Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശിവശങ്കറിനെ ചോദ്യം ചെയ്യുക സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം; ചോദ്യം ചെയ്യാൻ എൻഐഎ തയ്യാറാക്കുക വിശദമായ ചോദ്യാവലി; സിവിൽ സർവ്വീസ് ഉന്നതനായതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയും തേടും; മുൻ ഐടി സെക്രട്ടറിക്കെതിരായ പ്രാഥമിക മൊഴികൾ സസൂക്ഷ്മം വിശകലനം ചെയ്ത് അന്വേഷണ സംഘം; ആയുഷ്‌കാലം ജയിൽ വാസ സാധ്യതയുള്ളതിനാൽ എല്ലാം സ്വപ്‌ന തുറന്നു പറയും; ശിവശങ്കറിനെ സസ്‌പെന്റ് ചെയ്ത് പിടിച്ചു നിൽക്കാൻ പിണറായി; സ്വർണ്ണക്കടത്ത് മറ്റൊരു സോളാറാകൻ സാധ്യത ഏറെ

ശിവശങ്കറിനെ ചോദ്യം ചെയ്യുക സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം; ചോദ്യം ചെയ്യാൻ എൻഐഎ തയ്യാറാക്കുക വിശദമായ ചോദ്യാവലി; സിവിൽ സർവ്വീസ് ഉന്നതനായതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയും തേടും; മുൻ ഐടി സെക്രട്ടറിക്കെതിരായ പ്രാഥമിക മൊഴികൾ സസൂക്ഷ്മം വിശകലനം ചെയ്ത് അന്വേഷണ സംഘം; ആയുഷ്‌കാലം ജയിൽ വാസ സാധ്യതയുള്ളതിനാൽ എല്ലാം സ്വപ്‌ന തുറന്നു പറയും; ശിവശങ്കറിനെ സസ്‌പെന്റ് ചെയ്ത് പിടിച്ചു നിൽക്കാൻ പിണറായി; സ്വർണ്ണക്കടത്ത് മറ്റൊരു സോളാറാകൻ സാധ്യത ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ സ്വപ്‌നാ സുരേഷ് എല്ലാം എൻഐഎയോട് തുറന്നു പറയാൻ തുടങ്ങിയെന്നണ് സൂചന. ബംഗളൂരുവിലെ ചോദ്യം ചെയ്യലിൽ തനിക്ക് കേരളാ സർക്കാരിന്റെ സ്‌പെയ്‌സ് പ്രോജക്ടിൽ എങ്ങനെ ജോലി കിട്ടിയെന്ന് തുറന്നു പറഞ്ഞിരുന്നു. ഇതിന് ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നൽകിയ സഹായവും വിശദീകരിച്ചു. കേരള സർക്കാരിലെ ഉന്നത ബന്ധങ്ങളിലേക്കുള്ള വഴിയും വിശദീകരിച്ചു. എന്നാൽ ഔദ്യോഗികമായി എൻഐഎ ഈ മൊഴികൾ രേഖപ്പെടുത്തിയില്ല. തുടക്കത്തിൽ തെളിവ് ശേഖരണത്തിനുള്ള മൊഴി ശേഖരിക്കൽ മാത്രമാണ് നടത്തിയത്. ഇതാണ് റമീസിനേയും മറ്റും കുടുക്കിയത്. സ്വപ്‌നയുടെ മൊഴി സസൂക്ഷമം വിലയിരുത്തും. അതിന് ശേഷം ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കു. എൻഐഎ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം എടുക്കാത്തതും. അതിനിടെ ശിവശങ്കറിനെ സംസ്ഥാന സർക്കാർ സസ്‌പെന്റ് ചെയ്യുമെന്നാണ് സൂചന.

ഐടി വകുപ്പിന് കീഴിൽ സ്വപ്‌നയ്ക്ക് ജോലി കിട്ടിയതും ഇവരുമായുള്ള അടുപ്പവുമാകും സസ്‌പെൻഷന് കാരണമാകുന്ന ഘടങ്ങൾ. സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. എൻ ഐ എ ചോദ്യം ചെയ്യുന്നതിന് മുമ്പ് സസ്‌പെന്റ് ചെയ്യാനാണ് സാധ്യത. സർക്കാരിന്റെ ഉദ്യോഗസ്ഥനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്. ഇല്ലെങ്കിൽ അത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് സർക്കാർ ഭയക്കുന്നു. സ്വപ്നയെ പോലെ തന്നെ ശിവശങ്കറും തുറന്നു പറച്ചിൽ നടത്തുമോ എന്ന സംശയം സർക്കാരിനുണ്ട്. സ്പ്രിങ്ലറിലും മറ്റും എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് സർക്കാരിനെ രക്ഷിച്ചത് ശിവശങ്കറായിരുന്നു. ഈ സാഹചര്യത്തിൽ സത്യങ്ങൾ തുറന്നു പറയാതിരിക്കാൻ ശിവശങ്കറെ ആരെങ്കിലും ആപായപ്പെടുത്തുമെന്ന ഭയവും കേന്ദ്ര ഏജൻസികൾക്കുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്റെ സുരക്ഷ സംവിധാനങ്ങൾ കേന്ദ്ര ഇന്റലിജൻസ് വിലയിരുത്തുന്നുണ്ട്.

സ്വർണക്കടത്ത് കേസിൽ മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയെടുക്കും. ഇദ്ദേഹത്തിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശിവശങ്കർ താമസിച്ച ഫ്‌ളാറ്റിൽ വെച്ച് ഗൂഢാലോചന നടന്നു എന്ന നിഗമനത്തിലാണ് കസ്റ്റംസ്. ശിവശങ്കർ അടുത്ത കാലത്ത് നടത്തിയ യാത്രകൾ പരിശോധിക്കും. സന്ദീപിന്റെ വീട്ടിൽ നിന്ന് ലഭിച്ചത് കേസുമായി ബന്ധപ്പെട്ട പല സാധനങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ്. ഹെതർ ഫ്ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ നിന്ന് നടന്ന് കയറാവുന്ന ദൂരത്തുള്ള ഫ്‌ളാറ്റിലാണ് ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ താമസിച്ചിരുന്നത്. ഇന്നലെ കസ്റ്റംസ് ഫ്‌ളാറ്റിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു. ദീർഘകാല അവധിയിലാണ് എം ശിവശങ്കർ.

കോൺസുലേറ്റ് പാഴ്സൽവഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോൺവിളി പട്ടികയിൽ മന്ത്രിമാരും ഉന്നത ഐ.എ.എസ്-പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖർ ഉണ്ടെന്നാണ് സൂചന. ഇവരുടെ ഫോണിലേക്കും തിരിച്ചു സ്വപ്നയുടെ ഫോണിലേക്കും നിരവധി തവണ ബന്ധപ്പെട്ടതായി കസ്റ്റംസ് കണ്ടെത്തി. മന്ത്രിമാരെയും സ്പീക്കറെയും അറിയാമെന്നും പലതവണ വിളിച്ചതായും സ്വപ്നയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ഫോൺവിളി പട്ടിക പുറത്തായേക്കുമെന്നു മുന്നിൽകണ്ടാണ് സ്വപ്നയുടെ ഈ ശബ്ദരേഖ മാധ്യമങ്ങൾക്ക് എത്തിച്ചു നൽകിയതെന്നും സൂചന. ഇതെല്ലാം എൻ ഐഎ പുറത്തു വിട്ടാൽ അത് വലിയ രാഷ്ട്രീയ ചർച്ചയാകും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ സോളാർ കേസിന് സമാനമായ അന്തരീക്ഷം ഇതുണ്ടാകും. ഇത് സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്.

സ്വപ്ന യു.എ.ഇ. കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നപ്പോൾ ഔദ്യോഗികാവശ്യങ്ങൾക്ക് മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതെന്ന് വരുത്തിതീർക്കാനാണ് ശ്രമം. എന്നാൽ കോൺസുലേറ്റിൽനിന്ന് പുറത്തായശേഷവും സ്വപ്ന ഉന്നതരുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ടെന്നാണു വിവരം. ഇത് എൻഐഎയ്ക്ക് കിട്ടിയിട്ടുണ്ട്. സോളാർ കേസിൽ ഫോൺ കോളുകളുടെ പട്ടികയായിരുന്നു അന്നു പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷം ആയുധമാക്കിയത്. ഇതേ സാഹചര്യമാണ് വീണ്ടും ഉണ്ടാകുന്നത്. ഇതിനിടെ സ്പേസ് പാർക്കിലെ പ്രധാനപ്പെട്ട ഓപ്പറേഷൻസ് മാനേജർ തസ്തിക കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് വഴി സ്വപ്ന സുരേഷിന് നൽകിയത് പുതിയ വിവാദത്തിന് വഴിതെളിയിച്ചിട്ടുണ്ട്. കെ.എസ്‌ഐ.ടി.എല്ലിലെ മറ്റ് കരാർനിയമനങ്ങളുടെ വിവരങ്ങൾ ഔദ്യോഗിക വെബ്സെറ്റിൽ ലഭ്യമാണെങ്കിലും സ്വപ്ന സുരേഷിന്റെ നിയമനത്തിന്റെ രേഖമാത്രം ലഭ്യമല്ല.

സ്വപ്ന സുരേഷിനെ സഹായിച്ച വമ്പന്മാരെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രാഥമിക പട്ടിക തയാറാക്കിയിട്ടുണ്ട് സ്വപ്നയുടെ ആതിഥേയത്വം സ്വീകരിച്ച വമ്പന്മാരെ കേന്ദ്രീകരിച്ചാകും അന്വേഷണത്തുടർച്ച. ശിവശങ്കറിനെ പ്രാഥമിക ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തും. അദ്ദേഹത്തിന്റെ പാസ്പോർട്ട് പരിശോധിക്കും. രാഷ്ട്രീയ രംഗത്തും ഉദ്യോഗസ്ഥ തലത്തിലും ഉന്നത സ്വാധീനമാണ് സ്വപ്നയ്ക്കുണ്ടായിരുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ശിവശങ്കർ നേരിട്ടും ഫോണിലൂടെയും സ്വപ്നയ്ക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ സ്വപ്നയ്ക്കു വി.ഐ.പി. പരിഗണന നൽകാൻ നിർദ്ദേശിച്ചു.

സ്വപ്നയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തലസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വിളിയെന്ന നിലയിൽ ഉദ്യോഗസ്ഥർ അതു ശിരസാ വഹിച്ചു. ചെറുതും വലുതുമായ മുപ്പതോളം ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. ഏഴുദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിനെ പിടികൂടാൻ സഹായിക്കണമെന്നു സംസ്ഥാന പൊലീസിനോട് എൻ.ഐ.എ. അനൗദ്യോഗികമായി അഭ്യർത്ഥിച്ചതായി സൂചന. ഇതു സംബന്ധിച്ച ആശയവിനിമയം നടന്നതായി ഉന്നത വൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP