Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശിവശങ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ; മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ അതിവേഗം ത്രിവേണി ആശുപത്രിയിൽ പാഞ്ഞെത്തി കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സുപ്രീംകോടതിയിൽ പോകാൻ അവസരം നൽകാതെ ഇടപെടൽ; സ്വർണ്ണ കടത്തിൽ ഐഎഎസുകാരൻ കുടുങ്ങി; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്

ശിവശങ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ; മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ അതിവേഗം ത്രിവേണി ആശുപത്രിയിൽ പാഞ്ഞെത്തി കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സുപ്രീംകോടതിയിൽ പോകാൻ അവസരം നൽകാതെ ഇടപെടൽ; സ്വർണ്ണ കടത്തിൽ ഐഎഎസുകാരൻ കുടുങ്ങി; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചതിന് പിന്നാലെ എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്ഡറ് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കർ ചികിൽസയിലുള്ള ത്രിവേണി നേഴ്‌സിങ് ഹോമിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി. കൊച്ചിയിലുള്ള ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിയത്. കോടതി വിധി വന്ന് നിമിഷങ്ങൾക്ക് അകം ആയിരുന്നു ഈ നീക്കം. പിന്നീട് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കറിന്റെ അസുഖം നാടകമാണെന്ന് നേരത്തെ കേന്ദ്ര ഏജൻസി നിലപാട് എടുത്തിരുന്നു. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. തിങ്കളാഴ്ച വരെ ശിവശങ്കറിന് ഉഴിച്ചിലും പിഴച്ചിലും തുടരും. കൊച്ചിയിലേക്കാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കൊണ്ടു പോകുന്നത്.

ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇനി ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റ് ചെയ്യും. ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അറസ്റ്റ് അനിവാര്യമാണെന്നും ഹൈക്കോടതിയെ എൻഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നു. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതോടെ തന്നെ എൻഫോഴ്‌സ്‌മെന്റ് നടപടിയിലേക്ക് കടക്കുകയായിരുന്നു. ഇഡിയുടെ ഓഫീസിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് മജിസ്‌ട്രേട്ടിന്റെ മുന്നിലെത്തിച്ച് റിമാൻഡ് ചെയ്യും. ഇതിന് ശേഷം കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്യും. അവരും അറസ്റ്റ് ചെയ്യും. ഇതോടെ ഇനിയുള്ള കുറേ ദിനങ്ങൾ ശിവശങ്കറിന് അഴിക്കുള്ളിൽ കഴിയേണ്ടി വരുമെന്ന് ഉറപ്പാകുകയാണ്. സ്വർണ്ണ കടത്തിൽ യുഎപിഎ ചുമത്തി എൻഐഎ അറസ്റ്റ് ചെയ്താൽ കാര്യങ്ങൾ കൂടുതൽ പ്രതികൂലമാകും.

എം ശിവശങ്കറിന് മുൻകൂർ ജാമ്യമില്ലെന്ന് കോടതി പത്തരയോടെയാണ് പ്രഖ്യാപിച്ചത്. 10.45 ഓടെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യും. കോടതി വിധിയുള്ളതിനാൽ ഇനി കസ്റ്റംസിനും എൻഫോഴ്സ്മെന്റ് ഡയറക്ടർക്കും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാം. കേന്ദ്ര ഏജൻസികളുടെ വാദങ്ങൾ അംഗീകരിക്കുകയാണ് ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിലൂടെ ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന ശിവശങ്കറിനെതിരായ കോടതി വിധി പിണറായി സർക്കാരിനും തിരിച്ചടിയാണ് ഈ കോടതി ഉത്തരവ്. ചോദ്യം ചെയ്യലിൽ ശിവശങ്കർ പറയുന്നത് ഏറെ നിർണ്ണായകമാണ്. സ്വപ്‌നാ സുരേഷുമായുള്ള ബന്ധമാണ് ശിവശങ്കറിനെ കുടുക്കുന്നത്.

മുൻകൂർ ജാമ്യ ഹർജിയിലെ വാദത്തിനിടെ ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചത്. അന്വേഷണത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുക ആണെന്നായിരുന്നു ശിവശങ്കറിന്റെ വാദം. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ഇന്നുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇഡിക്കും കസ്റ്റംസിനും ജസ്റ്റിസ് അശോക് മേനോൻ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ നിർദ്ദേശം നൽകിയിരുന്നത്. ജാമ്യ ഹർജി തള്ളിയതോടെ അറസ്റ്റിന് അവസരമൊരുക്കും.

സ്വർണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് വാദം. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വാധീന ശേഷിയുള്ള ശിവശങ്കറിനു മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വാദിച്ചു. ഇതെല്ലാം കോടതി അംഗീകരിച്ചു. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.

അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുൾപ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എൻഫോഴ്സ്മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയിൽ ഉയർത്തിയിരുന്നത്. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു. ഇതിൽ ഏറ്റവും നിർണ്ണായകമായത് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായുള്ള വാട്സാപ്പ് സന്ദേശങ്ങളാണ്.

വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയായ ത്രിവേണിയിൽ ആയുർവേദ ചികിത്സയിൽ ശിവശങ്കർ പ്രവേശിച്ചത് അറസ്റ്റ് ഒഴിവാക്കാനാണ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ടായിരുന്നു. എൻഫോഴ്‌സ്‌മെന്റ് കേസിലാണ് ശിവശങ്കർ ആദ്യം മുൻകൂർ ജാമ്യാപക്ഷ നൽകിയത്. കസ്റ്റംസ് സംഘം ഏറ്റവും ഒടുവിൽ ഒക്ടോബർ 16ന് ചോദ്യം ചെയ്യാനായി വൈകുന്നേരം വീട്ടിലെത്തി നോട്ടീസ് നൽകി ഒപ്പം കൂട്ടുകയായിരുന്നു. എന്നാൽ വഴിമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അദ്ദേഹം പരാതിപ്പെടുകയും കസ്റ്റംസ് സംഘം തന്നെ ആശുപത്രിയിലെത്തിച്ചു.

എന്നാൽ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നമില്ലെന്നും പുറംവേദന മാത്രമാണുള്ളതെന്ന് പി ആർ എസിലെ ഡോക്ടർമാർ അറിയിച്ചു. തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് അദ്ദേഹത്തെ മാറ്റി. അവിടെ ഓർത്തോ വിഭാഗം ഐസിയുവിലാക്കി. അതിനിടെയാണ് കസ്റ്റംസ് കേസിലും ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 28വരെ അറസ്റ്റ് പാടില്ല എന്ന കോടതി ഉത്തരവ് കസ്റ്റംസ് കേസിലും വന്നത്. തുടർന്ന് ശിവശങ്കർ ഡിസ്ചാർജായി ആയുർവേദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റായി. ജാമ്യം കിട്ടുമെന്നായിരുന്നു ശിവശങ്കറിന്റെ പ്രതീക്ഷ. ഇതു തെറ്റിയതോടെ അറസ്റ്റ് അനിവാര്യതയാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP