Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലുണ്ടായിട്ടും മകന്റെയും ഭർത്താവിന്റെയും മുഖം അവസാനമായി ഒന്നു കാണാൻ അവർ എത്തിയില്ല; സഹോദരനെ പറഞ്ഞു വിട്ട് മൂഡ് മനസിലാക്കാനും ശിവകലയുടെ ശ്രമം; അളിയന്റെയും സഹോദരി പുത്രന്റെയും സംസ്‌ക്കാരത്തിനെത്തിയ ശിവകലയുടെ അനുജനെ ഓടിച്ചു വിട്ട് നാട്ടുകാർ. ആ മാഡം നാട്ടിലുണ്ട്! ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ അറസ്റ്റിന് സാധ്യത

നാട്ടിലുണ്ടായിട്ടും മകന്റെയും ഭർത്താവിന്റെയും മുഖം അവസാനമായി ഒന്നു കാണാൻ അവർ എത്തിയില്ല; സഹോദരനെ പറഞ്ഞു വിട്ട് മൂഡ് മനസിലാക്കാനും ശിവകലയുടെ ശ്രമം; അളിയന്റെയും സഹോദരി പുത്രന്റെയും സംസ്‌ക്കാരത്തിനെത്തിയ ശിവകലയുടെ അനുജനെ ഓടിച്ചു വിട്ട് നാട്ടുകാർ. ആ മാഡം നാട്ടിലുണ്ട്! ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ അറസ്റ്റിന് സാധ്യത

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. ആറ്റിങ്ങലിൽ ടാങ്കറിലേക്ക് കാർ ഇടിച്ചു കയറ്റി ആത്മഹത്യ ചെയ്ത പ്രകാശ് ദേവരാജന്റെയും(50) മകൻ ശിവദേവിന്റെയും (12) മൃതദേഹം നെടുമങ്ങാട്ടെ മുഖവൂരെ കുടുംബ വീട്ടിൽ എത്തിച്ചപ്പോൾ നാട്ടിൽ ഉണ്ടായിട്ടും ഭാര്യ ശിവ കല ഭർത്താവിന്റെയും മകന്റെയും മുഖം അവസാനമായി ഒന്നു കാണാൻ എത്തിയില്ല. രണ്ടു ദിവസം മുൻപ് വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌ക്കാര ചടങ്ങുകൾ നടന്നത്. കല്ലമ്പാറ ശാന്തി തീരത്ത് നടന്ന സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ ശിവ കല സഹോദരനെ പറഞ്ഞു വിട്ടിരുന്നു. നാട്ടുകാരുടെയും പ്രകാശ് ദേവരാജന്റെ ബന്ധുക്കളുടെയും മൂഡ്് അറിയുകയായിരുന്നു ലക്ഷ്യം.

ശിവകലയുടെ സഹോദരനെ നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഓടിച്ചു വിടുകയായിരുന്നു. എന്നാൽ സഹോദരിയുടെ കുഞ്ഞിനെ അവസാനമായി കാണൻ വന്നതാണെന്ന് അടവ് എടുത്തെങ്കിലും ശിവകല തിരിച്ചെത്തിയതും സഹോദരന് ഒപ്പമുള്ളതും മനസിലാക്കി നാട്ടുകാർ ആട്ടിപ്പായിക്കുകയായിരുന്നു. ശിവകല നാട്ടിൽ ഉള്ള വിവരം പൊലീസിന് അറിയില്ലെന്നാണ് വിവരം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ശിവകലയെയും കാമുകനെയും അറസ്റ്റു ചെയ്യാനുള്ള നടപടികൾ അന്വേഷണ സംഘം ഉടൻ തുടങ്ങുമെന്നാണ് സൂചന. കേസിന്റെ നടപടികളുടെ ഭാഗമായി ആത്മഹത്യ കുറിപ്പിൽ പേര് പരമാർശിച്ചിട്ടുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്യും. ശിവകലയ്ക്കെതിരെ പ്രത്യക്ഷത്തിൽ തന്നെ തെളിവുകൾ ഉള്ളതിനാൽ ഇവർ ഒരു അഭിഭാഷകനെ കണ്ട് നിയമോപദേശം തേടിയതായും വിവരമുണ്ട്. കേസ് എടുക്കും മുമ്പ് ഗൾഫിലേക്ക് കടക്കാനും ആലോചനയുണ്ട്.

തന്റെ ഭാര്യ ശിവകലയും അവരുടെ വിളപ്പിൽശാല സ്വദേശിയായ സുഹൃത്തും കബളിപ്പിക്കുന്നതായി കാട്ടി ഒരാഴ്ച മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പ്രകാശ് ദേവരാജ് പരാതി നൽകിയിരുന്നു. ബഹ്റിനിലെ ഇന്ത്യൻ എംബസിയിലും പരാതി നൽകി. വിളപ്പിൽശാല സ്വദേശി അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മലപ്പുറം സ്വദേശി മുനീർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഇവരുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ ഇട്ടശേഷം ഇവരാണ് എന്റെയും മക്കളുടേയും മരണത്തിനു കാരണക്കാരെന്നു കുറിച്ചതിനുശേഷമാണ് പ്രകാശ് മകനൊപ്പം ടാങ്കറിലേക്കു വാഹനം ഓടിച്ചു കയറ്റിയത്.

നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമാണെന്ന് പ്രകാശ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അതു താൻ തന്നെ അനുഭവിച്ചു തീർക്കണം. തന്നെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ട ഭാര്യ ശിവകലയ്ക്കും കാമുകൻ അനീഷിനും അയാളുടെ സുഹൃത്തുക്കൾക്കും പരമാവധി ശിക്ഷ വാങ്ങികൊടുക്കാൻ നടപടിയുണ്ടാകണമെന്നും ആത്മഹത്യാക്കുറിപ്പിൽ വിശദീകരിച്ചിരുന്നു.

പ്രകാശിന്റെ ഭാര്യ ശിവകല ബഹ്റൈനിൽ ഡാൻസ് സ്‌കൂൾ നടത്താനായി ജനുവരിയിൽ പോയതായി ഈ മാസം 20ന് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പ്രകാശും ഒപ്പമുണ്ടായിരുന്നു. പിന്നീട് 11 ദിവസത്തിനുശേഷം പ്രകാശ് നാട്ടിലേക്കു മടങ്ങി. അതിനുശേഷം അനീഷ് എന്ന യുവാവ് ബഹ്റൈനിൽ എത്തി പ്രശ്നങ്ങളുണ്ടാക്കിയതിനാൽ ഭാര്യയ്ക്കു ജോലി നഷ്ടമായി. അനീഷിന്റെ അമ്മ പ്രസന്ന താമസിക്കുന്ന വീട്ടിൽ വന്നു പല കുടുംബ പ്രശ്നങ്ങളും ഉണ്ടാക്കി. പ്രസന്ന ജോലി ചെയ്തിരുന്ന സ്‌കൂളിലെ ഹെൽപ്പറായിരുന്നു ഭാര്യ. അങ്ങനെയാണ് അവർ പരിചയപ്പെട്ടതെന്നു പരാതിയിൽ പറയുന്നു.

സ്‌കൂളിൽ പ്രശ്നം ഉണ്ടാക്കിയതിനു പ്രസന്നയെ പിരിച്ചു വിട്ടു. പ്രസന്നയാണ് മകൻ അനീഷിനു തന്റെ ഭാര്യയെ പരിചയപ്പെടുത്തുന്നത്. അനീഷ് വിവാഹമോചനത്തിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. പ്രസന്നയുടേയും മകന്റെയും ചില മോശം പ്രവൃത്തികൾ കാരണം ഇരു കുടുംബങ്ങളും പിണക്കത്തിലായി. ഉണ്ണി തന്റെ ഭാര്യയുടെ സുഹൃത്താണ്. മുനീർ ഡാൻസ് സ്‌കൂളിന്റെ ഉടമസ്ഥനാണ്. സ്‌കൂൾ തുടങ്ങാൻ 5 ലക്ഷംരൂപ വേണമെന്ന് മുനീർ ആവശ്യപ്പെട്ടു. ഭാര്യയെ പ്രലോഭിപ്പിക്കാനായി 5 ലക്ഷം രൂപ അനീഷ് നൽകി. ഭാര്യ ശിവകലയും അനീഷും തങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്തു ദമ്പതികളാണെന്ന് പലയിടങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. ഭാര്യ ഗൾഫിൽ പോയതുമായി ബന്ധപ്പെട്ട് 4 ലക്ഷംരൂപയുടെ ബാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.

ആറ്റിങ്ങലിൽ ടാങ്കർ ലോറിയിൽ കാർ ഇടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്് അഞ്ചു പേർ. മരിക്കുന്നതിന് മുൻപ് പ്രകാശ് ദേവരാജൻ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.. അപകടത്തിനു മുമ്പായി സമൂഹമാധ്യമങ്ങളിൽ പ്രകാശ് ദേവരാജൻ പോസ്റ്റിട്ടിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ഉണ്ണി പ്ലാവിലായ, പ്രസന്ന ജയൻ, അനീഷ്, മുനീർ എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ''അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..'', മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.

മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായിൽയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്‌റൈനിൽ ഡാൻസ് സ്‌കൂൾ നടത്തുന്ന മുനീർ, അനീഷിന്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ പറയുന്നത്.

ഭാര്യ ഉൾപ്പെടുന്ന നാലുപേർ തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.

അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്‌റൈനിൽ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും തന്റെയും മകൻ ശിവദേവിന്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

ഈ കത്താണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസിന് ലഭിച്ചത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കർ ലോറിയിൽ എതിർ ദിശയിൽ വന്ന പ്രകാശ് ദേവരാജന്റെ കാർ ഇടിച്ചു കയറുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് തകർന്ന കാറിനുള്ളിൽ നിന്നും ഇരുവരേയും പുറത്തെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP