Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

പൊലീസ് സംഘത്തിലെ എട്ടുപേരെ വെടിവെച്ചു കൊന്ന വികാസ് ദുബെ ഉത്തർപ്രദേശിലെ 'മോസ്റ്റ് വാണ്ടഡ്' ക്രിമിനൽ; ബിജെപി നേതാവിനെ വെടിവെച്ച് കൊന്നത് അടക്കം 60 കേസിൽ പ്രതി; ഒന്നിൽ പോലും ശിക്ഷിക്കപ്പെട്ടില്ല; ചുറ്റും ആയുധധാരികളായ അനുയായി വൃന്ദം; 'അവനെ വെടിവെച്ച് കൊന്നാലും സങ്കടമില്ല' തുറന്നു പറഞ്ഞ് വികാസിന്റെ മാതാവും; ഉത്തർപ്രദേശിലെ അണ്ടർവേൾഡ് ഡോണായി വിലസുന്ന വികാസിന്റെ ബംഗ്ലാവും ആഡംബര കാറുകളും ഇടിച്ചു നിരത്തി; വിവരം നൽകുന്നവർക്ക് അരലക്ഷം പാതിതോഷികം പ്രഖ്യാപിച്ചു

പൊലീസ് സംഘത്തിലെ എട്ടുപേരെ വെടിവെച്ചു കൊന്ന വികാസ് ദുബെ ഉത്തർപ്രദേശിലെ 'മോസ്റ്റ് വാണ്ടഡ്' ക്രിമിനൽ; ബിജെപി നേതാവിനെ വെടിവെച്ച് കൊന്നത് അടക്കം 60 കേസിൽ പ്രതി; ഒന്നിൽ പോലും ശിക്ഷിക്കപ്പെട്ടില്ല; ചുറ്റും ആയുധധാരികളായ അനുയായി വൃന്ദം; 'അവനെ വെടിവെച്ച് കൊന്നാലും സങ്കടമില്ല' തുറന്നു പറഞ്ഞ് വികാസിന്റെ മാതാവും; ഉത്തർപ്രദേശിലെ അണ്ടർവേൾഡ് ഡോണായി വിലസുന്ന വികാസിന്റെ ബംഗ്ലാവും ആഡംബര കാറുകളും ഇടിച്ചു നിരത്തി; വിവരം നൽകുന്നവർക്ക് അരലക്ഷം പാതിതോഷികം പ്രഖ്യാപിച്ചു

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നോ: ഉത്തർപ്രദേശിലെ കൊടുംകുറ്റവാളി വികാസ് ദുബെയെ കണ്ടെത്താൻ വേണ്ടി വിറളിപിടിച്ചു ഓടുകയാണ് പൊലീസ്. കൂട്ടത്തിൽ കാക്കിയിട്ട ഒമ്പതു പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം അനുയായികളുമായി മുങ്ങിയിരിക്കയാണ് ഈ അധോലോക നായകൻ. കൊടും ക്രിമിനലായ വികാസ് ദുബെയെ കണ്ടെത്തിയാൽ വെടിവെച്ചു കൊല്ലുമെന്ന കാര്യം ഉറപ്പാണ്. അത്രയ്ക്ക് രോഷമാണ് യുപി പൊലീസിലുള്ളത്. അറസ്റ്റുചെയ്യാൻ വന്ന പൊലീസ് സംഘത്തിലെ ഡി.എസ്‌പി അടക്കമുള്ള എട്ടുപേരെ വെടിവെച്ചു കൊന്ന ശേഷമാണ് ഇയാൽ ഒളിവിൽ പോയിത്.

അതിനിടെ കാടുംകുറ്റവാളിയായ വികാസ് ദുബെയുടെ ബംഗ്ലാവ് പൊളിച്ചു നീക്കി. ശനിയാഴ്ച രാവിലെയോടെയാണ് കാൺപുർ ജില്ല ഭരണകൂടം ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ എട്ടു പേരെ ആക്രമിസംഘം വെടിവെച്ച് കൊന്നത്. ഇതിനുപിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. സംഭവത്തിന് ശേഷം ഒളിവിൽപോയ വികാസ് ദുബെയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി ദുബെയുടെ ലഖ്‌നൗ കൃഷ്ണനനഗറിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ദുബെയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, വ്യാഴാഴ്ച രാത്രിയിലെ റെയ്ഡ് സംബന്ധിച്ച് വിവരം വികാസ് ദുബെയ്ക്കും സംഘത്തിനും ചോർത്തിനൽകിയെന്ന് സംശയിക്കുന്ന പൊലീസുകാരനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

അതിനിടെ 'അവനെയും ഏറ്റമുട്ടലിൽ വെടിവെച്ച് കൊല്ലണം' എന്നാണ് എട്ടു പൊലീസുകാർ കൊല്ലപ്പെട്ട വിവരമറിഞ്ഞ് വികാസ് ദുബെയുടെ മാതാവ് സരള ദേവി പ്രതികരിച്ചത്. പൊലീസുകാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ അവർ അതേ അവസ്ഥ സ്വന്തം മകന് വന്നാൽ സങ്കടപ്പെടില്ലെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇളയ മകൻ ദീപ് പ്രകാശ് ദുബെയോടൊപ്പം കൃഷ്ണനഗറിലെ ഇന്ദ്രലോക് കോളനിയിലാണ് അവർ താമസിക്കുന്നത്. രാവിലെ എട്ടുമണിക്ക് പ്രാർത്ഥിക്കാനായി പുറത്തിറങ്ങിയ ദീപ്പ്രകാശ് തിരിച്ചെത്തിയിട്ടില്ല. ഏപ്രിലിൽ കാണാൻ വന്നിരുന്നുവെങ്കിലും വികാസ് ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്ന് അവർ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഇന്ദ്രനഗറിലെ ഇവരുടെ വീട് പരിശോധിക്കാനെത്തിയ പൊലീസ് ദീപ്പ്രകാശിന്റെ ഭാര്യ അഞ്ജലിയെയും ബന്ധുവിനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. മറ്റൊരു സംഘം ദീപ്പ്രകാശിനായി തെരച്ചിലിലാണ്. കാൺപൂരിലെ ബിക്രു ഗ്രാമത്തിലെ തറവാട് വീട്ടിലാണ് വികാസിന്റെ പിതാവ് താമസിക്കുന്നത്. വികാസിന്റെ ഭാര്യ സോനവും മക്കളായ ആകാശും ശാന്തനുവും അവിടെയാണ് താമസം.

വികാസ് ദുബെ: യുപിയിലെ അധോലോക രാജാവ്

വികാസ് ദുബെയെന്ന പേരു കേട്ടാൽ പൊലീസും പോലും വിറയ്ക്കും. അത്രയ്ക്ക് കൊടും ക്രിമിനലാണ് അയാൾ. സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധനായ വ്യക്തി. കൊലപാതകം അടക്കം അറുപതോളം കേസുകളിൽ പ്രതിയായ ഇയാൾ നേരത്തേ നിരവധി തവണ അറസ്റ്റിലായിട്ടുണ്ടെങ്കിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇങ്ങനെ രക്ഷിക്കാൻ പാകത്തിന് രാഷ്ട്രീയ ബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ഈയിടെ രജിസ്റ്റർചെയ്ത കൊലപാതക ശ്രമ കേസിൽ വെള്ളിയാഴ്ച പുലർച്ച പൊലീസ് തേടിയെത്തിയപ്പോൾ ഏറെ ആസൂത്രണത്തോടെയാണ് ദുബെ തിരിച്ചടിച്ചത്. ലക്‌നോവിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ധിക്രു ഗ്രാമത്തിലേക്കുള്ള വഴിയിൽ ദുബെയുടെ സംഘം തടസ്സം സൃഷ്ടിച്ചു. ബുൾഡോസർ അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് തടസ്സം നീക്കി ഇയാളുടെ താവളത്തിലെത്തിയ പൊലീസ്‌സംഘത്തെ വരവേറ്റത്, കെട്ടിടത്തിന്റെ മുകളിൽനിന്നുള്ള അപ്രതീക്ഷിത വെടിയുണ്ടകളായിരുന്നു. ഏറ്റുമുട്ടലുണ്ടായ, വികാസ് ദുബെയുടെ വീട്ടിലേക്കുള്ള വഴിയിൽ ചോര തളംകെട്ടി നിൽക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1990ൽ ഒരു കൊലപാതകത്തോടെയാണ് ഈ അമ്പതുകാരൻ പൊലീസ് ക്രിമിനൽ ബുക്കിൽ കയറിപ്പറ്റുന്നത്. പിന്നീടിങ്ങോട്ട് കൊലപാതകശ്രമവും തട്ടിക്കൊണ്ടുപോകലും കവർച്ചയും കലാപവും തുടങ്ങി ഒട്ടേറെ കേസുകൾ ഇയാളുടെ പേരിൽ ചേർക്കപ്പെട്ടു. 2001ൽ കാൺപൂരിലെ ഒരു ബിജെപി നേതാവിനെ ഓടിച്ച് പൊലീസ് സ്‌റ്റേഷനിൽവെച്ച് വെടിവെച്ചുകൊന്ന സംഭവം ഉണ്ടായി. ഈ കേസിൽ അടുത്ത വർഷം കീഴടങ്ങിയെങ്കിലും കോടതി വെറുതെ വിട്ടു. ഒരു ഗ്രാമവാസി നൽകിയ വധശ്രമക്കേസിൽ ദുബെയെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് സംഘം വെള്ളിയാഴ്ച എത്തിയത്. മുമ്പ് ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഇയാൾക്ക് ഗ്രാമത്തിൽ ആയുധധാരികളായ അനുയായിവൃന്ദമുണ്ട്. മേഖലയിൽ സ്വാധീനമേറെയുള്ള ദുബെയെ പ്രദേശവാസികൾ ഭയപ്പാടോടെയാണ് കാണുന്നതെന്നും അധികൃതർ പറയുന്നു.

1990 -ൽ ചാർജ് ചെയ്യപ്പെട്ട ആദ്യത്തെ കൊലപാതകക്കേസ് തൊട്ട് ഇങ്ങോട്ട് പല കേസുകളിൽ വികാസിന് രക്ഷപെടാൻ അവസരം ഒരുക്കിയത് സംസ്ഥാനത്തെ രാഷ്ട്രീയ ബന്ധങ്ങൾ തന്നെയായിരുന്നു. കാൺപൂരിലെ ചൗബേപൂർ പൊലീസ് സ്റ്റേഷനിൽ മാത്രം ദുബെയുടെ പേരിൽ 60 -ലധികം കേസുകളുണ്ട്. ഇവയിൽ കൊലപാതകം, കൊലപാതശ്രമം തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങൾ ഉൾപ്പെടും. ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ദുബെയെ അറസ്റ്റുചെയ്യാനായി പൊലീസ് സംഘം ഗ്രാമത്തിലെത്തിയത്. ഇതിനു മുമ്പും പല കേസുകളിലും അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള ദുബെ അന്നൊക്കെ ജാമ്യം സംഘടിപ്പിച്ച് മുങ്ങിയ ചരിത്രമാണുള്ളത്.

ബിജെപി നേതാവിനെ വെടിവെച്ചു കൊന്നിട്ടം പുഷ്പ്പം പോലെ ഇറങ്ങി

2001 -ൽ ശിവ്ലി പൊലീസ് സ്റ്റേഷനുള്ളിൽ കടന്നുചെന്ന് ബിജെപി നേതാവും മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ലയെ വെടിവെച്ചു കൊന്നുകളഞ്ഞയാളാണ് വികാസ് ദുബെ. അന്ന് ആ ഹൈ പ്രൊഫൈൽ കൊലപാതകത്തിന് ശേഷം കോടതിയിൽ കീഴടങ്ങിയ ദുബെക്ക് പക്ഷേ ആഴ്ചകൾക്കകം ജാമ്യം കിട്ടി. പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച്, പൊലീസുകാർ നോക്കിനിൽക്കെ, 19 വർഷം മുമ്പ് നടന്ന ആ കൊലപാതകത്തിൽ പോലും വികാസ് ദുബെക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ യുപി പൊലീസിന് സാധിച്ചിട്ടില്ല. ആ കേസിൽ അയാളെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.

അതിനും മുമ്പ്, 2000 -ൽ ശിവ്ലിയിൽ തന്നെയുള്ള താരാചന്ദ് ഇന്റർ കോളേജിന്റെ വൈസ് പ്രിൻസിപ്പൽ സിദ്ധേശ്വർ പാണ്ഡേയെ വെടിവെച്ചു കണി കേസിലും വികാസ് ദുബെ പ്രതിയായിരുന്നു. അതിലും അയാൾക്കെതിരെ തെളിവുസംഘടിപ്പിക്കാൻ പൊലീസിന് സാധിച്ചില്ല. ഈ കേസിനും പുറമെ രാം ബാബു യാദവ് തുടങ്ങി നിരവധി ശത്രുക്കളെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്നുള്ള കേസും ഉണ്ട്. 2004 -ൽ ഒരു കേബിൾ ടിവി വ്യവസായിയുടെ ഹത്യ, 2013 -യിൽ മറ്റൊരു കൊലപാതകം, 2018 -ൽ സ്വന്തം സഹോദരനെ വധിക്കാൻ ശ്രമിച്ചെന്ന കേസ് അങ്ങനെ കേസുകൾ നിരവധിയുണ്ടായിരുന്നു ദുബെയുടെ പേർക്കെങ്കിലും എല്ലാ കക്ഷികളിലും അയാൾക്കുണ്ടായിരുന്ന സ്വാധീനം ആ കേസുകളിൽ നിന്നെല്ലാം ഊരിപ്പോരാൻ അയാളെ സഹായിച്ചു.

ശിവ്ലി ഗ്രാമത്തിലെ തന്റെ വീട് ഒരു കോട്ടപോലെയാണ് ദുബെ കൊണ്ടുനടന്നിരുന്നത്. അയാളുടെ സമ്മതം കൂടാതെ ആർക്കും ആ വീടിരിക്കുന്നതിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നു. 2002 -ൽ ബിഎസ്‌പിയുടെ ഭരണം തുടങ്ങിയ ശേഷം, റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഭാഗമായി ദുബെ സമ്പാദിച്ചു കൂട്ടിയത് കോടിക്കണക്കിനു രൂപയാണ്. സ്വന്തം ഗ്രാമത്തെ മാത്രമല്ല, അയൽഗ്രാമങ്ങളെപ്പോലും ഈ ഡോൺ നിയന്ത്രിച്ചിരുന്നു. അവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽപ്പോലും ആര് ജയിക്കണം എന്ന് തീരുമാനിച്ചിരുന്നത് വികാസ് ദുബെ ആണെന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.

വികാസ് ദുബെയുടെ രണ്ടു ആണ്മക്കളിൽ ഒരാൾ ഇംഗ്ലണ്ടിൽ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെയാൾ കാൺപൂരിൽ തന്നെ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്രയധികം കേസുകളുണ്ടായിട്ടും ശിവ്ലി ഗ്രാമത്തിലെ ഒരാൾക്കുപോലും വികാസ് ദുബെയെ ദുഷിച്ച് സംസാരിക്കാനോ, അയാൾക്കെതിരെ ഏതെങ്കിലും കേസിൽ മൊഴിനൽകാനോ ഉള്ള ധൈര്യം ഇനിയും വന്നിട്ടില്ല. അതാണ്് വികാസ് ദുബെയെന്ന പേരിന്റെ ശക്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP