Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുന്ദരമായ ചിരിക്കുള്ളിൽ ഒളിപ്പിച്ച് വച്ചത് പകയുടെ കനൽ; കാമുകനുമായുള്ള ബന്ധം അറിയാതെ സാം കുഞ്ഞിനേയും നോക്കി കഴിഞ്ഞു; കുത്തിക്കൊല്ലാൻ ശ്രമിച്ചിട്ടു പോലും ഭാര്യയുടെ ചതി തിരിച്ചറിഞ്ഞില്ല; ഒടുവിൽ ഉറക്കത്തിൽ സൈനയ്ഡ് നൽകി പറഞ്ഞയച്ചു; രഹസ്യകൊലപാതകം ഹൃദയാഘാതം ആക്കിയെന്ന് ആശ്വസിച്ച് കഴിയവേ പത്താംമാസം സോഫിയയും കാമുകനും പിടിയിലായി

സുന്ദരമായ ചിരിക്കുള്ളിൽ ഒളിപ്പിച്ച് വച്ചത് പകയുടെ കനൽ; കാമുകനുമായുള്ള ബന്ധം അറിയാതെ സാം കുഞ്ഞിനേയും നോക്കി കഴിഞ്ഞു; കുത്തിക്കൊല്ലാൻ ശ്രമിച്ചിട്ടു പോലും ഭാര്യയുടെ ചതി തിരിച്ചറിഞ്ഞില്ല; ഒടുവിൽ ഉറക്കത്തിൽ സൈനയ്ഡ് നൽകി പറഞ്ഞയച്ചു; രഹസ്യകൊലപാതകം ഹൃദയാഘാതം ആക്കിയെന്ന് ആശ്വസിച്ച് കഴിയവേ പത്താംമാസം സോഫിയയും കാമുകനും പിടിയിലായി

പ്രത്യേക ലേഖകൻ

മെൽബൺ : യുവാവിനെ വിഷം നൽകി കൊന്ന കേസിൽ എല്ലാം സേഫാണെന്നായിരുന്നു മലയാളി ഭാര്യയും കാമുകനും കരുതിയിരുന്നത്. എന്നാൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ശാസ്ത്രീയ അന്വേഷണം എല്ലാം മാറ്റി മറിച്ചു. അങ്ങനെ മെൽബൺ യുഎഇ എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന പുനലൂർ കരവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിന്റെ (34) മരണത്തിലെ ചുരുളുകൾ അഴിഞ്ഞു. മരണം കൊലയാണെന്ന് കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഇതോടെ സാം കൊല്ലപ്പെട്ട കേസിൽ ഭാര്യ സോഫിയും (32), കാമുകൻ പാലക്കാട് സ്വദേശി എന്നു കരുതുന്ന അരുൺ കമലാസനനനും (34) എന്നിവർ അറസ്റ്റിലായി. ഓസ്‌ട്രേലിയൻ പൊലീസിന്റെ അന്വേഷണ മികവായിരുന്നു ഇതിന് കാരണം.

സാമിനു നേരെ മുൻപും വധശ്രമം ഉണ്ടായതായി പൊലീസ് കണ്ടെത്തിത്തിയത് കൂടുതൽ അന്വേഷണത്തിലേക്ക് നയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം ഭാര്യ സോഫിയയിലേയ്ക്ക് നീങ്ങുകയായിരുന്നു. പത്തു മാസത്തെ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പൊലീസ് കണ്ടെത്തിയത്. ഇതിനിടെയിൽ നിർണ്ണായക തെളിവായി ഫോൺ സംഭാണവുമെത്തി. ദ്വീർഘകാലമായ പ്രണയമായിരുന്നു സോഫിയും അരുണ് കമലാസനനും തമ്മിൽ. ഈ പ്രണയത്തിന്റെ കാഠിന്യം തന്നെയാണ് അരുംകൊല ചെയ്യാൻ സോഫിയയെ പ്രേരിപ്പിച്ചതും. ഭർത്താവിന്റെ കൊലപാതകത്തിന് ശേഷം പ്രശ്‌നങ്ങളും നടപടികളുമെല്ലാം തീർത്ത് കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാൻ വേണ്ടി ശ്രമിക്കുന്നതിനിടെയാണ് മെൽബൺ പൊലീസ് ഇരുവരെയും കൊലപാതക കുറ്റത്തിന് പിടികൂടിയത്.

അരുൺ കമലാസനനുമായുള്ള ബന്ധം സാം തിരിച്ചറിഞ്ഞിരുന്നില്ല. ഭാര്യയെ പൂർണ്ണമായും വിശ്വസിച്ച സാം ഇത് സംബന്ധിച്ച സംശയം ആരോടും പങ്കുവച്ചതുമില്ല. അതു കൊണ്ട് തന്നെ സാമിന്റെ മൃതദേഹവുമായി നാട്ടിലെത്തിയ സോഫി പൊട്ടിക്കരഞ്ഞ് ബന്ധുക്കളുടെ മനവും കവർന്നു. എന്നാൽ മരണത്തിൽ ചില അസ്വാഭാവികതകൾ ചില ബന്ധുക്കൾക്കുണ്ടായിരുന്നു. ഇത്ര ചെറുപ്പത്തിലേ എങ്ങനെ ഹൃദയാഘാടം വില്ലനായി വന്നു എന്നതായിരുന്നു പ്രധാനം. എന്നാൽ അക്കാര്യത്തിൽ ആരും ഔദ്യോഗികമായി പരാതിയൊന്നും നൽകിയില്ല. എന്നാൽ സംശയം തോന്നിയ ഓസ്‌ട്രേലിയൻ പൊലീസ് സമർത്ഥമായി കരുക്കൾ നീക്കി. അങ്ങനെ പ്രതി വലയിലുമായി.

കഴിഞ്ഞ ഒക്ടോബർ 14നു രാത്രിയാണ് സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു മാസത്തെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. വെള്ളിയാഴ്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി. സാമും ഭാര്യ സോഫിയും മൂന്നു വർഷമായി മെൽബണിലെ എപ്പിങ്ങിൽ ആണ് താമസിച്ചിരുന്നത്. ഇവർക്കു നാലര വയസ്സുള്ള ആൺകുട്ടി ഉണ്ട്. ഹൃദയാഘാതം മൂലം സാം മരിച്ചെന്നാണ് സോഫി പറഞ്ഞത്. നാട്ടിലെത്തിച്ച മൃതദേഹം ഒക്ടോബർ 23നു കരവാളൂർ ബഥേൽ മാർത്തോമ്മാ പള്ളിയിൽ സംസ്‌കരിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ സാമിനെ കൊല്ലാൻ ശ്രമം നടന്നിരുന്നു. മെൽബൺ റെയിൽവേ സ്റ്റേഷനിലെ കാർപാർക്കിൽ സാമിനെ കുത്തിയ ശേഷം അക്രമി രക്ഷപ്പെട്ടു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിർണ്ണായകമായതെന്നാണ് സൂചന. ഇതോടെ കമലാസനൻ കുടുങ്ങി. ചോദ്യം ചെയ്യലിൽ എല്ലാം സമ്മതിക്കുകയും ചെയ്തു.

മുഖംമൂടി ധരിച്ചിരുന്ന അക്രമി സാമിനെ കഴുത്തിലും തോളിലും കുത്തിയെങ്കിലും പരുക്കു ഗുരുതരമായിരുന്നില്ല. പ്രതിയെ കണ്ടെത്താനായില്ല. അന്ന് ആക്രമിച്ചതും അരുണാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടെ സോഫിയും അരുണും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് തെളിവായി. അല്ലാത്ത പക്ഷം ഇത് വെറുമൊരു ഹൃദയാഘാതമായി മാറിപ്പോവുമായിരുന്നു. അത്ര ആസൂത്രണമായിരുന്നു സോഫി നടത്തിയത്. മാർത്തോമ്മാ യുവജന സഖ്യം കരവാളൂർ ബഥേൽ യൂണിറ്റ് മുൻ സെക്രട്ടറിയായ സാം അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഒരേ ഇടവകാംഗങ്ങളായിരുന്ന ഇവരുടേത് പ്രണയവിവാഹമായിരുന്നു. കോളജിൽ പഠിക്കുമ്പോഴാണു അരുണുമായി സോഫി പരിചയപ്പെട്ടത്. ഗൾഫിൽ ഉദ്യോഗസ്ഥനായിരുന്ന ആലക്കുന്നിൽ എ.എസ്.ഏബ്രഹാമിന്റെയും ലീലാമ്മയുടെയും മകനാണ് സാം.

കോളേജ് തലത്തിൽ വച്ചാണ് സഹപാഠിയായിരുന്ന അരുൺ കമലാസനനുമായി സോഫിയ അടുത്തത്. ഇത് വീത്രമായ പ്രണയമായെങ്കിലും വിവാഹത്തിൽ കലാശിച്ചത്. ഓസ്‌ട്രേലിയയിൽ ജോലിയുള്ള ഭർത്താവിനെ ലഭിച്ചപ്പോൾ സോഫിയ അന്ന് വേണ്ടത്ര ജോലിയില്ലാത്ത കാമുകനെ കൈവിട്ടു. വിവാഹം ശേഷം സോഫിയ ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ ഒപ്പം അരുണും ജോലി നേടി ഓസ്‌ട്രേലിയയിൽ എത്തി. ഇവിടെ വച്ച് വീണ്ടും അവരുടെ പ്രണയം പൂത്തുലഞ്ഞു. സാമിനെ വകവരുത്തിയാൽ മാത്രമേ അരുണായി ഒന്നിച്ചു കഴിയാനാകൂ എന്ന തോന്നലാണ് സോഫിയയെ കൊലയാളിയാക്കിയത്. മുമ്പും സാമിനെ വകവരുത്താൻ ശ്രമിച്ചതായും സോഫിയ മൊഴി നൽകിയിട്ടുണ്ട്. ഉറക്കത്തിൽ സയനൈഡ് നൽകിയായിരുന്നു കൊലപാതകം. ഹൃദയാഘാതമാണെന്നാണ് സോഫിയ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അപാകത കണ്ടതോടെ പൊലീസ് സംഭവം പിന്തുടരുകയായിരുന്നു. ഇതിനിടെ സാമിന്റെ മൃതദേഹം നാട്ടിലെത്തി സംസ്‌ക്കരിക്കുകയും ചെയ്തു.

എന്നാൽ, പൊലീസ് സംശയത്തെ തുടർന്ന് സോഫിയയെ രഹസ്യമായി നിരീക്ഷിച്ചു. സോഫിയുടെ ഫോൺ സംഭാഷണങ്ങൾ പൊലീസ് നിരീക്ഷിച്ചു. ഇതിൽനിന്നാണ് കൊലപാതകം സംബന്ധിച്ച നിർണായക തെളിവുകൾ പൊലീസിനു ലഭിച്ചത്. ഫോൺ സംഭാഷണങ്ങളിൽ പലതും മലയാളത്തിലായതിനാൽ ഇതു തർജിമ ചെയ്യാൻ പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭാഷണത്തിൽ സാമിനെ വകവരുത്തണമെന്നും അതിനുള്ള കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തിരുന്നു. സാം മരിച്ച ദിവസം അരുൺ ഇവർ താമസിക്കുന്ന സ്ഥലത്തു വന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP