Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

62388 30969 എന്ന നമ്പർ സിം എടുത്ത് കവർ പൊട്ടിക്കാതെ സ്പീക്കർക്കു കൈമാറിയോ? സ്വർണ്ണ കടത്തിൽ സ്വപ്‌ന ബന്ധം ചർച്ചയായപ്പോൾ ഫോൺ സ്വിച്ച് ഓഫ്; പൊന്നാനിക്കാരൻ നാസറിന്റെ മൊഴി അതിനിർണ്ണായകമാകും? സ്പീക്കറെ വിടാതെ പിന്തുടരാൻ കസ്റ്റംസ്; ഇനിയുള്ള ദിനങ്ങൾ നിർണ്ണായകം

62388 30969 എന്ന നമ്പർ സിം എടുത്ത് കവർ പൊട്ടിക്കാതെ സ്പീക്കർക്കു കൈമാറിയോ? സ്വർണ്ണ കടത്തിൽ സ്വപ്‌ന ബന്ധം ചർച്ചയായപ്പോൾ ഫോൺ സ്വിച്ച് ഓഫ്; പൊന്നാനിക്കാരൻ നാസറിന്റെ മൊഴി അതിനിർണ്ണായകമാകും? സ്പീക്കറെ വിടാതെ പിന്തുടരാൻ കസ്റ്റംസ്; ഇനിയുള്ള ദിനങ്ങൾ നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്പീക്കർക്കെതിരായ പ്രമേയം നിയമസഭയിൽ പൊളിഞ്ഞു. എല്ലാം കെട്ടുകഥയെന്ന് സ്പീക്കർ പറയുകയും ചെയ്തു. ഇതിനിടെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്ത ചർച്ചയാവുകയാണ്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉപയോഗിച്ച രഹസ്യ സിംകാർഡിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

മലപ്പുറം പൊന്നാനി സ്വദേശി നാസർ ഇന്ന് രാവിലെ പത്തരയ്ക്കു കസ്റ്റംസിന് മുമ്പിൽ ഹാജരായി. 62388 30969 എന്ന നമ്പർ സിം എടുത്ത് കവർ പൊട്ടിക്കാതെ സ്പീക്കർക്കു കൈമാറുകയായിരുന്നു എന്നാണ് സംശയം. സ്പീക്കറുടെ സ്വപ്ന ബന്ധം വിവാദമായതോടെ ഈ സിംകാർഡുള്ള ഫോൺ ഓഫാക്കുകയായിരുന്നു. ഇപ്പോഴും ഈ ഫോൺ സ്വിച്ച് ഓഫാണ്. ഈ ഫോൺ സ്പീക്കർക്ക് തലവേദനയാകുമെന്നാണ് സൂചന.

മന്ത്രി കെ.ടി. ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇവരുടെ അടുത്ത സൗഹൃദ വലയത്തിൽ ഉള്ള ആളാണ് നാസ് അബ്ദുല്ല എന്ന നാസർ. വിദേശത്തായിരുന്ന ഇദ്ദേഹം നാലു വർഷം മുമ്പാണ് നാട്ടിലെത്തിയത്. ഇയാളുടെ മൊഴി കേസിൽ അതിനിർണ്ണായകമാണ്. ഈ ഫോണിൽ നാസർ നൽകുന്ന മൊഴി അതിനിർണ്ണായകമാണ്. കേസിൽ സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നതെന്നായിരുന്നു ആദ്യം ഉണ്ടായിരുന്ന സൂചന. എന്നാൽ ഇതിന് അപ്പുറത്തേക്ക് കാര്യങ്ങൾ എത്തുകയാണ്.

സ്പീക്കർ ഒരു ബാഗ് തങ്ങൾക്ക് കെമാറിയെന്ന സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിൽ ഒന്നിന്റെ ചുമതല വഹിക്കുന്ന പി. ശ്രീരാമകൃഷ്ണന് ഡോളർ കടത്ത് കേസിൽ കുരുക്കായത്. ആ മൊഴി നൽകിയത് സ്വർണക്കടത്ത് കേസിലെ പ്രതികളാണ് എന്നതും ബാഗിൽ അനധികൃതമായി കടത്താൻ ഉദ്ദേശിച്ച ഡോളർ ആയിരുന്നു എന്നതും ഗൗരവം വർധിപ്പിക്കുന്നു. 2020-ന്റെ മധ്യത്തിൽ കത്തിത്തുടങ്ങിയ വിവാദം 2021-ലേക്ക് കടക്കുമ്പോൾ ഉന്നതരിലേക്ക് കേസിന്റെ അന്വേഷണം നീളുകയാണ്. ഇതാണ് നിയമസഭയിൽ ഇന്ന് ചർച്ചയായതും. എല്ലാ ആരോപണവും സ്പീക്കർ നിഷേധിക്കുകയും ചെയ്തു.

കസ്റ്റംസിന് മുന്നിൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കേരള നിയമസഭയുടെ അധ്യക്ഷൻ എത്തേണ്ടി വരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രതി പട്ടികയിൽ പി ശ്രീരാമകൃഷ്ണൻ എന്ന പേര് എഴുതി ചേർക്കുമോ അതോ അദ്ദേഹത്തിന് നിരപരാധിത്വം തെളിയിക്കാനാകുമോ എന്നത് ചോദ്യം ചെയ്യലിൽ നൽകുന്ന മറുപടികളെ ആശ്രയിച്ചിരിക്കും. കഴിഞ്ഞ വർഷം ജൂലായിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് സ്വർണമടങ്ങുന്ന ഒരു ബാഗ് പിടിച്ചെടുക്കുന്നു. ആ ബാഗിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സ്വപ്ന സുരേഷ് എന്ന കോൺസുലേറ്റ് ഉദ്യോഗസ്ഥയിലേക്ക് എത്തുകയും അവർ അറസ്റ്റിലാകകയും ചെയ്തതോടെ സ്വപ്നയോട് ബന്ധമുള്ളവരെയെല്ലാം കണ്ടുപിടിക്കാനുള്ള അനേഷണത്തിലായിരുന്നു അന്വേഷണ ഏജൻസികളും പ്രതിപക്ഷവും മാധ്യമങ്ങളും. ഇതിനിടെ സ്വപ്ന കേരള രാഷ്ട്രീയത്തിലെയും ഭരണതലപ്പത്തെയും പല പ്രമുഖരോടൊപ്പം ചടങ്ങുകളിൽ പങ്കെടുത്ത ദൃശ്യങ്ങളും പുറത്തുവന്നു.

അതിലൊന്ന് സ്വപ്നയ്ക്കൊപ്പം സ്വീക്കർ വേദി പങ്കിടുന്നതായിരുന്നു. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കർ പോയപ്പോഴുള്ള ദൃശ്യങ്ങളായിരുന്നു അത്. ദൃശ്യങ്ങൾ പ്രചരിക്കുകയും പിന്നാലെ പ്രതിപക്ഷം സ്പീക്കർക്കെതിരെ വരികയും ചെയ്തതോടെ സ്പീക്കർ വിശദീകരണവുമായി രംഗത്തെത്തി. കോൺസുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയിലാണ് സ്വപ്നയെ പരിചയപ്പെട്ടതെന്നും നിർബന്ധിച്ചതു കൊണ്ടാണ് ഉദ്ഘാടനത്തിന് പോയതെന്നുമായിരുന്നു സ്പീക്കറുടെ വിശദീകരണം. ഇത് ആവർത്തിക്കുന്ന തരത്തിലാണ് ഇന്ന് സഭയിലും സ്പീക്കർ മറുപടി നൽകിയത്.

സ്വപ്നയുടെ രഹസ്യമൊഴിയിലെ പേരുകൾ കേട്ട് കോടതി ഞെട്ടിയെന്ന വാർത്ത പുറത്തുവന്നതോടെ വീണ്ടും സ്പീക്കർക്ക് നേരെയുള്ള ആരോപണങ്ങൾ കടുത്തു. അതിലൊരാൾ ഭരണഘടനാ പദവി വഹിക്കുന്ന ആളാണ് എന്നും ചില സൂചനകൾ പുറത്തുവന്നു. പിന്നാലെ കോടതി കേട്ട് ഞെട്ടിയ പേരുകളിലൊന്ന് സ്പീക്കറുടേതാണെന്ന ആരോപണവുമായി ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. ഈ ആരോപണത്തിന്റെ ചുവട് പിടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഈ ആരോപണങ്ങൾ നിലനിൽക്കവേയാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തകൾ വരുന്നത്.

കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് സ്വപ്നയെ പരിചയമുണ്ട്. എന്നാൽ വിദേശത്ത് യാതൊരു കൂടിക്കാഴ്ചയും പ്രതികളുമായി നടത്തിയിട്ടില്ലെന്നു വ്യക്തമാക്കിയ ശ്രീരാമകൃഷ്ണൻ സ്പീക്കർ പദവിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറയുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP