Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂട്ടക്കൊലപാതകത്തിന് ശേഷം രക്ഷപെടുന്നതിനിടെ ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്നും കൂട്ടുകാരനെ വിളിച്ചത് അനീഷിന്റെ പിഴവായി; 'സ്‌പെക്ട്ര'യുടെ സഹായത്തോടെ മൊബൈൽ ഫോൺ ട്രേസ് ചെയ്ത് പൊലീസിന്റെ അതിവേഗ ആക്ഷൻ; കമ്പകക്കാനത്തെ 'അനീഷ് ദിഗംബരന്റെ' മന്ത്രവാദ ശക്തിയെയും തോൽപ്പിച്ചത് നിലമ്പൂർ കാട്ടിലെ മാവോയിസ്റ്റുകളെ പോലും പൊക്കിയ കേരളാ പൊലീസിന്റെ നവീന ടെക്‌നോളജി

കൂട്ടക്കൊലപാതകത്തിന് ശേഷം രക്ഷപെടുന്നതിനിടെ ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്നും കൂട്ടുകാരനെ വിളിച്ചത് അനീഷിന്റെ പിഴവായി; 'സ്‌പെക്ട്ര'യുടെ സഹായത്തോടെ മൊബൈൽ ഫോൺ ട്രേസ് ചെയ്ത് പൊലീസിന്റെ അതിവേഗ ആക്ഷൻ; കമ്പകക്കാനത്തെ 'അനീഷ് ദിഗംബരന്റെ' മന്ത്രവാദ ശക്തിയെയും തോൽപ്പിച്ചത് നിലമ്പൂർ കാട്ടിലെ മാവോയിസ്റ്റുകളെ പോലും പൊക്കിയ കേരളാ പൊലീസിന്റെ നവീന ടെക്‌നോളജി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിയിലെ അനീഷിനെ കേരളാ പൊലീസ് പൊക്കിയത് ടെക്‌നോളജിയുടെ സാധ്യതകൾ സമർത്ഥമായി ഉപയോഗിച്ചു കൊണ്ടാണ്. ചുരക്കത്തിൽ പറഞ്ഞാൽ മന്ത്രവാദശക്തിയെയും തോൽപ്പിച്ചത് സാങ്കേതിക വിദ്യ തന്നെയായിരുന്നു. കമ്പകക്കാനത്തെ 'ദിഗംബരനെയും' തോൽപ്പിക്കാൻ പൊലീസിന്റെ സ്്‌പെക്ട്ര ടെക്‌നോജളി കൊണ്ട് സാധിച്ചു. പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി പിടികൂടാൻ സഹായകമാകുന്ന ടെക്‌നോളജിയാണ് ഇത്.

പിടികൂടാൻ സഹായിച്ചത് സ്‌പെക്ട്ര എന്ന ടെക്‌നോളജിയാണ്. പ്രതികളെ അതിവേഗം കണ്ടെത്താൻ സഹായിക്കുന്ന ടെക്‌നോളജി സംവിധാനം മലപ്പുറത്തു നിന്നെത്തിച്ചാണ് ഒളിച്ചിരുന്ന അനീഷിനെ പെട്ടെന്ന് കണ്ടെത്താനായത്. കേസന്വേഷണത്തിൽ പൊലീസിന്റെ വഴികാട്ടിയാണ് സ്‌പെക്ട്ര. കുറ്റകൃത്യം നടത്തിയശേഷം ഫോണിലൂടെ നടത്തുന്ന ആശയവിനിമയങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് സേന ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് സ്‌പെക്ട്ര.

മാവോയിസ്റ്റുകളെയും കുടുക്കിയത് സ്‌പെക്ട്ര

ഇതേ ഉപകരണം നേരത്തെയും നിരവധി കേസുകളിൽ പൊലീസിനെ സഹായിച്ചിട്ടുണ്ട്. മലപ്പുറം നിലമ്പൂർ കാട്ടിലെ മാവോയിസ്റ്റുകളുടെ വിവരശേഖരണത്തിനാണു പൊലീസ് സ്‌പെക്ട്ര ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലാണു സ്‌പെക്ട്രയുടെ പ്രവർത്തനം നടക്കുന്നത്. മൊബൈൽ നമ്പറുകൾ ട്രാക്കുചെയ്ത് പ്രതികളെ പെട്ടെന്ന് കണ്ടെത്താൻ ഇതുവഴി സാധിക്കും. ഒരേ ടവറിനു കീഴിൽ വിവിധ ടെലികോം സേവനദാതാക്കളുടെ കോളുകൾ പരിശോധിക്കാൻ സ്‌പെക്ട്ര വഴി പെട്ടെന്ന് സാധിക്കും. കോളുകൾ പരിശോധിക്കാനുള്ള കാലതാമസം ഒഴിവാക്കാനാകും. പ്രധാനപ്പെട്ട കേസുകളിൽ തെളിവുകൾ കണ്ടെത്താനും പ്രതികളെ അന്വേഷിക്കാനും സ്‌പെക്ട്ര അതാതു ജില്ലയിലേക്ക് എത്തിക്കുകയാണ് പതിവ്.

ഓരോ ജില്ലയിലെയും സൈബർ സെല്ലുകളുമായി ചേർന്നാണ് സ്‌പെക്ട്ര എത്തിച്ചു കേസന്വേഷണം നടക്കുന്നത്. പെരുമ്പാവൂർ ജിഷ കൊലക്കേസ്, അടിമാലി ഇരുമ്പുപാലത്ത് കുഞ്ഞൻപിള്ള കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പൊലീസിനെ സഹായിച്ചത് സ്‌പെക്ട്രയാണ്. കുറ്റകൃത്യങ്ങൾക്ക് മുൻപും ശേഷവും ഫോൺ വഴി നടത്തുന്ന നീക്കങ്ങളും സംഭാഷണങ്ങളും സ്‌പെക്ട്രയിലൂടെ നിരീക്ഷിച്ച് കണ്ടെത്താനാകും. കേസ് അന്വേഷണത്തിൽ സ്‌പെക്ട്ര വലിയ സഹായം ചെയ്യുന്നുണ്ട്.

ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്നുള്ള വിളിയിൽ അനീഷ് കുടുങ്ങി

കമ്പകക്കാനത്തു നാലംഗ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കുടുങ്ങിയത് ഓട്ടോഡ്രൈവർ പൊലീസിനു നൽകിയ സൂചനയെ തുടർന്ന്. ഓട്ടത്തിനിടയിൽ അനീഷ് തന്റെ ഫോണിൽനിന്നു വിളിക്കാതെ ഓട്ടോക്കാരന്റെ ഫോണിൽനിന്ന് അടിമാലി കൊരങ്ങാട്ടിയിലുള്ള സുഹൃത്തിനെ വിളിച്ചതും അയാൾ തിരിച്ചു വിളിച്ചതുമാണ് കമ്പകക്കാനം കൂട്ടക്കൊലക്കേസുമായി ബന്ധമുള്ളയാളാണ് ഓട്ടോയിൽ ഉണ്ടായിരുന്നതെന്ന് ഡ്രൈവർക്ക് മനസ്സിലാകാൻ കാരണമായത്.

അടിമാലി കൊരങ്ങാട്ടി ആദിവാസി കോളിനിയിലെ അനീഷിനെ നേര്യമംഗലത്തെ ഒരു വീട്ടിൽനിന്നു ചൊവ്വാഴ്ച രാത്രി 11 മണിയോടെ നാട്ടുകാരുടെ സഹായത്തോടെയാണു പൊലീസ് പിടികൂടിയത്. കുറത്തി, ആവുറുകുട്ടി വനമേഖലയിൽ സഞ്ചരിച്ച് മാമലക്കണ്ടത്ത് ചൊവ്വാഴ്ച രാത്രി എട്ടോടെ ഇയാൾ എത്തി. ഇവിടെനിന്നു നേര്യമംഗലത്തേക്ക് ഓട്ടോ വിളിച്ചു. നേര്യമംഗലം 46 ഏക്കർ സ്ഥലത്തുള്ള വീടായിരുന്നു ലക്ഷ്യം. ഓട്ടത്തിനിടയിൽ അനീഷ് തന്റെ ഫോണിൽനിന്നു വിളിക്കാതെ ഓട്ടോക്കാരന്റെ ഫോണിൽനിന്ന് അടിമാലി കൊരങ്ങാട്ടിയിലുള്ള സുഹൃത്തിനെ വിളിച്ചു. സുഹൃത്ത് ഫോൺ എടുത്തില്ല. നേര്യമംഗലത്ത് ലക്ഷ്യം വച്ച വീടിനു ഏകദേശം 150 മീറ്റർ അകലെവച്ച് ഇയാൾ ഇറങ്ങി. ഈ സമയം പ്രതിയുടെ െകെയിൽ തുച്ഛമായ രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഓട്ടോക്കാരൻ പൊലീസിനോട് പറഞ്ഞു.

മടക്കയാത്രയിൽ പ്രതിയുടെ സുഹൃത്ത് ഓട്ടോക്കാരന്റെ ഫോണിലേക്ക് തിരിച്ച് വിളിച്ചതാണു വഴിത്തിരിവായത്. സംസാരമധ്യേ ഓട്ടോയിൽ സഞ്ചരിച്ചയാൾ കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നു ഡ്രൈവർക്ക് ബോധ്യമായതോടെ ഓട്ടോക്കാരൻ അടിമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അടിമാലി പൊലീസ് കാളിയാർ സിഐയെ വിവരം അറിയിച്ചു. ഊന്നുകൽ പൊലീസ് ഉൾപ്പെട വൻ പൊലീസ് സന്നാഹം നാട്ടുകാരുടെ സഹായത്തോടെ അനീഷ് ഒളിച്ചിരുന്ന വീട് വളഞ്ഞു.

ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരിന്നില്ല. വീടിനു സമീപമുള്ള കുളിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയുടെ ആയുധമുണ്ടോയെന്ന് സംശയിച്ച പൊലീസ് വാതിൽ പുറമെനിന്നു പൂട്ടിയശേഷം ഇയാളെ കീഴ്പ്പെടുത്താനുള്ള തയ്യാറെടുപ്പ് നടത്തി. തുടർന്നാണ് പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടിയത്. പ്രതി ഒളിച്ചിരുന്ന വീട് ഇടുക്കി പഴയരികണ്ടം സ്വദേശിയായ അദ്ധ്യാപികയും കുടുംബവും വാടകയ്ക്കു താമസിക്കുന്നതാണ്. നേര്യമംഗലം ഗവ. െഹെസ്‌കൂളിൽ ജോലിയുള്ള അദ്ധ്യാപിക ഭർത്താവും മകനുമൊത്താണ് ഇവിടെ താമസിക്കുന്നത്. പ്രതിക്ക് ഈ കുടുംബവുമായി പരിചയമുള്ളതിനാൽ സാമ്പത്തിക സഹായത്തിനോ, ഒളിവിൽ കഴിയാനോ ആയിരിക്കാം ഇവിടെയെത്തിയെന്ന നിഗമനത്തിലാണു പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച അദ്ധ്യാപികയും കുടുംബവും നാട്ടിൽ പോയിട്ട് തിരികെ വന്നിട്ടില്ല.

കഴിഞ്ഞ മാസം 29നാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനുശേഷം അടിമാലിയിലേക്കു കടന്ന പ്രതി പൊലീസ് അന്വേഷിക്കുന്നുണ്ടെന്നു പത്രങ്ങളിൽനിന്നറിഞ്ഞതോടെയാണു മാങ്കുളം പിച്ചാട് വനമേഖലയിലേക്കു കടന്നത്. ഈ പ്രദേശങ്ങളിൽ നിരവധി ആദിവാസി കോളനികളുണ്ട്. പിച്ചാട് വനമേഖലയിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തെത്തുടർന്നു ദിവസങ്ങളോളം അടിമാലി പൊലീസ് വനമേഖലയിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസിലെ രണ്ടാംപ്രതി തൊടുപുഴ കീരിക്കോട് സ്വദേശി ലിബീഷ് ബാബുവിനെ കഴിഞ്ഞ ദിവസമാണു പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP