Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിതാവ് വഴക്കു പറയുന്നത് സ്നേഹമില്ലാത്തതു കൊണ്ടാണെന്ന് ധരിച്ചു; മാതാവിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞപ്പോൾ രണ്ടു തവണ കുത്തി; പിറ്റേന്ന് ജോലി തേടി നാടുവിട്ടു; മരണവിവരം അറിയാതെ മടങ്ങി വന്നപ്പോൾ പൊലീസ് പിടിയിൽ: കൈയബദ്ധത്താൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് എംബിഎ ബിരുദധാരിയായ യുവാവ്

പിതാവ് വഴക്കു പറയുന്നത് സ്നേഹമില്ലാത്തതു കൊണ്ടാണെന്ന് ധരിച്ചു; മാതാവിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞപ്പോൾ രണ്ടു തവണ കുത്തി; പിറ്റേന്ന് ജോലി തേടി നാടുവിട്ടു; മരണവിവരം അറിയാതെ മടങ്ങി വന്നപ്പോൾ പൊലീസ് പിടിയിൽ: കൈയബദ്ധത്താൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് എംബിഎ ബിരുദധാരിയായ യുവാവ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പഠിച്ച് ഉന്നത നിലയിൽ എത്തിച്ചിട്ടും മികച്ച ജോലിയൊന്നും കിട്ടാതെ വന്നപ്പോൾ പിതാവ് വഴക്കു പറയുന്നത് സ്നേഹമില്ലാത്തതു കൊണ്ടാണെന്ന് മകൻ തെറ്റിദ്ധരിച്ചു. കിട്ടിയ ഒരവസരത്തിൽ പിതാവിനെ മർദിക്കുകയും കുത്തി വീഴ്‌ത്തുകയും ചെയ്തു. പിറ്റേന്ന് ജോലി തേടി നാടുവിട്ടു. പിതാവ് മരിച്ച വിവരം അറിയാതെ നാട്ടിൽ വന്നിറങ്ങുമ്പോൾ പൊലീസിന്റെ പിടിയിലുമായി. പത്തനംതിട്ട വള്ളിക്കോടാണ് മകന് പറ്റിയ കൈയബദ്ധം മൂലം പിതാവ് മരിച്ചത്. വള്ളിക്കോട് കുറന്തൽക്കടവ് കത്തുവേലിപ്പടിക്ക് സമീപം മായാലിൽ കൊട്ടാരത്തിൽ (സരിതാലയം) ജനാർദനൻ ആചാരി(63)യാണ് മകൻ സനേഷി(32)ന്റെ കുത്തേറ്റ് ചികിൽസയിൽ കഴിയുമ്പോൾ മരിച്ചത്.

മരണവിവരം അറിയാതെ ഇന്നലെ രാത്രി നാട്ടിലെത്തിയ സനേഷ് ചെന്നുപെട്ടത് കാത്തിരുന്ന പൊലീസിന്റെ വലയിലേക്ക്. കഴിഞ്ഞ 10 ന് വൈകിട്ട് 5.30 ന് വീട്ടിനുള്ളിൽ വച്ചാണ് സനേഷ് പിതാവ് ജനാർദനൻ ആചാരി(63)യെ കുത്തിപ്പരുക്കേൽപ്പിച്ചത്. വൈകിട്ട് വീട്ടിലെത്തിയപ്പോൾ ചോറ് വിളമ്പുന്നതുമായി ബന്ധപ്പെട്ട് സനേഷും മാതാവുമായി തർക്കമുണ്ടായി. ചോറെടുത്ത് മാതാവ് കാടിക്കലത്തിൽ തള്ളി. ദേഷ്യം കൊണ്ട് വിറച്ച സനേഷ് മാതാവിനെ മർദിച്ചു. തടസം പിടിക്കാൻ ജനാർദനൻ ആചാരി ശ്രമിച്ചു.

ഇതോടെ മകൻ പിതാവിന് നേരെ തിരിഞ്ഞു. ക്രൂരമായി മർദിക്കുകയും കൈയിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ട് രണ്ടു തവണ കുത്തുകയും ചെയ്തു. രക്തമൊലിപ്പിച്ച് ജനാർദനൻ ആചാരി അടുത്ത വീടിന്റെ പടിക്കൽ എത്തി കുഴഞ്ഞു വീണു. നാട്ടുകാർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു. 13 നാണ് ജനാർദനൻ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആദ്യം പറഞ്ഞത്. പോസ്റ്റുമോർട്ടത്തിൽ ശരീരത്തിന് മുന്നിലും പിന്നിലും നിന്ന് ഏറ്റ രണ്ടു കുത്തുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. പിന്നിൽ നട്ടെല്ലിനോട് ചേർന്നുണ്ടായ കുത്ത് ഹൃദയത്തിൽ 17 സെന്റീമീറ്ററും മുന്നിൽ കിട്ടിയ കുത്ത് പ്ലീഹയിലും തുളച്ച് കയറിയിരുന്നു.

പിതാവ് ആശുപത്രിയിൽ ആയതിന്റെ പിറ്റേന്ന് തന്നെ സനീഷ് പിറ്റേന്ന് തന്നെ ജോലി തേടി മുംബൈയ്ക്ക് പോയി. ഇടയ്ക്കിടെ മാതാവിനെ വിളിച്ച് പിതാവിന്റെ അവസ്ഥ അന്വേഷിച്ചിരുന്നു.  ഒരു കുഴപ്പവുമില്ലെന്ന് സനീഷിനെ അറിയിക്കണമെന്ന് പൊലീസ് മാതാവിന് നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു. മരണ വിവരവും അറിയിച്ചില്ല. മുംബൈയിൽ നിന്ന് ജോലി കിട്ടാതെ വന്നപ്പോൾ സനേഷ് മാതാവിനെ വിളിച്ച് പിതാവിന്റെ ക്ഷേമവിവരം അന്വേഷിച്ചു. അച്ഛൻ സുഖമായിരിക്കുന്നുവെന്ന് മാതാവ് പറഞ്ഞത് വിശ്വസിച്ച് സനേഷ്  വ്യാഴാഴ്ച രാത്രി നാട്ടിലെത്തി. പത്തനംതിട്ടയിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അറസ്റ്റ്.

പിതാവ് മരിക്കുമ്പോൾ ഇയാൾ മുംബൈ പനവേലിൽ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് പൊലീസ് ടവർ ലൊക്കേഷൻ വഴി മനസിലാക്കിയിരുന്നു. ഇതനുസരിച്ചാണ് മാതാവിന് നിർദേശങ്ങൾ നൽകിയിരുന്നത്. ഇൻസ്പെക്ടർ ഓഫ് പൊലീസ് ടി. ബിജു, എഎസ്ഐമാരായ വർഗീസ്, ജയചന്ദ്രൻ, ഡേവിഡ്, സിപിഓമാരായ രാജേഷ്, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP