Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

വീട്ടിൽ വച്ച് അണലി കടിച്ചപ്പോൾ ഉത്രയുടെ പാദത്തിൽ ചോര ഉണങ്ങിയ പാട് കണ്ടുവെന്നും താനാണ് ആ ഭാഗത്ത് ഷാൾ ഉപയോഗിച്ച് കെട്ടിയതെന്നും അച്ഛൻ; ആദ്യ തവണ പാമ്പിന്റെ കടിയേറ്റപ്പോൾ അത് കടിപ്പിച്ചതാണെന്ന് അറിഞ്ഞില്ലെന്ന് സഹോദരി; മകൻ പാമ്പിനെ ചാക്കിലാക്കി പോകുന്നതും കണ്ടുവെന്ന് അമ്മ; ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് മകൻ ഒറ്റയ്‌ക്കെന്ന് ആവർത്തിച്ച് കുടുംബം; മൂന്ന് പവന്റെ മാലയും രേണുക പൊലീസിന് നൽകി; കൊലയിൽ സൂരജിനെ കുടുംബവും കൈവിടുമ്പോൾ

വീട്ടിൽ വച്ച് അണലി കടിച്ചപ്പോൾ ഉത്രയുടെ പാദത്തിൽ ചോര ഉണങ്ങിയ പാട് കണ്ടുവെന്നും താനാണ് ആ ഭാഗത്ത് ഷാൾ ഉപയോഗിച്ച് കെട്ടിയതെന്നും അച്ഛൻ; ആദ്യ തവണ പാമ്പിന്റെ കടിയേറ്റപ്പോൾ അത് കടിപ്പിച്ചതാണെന്ന് അറിഞ്ഞില്ലെന്ന് സഹോദരി; മകൻ പാമ്പിനെ ചാക്കിലാക്കി പോകുന്നതും കണ്ടുവെന്ന് അമ്മ; ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് മകൻ ഒറ്റയ്‌ക്കെന്ന് ആവർത്തിച്ച് കുടുംബം; മൂന്ന് പവന്റെ മാലയും രേണുക പൊലീസിന് നൽകി; കൊലയിൽ സൂരജിനെ കുടുംബവും കൈവിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സൂരജ് ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് സംബന്ധിച്ച് തങ്ങൾക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്ന നിലപാടിൽ ഉറച്ച് സൂരജിന്റെ പിതാവ് സുരേന്ദ്രനും അമ്മ രേണുകയും സഹോദരി സൂര്യയും. ഉത്രയെ സൂരജ് ഒരിക്കലും കൊല്ലില്ലെന്ന നിലപാടാണ് പരസ്യമായി അമ്മയും സഹോദരിയും എടുത്തിരുന്നത്. ഇതാണ് പൊലീസിന് മുമ്പിൽ മാറ്റി പറയുന്നത്. തങ്ങൾക്ക് ഇതേ പറ്റി ഒന്നും അറിയില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്.

ഉത്ര മെയ്‌ 6ന് രാത്രി സ്വന്തം വസതിയായഅഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വച്ച് മൂർഖന്റെ കടിയേറ്റു മരിച്ചതിനെ കുറിച്ചാണ് അറിയില്ലെന്ന നിലപാടിൽ ഇവർ ഉറച്ചു നിന്നത്. ഇന്നലെ ഇവർ മൂവരെയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്തപ്പോഴും നിലപാട് ആവർത്തിച്ചു. ആദ്യ തവണ തങ്ങളുടെ വീട്ടിൽ വച്ചു പാമ്പിന്റെ കടിയേറ്റപ്പോൾ അത് കടിപ്പിച്ചതാണെന്ന് അറിഞ്ഞില്ലെന്നും അവർ പറഞ്ഞു. ഇതോടെ പാമ്പു കടിയിൽ സൂരജിനെ കുടുംബം ഒറ്റപ്പെടുകയാണ്.

Stories you may Like

വീട്ടിൽ വച്ച് അന്ന് ഉത്രയുടെ പാദത്തിൽ ചോര ഉണങ്ങിയ പാട് കണ്ടുവെന്നും താനാണ് ആ ഭാഗത്ത് ഷാൾ ഉപയോഗിച്ച് കെട്ടിയതെന്നും സുരേന്ദ്രൻ പറഞ്ഞു. ഉത്ര വേദനകൊണ്ട് നിലവിളിച്ചപ്പോഴാണ് ആശുപത്രിയിൽ കൊണ്ടു പോയത്. ഈ സംഭവത്തിനും ദിവസങ്ങൾക്ക് മുമ്പ് വീടിന്റെ സ്റ്റെയർകേസിൽ പാമ്പിനെ കണ്ട ഉത്ര ബഹളുമുണ്ടാക്കി ഇറങ്ങി വന്നതും സൂരജ് പാമ്പിനെ ചാക്കിലാക്കി പോകുന്നതും താൻ കണ്ടുവെന്ന് രേണുക പറഞ്ഞു. ഇതും സൂരജിനെതിരായ തെളിവായി മാറും.

ഇന്നലെ ചോദ്യം ചെയ്യലിന് വിധേയയാകാൻ എത്തിയ രേണുക ഉത്രയുടെ മുന്നു പവന്റെ മാല തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞ് അത് പൊലീസിന് കൈമാറി. ഇതോടെ ഉത്രയുടെ 98 പവൻ സ്വർണത്തിന്റെ കണക്ക് ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്നലെ ഏഴുമണിവരെ സൂരജിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ശേഷം രേണുകയെയും സൂര്യയെയും വിട്ടയച്ചു.

സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും എട്ടുമണിക്കൂറോളം അന്വേഷണസംഘം ചോദ്യംചെയ്തു. ഗൂഢാലോചനയിൽ ഇരുവർക്കുമുള്ള പങ്ക് കണ്ടെത്തുന്നതിനാണ് റൂറൽ എസ്‌പി. ഹരിശങ്കറും ഡിവൈ.എസ്‌പി. അശോകനും ഉൾപ്പെട്ട സംഘം ചോദ്യംചെയ്തത്. കൊലപാതക ഗൂഢാലോചനയിൽ ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളും മൊഴികളും ലഭിക്കാത്തതിനാൽ ഇരുവരെയും തത്കാലം വിട്ടയച്ചു. കേസ് സംബന്ധമായ ചില നിർണായക നടപടികൾ പൂർത്തിയാക്കി ഇവരെ വീണ്ടും ചോദ്യംചെയ്യാനാണ് സംഘത്തിന്റെ തീരുമാനം.

രാവിലെ പത്തരയോടെയാണ് ഇരുവരെയും ചോദ്യംചെയ്യാനായി കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. സുരേന്ദ്രനെയും സൂരജിനെയും ഇവർക്കൊപ്പമിരുത്തി ചോദ്യംചെയ്തു. എല്ലാവരും മുൻപുനൽകിയ മൊഴികളിൽ ഉറച്ചുനിന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉത്രയുടെ വീട്ടുകാർ സൂരജിന് വിവാഹത്തിന് നൽകിയിരുന്ന സ്വർണമാല തിരികെനൽകാൻ പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് രേണുക മാല പൊലീസിനെ ഏൽപ്പിച്ചത്.

സൂരജ് അറസ്റ്റിലാകുന്നതിനുമുൻപാണ് മാല രേണുകയെ ഏൽപ്പിച്ചത്. ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് തങ്ങൾക്കറിയില്ലെന്നാണ് സൂരജിന്റെ ബന്ധുക്കളുടെ മൊഴി. ചെറുപ്രായംമുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവുമുള്ളയാളായിരുന്നു സൂരജ്. പലതരത്തിലുള്ള നായ്ക്കളെയും മറ്റു ജീവികളെയും വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്. അക്കൂട്ടത്തിലാണ് പാമ്പുകളെയും കൊണ്ടുവന്നത്. സൂരജിന്റെ വിനോദമായിട്ടു മാത്രമേ ഇതിനെ കണ്ടിട്ടുള്ളൂവെന്നാണ് അച്ഛന്റേയും അമ്മയുടേയും സഹോദരിയുടേയും മൊഴി.

ഏറ്റവും അടുപ്പമുണ്ടായിരുന്നവരോടുപോലും ഇവർ വീട്ടിൽ അണലിയെ കണ്ടവിവരം മറച്ചുവയ്ക്കുകയും ഉത്രയെ കടിച്ചത് ചേരയാണെന്ന് പറയുകയും ചെയ്തുവെന്നതിന് പൊലീസിന് തെളിവുലഭിച്ചിട്ടുണ്ട്. ഉത്രയെ അവഹേളിച്ചിരുന്നുവെന്നതിന് സാക്ഷിമൊഴിയും ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികൾ ഉറപ്പിച്ചശേഷം ഗൂഢാലോചനയുടെ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഇതിന് ശേഷം ഗാർഹിക പീഡനത്തിലും അന്വേഷണം നടക്കും.

ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. ഏപ്രിൽ 24 മുതൽ മെയ് ആറ് വരെയാണ് മൂർഖൻ പാമ്പിനെ സൂരജ് കുപ്പിയിൽ അടച്ച് സൂക്ഷിച്ചത്. കൃത്യം നടത്തിയ ദിവസം പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്കിട്ടപ്പോൾ പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജിന്റെ മൊഴിയിൽ പറയുന്നു. മെയ് ആറിന് അർധരാത്രി 12 മണിക്കും 12.30 നും ഇടയിലാണ് കൃത്യം നടത്തിയതെന്നും സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നേരത്തെ അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചത് അർധരാത്രി 12.45 നാണെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

സൂരജ് ഉത്രയെ കൊലപ്പെടുത്തുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് രേണുകയും സൂര്യയും അന്വേഷണസംഘത്തിന് നൽകിയ മൊഴി. എന്നാൽ സൂരജ് പലതവണ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP