Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കുട്ടിക്ക് വേണ്ടി പ്രിജി ഉറച്ചു നിന്നപ്പോൾ ഗുണ്ടാസംഘങ്ങളെ വിട്ട് ഭീഷണിപ്പെടുത്തി; ക്വട്ടേഷൻ നൽകിയത് ഭാര്യയും കാമുകനും എന്ന് ഉറപ്പിച്ചു; തൃപ്പുണ്ണിത്തുറയിലെ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചത് മകനെ ലഭിക്കില്ലെന്ന ആശങ്ക

കുട്ടിക്ക് വേണ്ടി പ്രിജി ഉറച്ചു നിന്നപ്പോൾ ഗുണ്ടാസംഘങ്ങളെ വിട്ട് ഭീഷണിപ്പെടുത്തി; ക്വട്ടേഷൻ നൽകിയത് ഭാര്യയും കാമുകനും എന്ന് ഉറപ്പിച്ചു; തൃപ്പുണ്ണിത്തുറയിലെ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചത് മകനെ ലഭിക്കില്ലെന്ന ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: ഭാര്യയുടെ ഫോണിൽ മറ്റൊരാളുടെ സന്ദേശങ്ങൾ കണ്ടതിനെത്തുടർന്നുണ്ടായ കുടുംബവഴക്ക് ഭാര്യാപിതാവിന്റെ കൊലപാതകത്തിനു വഴിയൊരുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഗുണ്ടാ സംഘങ്ങളിലേക്കും. സംഭവത്തിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ തെക്കുംഭാഗം തൈനോടിയിൽ പ്രിജി (34)യെ സംഭവത്തിനു രണ്ടു ദിവസം മുൻപു ഭീഷണിപ്പെടുത്തിയ ഗുണ്ടാസംഘത്തെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഈ ഭീഷണിപ്പെടുത്തലാണ് കൊലപാതകത്തിൽ കാര്യങ്ങളെത്തിച്ചതെന്നാണ് സൂചന.

പ്രിജിയോടു പിണങ്ങിയ ഭാര്യ അനിലയും സുഹൃത്ത് തൈക്കൂടം പ്രിജിഭവനിൽ ഷിജുവും കുത്തേറ്റു ചികിത്സയിലാണ്. അനിലയുടെ പിതാവു ജോണിയാണു കൊല്ലപ്പെട്ടത്. അനിലയുടെ പിതാവ് ജോണിയും അനിലയ്ക്കു ജോലിയും താമസിക്കാൻ ഫ്‌ലാറ്റും നൽകിയ സുഹൃത്ത് ഷിജുവുമാണ് കുടുംബജീവിതം തകർക്കുന്നതെന്നു പ്രിജി വിശ്വസിച്ചിരുന്നു. ഷിജു തരപ്പെടുത്തിയ ഫ്‌ലാറ്റിൽ താമസിക്കുന്ന അനിലയെയും മകനെയും കാണാൻ പ്രിജി പലപ്പോഴും ശ്രമിച്ചെങ്കിലും നടന്നില്ല. കൊലപാതകത്തിന് ഏതാനും ദിവസം മുൻപ് അനിലയെ നേരിൽക്കണ്ട പ്രിജി വിദേശയാത്ര മുടങ്ങുന്നതു ചൂണ്ടിക്കാട്ടി വിവാഹമോചനക്കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

മകനെ വേണ്ടന്ന് എഴുതി ഒപ്പിട്ടു നൽകിയാൽ കേസ് പിൻവലിക്കാമെന്ന് അനില പറഞ്ഞതോടെ പൊട്ടിത്തെറിച്ച പ്രിജി അമർഷത്തോടെയാണു പോയത്. പിറ്റേന്ന് ഒരു സംഘം യുവാക്കളെത്തി പ്രിജിയെ ഭീഷണിപ്പെടുത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അനിലയെയും മകനെയും ഇനിയും കാണാൻ ശ്രമിക്കരുതെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രിജിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. പ്രിജി നൽകിയ സൂചനകൾ വച്ച് ഗുണ്ടാസംഘത്തെ തെരയുകയാണ്. അനിലയും ഷിജുവും സുഖം പ്രാപിച്ച ശേഷം അവരിൽ നിന്നും മൊഴിയെടുക്കും. ഇതോടെ ഭീഷണിപ്പെടുത്തലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

ഭാര്യയെയും മകനെയും തിരികെ കൊണ്ടുവരാൻ താൻ നടത്തുന്ന ശ്രമങ്ങൾക്കു തടസ്സം നിൽക്കുന്നതും തനിക്കെതിരെ ഗുണ്ടകളെ നിയോഗിച്ചതും ഷിജുവാണെന്ന സംശയമാണു പ്രിജിയെ പ്രതികാരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഷിജുവുമായി അനിലയെ അടുപ്പിച്ചതു സ്വന്തം പിതാവ് ജോണിയാണെന്നും പ്രിജി കുറ്റപ്പെടുത്തിയിരുന്നു. അനിലയുടെ സാന്നിധ്യത്തിൽ ജോണി വീട്ടിൽ ഷിജുവിനു മദ്യം വിളമ്പിയിരുന്നതായും ആരോപണമുണ്ട്. കുത്തേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന അനിലയും ഷിജുവും അപകടനില തരണം ചെയ്താൽ മാത്രമേ പൊലീസിന് ഇവരുടെ മൊഴി രേഖപ്പെടുത്താൻ കഴിയൂ. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരായ ഇരുവരും വെന്റിലേറ്ററിലാണ്. അനില അപകടനില തരണം ചെയ്തിട്ടില്ല.

ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇടുക്കി കാളിയാർ വണ്ണപ്പുറത്തു കുരുവിക്കടയിൽ നിന്നും ഇപ്പോൾ പള്ളിപറമ്പുകാവ് റോയൽ സൺ ഫ്‌ളവേഴ്‌സ് 2 സിയിൽ താമസിക്കുന്ന റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻജോണി (62), മകൾ അനില (29),ഇവരുടെ കാമുകൻ തൈക്കൂടം പ്രജിത്ത് ഭവനിൽ ഷിജു (40) എന്നിവരെ അനിലയുടെ ഭർത്താവും തൃപ്പൂണിത്തുറ തെക്കുംഭാഗം കൈനോടിയിൽ പരേതനായ ഷണ്മുഖന്റെ മകനുമായ പ്രജി (34) കുത്തിയത്. തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിലെ അനിലയുടെ സപെയർ പാർട്‌സ് കടയിൽ വച്ചാണ് ഭാര്യയേയും അച്ഛനെയും ഇയാൾ കുത്തിയത്. ജോണി ഉടൻ മരിച്ചു.

തൃപ്പൂണിത്തുറ സ്റ്റാച്യുവിലെ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറാണ് പ്രജി. പെന്തക്കോസ്ത് വിഭാഗത്തിൽപ്പെട്ട അനിലയും ഹിന്ദുവായ പ്രജിയും തമ്മിൽ പ്രണയ വിവാഹമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അനിലയും ഷിജിയും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും ഇതാണ് അക്രമത്തിൽ കലാശിച്ചതെന്നുമാണ് പ്രജി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇത് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗുണ്ടാ സംഘങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നത്.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന പ്രജിയും അനിലയും വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഏഴു വർഷം മുമ്പ് വിവാഹിതരാവുകയായിരുന്നു. അനിലയുടെ വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു വിവാഹം. വിവാഹശേഷം അനിലയും പ്രിജിയുമായി പിണക്കത്തിലായി അനിലയുടെ വീട്ടുകാർ. അനിലയ്ക്ക് മകൻ ജനിച്ചതോടെ പിണക്കം മാറുകയും അനില വീണ്ടും വീട്ടുകാരുമായി അടുക്കുകയുമായിരുന്നു. ആറു വയസുകാരനായ മകൻ അർഷിത്തുമായി അനില വീട്ടിൽ പോയി താമസിക്കുകയും പതിവായി. ഇതോടെ അച്ഛന്റെ കളി തുടങ്ങി. അനിലയേയും പ്രജിയേയും പിണക്കാൻ ഈയാൾ തന്ത്രങ്ങൾ ഒരുക്കി. മകളെ മറ്റാർക്കെങ്കിലും വിവാഹം ചെയ്ത് നൽകുകയായിരുന്നു ജോണിയുടെ ലക്ഷ്യം. പ്രജിക്ക് നല്ല സാമ്പത്തികാവസ്ഥ ഉണ്ടായിരുന്നില്ല.

ഇതിനിടെയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനിലയുടെ മൊബൈൽ ഫോൺ ഒരു ദിവസം വീട്ടിൽ മറന്നുവച്ചു. ഫോൺ കാണാൻ ഇടയായ പ്രിജി അതിൽ ഷിജു അയച്ച സന്ദേശങ്ങൾ കണ്ടതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കവും വഴക്കുമുണ്ടായപ്പോൾ പ്രിജിക്കു സംശയരോഗം ആരോപിച്ച് അനില പൊന്നുരുന്നിയിലെ മാതാപിതാക്കളുടെ വീട്ടിലേക്കു താമസം മാറ്റി. അനിലയുടെ പിതാവുമായി സംസാരിച്ച് അനിലയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ പ്രിജി പലതവണ ശ്രമം നടത്തി പരാജയപ്പെട്ടു. അങ്ങനെയിരിക്കെ ഒരു വർഷം മുമ്പ് സ്വന്തം വീട്ടിലേക്ക് പോയ അനില പ്രജിയുടെ അടുത്തേക്ക് തിരികെ വന്നില്ല. പ്രജിയുമായുള്ള പിണക്കവും അകൽച്ചയും ആരംഭിക്കുന്നത് അവിടെയാണ്. ഇരുവരും തമ്മിലുള്ള അകൽച്ച വർദ്ധിച്ചതോടെ കുട്ടിയെ കാണാൻ പ്രജിയെ അനുവദിച്ചില്ല.

സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച പ്രജി നഗരത്തിൽ ഓട്ടോ ഓടിക്കുകയായിരുന്നു അപ്പോൾ. തുടർന്ന്, മകനെ വിട്ടുകിട്ടുവാനായി ഇയാൾ കോടതിയെ സമീപിച്ചു. ആ സമയത്താണ് അനില തൈക്കൂടം സ്വദേശിയായ ഷിജുവുമായി അടുപ്പത്തിലാകുന്നത്. ഈ യുവാവിനൊപ്പം അനില പോകുന്നത് പലപ്പോഴും പ്രജി കണ്ടിരുന്നു. ഷിജു വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഈ ബന്ധം പ്രജി ചോദ്യം ചെയ്തിരുന്നു. അനിലയുടെ അച്ഛന്റെ സമ്മതത്തോടെയായിരുന്നു ഈ ബന്ധമെന്നും പ്രജി മനസ്സിലാക്കി. അനിലയ്ക്കായി മൂന്ന് മാസം മുൻപ് റിഫൈനറി റോഡിൽ ഒരു ഫ്‌ളാറ്റ് ജോണി വാങ്ങി നൽകിയിരുന്നു. അനില മകനുമൊത്ത് ഇവിടെ താമസമാക്കുകയും ചെയ്തു. വിവരം അറിഞ്ഞ് പ്രജി അവിടെ ചെന്നുവെങ്കിലും അനില കാണുവാൻ കൂട്ടാക്കിയില്ല. മാത്രവുമല്ല, പ്രജി ഇവിടെ വന്നാൽ അകത്തു കയറ്റരുതെന്നു സെക്യൂരിറ്റി ജീവനക്കാരനോട് പറയുകയും ചെയ്തു.

ഇതിനിടെ അനില വിവാഹമോചനത്തിനു കുടുംബക്കോടതിയിൽ കേസ് ഫയൽ ചെയ്യ്യുകയും ഉണ്ടായി. ഗൾഫിൽ ജോലി തരപ്പെട്ടതിനാൽ കേസ് ഒഴിവാക്കണമെന്നും മനസു മാറിയില്ലെങ്കിൽ രണ്ടുവർഷം കഴിഞ്ഞു വിവാഹമോചനം ആവാമെന്നും പ്രിജി അറിയിച്ചു. കുട്ടിയെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇതിനിടെ പ്രിജി തൃപ്പൂണിത്തുറ പൊലീസിൽ പരാതി നൽകി. എസ്‌ഐ ഇരുവരെയും വിളിച്ച് ഉപദേശിച്ചുവിടുകയും ചെയ്തു. കുടുംബക്കോടതിയിലെ കേസിൽ കഴിഞ്ഞ ദിവസം വിചാരണ തുടങ്ങിയപ്പോൾ മകനെക്കൊണ്ടു പ്രിജിക്കെതിരെ അനില മൊഴി കൊടുപ്പിച്ചതാണു ആക്രമണത്തിനും കൊലയ്ക്കും പ്രകോപനമായതെന്നാണു പൊലീസിനു ലഭിച്ച സൂചന. ഇതിനിടയിൽ, പ്രിജി മകനെ കാണാനെത്തുന്നത് ചില യുവാക്കൾ തടഞ്ഞിരുന്നു. ഇവർ ഷിജു നിയോഗിച്ച ഗുണ്ടകളാണെന്നു പ്രിജി സംശയിച്ചു.

എസ്. എൻ ജംഗ്ഷനിൽ അനിലയ്ക്കായി പ്രീമിയർ മെഷിൻസ് ആൻഡ് സ്‌പെയേഴ്‌സ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനത്തിലും പ്രജിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പ്രജി കടയിൽ എത്തി ഭീഷണിപ്പെടുത്തുന്നുവെന്ന ഒരു പരാതി അനില പൊലീസിൽ നൽകി. ഇതെല്ലം തന്നെ അകറ്റുവാനുള്ള തന്ത്രങ്ങൾ ആണെന്ന് പ്രജി മനസ്സിലാക്കി. തുടർന്നാണ് ഇവരെ കൊലപ്പെടുത്തുവാൻ പ്രജി തീരുമാനിച്ചത്. ഗൾഫ് ജോലി നഷ്ടപ്പെട്ടതിനു പുറമെ അനിലയും മകനും ഒരിക്കലും തിരിച്ചുവരില്ലെന്നും ഉറപ്പായതോടെയാണു പ്രിജി പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന കറിക്കത്തിയുമായി കടയിലെത്തിയ പ്രിജി അകത്തുനിന്നു വാതിൽ അടച്ചശേഷം അനിലയെയും തടയാനെത്തിയ പിതാവു ജോണിയെയും കുത്തി. പിന്നീടു ബൈക്കിൽ എരൂർ പെരീക്കാട് ഭാഗത്തെത്തി ചോരപുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച ശേഷം തൈക്കൂടത്തെ വീടിനു മുന്നിലെത്തി ഷിജുവിനെ വിളിച്ചിറക്കി കുത്തിവീഴ്‌ത്തി. ബൈക്കിൽ കടന്ന പ്രിജി ചമ്പക്കര കായലിലേക്കു കത്തി എറിഞ്ഞ ശേഷം തൃപ്പൂണിത്തുറ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP