക്ക് മുന്നിലും മൊഴി നൽകിയിരുന്നത്.

ഇതെല്ലാം ഖണ്ഡിക്കുന്നതായിരുന്നു കുറ്റപത്രത്തിലെ ശാസ്ത്രീയമായ കണ്ടെത്തലുകൾ കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകൾ നിരത്തിയാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന വോക്‌സ് വാഗൺ വെന്റോ കാർ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. 2020 ഫെബ്രുവരി ഒന്നിന് ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും വഫ ഫിറോസിനെ രണ്ടാം പ്രതിയാക്കിയും അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതേത്തുടർന്ന് 2020 ഫെബ്രുവരി 24ന് ശ്രീറാം വെങ്കിട്ടരാമനും വഫയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. പ്രതികൾ രണ്ടു പേരും അന്ന് ഹാജരായില്ല.

കോടതി ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ അകാരണമായ ന്യായങ്ങൾ നിരത്തി കോടതിയിൽ ഹാജരാകാതെ മാറി നിൽക്കാനാണ് ശ്രീറാം ശ്രമിച്ചത്. അപകടം സംഭവിച്ച ഉടൻ നടത്തിയ രക്ഷപ്പെടൽ തന്ത്രമാണ് കേസിന്റെ വിചാരണാ വേളയിലും ശ്രീറാം വെങ്കിട്ടരാമൻ ആവർത്തിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP