Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാപകൽ തയ്യൽ ജോലി ചെയ്യുന്ന അമ്മ; വർഷങ്ങളായി തളർന്ന് കിടക്കുന്ന അച്ഛൻ പുഷ്പാകരൻ; കഷ്ടപാടുകൾക്കിടെ പൊലീസുകാരിയായത് കഷ്ടപ്പെട്ട് പഠിച്ച്; സജീവിനെ ജീവിത പങ്കാളിയാക്കിയത് രണ്ടാംവർഷ ബിരുദ പഠനത്തിനിടെ; പ്ലംബറായ ഭർത്താവ് തുടർപഠനം സാധ്യമാക്കിയപ്പോൾ കിട്ടിയെ പൊലീസ് ഉദ്യോഗം; പിന്നെ സജീവ് ജീവിതം പച്ചപിടിപ്പിക്കാൻ സൗദി വഴി എത്തിയത് ലിബിയയിലും; അജാസിന്റെ പകയെടുത്തത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷയെ; പെട്രോൾ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാൻ നോക്കിയ സഹപ്രവർത്തകയെ

രാപകൽ തയ്യൽ ജോലി ചെയ്യുന്ന അമ്മ; വർഷങ്ങളായി തളർന്ന് കിടക്കുന്ന അച്ഛൻ പുഷ്പാകരൻ; കഷ്ടപാടുകൾക്കിടെ പൊലീസുകാരിയായത് കഷ്ടപ്പെട്ട് പഠിച്ച്; സജീവിനെ ജീവിത പങ്കാളിയാക്കിയത് രണ്ടാംവർഷ ബിരുദ പഠനത്തിനിടെ; പ്ലംബറായ ഭർത്താവ് തുടർപഠനം സാധ്യമാക്കിയപ്പോൾ കിട്ടിയെ പൊലീസ് ഉദ്യോഗം; പിന്നെ സജീവ് ജീവിതം പച്ചപിടിപ്പിക്കാൻ സൗദി വഴി എത്തിയത് ലിബിയയിലും; അജാസിന്റെ പകയെടുത്തത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷയെ; പെട്രോൾ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാൻ നോക്കിയ സഹപ്രവർത്തകയെ

മറുനാടൻ മലയാളി ബ്യൂറോ

വള്ളികുന്നം : വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യ പുഷ്‌കരൻ പിടഞ്ഞ് മരിച്ചത് സ്വന്തം വീടിന് മുന്നിൽവച്ച്. ക്ലാപ്പനയിലെ കുടുംബവീട്ടിൽ നിന്നു മക്കളെയും കൊണ്ട് വള്ളികുന്നത്തെ വീട്ടിലേക്കുള്ള യാത്ര സൗമ്യയ്ക്കു പതിവാണ്. കൊല്ലം തഴവയിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയശേഷം സ്‌കൂട്ടറിൽ വള്ളികുന്നം കാഞ്ഞിപ്പുഴയ്ക്ക് സമീപം തെക്കേമുറിയിലെ വീടിന് മുന്നിലെത്തിയപ്പോഴാണ് ആലുവ ട്രാഫിക് പൊലീസിലെ അജാസിന്റെ അക്രമത്തിനിരയാകുന്നത്. കുടുംബത്തിന് വേണ്ടി കഠിനാധ്വാനംചെയ്യുന്ന പെൺകുട്ടിയായിരുന്നു സൗമ്യ. കൂടുതൽ മെച്ചപ്പെട്ട ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയത്. ഇതിനായി ഇവർ നല്ല തയ്യാറെടുപ്പും നടത്തിയിരുന്നു. ഇതെല്ലാം വെറുതെയാക്കിയായാണ് കൊലപാതകം.

11 വർഷം മുമ്പ് കൊല്ലം എസ്എൻ കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കൊല്ലം ക്ലാപ്പനയിൽ വരവിള തണ്ടാശേരിയിൽ പുഷ്‌കരൻ-ഇന്ദിര ദമ്പതികളുടെ മകൾ സൗമ്യയെ സജീവ് വിവാഹം കഴിക്കുന്നത്. സജീവിന് പ്ലംബിങ് ജോലിയായിരുന്നു. വിവാഹശേഷം തുടർപഠനത്തിന് സൗമ്യയെ വിട്ടത് സജീവായിരുന്നു. നാല് വർഷം മുമ്പാണ് സൗമ്യക്ക് പൊലീസിൽ ജോലി ലഭിച്ചത്. ഇതിനിടയിൽ സജീവ് സൗദിയിൽ ജോലി നോക്കി. തിരികെയെത്തി രണ്ട് വർഷത്തോളം നാട്ടിൽ നിന്ന ശേഷമാണ് മൂന്നാഴ്ച മുമ്പ് ലിബിയയിലേക്ക് പോയത്. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. സൗമ്യയുടെ കുടുംബ പശ്ചാത്തലം കഷ്ടപാടിന്റേതാണ്. കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര രാപകൽ തയ്യൽ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരൻ വർഷങ്ങളായി തളർന്നു കിടപ്പാണ്. ബിരുദം പാസായ സൗമ്യ കഠിനപരിശ്രമത്തിലൂടെ പൊലീസിൽ ജോലി നേടി. ഇത് കുടുംബത്തിന് താങ്ങും തണലുമായി.

സൗമ്യയുടെ മൂന്നു മക്കളിൽ ഇളയവളായ 4 വയസ്സുകാരി ഋതിക ക്ലാപ്പനയിലെ വീട്ടിലാണ് നിൽക്കുന്നത്. സൗമ്യ ജോലിക്കു പോകുന്നതിനാൽ അങ്കണവാടിയിൽ പോകാനുള്ള സൗകര്യത്തിനാണ് കുട്ടിയെ ഇവിടെു നിർത്തുന്നത്. മിക്കപ്പോഴും സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളികുന്നത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നാലു ദിവസം മുൻപും സൗമ്യ വന്നിരുന്നു. സൗമ്യയും കുടുംബവും അടുത്തിടെയാണ് വള്ളികുന്നത്തെ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.

കൊല്ലം തഴവയിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയശേഷം സ്‌കൂട്ടറിൽ വള്ളികുന്നം കാഞ്ഞിപ്പുഴയ്ക്ക് സമീപം തെക്കേമുറിയിലെ വീടിന് മുന്നിലെത്തിയപ്പോഴാണ് ആലുവ ട്രാഫിക് പൊലീസിലെ അജാസിന്റെ അക്രമത്തിനിരയാകുന്നത്. ഈ സമയത്ത് പരിസരത്ത് ആരുമുണ്ടായിരുന്നില്ല. തൃശൂർ പൊലീസ് ക്യാമ്പിൽ സൗമ്യയുടെ ഇൻസ്ട്രക്ടറായ അജാസിന് ഈ വീടും പരിസരവും അറിയാമായിരുന്നു. സ്‌കൂട്ടറിൽ പോയ സൗമ്യയെ കാറിൽ പിന്തുടർന്ന ഇയാൾ വീടിനടുത്തെത്തിയപ്പോഴാണ് ഇടിച്ചുവീഴ്‌ത്തി കഴുത്തിന് വെട്ടിയശേഷം പെട്രോൾ ഒഴിച്ച് തീവച്ചത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും സംഭവസ്ഥലത്തുതന്നെ സൗമ്യ മരിച്ചു.

തൃശൂർ ക്യാമ്പിലെ പരിശീലനത്തിനുശേഷം മൂന്ന് വർഷം മുമ്പ് വള്ളികുന്നം പൊലീസ് സ്‌റ്റേഷനിൽ ജോലി ആരംഭിച്ച സൗമ്യ സ്റ്റുഡന്റ് പൊലീസ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വട്ടയ്ക്കാട് കെകെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്‌പിസി ഡ്രിൽ ഇൻസ്ട്രക്ടറായ ഈ മുപ്പതുകാരി ശനിയാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട് ഇവിടെ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്‌കൂളിലെ കുട്ടികൾക്ക് പ്രിയങ്കരിയായിരുന്നു ഇവർ.

എല്ലാം കരുതിക്കൂട്ടി

സൗമ്യയെ കൊലപ്പെടുത്താൻ അജാസെത്തിയത് പ്രത്യേകം പണിയിച്ച ആയുധങ്ങളുമായിട്ടാണ്. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വാങ്ങാൻ കിട്ടുന്നതല്ല. സാധാരണ കത്തിയേക്കാൾ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂർച്ചയുമുണ്ട്. സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാൾ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ലീവിലായിരുന്നെന്നും സൂചനയുണ്ട്. അവധിയെടുത്ത് സൗമ്യയെ നിരീക്ഷിക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ മജിസ്‌ട്രേട്ട് മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ സംസാരത്തിൽ അവ്യക്തതയുണ്ടായിരുന്നതിനാൽ സാധിച്ചില്ല. ഇന്നു വീണ്ടും മൊഴിയെടുക്കാൻ ശ്രമിക്കുമെന്നു പൊലീസ് പറഞ്ഞു.

സൗമ്യയുടെ നീക്കങ്ങൾ പ്രതി കൃത്യമായി നിരീക്ഷിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പിഎസ്‌സി പരീക്ഷ എഴുതാൻ പോകുമെന്നും ഏത് വഴി സൗമ്യ സഞ്ചരിക്കുമെന്നും ഇയാൾക്ക് അറിവുണ്ടായിരുന്നു. കൊലപാതകം നടത്താൻ കരുതിക്കൂട്ടി, തയ്യാറെടുപ്പോടെയാണ് അജാസ് എത്തിയത്. തൃശൂരിൽ പൊലീസ് ടെയിനിങ് കാലത്ത് സൗമ്യയുടെ പരിശീലകസംഘത്തിൽ അജാസുണ്ടായിരുന്നു. സൗമ്യയോട് അജാസിനു മുൻവൈരാഗ്യമുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് പറയുന്നു. സ്റ്റുഡന്റ് പൊലീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും സൗമ്യ പ്രിയങ്കരിയായിരുന്നു.

കണ്ടത് വലിയൊരു തീ ഗോളം

അക്രമം കണ്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ആളിക്കത്തുന്ന തീഗോളമാണ്. ഒരുവിധത്തിലും അടുത്തെത്താൻ കഴിയാത്തതിനാൽ രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു. സമീപത്തുതന്നെ ദേഹത്തു തീ പടർന്ന നിലയിൽ പ്രതി അജാസുമുണ്ടായിരുന്നു. തീകെടുത്തിയശേഷം നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറി.

'വല്ലാത്തൊരു അലർച്ചകേട്ടു, വീടിനു പുറത്തേക്കുനോക്കിയപ്പോൾ ഒരാൾ നിലത്ത് കത്തിക്കരിയുന്നതാണ് കണ്ടത്. സമീപത്തെ പൈപ്പിൻചുവട്ടിൽ വെള്ളം തുറന്നുവിട്ടുകൊണ്ട് മറ്റൊരാളും. ആരെയും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല''- ഏറെ പ്രയാസപ്പെട്ടാണ് സംഭവത്തെപ്പറ്റി അദബിയ ഓർത്തെടുത്തത്. വള്ളികുന്നം തെക്കേമുറി നാലുവിളക്ക് സമീപമുള്ള യൂബ്ര മൻസിലിനുമുന്നിലാണ് ക്രൂരത നടന്നത്. അദവിയയും മരുമകൾ തസ്നിയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. തസ്നി അകത്തെ മുറിയിലായിരുന്നു.

സൗമ്യയുടെ അലർച്ചകേട്ട് ആദ്യംപുറത്തേക്കുവന്നത് അദബിയയാണ്. തീയുംപുകയുംനിലവിളിയുമെല്ലാംചേർന്ന് പേടിപ്പെടുത്തുന്ന ദൃശ്യമായിരുന്നു അവർകണ്ടത്. പൈപ്പിൻചുവട്ടിൽ വസ്ത്രങ്ങളെല്ലാം കത്തിയനിലയിലായിരുന്നു പ്രതി അജാസ്. നിമിഷങ്ങൾക്കകം ആളുകൾ ഓടിക്കൂടി. അപ്പോഴേക്കും സൗമ്യമരിച്ചിരുന്നു.

പെട്രോൾ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാൻ നോക്കിയ സഹപ്രവർത്തകയെ

അസിസ്റ്റന്റ് പരീക്ഷയ്ക്കു തഴവ എവിഎച്ച്എസിൽ പോയ ശേഷം 4 മണിയോടെയാണു സൗമ്യ മടങ്ങിയെത്തിയത്. വീട്ടിലെത്തിയ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കു പോകാനായി ഇറങ്ങുകയും ചെയ്തു. വീടിനു മുന്നിലെ ടാറിട്ട റോഡിൽ സൗമ്യയെ കാത്ത് അജാസ് കാറിലിരുന്നു. സൗമ്യ സ്‌കൂട്ടറിൽ ചെറിയ മൺറോഡിലൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങിയെന്നു മനസ്സിലാക്കിയ അജാസ് കാർ ഇരപ്പിച്ചു മുന്നോട്ടു മൺറോഡിലൂടെ കയറ്റി സ്‌കൂട്ടറിൽ ഇടിച്ചു വീഴ്‌ത്തി.

അജാസ് ആണു കാറിലുള്ളതെന്നു തിരിച്ചറിഞ്ഞ സൗമ്യ രക്ഷപ്പെടാനായി വീടിനോടു ചേർന്നുള്ള കനാലിനു കുറുകെയുള്ള സ്ലാബിലൂടെ, അയൽക്കാരനായ മുസ്തഫയുടെ വീട്ടിലേക്ക് ഓടി. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയും കൊടുവാളുമെടുത്തു പിന്തുടർന്ന അജാസ് അയൽവീടിന്റെ മുറ്റത്തുവച്ചു കൊടുവാൾ കൊണ്ടു സൗമ്യയെ വെട്ടി. രക്ഷപ്പെടാൻ മുന്നോട്ടോടിയപ്പോൾ പിന്തുടർന്നു വീണ്ടും കഴുത്തിൽ വെട്ടിവീഴ്‌ത്തുകയും കത്തി കൊണ്ടു കുത്തുകയും ചെയ്തു. സൗമ്യ നിലത്തു വീണശേഷം പ്രതി കാറിനടുത്തെത്തി പെട്രോൾ കുപ്പിയും ലൈറ്ററുമെടുത്തു. സൗമ്യയെ ദേഹത്തു പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്ന് അജാസിനും പൊള്ളലേറ്റു. പ്രാണവേദനയോടെ ഓടിയ അജാസ് അടുത്തുള്ള പൈപ്പ് വലിച്ചുപൊട്ടിച്ച് അതിന്റെ ചുവട്ടിലിരുന്നു.

ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും തീ പടർന്നുകഴിഞ്ഞിരുന്നു. മൊഴിയെടുക്കാൻ ആശുപത്രിയിൽ മജിസ്‌ട്രേട്ട് എത്തിയെങ്കിലും അജാസ് സംസാരിച്ചിട്ടില്ല. ഇൻക്വസ്റ്റിനു ശേഷം സൗമ്യയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP