Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കത്വ, ഉന്നാവ സംഭവങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താൽ ഏറ്റെടുത്ത് മലപ്പുറത്തും കണ്ണൂരും കോഴിക്കോടും പാലക്കാട്ടും വാഹനങ്ങൾ തടയൽ; പലയിടത്തും കടകൾ അടപ്പിക്കാനും റോഡ് ഉപരോധത്തിനും തെരുവിലിറങ്ങി സോഷ്യൽ മീഡിയ പ്രവർത്തകർ; കൊടിയും ബാനറുമില്ലാതെ എത്തിയ സമരക്കാരെ അടിച്ചോടിച്ച് പൊലീസ്; മലപ്പുറത്ത് വ്യാപക അക്രമം; എഴുപതോളം പേർ കസ്റ്റഡിയിൽ; വ്യാജഹർത്താൽ ആഹ്വാനമെന്നും നോട്ടീസ് ലഭിച്ചില്ലെന്നും നിയമപാലകർ

കത്വ, ഉന്നാവ സംഭവങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താൽ ഏറ്റെടുത്ത് മലപ്പുറത്തും കണ്ണൂരും കോഴിക്കോടും പാലക്കാട്ടും വാഹനങ്ങൾ തടയൽ; പലയിടത്തും കടകൾ അടപ്പിക്കാനും റോഡ് ഉപരോധത്തിനും തെരുവിലിറങ്ങി സോഷ്യൽ മീഡിയ പ്രവർത്തകർ; കൊടിയും ബാനറുമില്ലാതെ എത്തിയ സമരക്കാരെ അടിച്ചോടിച്ച് പൊലീസ്; മലപ്പുറത്ത് വ്യാപക അക്രമം; എഴുപതോളം പേർ കസ്റ്റഡിയിൽ; വ്യാജഹർത്താൽ ആഹ്വാനമെന്നും നോട്ടീസ് ലഭിച്ചില്ലെന്നും നിയമപാലകർ

എംപി റാഫി/ജാസിം മൊയ്തീൻ

മലപ്പുറം/കോഴിക്കോട്: സോഷ്യൽ മീഡിയയിൽ നടന്ന ഹർത്താലാഹ്വാനം ഏറ്റെടുത്ത് മലപ്പുറത്തേയും കോഴിക്കോട്ടേയും കണ്ണൂരിലേയും പാലക്കാട്ടേയും ജനങ്ങൾ. മലപ്പുറം ജില്ലയിൽ ഏതാണ്ട് വ്യാപകമായും കോഴിക്കോട് ചില പ്രദേശങ്ങളിലും കത്വയിൽ പെൺകുട്ടിയെ ക്രൂരമായി കൊലചെയ്ത സംഭവത്തിലും ഉന്നാവ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന ഹർത്താലാഹ്വാനം ഏറ്റെടുത്ത് ജനം തെരുവിലിറങ്ങി.

തലസ്ഥാനത്ത് നെടുമങ്ങാട്ടും ഇന്ന് രാവിലെ കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാഹനങ്ങൾ തടഞ്ഞു. പാലക്കാട്ടും കണ്ണൂരും വാഹനങ്ങൾ തടയാനും കടകളടപ്പിക്കാനും നിരവധിപേർ തെരുവിലിറങ്ങി. പലയിടത്തും പൊലീസ് എത്തി സമരക്കാരെ നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. മലപ്പുറത്തും കണ്ണൂരും നിരവധിപേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് എഴുപതോളം പേർ കസ്റ്റഡിയിലായിട്ടുണ്ട്. ഇതോടെ ഇവരെ ഇറക്കാൻ എത്തിയവരും പൊലീസും തമ്മിൽ സംഘർഷാവസ്ഥയിലായിരിക്കുകയാണ് പല പൊലീസ് സ്റ്റേഷൻ പരിസരവും.

അതേസമയം, വ്യാജ ഹർത്താലിന്റെ പേരിൽ മതമൗലികവാദികളാണ് തെരുവിലിറങ്ങിയതെന്ന പ്രചരണവും സജീവമാണ്. ഹർത്താൽ നോട്ടീസ് നൽകാതെ നടത്തുന്ന സമരമാണെന്ന് പൊലീസും വ്യക്തമാക്കി. അതിനാൽ തന്നെ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ആഹ്വാനത്തെ ശക്തമായി നേരിടാനാണ് പൊലീസ് തീരുമാനം. പല സ്ഥലത്തും ഹർത്താലിന്റെ പേരിൽ വാഹനം തടഞ്ഞവരേയും കൂടിനിന്നവരേയും ലാത്തിവീശി വിരട്ടിയോടിച്ചു. മലപ്പുറത്തും കണ്ണൂരും പാലക്കാടും ചിലരെ കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്.

കോഴിക്കോട് നിന്ന് എടവണ്ണപ്പാറയിലേക്ക് ബസ്സുകളൊന്നും ഇന്ന് ഓടിയില്ല. എടവണ്ണപ്പാറ, വാഴക്കാട്, ഊർക്കടവ്, എന്നീ പ്രദേശങ്ങളിലും കടകളുൾപ്പെടെ അടഞ്ഞുകിടക്കുകയാണ്. വാട്‌സ് ആപ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ചെറുപ്പക്കാർ സംഘങ്ങളായി തിരിഞ്ഞ് വാഹനം തടയുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും കൊടികൾ ഉയർത്താതെയാണ് ബസ് തടയലും കടകൾ അടപ്പിക്കലും പുരോഗമിക്കുന്നത്. ബിജെപിക്ക് എതിരെ മുദ്രാവാക്യം വിളികളുയർത്തിയാണ് ഹർത്താലാഹ്വാനം.

ജമ്മു കശ്മീരിലെ കഠ്വയിൽ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലാണെന്ന വ്യാജ സന്ദേശം ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെയാണ് ഹർത്താലെന്നും ജനങ്ങൾ സഹകരിക്കണമെന്നുമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് കാട്ടി നിരവധി പേർ രംഗത്തുവരികയും ചെയ്തിരുന്നു. പത്രമോഫീസുകളിലും മറ്റും ഇന്ന് ഹർത്താലാണോ എന്ന ചോദ്യവുമായി നിരവധി ഫോൺവിളികളും എത്തിയിരുന്നു.

മലപ്പുറത്ത് കടകൾ അടപ്പിച്ചു;  ടയർ കത്തിച്ച് ഗതാഗതം തടയുന്നു

കടകമ്പോളങ്ങൾ മിക്ക ഇടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. നിലവിൽ ഒരു പാർട്ടിയോ സംഘടനയോ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നില്ല. യുവാക്കൾ സംഘടിച്ച് അതിരാവിലെ തന്നെ നിരത്തിലിറങ്ങി റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും കടകളുടെ ചുമരിൽ 'ജസ്റ്റിസ് ഫോർ ആസിഫ' എന്ന പോസ്റ്റർ പതിക്കുകയുമായിരുന്നു.

ചമ്രവട്ടം കോഴിക്കോട് റൂട്ടിൽ രണ്ട് കാറുകൾ സമരാനുകൂലികൾ അടിച്ചു തകർത്തു. അപ്രതീക്ഷിതമായ ഹർത്താലിൽ യാത്രക്കാരും വലഞ്ഞിരിക്കുകയാണ്. ഇതുവരെ വളരെ കുറഞ്ഞ സ്വകാര്യ ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. മലബാറിലെ മറ്റ് ജില്ലകളിലും സ്ഥിതി സമാനമാണ്. തുറക്കുന്ന കടകൾ അടപ്പിച്ചും ഗതാഗതം തടസപ്പെടുത്തിയും ഹർത്താൽ ഇപ്പോഴും തുടരുകയാണ്.

 

പല സ്ഥലങ്ങളിലും അക്രമസംഭവങ്ങളുമുണ്ടായി. നാഥനില്ലാത്ത ഹർത്താൽ അതിരു കടന്നതോടെ പൊലീസും ശക്തമായി രംഗത്തിറങ്ങി. സംഘർഷമുണ്ടായ മലപ്പുറം ജില്ലയിലെ ആറ് സ്ഥലങ്ങളിൽ നിന്നായി അമ്പതോളം ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരൂർ, കൽപകഞ്ചേരി, വളാഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘർഷാവസ്ഥ നിലനിൽക്കുന്നത്.

മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളും തീരദേശ റോഡുകളും അടക്കം കല്ലിട്ട് ബ്ലോക്ക് ചെയ്തിരിക്കുന്ന സ്ഥിതിയാണുള്ളത്. സർക്കാർ സ്ഥാപനങ്ങൾ വരെ അടപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ തന്നെ ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നു. അർദ്ധരാത്രി ആയത് മുതൽ ചരക്ക് വാഹനങ്ങൾ അടക്കം കോട്ടക്കലിലും തിരൂരിലും തടഞ്ഞിരുന്നു. തിരൂർ പയ്യനങ്ങാടിയിൽ വാഹനം തടയുന്നത് ക്യാമറയിൽ പകർത്തുകയായിരുന്ന ടി. സി.വി. ചാനൽ ക്യാമറാമാൻ അതുലിന് ഹർത്താൽ അനുകൂലികളിൽ നിന്നും മർദ്ദനമേറ്റു. ക്യാമറ നശിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. തുടക്കത്തിൽ അയഞ്ഞ സമീപനം കൈകൊണ്ട പൊലീസ് പിന്നീട് ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് തിരൂരിൽ മാത്രം 25 പേരെ കസ്റ്റഡിയിലെടുത്തു. ക്യാമറാമാൻ അതുലിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുത്തനത്താണിയിൽ റോഡ് തീയിട്ട് ബ്ലോക്ക് ചെയ്ത നിരവധി പേർ പൊലീസിന്റെ പിടിയിലായി.വെട്ടിച്ചിറയിൻ കെ.എസ്.ആർ.ടിസിക്കു നേരെ കല്ലേറുണ്ടായി. മഞ്ചേരി, വേങ്ങര, പറമ്പിൽ പീടിക, ചങ്കു വെട്ടി എന്നിവിടങ്ങളിലും ഹർത്താൽ സംഘർഷത്തിലേക്ക് നീങ്ങി.

ഹർത്താലിന് ഒരു നേതൃത്വമില്ലെന്നതാണ് പ്രധാന പ്രശ്‌നം. പ്രത്യേക പാർട്ടിയുടെ കൊടികളില്ലെങ്കിലും വിവിധ പാർട്ടിയിൽപ്പെട്ടവർ ഹർത്താലിൽ പങ്കാളികളാണ്. പ്രായം നോക്കാതെ നടപടി എടുക്കുവാനാണ് പൊലീസിന് നിർദ്ദേശം . പ്രതിഷേധം ന്യായമാണെങ്കിലും വിഷയം വർഗ്ഗീയവത്കരിക്കുവാനുള്ള നീക്കം അപലപനീയമാണ്.

അതിനെ ഹർത്താൽ അനുകൂലികളും കരുതിയിരിക്കണമെന്നും സോഷ്യൽ മീഡിയ വഴി തന്നെ സന്ദേശങ്ങൾ കൈമാറുന്നുണ്ട്. അതേസമയം, ഹർത്താലിന് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടെന്ന പ്രചാരണം വ്യാജമാണെന്നും ആസിഫ വിഷയത്തിൽ സമാധാനപരമായി പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കെ ഇതിനെ വഴിതിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഹർത്താലിനു പിന്നിലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

ഹർത്താലാഹ്വാനവുമായി പ്രചരിച്ച സന്ദേശം ഇങ്ങനെ

16-04-2018 തിങ്കൾ നാളെ കേരളം നിശ്ചലമാവും.

ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഹർത്താൽ

ഫാസിസ്റ്റ് തെമ്മാടികളാൽ കൊല്ലപ്പെട്ട ആസിഫ എന്ന എട്ടു വയസ്സ്‌കാരി ഇന്ന് നമ്മുടെ കണ്ണിരായി മാറിയിരിക്കുകയാണ്.ഇന്ത്യൻ മതേതരത്വത്തിന്റെ നൊമ്പരമായും സുരക്ഷിതത്വം ആഗ്രഹിക്കുന്ന കുഞ്ഞു മനസ്സുകളിൽ പോലും ഭീതിയുടെ നിഴലായും നിലകൊള്ളുകയാണ്. ഇന്ത്യയുടെ പൈതൃകത്തെയും നാനാത്വത്തിൽ ഏകത്വം എന്ന അതിന്റെ അസ്തിത്വത്തെയും തകർക്കാൻ ശ്രമിക്കുകയും ഇന്ത്യ മുഴുവൻ ഒരു വർഗ്ഗീയ കലാപത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഇത്തരം RSS നരഭോജികളെ ഇന്ത്യയുടെ പരമോന്നത നീതിപീഠം തൂക്കിക്കൊല്ലണം. ഇനിയും ഒരു ആസിഫ കൊല്ലപ്പെട്ടു കൂടാ.ആസിഫയുടെ കൊലയാളികൾക്ക് നിയമത്തിന്റെ മുന്നിൽ ഏറ്റവും ഉയർന്ന ശിക്ഷ കിട്ടണം.അതിനായ് ഇന്ത്യയുടെ നാനാ ദിക്കിൽ നിന്നും പ്രതിഷേധം ഉയരണം കേരളത്തിന്റെ പ്രധിഷേധം ദേശീയ തലത്തിൽ ചർച്ചയാകണം. അതിന് മനുഷ്യത്വമുള്ളവർ കൈകോർക്കണം

ഈ ഹർത്താൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. മനുഷ്യത്വം മരവിക്കാത്ത പച്ചമനുഷ്യരായ ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഇത് വിജയിപ്പിച്ചിരിക്കും. സോഷ്യൽ മീഡിയയുടെ പവർ ഒരിക്കൽ കൂടി കേരളം അറിയും. കേരളം കണ്ട ഏറ്റവും ശ്രദ്ധേയമായ ഹർത്താലായി ഇത് മാറും. കടകൾ തുറക്കില്ല സാധാരണപ്പോലെ റോഡുകളിൽ ബസുകളെ കാണില്ല. KSRTC ബസ്സുകൾ പോലും ഓടാൻ സമ്മതിക്കില്ല. ഇരുചക്ര വാഹനങ്ങളെയും ഓടാൻ സമ്മതിക്കില്ല.

ഇനി ആരെങ്കിലും കട തുറക്കുകയാണെങ്കിൽ ബസുകൾ നിരത്തിലിറക്കാൻ തയ്യാറാവുകയാണെങ്കിൽ അത്തരക്കാരെ മനുഷ്യത്വം മരവിച്ച കാപാലികരായിട്ടെ വിവേകമുള്ള ഈ ജനത കാണൂ. ഓരോ പ്രാദേശിക ഏരിയയിലെയും യുവനിര ഇത് വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണം. സാംസ്‌കാരിക കൂട്ടായ്മകൾ രംഗത്തുവരണം സോഷ്യൽ മീഡിയയിൽ നമ്മൾ കാണിക്കുന്ന ഈ ആവേശം നാളെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഉണ്ടാകണം. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ' എന്നത് മനസ്സറിഞ്ഞു പറഞ്ഞവരാണെങ്കിൽ നാളെത്തെ ഹർത്താൽ വിജയിപ്പിക്കാൻ നമുക്കൊന്നിച്ച് പ്രവർത്തിക്കാം. ഈ പ്രതിഷേധ ജ്വാലയിൽ നമ്മളും പങ്കാളികളാകണം. നമ്മുടെ പൊന്ന് സഹോദരിക്ക് വേണ്ടി സോഷ്യൽ മീഡിയ നടത്തുന്ന ഈ ഹർത്താൽ എന്തു വില കൊടുത്തും വിജയിപ്പിക്കും.

ഭാരതം RSS കാപാലികർക്ക് തീറെഴുതി കൊടുത്തതല്ല എന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്ന ഈ ഹർത്താൽ വിജയമാക്കുന്നതിന് എല്ലാ മനുഷ്യസ്നേഹികളും രംഗത്ത് വരണം.
സോഷ്യൽ മീഡിയയുടെ പവർ ഒരിക്കൽ കൂടി കേരളം അറിയട്ടെ Justis for Aasifa

ഇതായിരുന്നു വാട്സ് ആപ് വഴിയും ഫേസ്‌ബുക്ക് വഴിയും പ്രചരിപ്പിക്കപ്പെട്ട സന്ദേശം. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ജനം തള്ളിക്കളയുകയും ഇന്ന് സാധാരണരീതിയിൽ കാര്യങ്ങൾ പോകുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP