Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരേ ഫ്ളാറ്റ് സമുച്ചയത്തിൽ ശിവശങ്കറും സ്വപ്നയും താമസിച്ചതിന്റെ പേരിൽ ഗൂഢാലോചന തെളിയിക്കാൻ കഴിയില്ല; കസ്റ്റംസ് ഓഫീസറെ ശിവശങ്കർ വിളിച്ചതിനു തെളിവുണ്ടെങ്കിലും അതിനുള്ളത് ശുപാർശയുടെ സ്വഭാവം; വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് ഗൂഢാലോചനയിലോ ഇടപാടിലോ പങ്കുള്ളതായി തെളിവ് ലഭിക്കാത്തതിനാൽ; സാക്ഷി മൊഴിയെടുക്കാനുള്ള നോട്ടീസും ഐഎഎസുകാരന് പ്രതീക്ഷ തന്നെ; അഴിമതിയിൽ സിബിഐ എത്താനും സാധ്യത; ശിവശങ്കറിൽ നിറയുന്നത് അനിശ്ചിതത്വം

ഒരേ ഫ്ളാറ്റ് സമുച്ചയത്തിൽ ശിവശങ്കറും സ്വപ്നയും താമസിച്ചതിന്റെ പേരിൽ ഗൂഢാലോചന തെളിയിക്കാൻ കഴിയില്ല; കസ്റ്റംസ് ഓഫീസറെ ശിവശങ്കർ വിളിച്ചതിനു തെളിവുണ്ടെങ്കിലും അതിനുള്ളത് ശുപാർശയുടെ സ്വഭാവം; വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് ഗൂഢാലോചനയിലോ ഇടപാടിലോ പങ്കുള്ളതായി തെളിവ് ലഭിക്കാത്തതിനാൽ; സാക്ഷി മൊഴിയെടുക്കാനുള്ള നോട്ടീസും ഐഎഎസുകാരന് പ്രതീക്ഷ തന്നെ; അഴിമതിയിൽ സിബിഐ എത്താനും സാധ്യത; ശിവശങ്കറിൽ നിറയുന്നത് അനിശ്ചിതത്വം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശിവശങ്കറിന്റെ അറസ്റ്റിൽ അനിശ്ചിതത്വത്തിന് കാരണം സ്വർണക്കടത്തിനെപ്പറ്റി ശിവശങ്കറിനു പ്രതികളിൽനിന്നു വിവരം ലഭിച്ചെങ്കിലും ഗൂഢാലോചനയിലോ ഇടപാടിലോ പങ്കുള്ളതായി തെളിവ് ലഭിക്കാത്തതു തന്നെ. അതുകൊണ്ടാണ് ശിവശങ്കറിനെ സാക്ഷിയാക്കുന്നതും പരിഗണിക്കുന്നത്.

ഒരേ ഫ്ളാറ്റ് സമുച്ചയത്തിൽ ശിവശങ്കറും സ്വപ്നയും താമസിച്ചതിന്റെ പേരിൽ ഗൂഢാലോചന തെളിയിക്കാൻ കഴിയില്ലെന്നാണ് എൻ.ഐ.എയ്ക്കു ലഭിച്ച നിയമോപദേശം. ഗൂഢാലോചനയ്ക്കു ശേഷമാണു സ്വർണക്കടത്ത് നടന്നതെന്നു തെളിഞ്ഞാൽ ശിവശങ്കറും പ്രതിയായേക്കും. ഹെതർ ഫ്ളാറ്റ്, സ്വപ്നയുടെ ഫ്ളാറ്റ്, വാടകവീട് എന്നിവിടങ്ങളിൽ ഗൂഢാലോചന നടന്നോയെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് നീക്കം. കസ്റ്റംസ് ഓഫീസറെ ശിവശങ്കർ വിളിച്ചതിനു തെളിവുണ്ടെങ്കിലും അതിനു ശുപാർശയുടെ സ്വഭാവമാണുള്ളത്. നയതന്ത്ര പ്രശ്‌നമുണ്ടാകുമെന്നതിനാൽ അറ്റാഷെയുടെ ബാഗ് വിട്ടുകൊടുക്കണമെന്നായിരുന്നു ശുപാർശ.

തന്റെ സഹായം പ്രതികൾ തേടിയിട്ടില്ലെന്നും സർക്കാർ പരിപാടികളിൽ സ്വപ്നയും സരിത്തും വലിയ സഹായികളായിരുന്നെന്നുമാണു ശിവശങ്കറിന്റെ മൊഴി. തന്റെ വ്യക്തിപരമായ കാര്യങ്ങൾ പലതും പ്രതികൾക്കു കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കർ വെളിപ്പെടുത്തി. അതിനിടെ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും എൻഐഎ ഉയർത്തി. ഇതിനൊന്നും കൃത്യമായ മറുപടിയും കിട്ടിയില്ല. ഈ സാഹചര്യത്തിൽ ഏതെങ്കിലും അഴിമതിയിൽ ശിവശങ്കറിന്റെ പങ്ക് കണ്ടെത്തിയാൽ എൻഐഎ അക്കാര്യം കേന്ദ്രസർക്കാരിനെഅറിയിക്കും. അങ്ങനെയെങ്കിൽ സിബിഐ. അന്വേഷണത്തിനും സാധ്യതയുണ്ട്. അങ്ങനെ ഊരാകുടുക്കിലാണ് ശിവശങ്കർ.

ശിവശങ്കറിനെതിരെ എൻഐഐ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്.. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ശിവശങ്കർ ഹാജരായി. രാവിലെ പത്ത് മണിക്കാണ് ശിവശങ്കറെത്തിയത്. തിങ്കളാഴ്ച ഒമ്പതര മണിക്കൂറാണ് ശിവ ശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തത്. എൻ.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയിൽ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എൻഐഎ നിർദേശിച്ചിരുന്നു. തുടർന്ന് കൊച്ചി പനമ്പള്ളി നഗറിൽ എൻഐഎ ഓഫിസിന് സമീപമുള്ള ഹോട്ടലിലാണ് ശിവശങ്കർ താമസിച്ചത്. സി.ആർ.പി.സി. 160 അനുസരിച്ചാണ് ചോദ്യംചെയ്യാൻ ഹാജരാകാനായി ശിവശങ്കറിന് എൻ.ഐ.എ. നോട്ടീസ് നൽകിയത്. ശിവശങ്കർ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യഹർജി ആവശ്യമില്ലെന്ന നിഗമനത്തിലേക്ക് അഭിഭാഷകനും എത്തിച്ചേർന്നത്.

തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ ശിവശങ്കറിന് പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. ശിവശങ്കറിൽനിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മിൽ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ഇന്ന് ചോദ്യം ചെയ്യൽ തുടരുന്നത്. നയതന്ത്ര ബാഗേജുകൾ പിടിക്കപ്പെടുന്ന ദിവസങ്ങളിൽ പ്രതികളുമായി കൂടുതൽ ഫോൺവിളികൾ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലിൽ എൻ.ഐ.എ. നിരത്തിയതെന്നാണ് അറിയുന്നത്. എന്നാൽ, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറിൽനിന്നാണ് കസ്റ്റംസിനെ ഫോൺ വിളിച്ചതെന്നാണ് ശിവശങ്കർ മൊഴിനൽകിയത്. ഇതിനുപുറമേ സ്വർണം എത്തിയ ദിവസം മറ്റൊരു നമ്പറിൽനിന്ന് പ്രതികളുമായി സംസാരിച്ചതായും എൻ.ഐ.എ. സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തെപ്പറ്റിയും തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ ശിവശങ്കറിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.

അതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനേയും കസ്റ്റംസ് പ്രതിപ്പട്ടികയിലുൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങൾ) കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടു. ഫൈസൽ ഫരീദ് കേസിലെ പതിനേഴാം പ്രതിയും മൂവാറ്റുപുഴ സ്വദേശി റബിൻസ് പതിനെട്ടാം പ്രതിയുമാണ്. യു.എ.ഇ.യിൽനിന്നു സ്വർണം കടത്താൻ സഹായിച്ചിരുന്നത് ഫൈസൽ ഫരീദും റിബിൻസുമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. വിദേശത്തുനിന്നുള്ള കള്ളക്കടത്തുകളിലെ മുഖ്യകണ്ണിയാണ് റബിൻസ് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസ് അന്വേഷണം ശരിയായ ദിശയിലാണ്. എങ്കിലും ശിവശങ്കറിനെ മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും തീരുമാനമെടുക്കാനാകാത്ത അവസ്ഥ എൻ.ഐ.എ.യും അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്ര മുതിർന്ന ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെതിരേ ദേശവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ച ശിവശങ്കറിനെ ചോദ്യംചെയ്തപ്പോൾ എൻ.ഐ.എ. അവരുടെ അഭിഭാഷകന്റെ സാന്നിധ്യവും ഉറപ്പുവരുത്തിയിരുന്നു. പക്ഷേ അറസ്റ്റിൽ മാത്രം തീരുമാനം ഉണ്ടായില്ല. ശിവശങ്കറിനെ വെറുതെ വിടാനും കഴിയുന്നുമില്ല. ഇത് എൻഐഎയ്ക്ക് മുമ്പിൽ പ്രശ്‌നമായി തുടരുന്നുണ്ട്. മൂന്നാം വട്ട ചോദ്യം ചെയ്യലിൽ പ്രശ്‌നമെല്ലാം തീരുമെന്നാണ് പ്രതീക്ഷ. ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചോദ്യം ചെയ്യൽ നിരീക്ഷിക്കുന്നുണ്ട്.

എൻഐഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ മുതൽ പ്രോസിക്യൂട്ടർ അടക്കമുള്ളവർ വരെ സംഘത്തിലുണ്ട്. മൊഴികളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും എം ശിവശങ്കറിന് പ്രതികളുമായി ബന്ധത്തിന്റെ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുകയാണ് ദേശീയ അന്വേഷണ ഏജൻസി . സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമാണെന്നാണ് എം ശിവശങ്കർ ആവർത്തിക്കുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സഹായവും പ്രതികൾക്ക് നൽകിയിട്ടില്ലെന്ന് എം ശിവശങ്കർ പറയുന്നു. ഫോൺ വിളി വിശദാശങ്ങൾ പരിശോധിക്കാമെന്നും എൻഐഎ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിനായാണ് വിളിച്ച് വരുത്തിയതെങ്കിലും കേസിൽ ഏതെങ്കിലും സാഹചര്യത്തിൽ എം ശിവശങ്കർ പ്രതിപ്പട്ടികയിലേക്ക് എത്തുമോ എന്നും ദേശീയ അന്വേഷണ ഏജൻസി വിശദമായി പരിശോധിക്കും.

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പഴുതടച്ച അന്വേഷണം അതും അതീവ ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകാനാണ് എൻഐഎ തീരുമാനം. തിരുവനന്തപുരത്ത് വച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത് അനുസരിച്ച് ഇന്നലെയാണ് എം ശിവശങ്കർ കൊച്ചിയിലെത്തിയത്. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പനമ്പള്ളി നഗറിലെ ഹോട്ടൽ മുറിയിലാണ് എം ശിവശങ്കർ തങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP