Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വികലാംഗയായ വീട്ടമ്മയെയും മാനസികരോഗിയായ മാതാവിനെയും വഴിയാധാരമാക്കി 36 ലക്ഷം തട്ടിയ സിപിഎം നേതാക്കൾക്കെതിരേ ഏനാത്ത് പൊലീസ് കേസെടുത്തു; തട്ടിപ്പിന് നേതൃത്വം നൽകിയ ശ്രീനി മണ്ണടി ജില്ലാ സെക്രട്ടറിയുടെയും ഏരിയാ സെക്രട്ടറിയുടെയും മാനസപുത്രൻ; ശ്രീനി കമ്യൂണിസത്തെ വെല്ലുവിളിക്കുന്നുവെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ

വികലാംഗയായ വീട്ടമ്മയെയും മാനസികരോഗിയായ മാതാവിനെയും വഴിയാധാരമാക്കി 36 ലക്ഷം തട്ടിയ സിപിഎം നേതാക്കൾക്കെതിരേ ഏനാത്ത് പൊലീസ് കേസെടുത്തു; തട്ടിപ്പിന് നേതൃത്വം നൽകിയ ശ്രീനി മണ്ണടി ജില്ലാ സെക്രട്ടറിയുടെയും ഏരിയാ സെക്രട്ടറിയുടെയും മാനസപുത്രൻ; ശ്രീനി കമ്യൂണിസത്തെ വെല്ലുവിളിക്കുന്നുവെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ

ശ്രീലാൽ വാസുദേവൻ

അടൂർ: വിധവയും വികലാംഗയുമായ വീട്ടമ്മയെയും മാനസിക രോഗിയായ മാതാവിനെയും കബളിപ്പിച്ച് വസ്തു പണയം വച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സിപിഎം നേതാക്കൾ അടക്കം അഞ്ചു പേർക്കെതിരേ ഏനാത്ത് പൊലീസ് കേസെടുത്തു. എഫ്.ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന സിപിഎം ജില്ലാ സെക്രട്ടറിയും ഏരിയാ സെക്രട്ടറിയും തീരുമാനിക്കും. ഇവരുടെ മാനസപുത്രനും രഹസ്യം സൂക്ഷിപ്പുകാരനുമായ സിപിഎം ഏരിയാ കമ്മറ്റി അംഗം ശ്രീനി മണ്ണടി കേസിൽ രണ്ടാം പ്രതിയാണ്. ശ്രീനിയെ സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തിനെതിരേ ഡിവൈഎഫ്ഐ കൊടുമൺ എന്ന ഫേസ് ബുക്ക് പേജിലൂടെ പരസ്യമായി പ്രവർത്തകർ രംഗത്തു വന്നു.

കരുവാറ്റ പൂങ്ങോട്ട് മാധവത്തിൽ എസ്.വിജയശ്രീ (44)യുടെ പരാതിയിൽ
കരുവാറ്റാ ഗീതാഭവനിൽ ഷാജി കുമാർ, ഇയാളുടെ സുഹൃത്ത് കടമ്പനാട് മണ്ണടി കണിയാക്കോണത്ത് തെക്കേതിൽ എസ്. ശ്രീനി, സഹോദരി ചേർത്തല ഡി.ഇ.ഒ ശ്രീകല, മാതാവ് ചിറ്റ, ഏനാത്ത് കേരളാ ബാങ്ക് ശാഖ മുന്മാനേജർ പ്രഭാകരൻ പ്രഭാകരൻ പിള്ള എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ െചയ്തത്.

ഇവരുടെ ചതിയിൽ ഒന്നുമറിയാതെ 36 ലക്ഷം രൂപയുടെ കടക്കെണിയിലായത് വിജയശ്രീയും മാതാവ് ശ്രീദേവി കുഞ്ഞമ്മയുമാണ്. വിജയശ്രീയുടെ കഥ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പ്രശ്നം പരിഹരിക്കാൻ സിപിഎം ഏരിയാ സെക്രട്ടറി മനോജും സംഘവും നെട്ടോട്ടത്തിലാണ്. അടൂരിലെ സിപിഎം നേതാക്കളുടെ പല രഹസ്യവും അറിയാവുന്ന ശ്രീനിയെ സംരക്ഷിക്കേണ്ട ബാധ്യത നേതൃത്വത്തിനുണ്ട്. മുൻപ് ഇത്തരം രഹസ്യങ്ങൾ അറിയാമായിരുന്ന ജോയൽ എന്ന ചെറുപ്പക്കാരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ്‌ ്രൈകംബ്രാഞ്ച് അന്വേഷിക്കുകയാണ്. സിപിഎം നേതാക്കൾ പ്രതികളാകേണ്ടി വരുമെന്നതിനാൽ ജില്ലാ ്രൈകംബ്രാഞ്ച് ഈ കേസ് അന്വേഷണം അട്ടിമറിച്ചിരിക്കുകയാണ്.

ആരോപണ വിധേയനായ ശ്രിനി മണ്ണടി ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. നിലവിൽ സിപിഎം അടൂർ ഏരിയാ കമ്മറ്റിയംഗം കൂടിയാണ്. വടക്കടത്തുകാവിൽ പട്ടികജാതി സ്ത്രീയെ പറ്റിച്ച് ഭൂമി വിറ്റ കേസിൽ മുൻപ് 40 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കൂടാതെ അടൂരിലെ ശ്മശാന ഭൂമി തട്ടിപ്പു മകസിലും ആരോപണ വിധേയനാണ്. ആദ്യം ബിജെപി പ്രവർത്തകനായിരുന്നു. മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന് ശേഷം പിഡിപിയിൽ ചേർന്നു. ഒരു റവന്യൂ ഉദ്യോഗസ്ഥനാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിന് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് സിപിഎമ്മിലെ ഉന്നത നേതാക്കളുടെ വിശ്വസ്തനും രഹസ്യം സൂക്ഷിപ്പുകാരനുമായി. അതിനുള്ള പ്രതിഫലം എന്ന നിലയിലാണ് ഇക്കുറി സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനം കിട്ടിയിരിക്കുന്നത. നിലവിൽ തട്ടിപ്പു കേസിൽ ആരോപണ വിധേയനായ ശ്രീനിയെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നിവരുടെ തലയിൽ വന്നിരിക്കുകയാണ്.

അടൂരിൽ അധോലോകമായി മാറിയ സിപിഎമ്മിലെ നിരവധി തട്ടിപ്പുകാരിൽ ഒരാളാണ് ശ്രീനി. ഇവരെ മറ്റു നേതാക്കൾ തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു. എന്തു വന്നാലും പാർട്ടി സംരക്ഷിക്കുമെന്നതിനാൽ ഇവർ തട്ടിപ്പും ഗുണ്ടായിസവും തുടരുന്നു. കഞ്ചാവ്, എംഡിഎംഎ കേസുകളിൽ ഉൾപ്പെടുന്നവരെ വരെ ഈ രീതിയിൽ സംരക്ഷിക്കുന്നുണ്ട്. ശ്രീനി മണ്ണടി അടൂരിലെ പ്രവർത്തകർക്കിടയിൽ അനഭിമതനാണ്. ഇയാൾക്കെതിരേ മറുനാടൻ ആദ്യം പ്രസിദ്ധീകരിച്ച വാർത്ത വൈറൽ ആയപ്പോൾ അത് ലൈക്, കമന്റ്, ഷെയർ എന്നിവ ചെയ്യുന്നതിന് ഏരിയാ സെക്രട്ടറി വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, വിലക്ക് ലംഘിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ കൊടുമൺ എന്ന ഫേസ് ബുക്ക് പേജിൽ ശ്രീനിക്കെതിരായി ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

അതിങ്ങനെ:

വികലാംഗയായ സ്ത്രീയെ കബളീപ്പിച്ചു പണം തട്ടിയ അടൂരിലെ പാർട്ടി അംഗം കമ്മ്യൂണിസത്തെ പരസ്യമായി വെല്ലുവിളിക്കുന്നു... ഇതിനപ്പുറം കാണിച്ചാലും തന്നെ ഒരു ചുക്കും ചെയ്യാൻ പാർട്ടിക്ക് കഴിയില്ലെന്നും, ഇതിലും വലുത് താൻ കാണിക്കും എന്നും ഇതിനാൽ സാക്ഷിപ്പെടുത്തുന്നു.....ബാക്കി ഉള്ള കമ്മിറ്റി അംഗങ്ങൾ ആയാലും പാർട്ടി അംഗങ്ങൾ ആയാലും ദാ ഇങ്ങന ഈ ചിത്രത്തിൽ കാണുന്ന പോലെ ഇരുന്നോണം.... അല്ലെങ്കിൽ പ്രാത്ഥമിക അംഗത്വത്തിൽ പോലും കാണില്ല... അങ്ങനെ പ്രതികരിച്ചവർ ആരും ഇന്ന് ഇതിൽ ഇല്ല എന്ന് അവർ കാണിച്ചു തന്നിട്ടും ഉണ്ട്......മൗനം പേറുന്ന പാർട്ടി അണികൾ എന്നും പ്രസ്ഥാനത്തിന് ശാപം ആണ്.

ഈ ഫേസ് ബുക്ക് പോസ്റ്റ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പല ഭാഗത്ത് നിന്നും മുറുമുറുപ്പ് ഉയരാൻ തുടങ്ങിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിനെ മുന്നിൽ നിർത്തി പ്രതികരിക്കുന്നവരെ വിരട്ടുന്ന രീതിയാണ എസ്. മനോജ് എന്ന ഏരിയാ സെക്രട്ടറി നടത്തിപ്പോന്നത്. എന്തു കൊള്ളരുതായ്മ ആരു കാണിച്ചാലും അവരെ സംരക്ഷിക്കുന്ന രീതിക്കെതിരേ എതിർപ്പ് വ്യാപകമാണ്. ഗുണ്ടായിസം ഭയന്നാണ് പലരും മൗനം ഭജിച്ചിരുന്നത്.

വിജയശ്രീയെ ചതിച്ചത് ഇങ്ങനെ..

2012ൽ വിജയശ്രീ അടൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് സംഭവം. ആശുപത്രി ചെലവിനും തുടർ ചികിത്സയ്ക്കും പണമില്ലാതിരുന്ന സാഹചര്യത്തിലാണ് പ്രതികൾ സഹായ വാഗ്ദാനവുമായി സമീപിക്കുന്നത്. വസ്തുവിന്റെ ആധാരം തരാമെങ്കിൽ പണയപ്പെടുത്തി ചികിത്സയ്ക്ക് ആവശ്യമായ ഒന്നര ലക്ഷം രൂപ ഏനാത്ത് സഹകരണബാങ്കിൽ നിന്നും എടുത്ത് നൽകാമെന്നായിരുന്നു വാഗ്ദാനം. അയൽവാസിയും സഹോദര തുല്യനുമായ കരുവാറ്റാ ഗീതാഭവനിൽ ഷാജി കുമാർ പറഞ്ഞതിൽ വിജയശ്രീ ഒന്നും സംശയിച്ചില്ല. സിപിഎമ്മിന്റെ നേതാവായ എസ്. ശ്രീനി, ഷാജിയുടെ സഹോദരിയും ചേർത്തല ഡി.ഇ.ഓയുമായ ശ്രീകല, മാതാവ് ചിറ്റ എന്നിവർ ചേർന്നായിരുന്നു വസ്തു പണയപ്പെടുത്തിയതെന്ന് വിജയശ്രീ പറഞ്ഞു.

ആശുപത്രി കിടക്കയിൽ വിജയശ്രീയെ കാണാനെത്തിയ സംഘത്തെപ്പറ്റി യാതൊരു സംശയവും അന്ന് തോന്നിയില്ല. ഷാജി കുമാർ സിപി.എം പ്രവർത്തകനും അടൂർ നഗരസഭാ കരുവാറ്റാ വാർഡ് കൗൺസിലറും എനാത്ത് സഹകരണബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. തന്റെയും മാതാവ് ശ്രീദേവി കുഞ്ഞമ്മയുടെയും ഉടമസ്ഥതയിലുള്ള 78 സെന്റ് സ്ഥലം പണയപ്പെടുത്താനായി വിജയശ്രീ സമ്മതിച്ചതോടെ അവർ ചില പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങി. തുടർന്ന് മാനസിക വൈകല്യമുള്ള മാതാവ് ശ്രീദേവി കുഞ്ഞമ്മയെ സമീപിച്ച സംഘം അവരിൽ നിന്നും ആധാരം വാങ്ങിയ ശേഷം ചില പേപ്പറിൽ ഒപ്പിട്ട് വാങ്ങി. പിന്നീട് ഇവരെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല. ബാങ്കിൽ ആധാരം പണയപ്പെടുത്തിയ വകയിൽ ചില്ലിക്കാശ് വിജയശ്രീയ്ക്ക് ലഭിച്ചുമില്ല.

ആശുപത്രി വാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പല തവണ ആധാരം തിരികെ നൽകണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടു. വൈകാതെ തരാമെന്ന് പറഞ്ഞ് ഓരോ തവണയും പ്രതികൾ തടിതപ്പി. അങ്ങനെ ഇരിക്കവേ 2014 ൽ വിജയശ്രീയുടെ വീട്ടിൽ ബാങ്ക് വക ജപ്തിനോട്ടീസ് എത്തി. മുതലും പലിശയും അടക്കം 34 ലക്ഷം തിരികെ അടച്ചില്ലെങ്കിൽ ഭൂമി ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. എങ്ങനെ ഇത് സംഭവിച്ചുവെന്ന് അന്വേഷിച്ചപ്പോഴാണ് രണ്ട് തരണയായി പ്രതികൾ ആധാരം പണയപ്പെടുത്തി 34 ലക്ഷം രൂപ വായ്പയെടുത്തതായി വ്യക്തമായത്.

തുടർന്ന് വിജയശ്രീ, കേരളാ കാരുണ്യാ ഭിന്നശേഷി അസോസിയേഷന്റെ സഹായത്തോടെ ഡിവൈ.എസ്‌പിക്കും കോടതിയിലും പരാതിനൽകി. ഇരുകൂട്ടരുടേയും വാദം കേട്ട കോടതി 2016ൽ വിജയശ്രീക്ക് ഉണ്ടായ നഷ്ടം പരിഹരിച്ച് നൽകണമെന്നും ആധാരം നാലുമാസത്തിനുള്ളിൽ തിരികെ എടുത്ത് നൽകണമെന്നും വിധി പ്രസ്താവിച്ചു. പ്രതികൾ ഇതിന് തയ്യാറായില്ല. ഇതിനിടെ പ്രധാന പ്രതിയായ ഷാജി കുമാറിന് വനം വകുപ്പിൽ ജോലി ലഭിച്ചു. പ്രതികളുമായി നേരിൽ കണ്ട് പ്രശ്നം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോഴാണ് കഴിഞ്ഞ മാസം കോടതി ഉത്തരവ് മറികടന്ന് എനാത്ത് കേരളാ ബാങ്ക് മാനേജർ അജിതാ മധു മുതലും പലിശയും ചേർത്ത് 54 ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ജപ്തി നോട്ടീസ് അയച്ചത്.

പ്രതികളെ ബാങ്കിന്റെ് ആദ്യ മാനേജർ പ്രഭാകരൻ നായരും ഏനാത്ത് കേരളാ ബാങ്കിന്റെ ഇപ്പോഴത്തെ മാനേജർ അജിതാ മധുവും വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്ന് വിജയശ്രീ ആരോപിക്കുന്നു. പ്രതികൾ തന്റെ വസ്തുവിന്റെ പ്രമാണം ഉപയോഗിച്ച് പലതവണ വായ്പ എടുത്തതായി സൂചനയുണ്ട്. മറ്റൊരാളുടെ പേരിലുള്ള ഭൂമിയുടെ ആധാരം ഉപയോഗിച്ച് പ്രതികൾ അനധികൃതമായി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന കാര്യം നേരത്തെ തന്നെ മാനേജർമാർക്ക് അറിവുള്ളതാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP