Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗളൂരുവിലേക്ക് ഒളിച്ചു കടക്കുന്നതിന് മുമ്പും ശിവശങ്കറിനെ സ്വപ്‌നാ സുരേഷ് വിളിച്ചിരുന്നു; മൊബൈൽ തെളിവുകൾക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി കുടുങ്ങി; സ്വപ്നയുടെ സഹായ അഭ്യർത്ഥനകൾക്ക് അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പിടിച്ചു നിൽക്കൽ; സ്വർണ്ണ കടത്തിൽ പങ്കില്ലെന്നും മൊഴി ആവർത്തിക്കൽ; മൊഴി പരിശോധിച്ച് പ്രതിയാക്കുന്നതിൽ തീരുമാനം ഉടൻ; മൂന്നാം വട്ടം ചോദ്യം ചെയ്തു വിട്ടെങ്കിലും ശിവശങ്കറിന് ക്ലീൻ ചിറ്റില്ല

ബംഗളൂരുവിലേക്ക് ഒളിച്ചു കടക്കുന്നതിന് മുമ്പും ശിവശങ്കറിനെ സ്വപ്‌നാ സുരേഷ് വിളിച്ചിരുന്നു; മൊബൈൽ തെളിവുകൾക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി കുടുങ്ങി; സ്വപ്നയുടെ സഹായ അഭ്യർത്ഥനകൾക്ക് അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പിടിച്ചു നിൽക്കൽ; സ്വർണ്ണ കടത്തിൽ പങ്കില്ലെന്നും മൊഴി ആവർത്തിക്കൽ; മൊഴി പരിശോധിച്ച് പ്രതിയാക്കുന്നതിൽ തീരുമാനം ഉടൻ; മൂന്നാം വട്ടം ചോദ്യം ചെയ്തു വിട്ടെങ്കിലും ശിവശങ്കറിന് ക്ലീൻ ചിറ്റില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ. എട്ടരമണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. സ്വപ്നാ സുരേഷിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യംചെയ്യൽ. മൂന്നാംതവണയാണ് എൻ.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന്റെ ഉത്തരങ്ങൾ പരിശോധിച്ചാകും എൻ.ഐ.എ. അടുത്ത നടപടികളിലേക്ക് കടക്കുക. വ്യാഴാഴ്ച രാവിലെ 11.30-ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്. എൻഐഎയെ കൂടാതെ കസ്റ്റംസ് രണ്ടുദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു തവണയും ശിവശങ്കറിനെ ചോദ്യംചെയ്തിരുന്നു.

വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും എൻ.ഐ.എ. അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. സ്വർണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ ഒന്നിലേറെത്തവണ വിളിച്ചെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കു കടക്കുന്നതിനു മുമ്പായിരുന്നു ഇത്. എന്നാൽ, സ്വപ്നയുടെ സഹായാഭ്യർഥനകൾക്ക് അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ശിവശങ്കർ പറഞ്ഞു. സ്വപ്നയിൽനിന്നും സന്ദീപിൽനിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെയും ലാപ്ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഡിജിറ്റൽ ഉപകരണങ്ങൾ സി-ഡാക്കിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ശിവശങ്കറുമായി നടത്തിയ വാട്‌സാപ്പ്, ടെലഗ്രാം ചാറ്റുകൾ നേരത്തേ സ്വപ്ന ഫോണിൽനിന്ന് കളഞ്ഞിരുന്നു. ഇതു തിരിച്ചെടുത്ത അന്വേഷണസംഘം ആ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരോടും ചോദ്യങ്ങൾ ചോദിച്ചത്. സ്വപ്നാ സുരേഷിന് ഫ്‌ളാറ്റും ബാങ്കിൽ ലോക്കറും എടുത്തുകൊടുത്തത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടയിൽ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരും എൻ.ഐ.എ.യുടെ ഓഫീസിലെത്തിയിരുന്നു.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു പുറത്തുവന്ന ജൂലൈ 5 നും ബെംഗളൂരുവിൽ അറസ്റ്റിലായ ജൂലൈ 10നും ഇടയിൽ സ്വപ്ന സുരേഷ് ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾക്കു മുന്നിൽ കൂസാതെ ശിവശങ്കർ ഉത്തരം നൽകിയെന്നാണ് സൂചന. ബെംഗളൂരുവിൽ അറസ്റ്റിലാകുന്നതിനുമുൻപേ കുറഞ്ഞതു 3 തവണ സ്വപ്ന സഹായം അഭ്യർത്ഥിച്ചു ഫോൺവിളിച്ചതിന്റെ തെളിവുകൾ ഹാജരാക്കിയാണ് എൻഐഎ ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. എന്നാൽ സ്വർണക്കടത്തിനു സ്വപ്നയെ സഹായിച്ചിട്ടില്ലെന്ന മുൻ നിലപാടിൽ ശിവശങ്കർ ഉറച്ചു നിന്നു.

ജൂൺ 30 നു കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര പാഴ്‌സൽ വിട്ടുകിട്ടാൻ സ്വപ്ന സഹായം തേടിയ വിവരം അന്വേഷണ ഏജൻസികൾ മുൻപു ചോദ്യം ചെയ്ത അവസരങ്ങളിലും ശിവശങ്കർ ഒളിച്ചുവച്ചിരുന്നില്ല. സരിത്ത് കസ്റ്റംസിന്റെ പിടിയിലായ വിവരമറിഞ്ഞ് സ്വപ്ന തിരുവനന്തപുരം വിട്ടശേഷവും സഹായം തേടിയെന്ന നിഗമനം ശിവശങ്കർ നിഷേധിച്ചിരുന്നു. ഇതാണ് പൊളിയുന്നത്. ഇന്നലെ എൻഐഎ ഓഫിസിലെ 2 മുറികളിലിരുത്തി ശിവശങ്കറിനെയും സ്വപ്നയെയും അന്വേഷണ സംഘം ഒരേ സമയം ചോദ്യം ചെയ്തു. മുൻകൂട്ടി തയാറാക്കിയ 43 ചോദ്യങ്ങൾക്കാണ് ഇരുവരിൽ നിന്നും ഉത്തരം തേടിയത്.

സ്വപ്നയ്ക്കും കുടുംബത്തിനു വേണ്ടി ഫ്‌ളാറ്റ് വാടകയ്ക്കു ബുക്കു ചെയ്ത മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺബാലചന്ദ്രൻ, ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ എന്നിവരുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടി നടത്തിയ ചോദ്യം ചെയ്യലിൽ പല ചോദ്യങ്ങൾക്കും അറിയില്ലെന്ന മറുപടിയാണു ശിവശങ്കർ നൽകിയത്.

ക്രിമിനൽ നടപടിക്രമം 160 പ്രകാരമാണു ശിവശങ്കറിനെ വിളിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്.രാജീവ് പറഞ്ഞു. മന്ത്രി കെ.ടി. ജലീലിനെ വിളിച്ചുവരുത്തിയതും ഇതേ ചട്ടപ്രകാരമാണ്. ഈ ചട്ട പ്രകാരം ചോദ്യം ചെയ്യുന്നയാളെ പിന്നീടു തെളിവു ലഭിച്ചാൽ പ്രതിചേർത്ത് എഫ്‌ഐആർ സമർപ്പിച്ച ശേഷമേ അറസ്റ്റ് ചെയ്യാനാകൂ. ശിവശങ്കറിന്റെ പുതിയ മൊഴികളുടെ അടിസ്ഥാനത്തിൽ മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണു സൂചന.

സ്വർണക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിവുണ്ടോയെന്നു സ്ഥിരീകരിക്കാനുള്ള ചോദ്യം ചെയ്യലാണ് ഇന്നലെ നടന്നത്. എ.പി. ഷൗക്കത്തലി, അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി സി.രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും ആദ്യം വെവ്വേറെ മുറികളിലും പിന്നീട് ഒരുമിച്ചും ചോദ്യം ചെയ്തത്. സ്വപ്ന, സന്ദീപ് എന്നിവരുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ സൈബർ, ഫൊറൻസിക് വിവരങ്ങൾ പരിശോധിച്ചപ്പോൾ ശിവശങ്കറും സ്വപ്നയും ആദ്യം നൽകിയ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP