Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കുഴഞ്ഞു വീഴലും നെഞ്ചു വേദനയും 'രാമമൂർത്തി ഭയത്തിൽ'! സ്വപ്നയുടെ നയതന്ത്ര കടത്ത് പൊളിച്ച ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിയപ്പോഴേ ശിവശങ്കർ അറസ്റ്റ് മുന്നിൽ കണ്ടു; വിനയാകുന്നത് ഇന്ത്യൻ കറൻസി ഡോളർ ആയി മാറ്റാൻ സമ്മർദ്ദം ചെലുത്തിയെന്ന ബാങ്കുകാരുടെ മൊഴി; ഡോളർ കടത്താൻ ഐഎഎസുകാരനും ഒത്താശ ചെയ്തു; ശിവശങ്കറിന്റെ അറസ്റ്റ് അനിവാര്യമാകുമ്പോൾ

കുഴഞ്ഞു വീഴലും നെഞ്ചു വേദനയും 'രാമമൂർത്തി ഭയത്തിൽ'! സ്വപ്നയുടെ നയതന്ത്ര കടത്ത് പൊളിച്ച ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിയപ്പോഴേ ശിവശങ്കർ അറസ്റ്റ് മുന്നിൽ കണ്ടു; വിനയാകുന്നത് ഇന്ത്യൻ കറൻസി ഡോളർ ആയി മാറ്റാൻ സമ്മർദ്ദം ചെലുത്തിയെന്ന ബാങ്കുകാരുടെ മൊഴി; ഡോളർ കടത്താൻ ഐഎഎസുകാരനും ഒത്താശ ചെയ്തു; ശിവശങ്കറിന്റെ അറസ്റ്റ് അനിവാര്യമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എയർപോർട്ടിൽ എത്തിയ 30 കിലോ തൂക്കമുള്ള യു എ ഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിൽ സ്വർണമാണന്ന് ദുബായിൽ നിന്നു തന്നെ വിവരം ലഭിച്ചിട്ടും ആദ്യം എയർ കസ്റ്റംസ് കാർഗോ മേധാവി രാമമൂർത്തിക്ക് ചെറിയൊരു ശങ്ക ഉണ്ടായിരുന്നു പെട്ടി പൊട്ടിക്കാൻ. നയതന്ത്ര പാഴ്‌സലുകൾ ഒരു പരിശോധനയും കൂടാതെ വിമാനത്താവളങ്ങൾ വഴി കടത്തി വിടണമെന്നാണ് നിയമം. കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥ സ്വപ്നാ സുരേഷിനേയും സരിത്തിനേയും കുടുക്കിയത് രാമമൂർത്തിയുടെ പിഴയ്ക്കാത്ത ചുവടുകളാണ്. ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനും എത്തിയത്. എല്ലാം അതീവ രഹസ്യമായി രാമമൂർത്തി വച്ചു. അങ്ങനെ നാടകീയമായി വീട്ടിലേക്ക് എത്തി. ഇതിനെയാണ് കുഴഞ്ഞു വീണ് ശിവശങ്കർ പൊളിച്ചത്.

ഇനി അഥവാ പാഴ്‌സലിൽ രാജ്യദ്രോഹപരമായ സാധനങ്ങളോ കള്ളക്കടത്തു സാധനങ്ങളോ ഉണ്ടെങ്കിൽ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങി ബന്ധപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പെട്ടി പൊട്ടിക്കാം. ജൂൺ 30ാം തിയ്യതി എത്തിയ ബാഗേജിൽ സ്വർണമാണന്ന് വിവിരം നല്കിയവർ ഉറപ്പിച്ചു പറഞ്ഞിരുന്നു. കൂടാതെ പാഴ്‌സലിന്റെ തൂക്കവും നിറവും വ്യക്തമായ സൂചനയും നല്കി.പെട്ടി പൊട്ടിക്കാൻ അനുമതി ഇല്ലാത്തതു കൊണ്ടു തന്നെ ബാഗേജ് പിടിച്ചുവെയ്ക്കാൻ കസ്റ്റംസ് തീരുമാനിച്ചു. കസ്റ്റംസിന്റെ കേരളത്തിന്റെ തലവനാണ് ഈ വിവരം കിട്ടിയത്. ഇത് ഉറപ്പിച്ചത് രാമമൂർത്തിയായിരുന്നു. അതുകൊണ്ട് തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള ചുമതല സുമിത് കുമാർ ഏൽപ്പിച്ചതും രാമമൂർത്തിയെയാണ്. അതുകൊണ്ടാണ് ഈ നീക്കം ആരും അറിയാതെ പോയതും.

സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴിയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ വിവിധ അന്വേഷണ ഏജൻസികൾക്കു നൽകിയ മൊഴിയും ശിവശങ്കറിനു കുരുക്കൊരുക്കിയെന്നാണു വിവരം. വിവിധ ഏജൻസികൾ അദ്ദേഹത്തെ ഇതിനകം ഏകദേശം 110 മണിക്കൂർ ചോദ്യംചെയ്തിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണു ശിവശങ്കറിനെതിരേ നിർണായകമായത്. സ്വപ്ന സുരേഷുമായുള്ള ദുരൂഹമായ ബന്ധവും അവരുമായുള്ള സാമ്പത്തിക ഇടപാടുകളും സംശയനിഴലിലാണ്. ഈന്തപ്പഴം കടത്തിന്റെ പേരിലും കേസ് രജിസ്റ്റർ ചെയ്യുമെന്നാണു വിവരം.

ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയ്ക്കും സരിത്തിനുമെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. ലൈഫ് മിഷൻ വഴി ലഭിച്ച കൈക്കൂലി തുക ഡോളർ ആക്കി മാറ്റി യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 1.90 ലക്ഷം ഡോളർ ആണ് വിദേശത്തേക്ക് കടത്തിയത്. ഇന്ത്യൻ കറൻസി ഡോളർ ആയി മാറ്റിക്കിട്ടാൻ ശിവശങ്കർ സമ്മർദ്ദം ചെലുത്തിയെന്ന് ബാങ്ക് അധികൃതർ കസ്റ്റംസിനു മൊഴി നൽകിയിരുന്നു. ഇത്രയേറെ തുകയുടെ ഡോളർ നൽകാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും ശിവശങ്കറിന്റെ സമ്മർദ്ദത്തെ തുടർന്ന് നൽകുകയായിരുന്നുവെന്നാണ് മൊഴി. ഈ മൊഴിയാണ് ശിവശങ്കറിന് വിനയാകുന്നത്. ഇതോടെയാണ് രാമമൂർത്തി ശിവശങ്കറിനെ പിടിക്കാൻ പൂജപ്പുരയിലെ വീട്ടിൽ എത്തിയത്.

ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) െഹെക്കോടതി നേരത്തേ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ആവശ്യമെങ്കിൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന, ക്രിമിനൽ നടപടിച്ചട്ടം 41(എ) നോട്ടീസുമായാണ് സ്വർണക്കടത്ത് പിടിച്ച അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തി ഇന്നലെ െവെകിട്ട് നേരിട്ടെത്തിയത്. ഗൗരവം തിരിച്ചറിഞ്ഞതോടെയാണു ശിവശങ്കർ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്നാണു സൂചന. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഡോക്ടർമാരുമായി സംസാരിച്ചതിനു ശേഷം മടങ്ങി. രക്തസമ്മർദം കൂടുതലാണെന്നാണ് ആശുപത്രിയിൽനിന്നുള്ള വിവരം.

സ്വർണ്ണ കടത്ത് പിടികൂടിയതും രാമമൂർത്തിയുടെ മികവായിരുന്നു. ഇത് മനസ്സിലാക്കിയാണ് ശിവശങ്കർ നെഞ്ചു വേദന നടിച്ചതും ആശുപത്രിയിലേക്ക് മാറിയതും. സ്വർണ്ണ കടത്തിൽ മനസ്സിലായ കാര്യങ്ങൾ ജൂലൈ ആദ്യം രാമമൂർത്തി, കമ്മീഷണർ വഴി വിവരം രേഖാമൂലം തന്നെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ ധരിപ്പിച്ചു. ഇമെയിൽ മുഖാന്തിരം നല്കിയ അപേക്ഷയിൽ രണ്ടു ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതു കൊണ്ടു തന്നെ അനുമതി ലഭിക്കില്ലന്നായിരുന്നു കസ്റ്റംസിന്റെ കണക്കുകൂട്ടൽ. എന്നാൽ വന്ദേഭാരത് ദൗത്യവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളിൽ ഇന്ത്യ -യു എ ഇ തർക്കം നിലനിന്നതും കസ്റ്റംസിന്റെ നീക്കത്തിന് ഗുണകരമായി. കസ്റ്റംസിന്റെ അപേക്ഷ വിശദമായി പരിശോധിച്ച വിദേശകാര്യ മന്ത്രാലത്തിന്റെ അനുമതി ഉത്തരവ് രാത്രിയാണ് ഇമെയിൽ സന്ദേശമായി കസ്റ്റംസിന് ലഭിക്കുന്നത്. അനുമതി ലഭിച്ചുവെങ്കിലും പെട്ടിപൊട്ടിക്കാൻ രാമമൂർത്തി ടീമിന് പിന്നെയും കടമ്പകൾ ഉണ്ടായിരുന്നു. പെട്ടിയിൽ പ്രതീക്ഷിക്കുന്ന ഒന്നും ഇല്ലെങ്കിൽ ആദ്യം ഇന്ത്യ- യു എ ഇ നയതന്ത്ര ബന്ധം ഉലയും. അതിന്റെ പ്രത്യാഘാതം വിവരിക്കാൻ കഴിയുന്നതിനും അപ്പുറമായേനെ. ഇതിന് പുറമെ രാമമൂർത്തിയുടെ തൊപ്പി തെറിച്ചേനെ. സസ്‌പെൻഷൻ... മറ്റു നടപടികൾ.... മാധ്യമ വാർത്ത .... അങ്ങനെ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വന്നേനെ.

എന്നാൽ പെട്ടി പൊട്ടിക്കുന്നതിന്റെ തലേദിവസവും ടീം അംഗങ്ങളെ വിളിച്ച് അസാമന്യ ധൈര്യം പ്രകടിപ്പിച്ച മൂർത്തിക്ക് തന്റെ ഇൻഫോർമറെ അത്ര വിശ്വാസമായിരുന്നു. മുൻപും ഇതേ ഇൻഫോർമർ കസ്റ്റംസിനെ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പെട്ടി പൊട്ടിക്കുന്നത് ദുബായി നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാവണം. ഇതിനായി കത്തു നല്കിയപ്പോൾ തന്നെ കോൺസുലേറ്റ് അനുകൂലമായി പ്രതികരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺസുലേറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പെട്ടി പൊട്ടിച്ചത്. പെട്ടിയിൽ കണ്ടെത്തിയ പൈപ്പ്, ഡോർലോക്ക്, എയർ കംപ്രസർ എന്നിവയിൽ സിലിൻഡർ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വർണമാണ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. ബാഗേജിലെ എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണം കുത്തിനിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡിൽസും ബിസ്‌കറ്റുമാണ് ഉണ്ടായിരുന്നത് പെട്ടിയുമായി ബന്ധമില്ലെന്ന് യുഎഇ കോൺസലർ രേഖാമൂലം തന്നെ കസ്റ്റംസിനെ അറിയിച്ചു. പിന്നീട് അന്വേഷണം പല തലത്തിലെത്തി.

സ്വർണ വേട്ടയ്ക്ക് നേതൃത്വം നല്കിയ എയർ കാർഗോ കസ്റ്റംസ് മേധാവി രാമമൂർത്തി നേരത്തെ തന്നെ കള്ളക്കടത്തു കാരുടെ പേടി സ്വപ്നമാണ്. 93ൽ കസ്റ്റ്ംസിൽ പ്രിവന്റീവ് ഓഫീസർ ആയി ജോലിയിൽ കയറിയ മൂർത്തി 97കാലഘട്ടിത്തിൽ ഡൽഹി എയർപോർട്ടിലെ കള്ളക്കടത്തു കാരുടെ പേടി സ്വപ്നമായിരുന്നു. ഡെപ്യൂട്ടേഷനിൽ ഡൽഹിയിൽ എത്തിയ ശേഷം അവിടെ നടത്തിയിട്ടുള്ള സ്വർണവേട്ട, മയക്കുമരുന്ന വേട്ട ഇതൊക്കെ തന്നെ അന്നത്തെ ദേശീയ പത്രങ്ങളിൽ വാർത്തയായിരുന്നു. റവന്യൂ ഇന്റലിജൻസിലും രാമമൂർത്തി ജോലി ചെയ്തിരുന്നു. ഡി ആർ ഐ യിൽ ഇരിക്കെ ഉന്നത ബന്ധമുള്ള പല സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും തുമ്പുണ്ടാക്കിയത് മൂർത്തി ആയിരുന്നു. നയതന്ത്ര ബാഗേജിലെ കള്ളക്കടത്തു പിടികൂടിയതു വഴി രാജ്യത്തെ നയതന്ത്ര ഓഫീസുകളിലേക്ക് വരുന്ന പാഴ്‌സലുകൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കാൻ കസ്റ്റംസിന് പിടിവള്ളിയായി. ഇതിന് പിന്നിലെ ചാലക ശക്തിയായി മാറുന്നതും രാമമൂർത്തിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP