Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻകൂർ ജാമ്യം നിഷേധിച്ചപ്പോൾ കാറിൽ കേരളം വിട്ടു; ലുക്കൗട്ട് നോട്ടീസുള്ള വില്ലൻ കാനേഡിയൻ വിമാനത്തിൽ കയറിയത് കുതന്ത്രത്തിൽ; റൺവേയിൽ നിന്നും പറന്നുയരുന്നതിന് തൊട്ട് മുമ്പ് എസ് പി രാമദേവൻ നടത്തിയത് മിന്നൽ നീക്കങ്ങൾ; പിടിയിലായത് രാസപ്രയോഗത്തിലൂടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി; ശ്രീകാന്ത് മേനോൻ അഴിക്കുള്ളിൽ

മുൻകൂർ ജാമ്യം നിഷേധിച്ചപ്പോൾ കാറിൽ കേരളം വിട്ടു; ലുക്കൗട്ട് നോട്ടീസുള്ള വില്ലൻ കാനേഡിയൻ വിമാനത്തിൽ കയറിയത് കുതന്ത്രത്തിൽ; റൺവേയിൽ നിന്നും പറന്നുയരുന്നതിന് തൊട്ട് മുമ്പ് എസ് പി രാമദേവൻ നടത്തിയത് മിന്നൽ നീക്കങ്ങൾ; പിടിയിലായത് രാസപ്രയോഗത്തിലൂടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി; ശ്രീകാന്ത് മേനോൻ അഴിക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാസവസ്തു വായിൽ ഒഴിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ സിനിമാ സ്‌റ്റൈലിൽ സിബിഐ പിടികൂടിയത് പറന്നു ഉയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വിമാനം തടഞ്ഞിട്ട ശേഷം. ഡൽഹി വിമാനത്താവളത്തിൽവച്ചാണ് കാനഡാ പൗരനായ മലയാളി ശ്രീകാന്ത് മേനോനെ സിബിഐ നാടകീയമായി കുടുക്കിയതെന്ന് മംഗളത്തിൽ എസ് നാരായണൻ റിപ്പോർട്ട് ചെയ്യുന്നു. എറണാകുളം സി.ജെ.എം കോടതി റിമാൻഡ് ചെയ്ത ശ്രീകാന്ത് മേനോന്റെ ജാമ്യപേക്ഷയിൽ മറ്റന്നാൾ കോടതി വിധി പറയും.

ചൊറ്റാനിക്കര സ്വദേശി ശ്രുതി സുരേഷ് ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി ശ്രീകാന്ത് മേനോനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സിബിഐ ശ്രീകാന്തിനെ വലയിലാക്കിയത്. ഇന്ത്യയിലെത്തിയ ശ്രീകാന്തിന് ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് കേരളം വിട്ട ഇയാൾ വിദേശത്തേയ്ക്ക് കടക്കുമെന്ന് സംശയമുണ്ടായിരുന്നതുകൊണ്ട് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഡൽഹിയിൽനിന്ന് കാനഡയിലേയ്ക്ക് കടക്കാനുള്ള ഇയാളുടെ ശ്രമം പകുതി വിജയിക്കുകയും കനേഡിയൻ വിമാനം ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുപൊങ്ങാനുള്ള അവസാനനിമിഷം വിമാനത്തിനുള്ളിൽനിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിട്ടും ശ്രീകാന്ത് മേനോനെ ഡൽഹിയിൽ സുരക്ഷാ വിഭാഗത്തിനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒന്നും സംഭവിക്കാത്ത മട്ടിൽ സുരക്ഷാ പരിശോധനയ്ക്കു വിധേയനായി കാനഡ എയർവെയ്‌സ് വിമാനത്തിൽ ഇയാൾ കയറിക്കൂടി. പക്ഷേ എമിഗ്രേഷൻ വിഭാഗത്തിന് അവസാന നിമിഷം ഇയാളെ മനസിലാക്കാൻ കഴിഞ്ഞതാണ് നിർണായകമായത്. ബോർഡിങ് പാസുമായി ശ്രീകാന്ത് വിമാനത്തിനുള്ളിൽ കയറിയെന്നു മനസിലായ അധികൃതർ മിന്നൽവേഗത്തിൽ കരുക്കൾ നീക്കുകയായിരുന്നു. തുടർന്ന് ശ്രീകാന്തിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറി. ഇവർ സിബിഐ എസ്‌പി: രാമദേവനെ വിവരമറിയിച്ചു.

പിന്നാലെ സിബിഐയുടെ അടിയന്തര സന്ദേശം എയർ ട്രാഫിക് കൺട്രോൾ വഴി വിമാന ക്യാപ്റ്റനു ലഭിച്ചു. ഈ സമയം വിമാനം ടേക്ക് ഓഫിനായി തയ്യാറെടുക്കുകയായിരുന്നു. രണ്ട് മിനിറ്റ് താമസിച്ചിരുന്നുവെങ്കിൽ റൺവേയിൽനിന്ന് വിമാനം പൊങ്ങുമായിരുന്നു. പക്ഷേ സാങ്കേതിക തകരാറുണ്ടെന്നു യാത്രക്കാരെ അറിയിച്ച് ക്യാപ്റ്റൻ വിമാനം ഉടൻ പറത്താനാവില്ലെന്ന് യാത്രക്കാരെ അറിയിച്ചു. കഥ അറിയാതെ നിന്ന യാത്രാക്കാരുടെ ഇടയിലേക്ക്. അധികം വൈകാതെ സിഐ.എസ്.എഫ് സംഘം സിബിഐ ഇൻസ്‌പെക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിൽ വിമാനത്തിൽ കയറി. സീറ്റ് നമ്പർ മനസിലാക്കി ശ്രീകാന്തിനെ പിടികൂടുകയും ചെയ്തു. മറ്റൊരു വിമാനത്തിൽ ഡൽഹിയിൽനിന്ന് ഇയാളെ നെടുമ്പാശേരിയിലെത്തിക്കുകയായിരുന്നു.

കാനഡയിൽ വച്ച് ശ്രീകാന്ത് മേനോൻ ഭാര്യ ശ്രുതിയെ മർദ്ദിക്കുകയും ഡ്രയിനേജ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന അണുനാശിനി ബലമായി വായിലൊഴിപ്പിക്കുകയും ചെയ്തുവെന്നതാണ് കേസ്. അന്നനാളവും വായും ശ്വാസനാളവുമടക്കം പൊള്ളി അതീവ ഗുരുതരവസ്ഥയിലായ ശ്രുതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്ന് വരുത്തിതീർക്കാനാണ് ശ്രീകാന്ത് ശ്രമിച്ചത്. നാട്ടിലെത്തിയ ശ്രുതി മാതാപിതാക്കളെ എല്ലാ വിവരങ്ങളും എഴുതിയാണ് അറിയിച്ചത്. തുടർന്ന് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

അഞ്ചു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. 2020-ൽ ശ്രുതി ഭർത്താവിനൊപ്പം കാനഡയിലെത്തി. ലഹരിക്കടിമയായ ഭർത്താവ് തന്നെ മർദ്ദിക്കുമായിരുന്നുവെന്നും ഭീഷണിപ്പെടുത്തി ഗർഭം അലസിപ്പിക്കുകയും ചെയ്തുവെന്നും ശ്രുതിയുടെ പരാതിയിലുണ്ട്. ഒന്നാം വിവാഹ വാർഷികത്തിൽ യുവതിയെ കൊലപ്പെടുത്താൻ ഇയാൾ കാറപകടം സൃഷ്ടിച്ചു. പരാജയപ്പെട്ടതിനെത്തുടർന്ന് നിരവധി തവണ യുവതിയുടെ ശരീരത്തിൽ മാരകമായ ലഹരി മരുന്നുകൾ കുത്തിവെച്ചു. ശ്രുതിയുടെ 75 പവൻ സ്വർണം ഇയാൾ തട്ടിയെടുത്തിരുന്നു. ഈ സ്വർണം സിബിഐ കണ്ടെടുത്തു. മദ്യം കുടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് രാസവസ്തു കുടിപ്പിച്ചത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു ശ്രുതി കാനഡ പൊലീസിനോടു പറഞ്ഞത്. ഭർത്താവിന്റെ ഭീഷണിയെ തുടർന്നായിരുന്നത്രെ ഇത്. എത്രയും പെട്ടെന്ന് കാനഡയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്താൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്.

നാട്ടിലെത്തിയതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. ഭർത്താവ് വിദേശത്തായതുകൊണ്ട് തന്നെ അന്വേഷണത്തിന് പരിമിതികളുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് കേസ് സിബിഐയെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. കാനഡ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ എത്തിയ ശ്രീകാന്ത് പക്ഷേ തനിക്ക് അവിടെ പൗരത്വമുണ്ടെന്ന കാര്യം മറച്ചുവയ്ക്കുകയായിരുന്നു.

തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. തുടർന്നാണ് കാർ മാർഗം ഡൽഹിയിൽ എത്തുകയും രാജ്യം വിടാൻ പദ്ധതിയിടുകയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP