Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമിന്റെ മൃതദേഹത്തിന് മുമ്പിൽ മോഹലസ്യപ്പെട്ട വീണ് നിലവിളിച്ച സോഫിയയെ ആശ്വസിപ്പിക്കാൻ പിതാവ് നന്നേ പ്രയാസപ്പെട്ടു; കൊലപാതകവും തെളിവു നശിപ്പിക്കലും പൂർത്തിയാക്കിയ ശേഷം മെൽബണിൽ മടങ്ങിയെത്തിയപ്പോൾ ഓസ്‌ട്രേലിയൻ മലയാളികൾ തുണയാകാൻ പിരിച്ചു നൽകിയ 15 ലക്ഷവും വാങ്ങി അവൾ കാമുകനൊപ്പം ചുറ്റിക്കറങ്ങി; സോഫിയ അതിക്രൂരയായ കുറ്റവാളി തന്നെ

സാമിന്റെ മൃതദേഹത്തിന് മുമ്പിൽ മോഹലസ്യപ്പെട്ട വീണ് നിലവിളിച്ച സോഫിയയെ ആശ്വസിപ്പിക്കാൻ പിതാവ് നന്നേ പ്രയാസപ്പെട്ടു; കൊലപാതകവും തെളിവു നശിപ്പിക്കലും പൂർത്തിയാക്കിയ ശേഷം മെൽബണിൽ മടങ്ങിയെത്തിയപ്പോൾ ഓസ്‌ട്രേലിയൻ മലയാളികൾ തുണയാകാൻ പിരിച്ചു നൽകിയ 15 ലക്ഷവും വാങ്ങി അവൾ കാമുകനൊപ്പം ചുറ്റിക്കറങ്ങി; സോഫിയ അതിക്രൂരയായ കുറ്റവാളി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: വ്യക്തമായ പദ്ധതിയുമായാണ് ഭർത്താവിന് സയനൈയ്ഡ് നൽകി സോഫിയ സാം കൊലപ്പെടുത്തിയത്. അതിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. തെളിവുകളില്ലാതാക്കാൻ വേണ്ടതെല്ലാം ചെയ്തു. ദുഃഖഭാരവുമായി നാടകവും. ഇതും സോഫയിക്ക് സാമ്പത്തിക ലാഭം നൽകി. അങ്ങനെ ഭർത്താവിന്റെ വീട്ടുകാരേയും നാട്ടുകാരേയും പറ്റിച്ചായിരുന്നു സോഫിയ രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ ഒരുക്കിയത്. എന്നാൽ കാലം കരുതിവച്ച കുരുക്കിൽ സോഫിയ വീണു. സോഫിയയും കാമുകൻ അരുൺ കമലാസനനും കുടുങ്ങി.

സോഫിയ നല്ല മരുമകളായിരുന്നു എന്ന് കൊലപ്പെട്ട സാമിന്റെ പിതാവ് പറയുന്നു. ദിവസവും ഭർത്താവിന്റെ കുടുംബവുമായി സോഫിയ ബന്ധം പുലർത്തിയിരുന്നു. സാമിനെ കൊലപ്പെടുത്തിയശേഷവും അതു തുടർന്നു. 'എന്റെ മകനെ അവൾ കൊലപ്പെടുത്തിയ ശേഷവും മിക്കവാറും വിളിക്കുമായിരുന്നു. വളരെ സന്തോഷത്തോടെയാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. അവളെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. ശവസംസ്‌കാര ചടങ്ങിൽ അവൾ പൊട്ടിക്കരഞ്ഞു. മോഹാലസ്യം അഭിനയിച്ചു. അവളേ സമാധാനിപ്പിക്കാൻ ഞങ്ങൾ പാടുപെട്ടു.'- സാമിന്റെ പിതാവ് പറയുന്നു. ഭർത്താവിന്റെ മൃതശരീരം നാട്ടിൽ അടക്കം ചെയ്തശേഷം ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയ സോഫിയ അവിടുത്തെ പ്രവാസി മലയാളികളുടെ മുന്നിലും ദുഃഖം അഭിനയിച്ചു. സോഫിയയ്ക്കും കുഞ്ഞിനുമായി പ്രവാസികൾ പിരിവെടുത്ത് 15 ലക്ഷം നൽകി. ഈ തുക ഉപയോഗിച്ച് കാമുകൻ അരുൺ കമലാസനനുമായി സോഫിയ ചുറ്റിക്കറങ്ങി. അടിപൊളി ജീവിതം നയിച്ചു. എന്നാൽ പിറകെ നടന്ന ഓസ്‌ട്രേലിയൻ പൊലീസ് സോഫിയയുടെ സ്വപ്‌നങ്ങൾ തകർത്തു. കൊലപാതകികൾ നിയമത്തിന് മുമ്പിലെത്തുകയും ചെയ്തു. അതിക്രൂരയായ മനസ്സിനുടമയാണ് സോഫിയയെന്ന തിരിച്ചറിവും പുറത്തുവന്നു.

ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തുകൊലപ്പെടുത്തിയ കേസിൽ വിശദമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതോടെയാണ് കടുത്ത ശിക്ഷ പ്രതികളായ സോഫിയയ്ക്കും അരുൺ കമലാസനനും കോടതി വിധിച്ചത്. കേസിലെ ഏറ്റവും പ്രധാന തെളിവായി പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ ഹാജരാക്കിയത് അരുൺ കമലാസനൻ കുറ്റം സമ്മതിക്കുന്ന വീഡിയോ-ഓഡിയോ ദൃശ്യങ്ങളാണ്. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് സാമിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയായിരുന്നുവെന്നും ഓറഞ്ച് ജ്യൂസിൽ സയനൈഡ് നന്നായി കലരുന്നതുകൊണ്ടാണ് ഈ ജ്യൂസ് തന്നെ തെരഞ്ഞെടുത്തതെന്നും അരുൺ പറയുന്നുണ്ട്.

കൂടാതെ, സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി 10 മണി മുതൽ വെളുപ്പിനെ 3.30 വരെ സാമിന്റെ വീട്ടിലും പരിസരത്തുമായി ഒളിച്ചുനിന്ന ശേഷം ആരുമറിയാതെ അരുൺ വീടിനുള്ളിൽ പ്രവേശിക്കുകയായിരുന്നുവെന്നും, അതിനു ശേഷം അവോക്കാഡോ ഷെയ്ക്കിൽ മയക്കി കിടത്താനുള്ള മരുന്നിടുകയും, ഓറഞ്ചു ജ്യൂസിൽ സയനൈഡ് കലർത്തി സാമിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു എന്നും അരുൺ ഇതിൽ പറയുന്നുണ്ട്.പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്ഥാനത്തിലല്ല പ്രതികൾ കൊലപാതകപദ്ധതി തയ്യാറാക്കിയത്. ദീർഘനാളത്തെ ആസുത്രണം കൊലയ്ക്ക് പിന്നിലുണ്ടായിരുന്നു.ഇക്കാര്യവും അരുൺ വീഡിയോ റെക്കോഡിങ്ങിൽ പറയുന്നുണ്ട്.

സാമിന്റെ വീട്ടിൽ കടന്നതിന്റെ വിവരങ്ങളും അരുൺ കമലാസനൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് വരച്ചുകാട്ടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സാം മരിക്കുന്നതിന്റെ തലേ ദിവസം രാത്രി 10 മണിയോടെ സാമിന്റെ വീടിന്റെ പരിസരത്തു എത്തിയ അരുൺ വീട്ടുമുറ്റത്തെ കുറ്റിച്ചെടികൾക്കിടയിൽ മറഞ്ഞു നിന്നു. കാറിൽ പുറത്തു പോയ സോഫിയ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, കാറിനു പിന്നാലെ സോഫിയ അറിയാതെ ഗാരേജിൽ പ്രവേശിച്ചു എന്നാണ് ഇതിൽ അരുൺ പറയുന്നത്. പിന്നീട് ആരുമറിയാതെ വീടിനുള്ളിൽ പ്രവേശിച്ചു.

സാം മരിക്കുന്നതിന് മുൻപ് സോഫിയയും അരുണും കോമൺവെൽത്ത് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നതാണ് പ്രതികൾക്കെതിരെയുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ്. സാമിന്റെ മരണശേഷം ഇവർ ഒരുമിച്ച് പുറത്തു പോകുന്നതിന്റെയും ഒരേ മേശയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെയും ചിത്രങ്ങൾ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എടുത്തിരുന്നു. ഇത് തെളിവായി കോടതിയിൽ ഹാജരാക്കി. കൂടാതെ, ഇരുവരും ഒരേ കാറിൽ യാത്ര ചെയ്യുന്നതിന്റെയും, ട്രെയിനിൽ കയറാൻ പോകുന്നതിന്റെയും സിസിടിവി ഇമേജുകളും കോടതി പരിശോധിച്ചിരുന്നു. കൂടാതെ അരുണിനൊപ്പം താമസിച്ച മലയാളിയായ അജി പരമേശ്വരന്റെ മൊഴിയും സോഫിയ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയുടെ മൊഴിയും ജൂറി പരിശോധിച്ചു.

2016 ഒക്ടോബറിലായിരുന്നു മെൽബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാൽ തന്റെ കാമുകൻ അരുൺ കമലാസനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോൺ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഓസ്ട്രേലിയൻ പൊലീസിന് അജ്ഞാത ഫോൺസന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികൾ നിരീക്ഷിച്ചാൽ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്‌നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി. ഓസ്‌ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്‌ട്രേലിയയിലായിരുന്നു താൽപര്യം. ഇതിനെ തുടർന്ന് 2013ൽ സാം ആസ്‌ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുൺ.

കേസിൽ വില്ലനായത് സോഫിയയുടെ ഇരട്ടപ്രണയമായിരുന്നു. കോളേജ് കാലത്ത് അടിച്ചുപൊളി ജീവിതം നയിച്ച സോഫി ഒരേസമയം രണ്ട് പേരെയാണ് പ്രണയിച്ചത്. സ്‌കൂൾ കാലം തൊട്ട് പരിചയമുണ്ടായിരുന്ന സാമിനെ പ്രേമിച്ചപ്പോൾ തന്നെ കോളേജ് കാലത്ത് പരിചയപ്പെട്ട അരുൺ കമലാസനനുമായി അടുക്കുകയും ചെയ്തു. കോളേജ് കാലത്ത ഇവരുടെ പ്രണയം അന്നത്തെ സഹപാഠികൾക്ക് അറിയുകയും ചെയ്യുമായിരുന്നു. എന്നാൽ, വ്യത്യസ്ത മതക്കാരായതിനാൽ പ്രതിബന്ധങ്ങളെ ഭേദിച്ച് വിവാഹത്തിലൂടെ ഒരുമിക്കാൻ ഇവർക്ക് സാധിച്ചില്ല. അതേസമയം സാം എബ്രഹാമുമായുള്ള പ്രണയം വീട്ടുകാർ ഇടപെട്ട് കല്യാണത്തിൽ കലാശിക്കുകയും ചെയ്തു. എന്നാൽ, അരുണുമായുള്ള ബന്ധം ഇതേസമയം തന്നെ സോഫി തുടരുകയും ചെയ്തു. ഈ പ്രണയാണ് ഒടുവിൽ സാമിന്റെ ജീവനെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP