Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

മായ്ച്ചു കളഞ്ഞ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തപ്പോൾ തെളിഞ്ഞത് കള്ളക്കടത്തിനു സഹായം നൽകിയതിലും പ്രേരിപ്പിച്ചതിലും ശിവശങ്കർ വഹിച്ച പങ്കാളിത്തം; സ്വപ്നയുടെ ആദ്യമൊഴികൾ ശിവശങ്കറെ ബോധപൂർവം കുറ്റകൃത്യത്തിൽ നിന്നും ഒഴിവാക്കാൻ ഉദ്ദേശിച്ചു നൽകിയത്; കോടതിയുടെ ഈ നിരീക്ഷണങ്ങൾ ശിവശങ്കറിനെ ദീർഘകാലം അഴിക്കുള്ളിലാക്കും; ഇനി വിവിഐപി അറസ്റ്റുകൾ

മായ്ച്ചു കളഞ്ഞ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തപ്പോൾ തെളിഞ്ഞത് കള്ളക്കടത്തിനു സഹായം നൽകിയതിലും പ്രേരിപ്പിച്ചതിലും ശിവശങ്കർ വഹിച്ച പങ്കാളിത്തം; സ്വപ്നയുടെ ആദ്യമൊഴികൾ ശിവശങ്കറെ ബോധപൂർവം കുറ്റകൃത്യത്തിൽ നിന്നും ഒഴിവാക്കാൻ ഉദ്ദേശിച്ചു നൽകിയത്; കോടതിയുടെ ഈ നിരീക്ഷണങ്ങൾ ശിവശങ്കറിനെ ദീർഘകാലം അഴിക്കുള്ളിലാക്കും; ഇനി വിവിഐപി അറസ്റ്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കടത്തിൽ ഇനി അതിവേഗ ഇടപെടലുകൾ. കുറ്റകൃത്യത്തിനു പിന്നിൽ വമ്പൻ സ്രാവുകളുടെ പേരുകളുണ്ടെന്നു എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയുടെ പരാമർശം കസ്റ്റംസിനും കേന്ദ്ര ഏജൻസികൾക്കും ആത്മവിശ്വാസം നൽകുന്നതാണ്. ഉന്നതപദവിയിലിരിക്കുന്നവർ ഡോളർ കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന കോടതി നിരീക്ഷണം വിവിഐപികൾ അറസ്റ്റിലാകും എന്നതിന്റെ സൂചനയാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുമ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ. രവീന്ദ്രനും കേസിൽ പ്രതിയാക്കാൻ സാധ്യത ഏറെയാണ്.

സ്വർണക്കടത്തുകേസിലെ കസ്റ്റംസ് അന്വേഷണം നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഒത്താശ ചെയ്തതിന് അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച മൊഴികളുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി ശിവശങ്കറെ പ്രതി ചേർത്തത് ന്യായമാണെന്നും വ്യക്തമാക്കി. ശിവശങ്കറെ രക്ഷിക്കാൻ വേണ്ടി ആദ്യഘട്ടത്തിൽ സ്വപ്ന കളവ് പറഞ്ഞുവെന്നു വ്യക്തമായിട്ടുണ്ടെന്നും വിധിയിൽ പറയുന്നു. ഇതോടെ ശിവശങ്കറിന് കുരുക്കു മുറുകുകയാണ്. ശിവശങ്കറിനെതിരെ എൻഐഎയും കേസെടുക്കും. യുഎപിഎ ചുമത്തും. ഇതിനൊപ്പം കോഫപോസെ നിയമ പ്രകാരം ശിവശങ്കറിനെ കരുതൽ തടങ്കലിലാക്കുന്നതും പരിഗണനയിലാണ്. അതായത് ഒരുപാടു കാലം ശിവശങ്കറിന് അഴിക്കുള്ളിൽ റിമാൻഡ് തടവുകാരനായി കിടക്കേണ്ടി വരും.

ജയിൽ വാസവും കൊതുകു കടി കൊള്ളലും ശിവശങ്കറിനെ മാനസികമായി തളർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. ശിവശങ്കറെ സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യാൻ ഈമാസം ഏഴു വരെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്. കുറ്റകൃത്യങ്ങളിലുൾപ്പെട്ടെ മുഴുവൻപേരെയും വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ടെന്ന നിരീക്ഷിച്ചുകൊണ്ടാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ഉത്തരവ്. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ നവംബർ 27 മുതൽ 29 വരെ സ്വപ്നയും സരിത്തും നൽകിയ 3 നിർണായക മൊഴികൾ കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണു കോടതിയുടെ നിരീക്ഷണം.

പ്രതികൾ വെളിപ്പെടുത്തിയ പേരുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവ ഈ ഘട്ടത്തിൽ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കും. കുറ്റകൃത്യത്തിൽ പ്രതികൾ വെളിപ്പെടുത്തിയവരുടെ യഥാർഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവും കണ്ടെത്തേണ്ടതുണ്ട്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇത്തരക്കാരുണ്ടാക്കിയ അടുത്ത ബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താൻ വഴിയൊരുക്കിയത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതും അതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറുമായുള്ള ഫോൺ സന്ദേശങ്ങളുടെ വിശദാംശങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതും തെളിവുകൾ ശേഖരിക്കാൻ സഹായകരമായതായി കോടതി ചൂണ്ടിക്കാട്ടി.

കള്ളക്കടത്തിനു സഹായം നൽകിയതിലും പ്രേരിപ്പിച്ചതിലും ശിവശങ്കർ വഹിച്ച പങ്കാളിത്തം പുറത്തുകൊണ്ടുവരാൻ പ്രതികൾ മായ്ച്ചു കളഞ്ഞ ഫോൺ സന്ദേശങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞതിലൂടെ അന്വേഷണ സംഘത്തിനു സാധിച്ചു. സ്വപ്നയുടെ ആദ്യമൊഴികൾ ശിവശങ്കറെ ബോധപൂർവം കുറ്റകൃത്യത്തിൽ നിന്നും ഒഴിവാക്കാൻ ഉദ്ദേശിച്ചു നൽകിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു ബോധ്യപ്പെട്ടത് ഇതിലൂടെയാണെന്നു കോടതി പറഞ്ഞു. ആദ്യം അങ്ങനെ ചെയ്തതിന്റെ യഥാർഥ കാരണം ഇപ്പോഴും സ്വപ്നയ്ക്കു മാത്രമേ അറിയാവൂ. ഈ സാഹചര്യത്തിൽ ശിവശങ്കറെ കേസിൽ പ്രതിചേർക്കാനും വിശദമായി ചോദ്യം ചെയ്ത് ആരോപണങ്ങളിൽ വ്യക്തത വരുത്താനും അന്വേഷണ ഉദ്യോഗസ്ഥന് അവകാശമുണ്ടെന്നു കോടതി നിരീക്ഷിച്ചു.

ഇഡി രജിസ്റ്റർ ചെയ്ത കേസിൽ എം. ശിവശങ്കർ നൽകിയ ജാമ്യഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ശിവശങ്കറിനുവേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയ്ദീപ ഗുപ്ത ഹാജരാകും. ഇഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണു ഹാജരാകുന്നത്. കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലിൽ ഹൈക്കോടതി നിലപാടും നിർണ്ണായകമാകും. ഹൈക്കോടതിയും ജാമ്യ ഹർജി തള്ളിയാൽ ശിവശങ്കറിനെതിരെ എൻഐഎ അതിശക്തമായ നടപടികളിലേക്ക് കടക്കും.

അതിനിടെ നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത് എന്നിവരുടെ രഹസ്യമൊഴി മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്താൻ കസ്റ്റംസിനു നിയമോപദേശം ലഭിച്ചു. കസ്റ്റംസ് നിയമം 108 പ്രകാരം പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു നൽകുന്ന മൊഴികൾക്കും തുല്യമായ തെളിവുമൂല്യമുണ്ടെങ്കിലും കേസിന്റെ രാജ്യാന്തര പ്രാധാന്യം കണക്കിലെടുത്താണു ക്രിമിനൽ നടപടിചട്ടം 164 പ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് ഒരുങ്ങുന്നത്.

കോടതിയിൽ മുദ്രവെച്ച കവറിൽ കസ്റ്റംസ് നൽകിയ സ്വപ്നയുടെ മൊഴി ചോർത്തിയ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് നടത്തുന്ന അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകാൻ ചീഫ് കസ്റ്റംസ് കമീഷണർക്ക് കോടതി നിർദ്ദേശം നൽകി. മൊഴി ചോർത്തി നൽകിയതിൽ നടപടി ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

മൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ നിയമപ്രകാരം കഴിയില്ല. അതേസമയം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കോടതിയുടെ നീരീക്ഷണം അനിവാര്യമാണ്. ഈ സാഹചര്യത്തിൽ അന്വഷണ ഉദ്യോഗസ്ഥൻ മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP