Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീനാഥ് ഭാസിക്ക് കുരുക്കാകുമോ മയക്കു മരുന്ന് ഉപയോഗമുണ്ടോ എന്ന പരിശോധന? സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണത്തിൽ സ്റ്റേഷൻ ജാമ്യം കൊടുത്തെങ്കിലും പൊലീസ് നടത്തിയത് നിർണ്ണായക നീക്കം; നടന്റെ നഖവും മുടിയും രക്തവും ശേഖരിച്ചത് ഡ്രഗ്‌സ് ഉപയോഗമുണ്ടോ എന്ന അറിയാൻ; സിനിമാ ബുദ്ധിജീവികളെ ഞെട്ടിച്ച് മരട് പൊലീസ്

ശ്രീനാഥ് ഭാസിക്ക് കുരുക്കാകുമോ മയക്കു മരുന്ന് ഉപയോഗമുണ്ടോ എന്ന പരിശോധന? സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണത്തിൽ സ്റ്റേഷൻ ജാമ്യം കൊടുത്തെങ്കിലും പൊലീസ് നടത്തിയത് നിർണ്ണായക നീക്കം; നടന്റെ നഖവും മുടിയും രക്തവും ശേഖരിച്ചത് ഡ്രഗ്‌സ് ഉപയോഗമുണ്ടോ എന്ന അറിയാൻ; സിനിമാ ബുദ്ധിജീവികളെ ഞെട്ടിച്ച് മരട് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽവിട്ടുവെങ്കിലും നടനെതിരെ പൊലീസ് നടത്തിയ നിർണ്ണായക നീക്കം. ലഹരി മരുന്ന് ശ്രീനാഥ് ഭാസി ഉപയോഗിച്ചോ എന്നും പരിശോധിക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ നഖവും വേരോട് കൂടിയ മുടിയും രക്തവും പൊലീസ് ശേഖരിച്ചു. തന്ത്രപരമായിട്ടാണ് ഇതു ചെയ്തത്. ഈ സാമ്പിൾ പരിശോധനയ്ക്ക് അയക്കുമെന്നാണ് സൂചന.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരകയുടെ പരാതി. എന്നാൽ ലഹരി ഉപയോഗത്തിൽ പരാതി നൽകിയില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളെത്തി. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നിർണ്ണായക നീക്കം. ജാമ്യം നൽകാവുന്ന വകുപ്പുകളിലാണ് കേസെടുത്തത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് പൊലീസ് അസാധാരണ നീക്കം നടത്തി. ജാമ്യം കൊടുക്കുന്ന കേസുകളിൽ സാധാരണ ഇങ്ങനെ ചെയ്യാറില്ല. മെഡിക്കൽ പരിശോധനയ്ക്കായി ശ്രീനാഥ് ഭാസിയെ ആശുപത്രിയിൽ എത്തിച്ചു.

ഇതിനെ എതിർക്കാൻ നടനുമായില്ല. തൃപ്പുണ്ണിത്തുറ ആശുപത്രിയിൽ എത്തിച്ച് മുടിയും നഖവും രക്തവും ശേഖരിച്ചു. നഖത്തിന്റെ ഭാഗം പരിശോധിച്ചാൽ തന്നെ ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണോ ശ്രീനാഥ് എന്ന് മനസ്സിലാകും. അവതാരകയെ ചീത്ത പറഞ്ഞതിൽ വേണമെങ്കിൽ ജാമ്യമില്ലാ കുറ്റം പൊലീസിന് ചുമത്താമായിരുന്നു. എന്നാൽ ചില സമ്മർദ്ദം കാരണം അതിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മയക്കു മരുന്ന് ഉപയോഗ പരിശോധന നടത്താനുള്ള നീക്കം. ഇതും അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ പരിശോധനയിൽ ശ്രീനാഥ് ഭാസി മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ അത് നടനും ആശ്വാസമാകും.

സിനിമയിൽ ലഹരി മാഫിയ സജീവമാണെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ട് കൂടിയാണ് ഈ നടപടി. തിങ്കളാഴ്ച രാവിലെ 10-ന് സ്റ്റേഷനിൽ ഹാജരാകാനാണ് ശ്രീനാഥ് ഭാസിയോട് മരട് പൊലീസ് നിർദ്ദേശിച്ചത്. കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതോടെ ഒരുമണിയോടെ നടൻ സുഹൃത്തുക്കൾക്കൊപ്പം ഹാജരാവുകയായിരുന്നു. ചോദ്യംചെയ്തശേഷം അഞ്ചുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തത്. വൈകീട്ടോടെയാണ് നടനെ ജാമ്യത്തിൽവിട്ടത്.

പരാതിയിൽ ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്യും. അഭിമുഖം നടന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരെയാണ് പൊലീസ് ചോദ്യം ചെയ്യുക. ക്രൗൺ പ്ലാസ ഹോട്ടലിലായിരുന്നു സംഭവം. ചോദ്യം ചെയ്യലിൽ ഓൺലൈൻ മാധ്യമ പ്രവർത്തകയുടെ ആരോപണങ്ങളെ നടൻ തള്ളിക്കളഞ്ഞു. അസഭ്യമായി താൻ അവതാരകയോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പൊലീസിന് നൽകിയ മറുപടി. അതേ സമയം ഓൺലൈൻ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, നടനും സിനിമയുടെ നിർമ്മാതാവിനും, സിനിമയുടെ പിആർഒക്കും കത്ത് അയക്കാൻ തീരുമാനിച്ചു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരുന്നത്.

വനിതാകമ്മിഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മാധ്യമപ്രവർത്തക പരാതി നൽകിയിട്ടുണ്ട്. അതേസമയം, ശ്രീനാഥ് ഭാസിക്കെതിരേയുള്ള കേസുമായി മുന്നോട്ടുപോകുമെന്നും തെളിവുകളെല്ലാം കൈയിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ന്യായവും സത്യവും തന്റെ ഭാഗത്താണെന്ന ധൈര്യത്തിന്റെ പുറത്താണ് കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇതുപോലെ നാളെ മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. ആരോടും എന്തും പറയാമെന്നുള്ള അവസ്ഥയുണ്ടാകരുതെന്നും പ്രതികരിച്ചാൽ മാത്രമേ ഇതിനെല്ലാം ഒരുമാറ്റം ഉണ്ടാവുകയുള്ളുവെന്നും പരാതിക്കാരി പറഞ്ഞു.

ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് നടപടികൾ. ശ്രീനാഥ് ഭാസിയുടെ അധിക്ഷേപത്തിൽ മരട് പൊലീസ് പരാതിക്കാരിയുടെ മൊഴി എടുത്തിരുന്നു. അതിരുവിട്ട തരത്തിലെ തെറിവിളിയാണ് നടൻ നടത്തിയത്. ഈ സാഹചര്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഗുരുതര ആരോപണമാണ് മാധ്യമ പ്രവർത്തക ഉയർത്തുന്നത്. കേട്ട ചീത്തകൾക്ക് മാപ്പു പറയണമെന്ന മാധ്യമ പ്രവർത്തകയുടെ ആവശ്യം പോലും ശ്രീനാഥ് ഭാസി കേട്ടില്ല. ഇതാണ് കേസിലേക്ക് എത്തിച്ചത്.

ചട്ടമ്പി സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെയാണ് ചീത്തവിളി നടന്നത്. ഒരു ചോദ്യത്തിന് ശേഷം ഇംഗ്ലീഷിൽ പച്ച തെറി വിളിച്ചു കൊണ്ട് പൊട്ടിതെറിക്കുകയായിരുന്നു നടൻ. സ്ത്രീയുടെ മുഖത്ത് നോക്കി പറയാൻ പാടില്ലാത്തതാണ് വിളിച്ചത്. അതിന് ശേഷം ക്യാമറാമാനെ കൊണ്ട് നിർബന്ധിച്ച് ക്യാമറ ഓഫാക്കി. പിന്നെ വലിയ തെളി വിളിയും നടത്തി. മൂന്ന് ക്യാമറകളും ഓഫ് ചെയ്തുവെന്ന് ഉറപ്പാക്കിയായിരുന്നു ഇത്. എന്നാൽ പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നു തന്നെ അനാവശ്യ പ്രകോപനമാണ് നടൻ നടത്തിയതെന്ന് വ്യക്തമാണ്. അതിൽ നിന്ന് തന്നെ പിന്നീട് നടന്ന ചീത്ത വിളിയുടെ തീവ്രതയും വ്യക്തമാകും. വെറും മൂന്നാംകിട കുടിയന്മാർ വിളിക്കുന്നതിന് സമാനമായ പദപ്രയോഗമാണ് ശ്രീനാഥ് ഭാസിയിൽ നിന്നുണ്ടായത്.

അഭിമുഖത്തിൽ നിന്ന് നടൻ ഇറങ്ങിപോയപ്പോൾ തന്നെ അഭിമുഖം നടത്താനെത്തിയവർ പ്രതിഷേധിച്ചു. ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞാലേ പോകൂവെന്നും പറഞ്ഞു. അഭിമുഖത്തിനിടെ ഇറങ്ങി പോകുമ്പോൾ തന്നെ അതൊരു 'ഫൺ ഇന്റർവ്യൂ' ആണെന്ന് നിർമ്മാതാവും പറഞ്ഞുവത്രേ. നിന്റെ തന്തയുടെ...... എന്ന് പറഞ്ഞാണ് അവിടെ നിന്നും ശ്രീനാഥ് ഭാസി പോയതെന്ന് പരാതിക്കാരി പറയുന്നു. ഇതിന് ശേഷം സിനിമയുടെ പി ആർ ഒ എത്തി. അവർ ആറര മിനിറ്റ് ഷൂട്ട് ചെയതതു കണ്ടു. അതിന് ശേഷം അവരും അഭിമുഖത്തിൽ തെറ്റില്ലെന്ന് പറഞ്ഞു. ശ്രീനാഥ് മാപ്പു പറഞ്ഞാലോ പോകൂവെന്നതായിരുന്നു അഭിമുഖത്തിന് എത്തിയവരുടെ നിലപാട്. ഇതോടെ സിനിമയുടെ അണിയറ പ്രവർത്തകർ വെട്ടിലായി. അവർ ശ്രീനാഥ് ഭാസിയെ കൊണ്ടു വന്നു ചർച്ചയ്ക്ക് ശ്രമിച്ചു. എന്നാൽ പരിഹാസത്തിലായിരുന്നു ഇടപെടൽ. ഇതോടെയാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്.

പരാതിയിൽ പറയുന്നത്: ആദ്യത്തെ ചോദ്യത്തിന് ടിയാൻ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ വീട്ടിലാരാണ് ചട്ടമ്പി എന്നതിന് മറുപടിയായി ഉത്തരം തന്നെങ്കിലും നിങ്ങൾ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തിൽ ഇന്റർവ്യൂവിന് ഇരിക്കാൻ താൽപ്പര്യമില്ലെന്ന് പറയുകയുണ്ടായി. ഇപ്രകാരമുള്ള മറുപടി അന്ധാളിപ്പുണ്ടാക്കി എങ്കിലും ഞാനും എന്റെ സഹപ്രവർതകരും തുടർന്നു. അടുത്ത ചോദ്യത്തോടുകൂടെ ടിയാൻ യാതൊരു പ്രകോപനവും മര്യാദയും പാലിക്കാതെ ഞാൻ സ്ത്രീയാണെന്നും ടി ഇന്റർവ്യൂ ആണ് നടക്കുന്നതെന്നും പരിഗണിക്കാതെ ഇതുപോലുള്ള ...... ചോദ്യങ്ങൾ ചോദിക്കരുതെന്നും പറഞ്ഞ് ആക്രോശിക്കുകയും

ക്യാമറ ഓൺ ആണെന്നുള്ള ബോധ്യം വന്നതിനാൽ അതിനു മുതിരാതെ ഞങ്ങളുടെ ക്യാമറാമാനോട് ക്യാമറ ഓഫ് ചെയ്യാൻ ആക്രോശിച്ചു. അതിനു ശേഷം ക്യാമറ ഓഫ് ചെയ്യടാ .... എന്നും പറഞ്ഞ് ക്യാമറ നിർബന്ധപൂർവ്വം ഓഫ് ചെയ്തിപ്പിക്കുകയായിരുന്നു. ക്യാമറ ഓഫ് ചെയ്തതിനുശേഷം ടിയാൻ യാതൊരു മാന്യതയും കൂടാതെ കേട്ടാൽ അറപ്പുളവാക്കുന്ന സഭ്യമല്ലാത്ത രീതിയിൽ തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് പ്രൊഡ്യൂസർ അദ്ദേഹത്തെ മാറ്റിനിർത്തി സർ, ഇതൊരു ഫൺ ഇന്റർവ്യൂ ആണ്.. സഹകരിക്കണം എന്ന് പറഞ്ഞപ്പോൾ നിന്റെ ...... എന്നായിരുന്നു മറുപടി.

ടിയാൻ മനോനില തെറ്റിയതുപോലെ കൂടുതൽ അക്രമാസക്തനാവുകയാണ് ചെയ്തത്. കൂടാതെ ഞങ്ങളെ ടിയാൻ ....... എന്ന് വിളിക്കുകയും ഉണ്ടായി. യാതൊരു മാന്യതയും ഇല്ലാതെ പിന്നെയും ....... തുടങ്ങിയ തെറികൾ എന്റേയും എന്റെ സഹപ്രവർത്തകരേയും വിളിച്ചുകൊണ്ടിരുന്നതിനാൽ അപമാനം സഹിക്ക വയ്യാതെയാണ് ഞങ്ങൾ ഹോട്ടലിൽ നിന്നും തിരികെ പോന്നത്.

ഈ സംഭവം ഒരു സ്ത്രീയെന്ന നിലയിൽ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാൽ എന്നേയും എന്റെ മെമ്പേഴ്സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തിൽ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാൻ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാൻ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്നത്തിന് ഒരു തീർപ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP