Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജ മദ്യം നിർമ്മിക്കുന്നതായി രഹസ്യവിവരം ലഭിച്ചതുകൊല്ലം എക്‌സൈസ് സ്‌ക്വാഡിന്; കായംകുളത്ത് റെയ്ഡിനു എത്തിയപ്പോൾ കണ്ടത് വീട്ടിൽ നിറയെ വിദേശ മദ്യക്കുപ്പികൾ; തമിഴ്‌നാട്ടിൽ നിന്നും സ്പിരിറ്റ് എത്തിച്ച ശേഷം ഒറിജിനൽ ആക്കുന്നത് ശിവകാശി സ്റ്റിക്കർ ഒട്ടിച്ച്; കുപ്പി ഒന്നിന് 1500 വെച്ച് കച്ചവടം പൊടിപൊടിക്കാൻ കന്നാസുകളിൽ നിറച്ചു വെച്ചിരിക്കുന്നത് ലിറ്റർ കണക്കിന് വ്യാജമദ്യം; പിടിയിലായത് മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ ഹാരി ജോൺ; ലോക് ഡൗൺ ആഘോഷിച്ച് സ്പിരിറ്റ് ലോബി

എം മനോജ് കുമാർ

കായംകുളം: വ്യാജമദ്യത്തിന്നെതിരെ സംസ്ഥാന വ്യാപകമായി എക്‌സൈസ് നടത്തുന്ന റെയ്ഡുകൾ ഫലം കാണുന്നു. കൊല്ലം എക്‌സൈസ് സ്‌ക്വാഡ് കായംകുളത്ത് നടത്തിയ റെയിഡിൽ പിടിയിലായത് മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ. കായംകുളം കൃഷ്ണപുരം കാപ്പിൽ സ്വദേശി ഹാരി ജോണാണ് (കിഷോർ) ഇന്നു പിടിയിലായത്. കൊല്ലം എക്‌സൈസ് സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സ്‌ക്വാഡ് കായംകുളം വന്നു റെയ്ഡ് നടത്തിയത്. 500 ലീറ്റർ വ്യാജമദ്യവും ലേബലുകളും എക്‌സൈസ് ഇയാളിൽ നിന്നും പിടികൂടിയെന്നാണ് വിവരം. നാടകീയ നീക്കങ്ങളിലൂടെയാണ് എക്‌സൈസ് സംഘം ഹാരിയെ വലയിലാക്കുന്നത്. വീട്ടിൽ റെയിഡിനു എത്തിയപ്പോൾ കണ്ടത് വിദേശ മദ്യക്കുപ്പികളിൽ നിറച്ചുവെച്ചിരിക്കുന്ന വ്യാജ മദ്യം. തമിഴ്‌നാട്ടിൽ നിന്നും സ്പിരിറ്റ് എത്തിച്ച് വിദേശമദ്യക്കുപ്പികളിൽ നിറച്ച ശേഷം ശിവകാശിയിൽ നിന്നും കൊണ്ടുവന്ന സ്റ്റിക്കർ ഒട്ടിച്ച് ഒറിജിനൽ പോലെയാണ് കച്ചവടത്തിനു തയ്യാറാക്കിയിരുന്നത്. ഒരു കുപ്പിക്ക് 1500 രൂപ ഈടാക്കിയായിരുന്നു വില്പന. വലിയ കന്നാസുകളിലായി അഞ്ഞൂറിലധികം ലിറ്റർ മദ്യമാണ് ശേഖരിച്ചു വെച്ചിരുന്നത്. പ്രതി ആരെന്നു നോക്കിയപ്പോൾ ഹാരി ജോണും. പിന്നെ ഒന്നും നോക്കാതെ കായംകുളം എക്‌സൈസ് സംഘത്തെ വിവരം അറിയിച്ച ശേഷം പ്രതിയെ ഇവർ കയ്യോടെ കൊല്ലത്തേക്ക് തന്നെ കൊണ്ടുപോയി. എക്‌സൈസ് വകുപ്പ് പിടികൂടിയ സ്പിരിറ്റ് മറിച്ചുവിറ്റകേസിൽ ഉൾപ്പടെ ഒട്ടേറെ ക്രിമിനൽകേസുകളിൽ പ്രതിയാണ് ഹാരി ജോൺ.

സർവീസിലിരിക്കെ തന്നെ സ്പിരിറ്റ് കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് മുൻപ് എക്‌സൈസ് ഗാർഡായിരുന്ന ഇയാൾ. . സ്പിരിറ്റ് കേസിൽ അകപ്പെട്ടതിനെ തുടർന്നു ഇയാൾ ആദ്യം സസ്‌പെൻഷനിൽ ആയിരുന്നു. കേസുകൾ പതിവായതോടെ പിന്നീട് പിരിച്ചും വിട്ടു. പന്ത്രണ്ടു വർഷം മുൻപാണ് ഹാരി ജോൺ സർവീസിൽ നിന്നും പുറത്താകുന്നത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇയാൾ പിന്നീടും തുടർന്നു വന്നതെന്ന് ഇയാളെ അറിയാവുന്ന കായംകുളം എക്‌സൈസ് ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു. 28 കുപ്പി മദ്യവുമായി കൊല്ലം സ്വദേശി രാഹുൽ നേരത്തെ കൊല്ലത്തു പിടിയിലായിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരമനുസരിച്ചാണു ഹാരിയെ പിടികൂടിയത്. തമിഴ്‌നാട്ടിൽനിന്നു സ്പിരിറ്റ് എത്തിച്ചാണു വ്യാജമദ്യം നിർമ്മിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കൊറോണയുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങൾ തുടരുമ്പോഴും കായംകുളത്തും കൊല്ലത്തും വിദേശമദ്യം സുലഭമായിരുന്നു. നടപടികൾ ശക്തമാക്കിയതോടെയാണ് 28 കുപ്പി മദ്യവുമായി രാഹുൽ പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഹാരി ജോണിലേക്ക് എത്തുന്നത്. തൊട്ടടുത്ത ജില്ലകൾക്ക് പുറമെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും ഇയാൾ മദ്യം എത്തിച്ചിരുന്നതായി എക്‌സൈസ് വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

ചേർത്തല അർത്തുങ്കൽ പൊലീസും വ്യാജവാറ്റ് കയ്യോടെ തന്നെ പൊക്കിയിട്ടുണ്ട്. പത്ത് ലിറ്റർ കോടയാണ് പൊലീസ് പിടിച്ചെടുത്തത്. ചേർത്തല നാലാം വാർഡിലാണ് ഇവർ ചാരായം വാറ്റാനുള്ള ശ്രമങ്ങൾ നടത്തിയത്. ആർത്തുങ്കലിലെ പള്ളിപ്പറമ്പിൽ ഷെറിൻ (22), മണിയപ്പൊഴിയിൽ ബ്രോഡിന് (37), ഫ്രാൻസിസ് (36), ജോൺ പോൾ (31) എന്നിവരെയാണ് ആർത്തുങ്കൽ പൊലീസ് പൊക്കിയത്. രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടിച്ചതെന്ന് ആർത്തുങ്കൽ എസ്‌ഐ തോംസൺ ജോസഫ് മറുനാടനോട് പറഞ്ഞു. പൊലീസ് എത്തിയതറിഞ്ഞു ഇവർ ഓടിരക്ഷപ്പെടാനുള്ള ശ്രമം നടത്തി. പൊലീസ് പിന്നാലെ ഓടിയാണ് ഇവരെ കീഴ്‌പ്പെടുത്തിയത്- തോംസൺ ജോസഫ് പറഞ്ഞു.

ഇന്നലെയും ആർത്തുങ്കൽ പൊലീസും വ്യാജവാറ്റിനുള്ള ശ്രമം തകർത്തിരുന്നു,. ആർത്തുങ്കലിൽ വ്യാജവാറ്റിനുള്ള ശ്രമം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നു അർദ്ധരാത്രി റെയ്ഡ് നടത്തിയാണ് വ്യാജവാറ്റ് ശ്രമം പൊലീസ് തടഞ്ഞത്. അർത്തുങ്കൽകാരായ അഞ്ച് ചെറുപ്പക്കാരാണ് അകത്തായത്. ആയിരം തൈ പൊള്ളയിൽ വീട്ടിൽ ഷിബു (38), പട്ടണക്കാട് പുരാപ്പള്ളിയിൽ വീട്ടിൽ വിഷ്ണു(27), തൈക്കൽ കൊച്ചു കടപ്പുറത്ത് വീട്ടിൽ നവറോജി (48), കൊച്ചു കടപ്പുറത്ത് ഓംകാർജി (25), തൈക്കൽ കോലപ്പശേരി അരുൺ സാബു(27) എന്നിവരാണ് പിടിയിലായത്. ഇവർ വ്യാജവാറ്റിനു ഒരുക്കങ്ങൾ നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രി റെയ്ഡ് നടത്തി അഞ്ചു പേരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തുടർന്നു ഇവരുടെ ഇവരുടെ പേരിൽ പൊലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നു. വ്യാജവാറ്റിനെ തുടർന്നു പൊലീസ് പിടിയിലായ അഞ്ചുപേരെയും പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ചേർത്തല ആരീപ്പറമ്പ് വീടിനോട് ചേർന്നുള്ള കയർ ഷെഡിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളുമായി എക്‌സൈസ് സംഘം ഒരാളെ പിടികൂടിയിട്ടുണ്ട്. ചേർത്തല തെക്ക് പഞ്ചായത്ത് 14ആം വാർഡിൽ ചാണികാട്ടുവെളി വീട്ടിൽ രവീന്ദ്രന്റെ മകൻ രതീഷി (36)നെയാണ് പിടികൂടിയത്. 750 മില്ലിലിറ്റർ ചാരായവും 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.

വയനാട് ബത്തേരി ഓടപ്പള്ളത്ത് വ്യാജവാറ്റ് ഉപകരണങ്ങളും നൂറ്റമ്പത് ലിറ്റർ വാഷും ബത്തേരി എക്‌സൈസ് സംഘം ഇന്നലെ പിടിച്ചെടുത്തിരുന്നു. എത്തിപ്പെടാൻ ദുർഘടമായ പ്രദേശമാണിത്. ഓടപ്പള്ളത്തോട് ചേർന്ന വനമേഖലയിലായിരുന്നു വാറ്റ് കേന്ദ്രം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വാറ്റ് ഉപകരണങ്ങളും വാഷും പിടിച്ചെടുത്തു. നൂറ്റമ്പത് ലിറ്ററോളം വാഷ് നശിപ്പിച്ചു. കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിലെടുക്കാനായില്ല. നേരത്തെയും ഇവിടെ സമാനസംഭവങ്ങൾ ഉണ്ടായിരുന്നു. കണ്ണൂരിൽ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം വ്യാജവാറ്റ് കേന്ദ്രങ്ങളാണ് എക്സൈസ് ഉദ്യോഗസ്ഥർ തകർത്തത്. കൂത്തുപറമ്പ് കണ്ടംകുന്ന് വനമേഖലയിലെ വാറ്റ് കേന്ദ്രം പുഴ നീന്തിക്കടന്ന് ചെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ തകർത്തത്. ആലക്കോട്, പേരാവൂർ തുടങ്ങി ജില്ലയുടെ മലയോര മേഖലകളിലെല്ലാം വാറ്റ് കേന്ദ്രങ്ങൽ വ്യാപകമാകുകയാണ്. വനത്തിനുള്ളിലും പുഴയോരങ്ങളിലും പാറക്കെട്ടുകൾക്കിടയിലുമൊക്കെയാണ് വാറ്റ് കേന്ദ്രങ്ങൾ പലരും സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനിടെ എട്ട് കേസുകൾ കണ്ണൂരിൽ എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1020 ലിറ്റർ വാഷും പിടിച്ചെടുത്തു. എന്നാൽ അറസ്റ്റ് നടന്നിട്ടില്ല.

മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും വനമേഖലകളിലും പരിശോധന കർശനമാക്കുകയാണ്. മാർച്ച് 24 മുതൽ 29 വരെയുള്ള റെയ്ഡ് സമയത്ത് എക്‌സൈസ് പിടികൂടിയത് 9,700 ലീറ്റർ വാഷാണ്. ജനുവരിയിൽ 10,831 ലീറ്റർ വാഷും ഫെബ്രുവരിയിൽ 11,232 ലീറ്ററുമാണ് പിടികൂടിയത്. എന്നാൽ ആറു ദിവസം കൊണ്ട് 9,700 ലീറ്റർ വാഷ് പിടികൂടുന്നത് വ്യാജവാറ്റ് വർധിക്കുന്നതിന്റെ സൂചനയാണെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കുന്നത്. വ്യാജവാറ്റ് ശ്രമങ്ങൾ സംസ്ഥാനത്ത് ശക്തമാകുകയാണ്. ഇതാണ് റെയിഡുകൾ പൊലീസ്-എക്‌സൈസ് സംഘം റെയിഡുകൾ ഊർജ്ജിതപ്പെടുത്തുന്നത്. കൊറോണ പേടിച്ച് ബീവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചതോടെയാണ് വ്യാജമദ്യത്തിനുള്ള ശ്രമങ്ങൾ ശക്തമാകുന്നത്. പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണ് വെട്ടിച്ച് വ്യാജവാറ്റിനുള്ള ശ്രമങ്ങൾ ആണ് ഈ കൊറോണ കാലത്തും കേരളത്തിൽ നിന്നും പുറത്ത് വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാജവാറ്റ് നിർമ്മാണം പിടികൂടുന്നുണ്ട്. നിരവധി പേരെ പൊലീസ്-എക്‌സൈസ് വിഭാഗങ്ങൾ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മദ്യം പേരിനു പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ് വ്യാജവാറ്റ് നിർമ്മാണം പെരുകുന്നത്. മദ്യപർ മദ്യം തേടി പരക്കം പായുന്നു. വ്യാജവാറ്റ് നടത്തി ഈ ഘട്ടത്തിൽ ലാഭം കൊയ്യാമെന്ന ചിന്തയാണ് വ്യാജവാറ്റുകാർക്കുള്ളത്. ഇതറിയാവുന്നതിനാൽ പൊലീസും എക്‌സൈസും ജാഗ്രതയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP