Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിമിനൽ കേസ് അതിന്റെ വഴിക്ക് പോട്ടെയെന്ന് മോഹൻലാൽ നിലപാട് എടുത്തതോടെ കേസെടുത്ത് പൊലീസും; അമ്മയും ഫെഫ്കയും ഒത്തീർപ്പ് ചർച്ചകൾ വേണ്ടെന്ന് വച്ചപ്പോൾ മഞ്ജുവാര്യർ നൽകിയ പരാതിയിൽ ശ്രീകുമാർ മേനോൻ പ്രതിയായി; അന്വേഷണം നടത്തുക തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച്; മഞ്ജുവിന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തും; തെളിവ് കിട്ടിയാൽ ശ്രീകുമാർ മേനോൻ കുടുങ്ങും; മലയാള സിനിമയിലെ കാണാക്കഥകൾ ചർച്ചയാക്കാൻ ഒരു പൊലീസ് കേസ് കൂടി

ക്രിമിനൽ കേസ് അതിന്റെ വഴിക്ക് പോട്ടെയെന്ന് മോഹൻലാൽ നിലപാട് എടുത്തതോടെ കേസെടുത്ത് പൊലീസും; അമ്മയും ഫെഫ്കയും ഒത്തീർപ്പ് ചർച്ചകൾ വേണ്ടെന്ന് വച്ചപ്പോൾ മഞ്ജുവാര്യർ നൽകിയ പരാതിയിൽ ശ്രീകുമാർ മേനോൻ പ്രതിയായി; അന്വേഷണം നടത്തുക തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച്; മഞ്ജുവിന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തും; തെളിവ് കിട്ടിയാൽ ശ്രീകുമാർ മേനോൻ കുടുങ്ങും; മലയാള സിനിമയിലെ കാണാക്കഥകൾ ചർച്ചയാക്കാൻ ഒരു പൊലീസ് കേസ് കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതി പരിശോധിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിരുന്നു. ഡിജിപിയുടെ കീഴിലുള്ള സ്പെഷ്യൽ സെല്ലായിരിക്കും പരാതി പരിശോധിച്ചത്. അതിന് ശേഷം കേസെടുക്കാൻ തൃശൂർ പൊലീസിന് കൈമാറുകയാണ്. ജില്ലാ ക്രൈംബ്രാഞ്ചാകും കേസ് അന്വേഷിക്കുക.

മഞ്ജു വാര്യർ കഴിഞ്ഞ ദിവസം നേരിട്ടെത്തിയാണ് ഡിജിപിക്ക് പരാതി നൽകിയത്. ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് മഞ്ജുവിന്റെ പരാതി. എന്നാൽ മഞ്ജു വാര്യർ നൽകിയ പരാതിയെ സംബന്ധിച്ച് മാധ്യമ വാർത്തകളിലൂടെയാണ് താൻ അറിഞ്ഞതെന്നും ശ്രീകുമാർ മേനോൻ പ്രതികരിച്ചു. ക്രിമിനൽ കേസായതിനാൽ ഇതിൽ ഇടപെടാൻ താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും വിസമ്മതിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് അറസ്റ്റിലായിരുന്നു. ഇത് ഏറെ വിവാദങ്ങളുണ്ടാക്കി. അതിന് സമാനമായ സാഹചര്യം ഉണ്ടാക്കുന്നതാണ് പുതിയ കേസും. വിഷയം താര സംഘടനയായ അമ്മയുടേയും സാങ്കേതിക വിദഗ്ധരായ ഫെഫ്കയുടേയും ശ്രദ്ധയിൽ മഞ്ജു വാര്യർ കൊണ്ടു വന്നിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെടില്ലെന്നായിരുന്നു അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാലിന്റെ നിലപാട്. ഫെഫ്കയും ഇതിനോട് യോജിച്ചു.

ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് മഞ്ജു വാര്യർ പരാതി നൽകിയിരിക്കുന്നത്. ശ്രീകുമാർ മേനോനിൽനിന്ന് തനിക്ക് വധഭീഷണി ഉൾപ്പെടെ ഉണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരിൽക്കണ്ടാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയിൽ പറയുന്നു. ഒടിയൻ സിനിമയുടെ നിർമ്മാണ കാലംമുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയിൽ പറയുന്നുണ്ട്.

ശ്രീകുമാർ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിക്കുന്നതായാണ് സൂചന. ഇത്രയും ഗുരുതരമായ സാഹചര്യമുണ്ടാക്കിയതിന് പിന്നിലെ ചേതോവികാരമാണ് സിനിമാ ലോകം തിരിയുന്നത്. ആർക്കും ഇക്കാര്യത്തിൽ കൃത്യമായ ഒരു വിവരവും ഇല്ല. വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുടുങ്ങിയപ്പോൾ നൽകിയ ജാമ്യ ഹർജിയിലും ശ്രീകുമാർ മേനോനെതിരെ പരാമർശമുണ്ടായിരുന്നു. ഇതിനിടെയാണ് ഒടിയൻ സിനിമ തുടങ്ങുന്നത്. ഇവിടെ വച്ചു തന്നെ ചില പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ഒടിയന് ശേഷം ശ്രീകുമാർ പ്രഖ്യാപിച്ച എംടിയുടെ രണ്ടാമൂഴം നടക്കില്ലെന്നും ഉറപ്പായി. ഇതിനിടെ 2018 ഡിസംബറിൽ തന്നെ മഞ്ജുവിനെ വിമർശിച്ച് ശ്രീകുമാർ മേനോൻ രംഗത്ത് വന്നിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ന്യൂസ്18 ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീകുമാർ മേനോന്റെ വിമർശനം.

മഞ്ജു അവരുടെ ചെറിയ സിനിമകളെപോലും പ്രകീർത്തിച്ചു പോസ്റ്റ് ഇടുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകൾ പ്രമോട്ട് ചെയ്യുന്നു. എന്നാൽ ഒടിയൻ പോലുള്ളൊരു സിനിമയ്ക്ക് വേണ്ടി അതൊന്നും ചെയ്തില്ല. ഈ ചിത്രം അവരുടെ മുജ്ജന്മ ഭാഗ്യമാണ്. മോഹൻലാൽ, പ്രകാശ് രാജ് എന്നിവർക്കൊപ്പം നിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അവരുടെ കൂടെ പരസ്യമായി നിൽക്കുന്ന ഒരേയൊരു നടൻ മോഹൻലാൽ ആണെന്നും ശ്രീകുമാർ ആരോപിച്ചിരുന്നു. മഞ്ജു വാര്യയുടെ നയം അത്ഭുതപ്പെടുത്തുന്നുവെന്നും ഇപ്പോൾ അവർ സ്വീകരിക്കുന്ന പല നിലപാടുകളും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു. മലയാളത്തിലെ വളരെ അനുഗൃഹീതയായ, വലിയ ഭാവിയുള്ള നടിയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു അഭിനയ പ്രതിഭാസം ആണ് മഞ്ജു വാര്യർ എന്നും ശ്രീകുമാർ മേനോൻ പ്രതികരിച്ചിരുന്നു. ഈ വാക്കുകളിൽ നിറഞ്ഞ അതൃപ്തിയാണ് ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തുന്നത്.

താൻ ആരാണെന്നും എന്താണ് തന്റെ വില എന്നതും ആദ്യം തിരിച്ചറിയേണ്ടത് മഞ്ജു വാര്യർ ആണെന്ന് ശ്രീകുമാർ മേനോൻ അന്ന് അഭിമുഖത്തിൽ പരിഹസിച്ചിരുന്നു. മഞ്ജുവിന് തിരുത്താൻ വേണ്ടി മഞ്ജുവിനോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ഇപ്പോൾ തുറന്ന് പറയുന്നതും മുമ്പ് തുറന്ന് പറഞ്ഞതും എല്ലാം മഞ്ജുവിന് തിരുത്താൻ വേണ്ടിയാണെന്നാണ് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ മഞ്ജു വാര്യർ നൂറ് ശതമാനം കൈവിട്ടു എന്നാണ് ശ്രീകുമാർ മേനോൻ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. താൻ മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം പറയുന്നുണ്ടെന്നും ശ്രീകുമാർ മേനോൻ പറയുന്നുണ്ട്. ഒരാൾക്ക് ആവശ്യമുള്ള സമയത്തല്ലേ സുഹൃത്തും സൗഹൃദവും എല്ലാം ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വനിത മതിലിൽ നിന്ന് പിന്മാറിക്കൊണ്ട് മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങളേയും ശ്രീകുമാർ മേനോൻ വിമർശിക്കുന്നുണ്ട്. വനിതാ മതിലിന്റെ രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞാൽ ജനം ചിരിക്കില്ലേ എന്നാണ് ശ്രീകുമാർ മേനോൻ ചോദ്യമായി ഉയർത്തിയത്. അന്ന് പരസ്യമായ ഭിന്നതയ്ക്ക് പുതിയ തലം നൽകുന്നതാണ് ഇപ്പോഴത്തെ വിവാദം.

ഇതിനിടെ കല്ല്യാണുമായും ശ്രീകുമാർ മേനോൻ പൂർണ്ണമായും അകന്നു. ഇതും കേസിലും വഴക്കിലും എത്തി. തൊട്ട് പിന്നാലെയാണ് മഞ്ജു വാര്യർ പൊലീസിൽ പരാതിയുമായി എത്തുന്നത്. ഇത് ഗൗരവത്തോടെ തന്നെ പൊലീസ് എടുക്കും. അന്വേഷണവും നടത്തും. തെളിവുകൾ മഞ്ജു നൽകിയാൽ ശ്രീകുമാർ മേനോനെ പീഡന കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്യും. നടിയെ കൊച്ചിയിൽ ആക്രമിച്ചതോടെ സിനിമയിൽ ചില ചേരികൾ ഉണ്ടായിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായിരുന്നു അതിൽ പ്രധാനം. അത് പോലും പുതിയ വിവാദത്തോടെ വീണ്ടും ചർച്ചയിലെത്താൻ സാധ്യതയുണ്ട്. അതിന് പിന്നിലും ശ്രീകുമാർ മേനോന്റെ അതിശക്തമായ ഇടപെടലുണ്ടായിരുന്നുവെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. ഈ കൂട്ടായ്മയുമായുള്ള ബന്ധം മഞ്ജു നേരത്തെ തന്നെ അവസാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP