Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേകന്നൂരിനെ കൊന്നവർ മൃതദേഹം കുഴിച്ചിട്ടത് ഒരിടത്ത്; മറ്റൊരു സംഘം അതിനെ അവിടെ നിന്ന് മാറ്റി മറ്റൊരിടത്ത് മറവ് ചെയ്തത് തെളിവ് നശീകരണത്തിന്റെ അതിരഹസ്യബുദ്ധി; മൊയ്നുദ്ദിന്റെ അറസ്റ്റോടെ ചേകന്നൂർ കേസിന് പുതുജീവൻ; പ്രതിസ്ഥാനത്തുള്ളത് സുന്നി ഗ്രൂപ്പുകളിലൊന്ന് മറുവിഭാഗത്തിന്റെ പള്ളികൾ കൈവശപ്പെടുത്താൻ വേണ്ടി രൂപം നൽകിയ സുന്നി ടൈഗർ ഫോഴ്‌സ്; ജംഇയ്യത്തുൽ ഇഹ്‌സാനിയയായി മാറിയത് ഈ തീവ്രവാദ ഗ്രൂപ്പ്; തൊഴിയൂർ സുനിൽ വധത്തിൽ നിറയുന്നത് കേരളത്തിലെ തീവ്രവാദത്തിന്റെ വേരുകൾ

ചേകന്നൂരിനെ കൊന്നവർ മൃതദേഹം കുഴിച്ചിട്ടത് ഒരിടത്ത്; മറ്റൊരു സംഘം അതിനെ അവിടെ നിന്ന് മാറ്റി മറ്റൊരിടത്ത് മറവ് ചെയ്തത് തെളിവ് നശീകരണത്തിന്റെ അതിരഹസ്യബുദ്ധി; മൊയ്നുദ്ദിന്റെ അറസ്റ്റോടെ ചേകന്നൂർ കേസിന് പുതുജീവൻ; പ്രതിസ്ഥാനത്തുള്ളത് സുന്നി ഗ്രൂപ്പുകളിലൊന്ന് മറുവിഭാഗത്തിന്റെ പള്ളികൾ കൈവശപ്പെടുത്താൻ വേണ്ടി രൂപം നൽകിയ സുന്നി ടൈഗർ ഫോഴ്‌സ്; ജംഇയ്യത്തുൽ ഇഹ്‌സാനിയയായി മാറിയത് ഈ തീവ്രവാദ ഗ്രൂപ്പ്; തൊഴിയൂർ സുനിൽ വധത്തിൽ നിറയുന്നത് കേരളത്തിലെ തീവ്രവാദത്തിന്റെ വേരുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൊഴിയൂർ സുനിൽ വധക്കേസിലെ യഥാർത്ഥ പ്രതികളിലൊരാൾ പിടികൂടപ്പെട്ടതോടെ ചേകന്നൂർ മൗലവി കേസിലും അന്വേഷണം മുന്നോട്ടു നീക്കാൻ കഴിയും. ചേകന്നൂർ മൗലവി വധത്തിനു പിന്നിൽ പ്രവർത്തിച്ചത് ജംഇയ്യത്തുൽ ഇഹ്‌സാനിയയായിരുന്നു. ഈ തീവ്രവാദ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനാണ് ശനിയാഴ്ച ക്രൈംബ്രാഞ്ചിന്റെ പിടിയിലായ ചാവക്കാട്ടെ മൊയ്തു എന്ന മൊയ്നുദ്ദിൻ. അതുകൊണ്ട് തന്നെ മൊയുദ്ദീന്റെ അറസ്റ്റോടെ ചേകന്നൂർ മൗലവി കേസിനും തുമ്പുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. ചേകന്നൂർ മൗലവി കേസിലെ പ്രധാന പ്രതിയെന്നു കരുതപ്പെടുന്ന സെയ്തലവി അൻവരിയാണ് തൊഴിയൂർ സുനിൽ വധക്കേസിലെ മുഖ്യപ്രതിയെന്ന വിവരവും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുമുണ്ട്.

ഈ രണ്ടു കേസിലും മറ്റു തീവ്രവാദ കേസുകളിലും നിർണായകമായി മാറുകയാണ് അതുകൊണ്ട് തന്നെ മൊഹിയുദ്ടീന്റെ അറസ്റ്റ്. ചേകന്നൂർ കേസിലെ പ്രതികൾ ഇപ്പോഴും പിടിയിലായിട്ടില്ല. ചേകന്നൂർ മൗലവിയെ കൊന്ന ശേഷം മൗലവിയുടെ മൃതദേഹം എവിടെ അടക്കം ചെയ്തുവെന്നും ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. മൗലവിയെ കൊലപ്പെടുത്തിയശേഷം ഒരു സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ട ശേഷം അവിടുന്ന് മറ്റെവിടെയ്‌ക്കോ ഒരു സംഘം മൃതദേഹം മാറ്റി. അവിടെ നിന്നും വേറെ ഒരു സംഘം ബോഡി മറ്റെവിടെയ്‌ക്കോ മാറ്റി. ഇവർക്കൊന്നും പരസ്പരം ബന്ധമില്ല. അതുകൊണ്ട് തന്നെ ചേകന്നൂർ മൗലവി കൊലചെയ്യപ്പെട്ടുവെന്ന് തെളിഞ്ഞെങ്കിലും യഥാർത്ഥ പ്രതികളോ ചേകന്നൂരിന്റെ മൃതദേഹമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മൊഹിയുദീൻ പിടികൂടപ്പെട്ടതോടെ ചേകന്നൂർ മൗലവി കേസിലും അന്വേഷണം മുന്നോട്ടു നീക്കാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്.

കേരളത്തിലെ തീവ്രവാദപ്രവർത്തനങ്ങൾക്ക് വിത്ത് വിതയ്ക്കപ്പെട്ടത് എങ്ങിനെ എന്നതിനു ആധാരമായ വിചിത്രമായ വസ്തുതകളിലേക്കും വിരൽ ചൂണ്ടുന്നതായിരുന്നു അന്നത്തെ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ ആന്വേഷണം. 1996-97 കാലഘട്ടത്തിലാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങൾ അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിലാണ് തൊഴിയൂർ സുനിൽ വധത്തിലെ കൊലയാളികൾ ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ പ്രവർത്തകർ ആണെന്ന് സ്‌ക്വാഡ് മനസിലാക്കുന്നത്. ഇഹ്‌സാനിയ എന്നാ തീവ്രവാദ ഗ്രൂപ്പിന് ബന്ധമുണ്ടായിരുന്നത് സുന്നി ടൈഗർ ഫോഴ്‌സ്മായിട്ടായിരുന്നു. പ്രമുഖ സുന്നി ഗ്രൂപ്പുകളിലോന്നു മറുവിഭാഗത്തിന്റെ പള്ളികൾ കൈവശപ്പെടുത്താൻ വേണ്ടി രൂപം നൽകിയ ഗ്രൂപ്പ് ആയിരുന്നു സുന്നി ടൈഗർ ഫോഴ്‌സ്. ഈ തീവ്രവാദ ഗ്രൂപ്പാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയയായി മാറിയത്. എൻഡിഎഫിന്റെ ആവിർഭാവം വന്നത് ജംഇയ്യത്തുൽ ഇഹ്‌സാനിയവഴിയാണ്. ഇവർ പിന്നീട് പല മുസ്ലിം തീവ്രവാദ സംഘടനകളിലും അംഗമായി. ഇവരിൽ പലരും വിദേശത്തേക്ക് പോവുകയും പ്രവർത്തന മേഖല ഗൾഫ് നാടുകളിൽ വിപുലമാക്കുകയും ചെയ്തു.

പ്രമുഖ മുസ്ലിം മതപണ്ഡിതന്മാർക്ക് വരെ ഈ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നു. ഇതേ ഗ്രൂപ്പ് തന്നെയാണ് ചേകന്നൂർ മൗലവി വധത്തിനു പിന്നിലും പ്രവർത്തിച്ചത്. സുന്നി ടൈഗർ ഫോഴ്‌സിന് അതിന്നിടയിൽ രൂപഭേദം വന്നിരുന്നു. ഇവർ പല ഗ്രൂപ്പുകളായി മാറി. ഇതിലൊരു ഗ്രൂപ്പ് ആണ് ജംഇയ്യത്തുൽ ഇഹ്‌സാനിയയായി മാറിയത്. തീരദേശ മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു അന്വേഷണം ഊർജ്ജിതമാക്കുന്നതിന്നിടയിലാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ പങ്ക് അന്വേഷിക്കാൻ അന്ന് തീരദേശ തീവ്രവാദ വിരുദ്ധസ്‌ക്വാഡ് തീരുമാനിക്കുന്നത്. ചിലർ അന്ന് സ്‌ക്വാഡിന്റെ പിടിയിൽ അമരുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നതിന്നിടയിലാണ് തീരദേശമേഖലകളിൽ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ജംഇയ്യത്തുൽ ഇഹ്‌സാനിയുടെ രീതികളെക്കുറിച്ച് തീവ്രവാദ വിരുദ്ധസ്‌ക്വാഡിനു വിവരങ്ങൾ ലഭിക്കുന്നത്. അവർ നൽകിയ ഞെട്ടിക്കുന്ന വിവരങ്ങൾക്കിടയിലാണ് തൊഴിയൂർ സുനിൽ വധം തങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന വിവരവും സ്‌ക്വാഡിനു നൽകുന്നത്. ആർഎസ് എസ് പ്രവർത്തകനായിരുന്ന തൊഴിയൂർ സുനിൽ വധത്തിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടതായിരുന്നു. വിശദമായ വാദം നടന്ന ശേഷം സിപിഎമ്മുകാരായ പ്രതികളെ സെഷൻസ് കോടതി ശിക്ഷിച്ചത്. അതുകൊണ്ട് തന്നെ സുനിൽ വധക്കേസിൽ ജംഇയ്യത്തുൽ ഇഹ്‌സാനിയുടെ കിങ്കരന്മാരെ പിടികൂടാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോ ക്രൈംബ്രാഞ്ചിനോ കഴിയുമായിരുന്നില്ല.

സുനിൽ വധത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അന്വേഷണം നടത്താൻ ആകാതെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ്

സുനിൽ വധക്കേസ് സെഷൻസ് കോടതി അവസാനിപ്പിച്ച കേസ് ആയതിനാൽ ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ നിർദ്ദേശമില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാനോ ഈ കേസിൽ അന്വേഷണം നടത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പുതിയ വിവരങ്ങൾ ചൂണ്ടിക്കാട്ടി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സർക്കാരിലും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 1994 ഡിസംബർ നാലിനാണ് ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ വീട്ടിൽ കയറി ഒരുസംഘം കൊലപ്പെടുത്തിയത്. അതിനു ശേഷം രണ്ടു വർഷത്തിനു ശേഷമാണ് സുനിലിനെ തങ്ങളുടെ സ്‌ക്വാഡ് വീട്ടിൽ കയറി വകവരുത്തി എന്ന് പിടിയിലായ തീവ്രവാദ ഗ്രൂപ്പിലെ ചിലർ തുറന്നു പറയുന്നത്. പക്ഷെ അപ്പോഴേക്കും സിപിഎമ്മുകാരായ പ്രതികൾ ശിക്ഷിക്കപ്പെട്ടിരുന്നു. തുടർന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് ഹൈക്കോടതിക്കും സർക്കാരിനും കൈമാറുന്നത്. ഈ റിപ്പോർട്ടിന്റെ ബലത്തിലാണ് സുനിൽ കേസിൽ ജയിലിലായ പ്രതികളെ ഹൈക്കോടതി വിട്ടയക്കുന്നത്. ഒപ്പം കേരളത്തിലെ കൊലപാതകങ്ങളിൽ ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ പങ്ക് അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചു. സുനിൽ വധം കഴിഞ്ഞു കാൽ നൂറ്റാണ്ടിനു ശേഷമാണ് സുനിൽ വധത്തിലെ പ്രധാന പ്രതികളിലൊരാളായ ചാവക്കാട് തിരുവത്ര സ്വദേശി മൊയ്നുദ്ദിൻ ഇപ്പോൾ പിടിയിലാകുന്നത്. മൊയ്നുദ്ദിൻ അറസ്റ്റ് നിർണ്ണായകമായി കണ്ടു ഇപ്പോൾ ചേകന്നൂർ വധത്തിലേക്കും മറ്റു വധക്കേസുകളുടെ വിവരങ്ങളും ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ. മൊയ്നുദ്ദിനെ അറസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിലും അനുരണനങ്ങൾ ഉണ്ടാക്കുന്നുണ്ട്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജനാണ് ഇപ്പോൾ ഫസൽ വധവുമായി ബന്ധപ്പെട്ടു പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

തൊഴിയൂരിലെ ആർഎസ്എസ് പ്രവർത്തകൻ സുനിൽ കൊല്ലപ്പെട്ട കേസിന് സമാനമാണ് തലശേരിയിലെ ഫസൽ കേസുമെന്നാണ് ജയരാജൻ പറയുന്നത്. ഫസൽ വധക്കേസിൽ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നിരപരാധികളാണ്. ഫസൽ വധക്കേസിൽ സിബിഐ പുനരന്വേഷണം നടത്തണം- ജയരാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗുരുവായൂർ തൊഴിയൂരിലെ സുനിൽ വധക്കേസിന്റെ പശ്ചാത്തലത്തിൽ സിബിഐ അടിയന്തര നടപടിക്ക് സന്നദ്ധമാകണം. സുനിൽ കേസിൽ നിരപരാധികളായ സിപിഎം പ്രവർത്തകരെ കോടതി വിട്ടയച്ചു. തീവ്രവാദ ബന്ധമുള്ള പ്രതി അറസ്റ്റിലുമായി. കാരായി രാജനും ചന്ദ്രശേഖരനും സ്വന്തം നാട്ടിലും വീട്ടിലും വരാനാകാതെ എട്ടുവർഷമായി വേട്ടയാടപ്പെടുകയാണ്-ജയരാജൻ ആവശ്യപ്പെടുന്നു.

ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ പ്രവർത്തന രീതികൾ ഇങ്ങനെ:

സുന്നി ടൈഗർ ഫോഴ്‌സിന് രൂപഭാവം സംഭവിച്ച തീവ്രവാദ സംഘടനയാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയ. തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച സംഘം എന്നാണ് ഇവരെ കുറിച്ച് പൊലീസ് നൽകിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നത്. കുന്നംകുളത്തിനടുത്തെ തൊഴിയൂർ സുനിൽ വധത്തിലെ യഥാർഥ പ്രതികൾ 25 വർഷത്തിനുശേഷം പിടിയിലാവുമ്പോഴാണ് കേരളത്തിൽ ഇപ്പോൾ സജീവമല്ലാത്ത ജംഇയ്യത്തുൽ ഹിസാനിയ എന്ന തീവ്രാദ സംഘടനയുടെ തനി നിറം പുറത്തുവരുന്നത്.

സുന്നി ടൈഗർ ഫോഴ്‌സ് എന്ന സംഘടനക്ക് സമാനമായി ചില പ്രത്യേക ഗ്രൂപ്പുകൾ രൂപം കൊടുത്ത ഈ സംഘടന കേരളത്തിൽ ഇന്ന് നാമാവശേഷമാണെന്നത് ആശ്വസിക്കാനുള്ള വക നൽകുന്നത്. തങ്ങൾക്ക് താൽപ്പര്യമില്ലാത്തവരെ കൃത്യമായ ആസൂത്രണത്തോടെ കൊന്നൊടുക്കുക എന്നതാണ് ഈ സംഘടനയുടെ രീതി. എന്നിട്ട് അത് എതിരാളികളുടെ മേൽ ചാർത്തും. ആർഎസ്എസ് പ്രവർത്തകനെ കൊന്നത് സിപിഎം ആണെന്നും സിപിഎം പ്രവർത്തകനെ കൊന്നത് ആർഎസ്എസ് ആണെന്നും പ്രചരിപ്പിച്ച് സമർഥമായാണ് കൊലപാതകങ്ങൾ നടത്തുക. തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിലിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതി 25 വർഷത്തിന് ശേഷം പിടിയിലായപ്പോഴാണ് ജംഇയ്യത്തുൽ ഹിസാനിയയുടെ പങ്ക് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്.

ചാവക്കാട് തിരുവത്ര സ്വദേശി മൊയ്നുദ്ദിനാണ് പിടിയിലായത്. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് ഏഴ് സിപിഎം പ്രവർത്തകരെ പ്രതിയാക്കിയിരുന്നു. ഇവരിൽ നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതിയാണ്.

ബിജെപി-സിപിഎം സംഘർഷം മുതലെടുത്ത് സുനിലിനെ വധിച്ചു

1994 ഡിസംബർ നാലിനായിരുന്നു ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ വീട്ടിൽ കയറി ഒരുസംഘം കൊലപ്പെടുത്തിയത്. കേസിൽ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഏഴ് സിപിഎം പ്രവർത്തകരും മറ്റുള്ളവർ തിരുത്തൽവാദി വിഭാഗം കോൺഗ്രസിൽപ്പെട്ടവരുമായിരുന്നു. ഇതിൽ നാല് സിപിഎം പ്രവർത്തകരെ കീഴ്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു .പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചില സുപ്രധാനമായ വെളിപ്പെടുത്തലുണ്ടാവുന്നത്. ഇതിനിടെ, ടി പി സെൻകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തീരദേശ തീവ്രവാദ വിരുദ്ധസ്‌ക്വാഡിന്റെ വിവിധ കേസന്വേഷണത്തിനിടെ യഥാർഥ പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. തുടർന്ന് ഹൈക്കോടതി പുനരന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. 2017ലാണ് സർക്കാർ പുനരന്വേഷണത്തിന് ഇത്തരവിട്ടത്.

തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ് സുനിലിനെ കൊലപ്പെടുത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിക്കു കൈമാറി. ഈ റിപ്പോർട്ട് പരിശോധിച്ച കോടതി സുനിൽവധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ്, റഫീഖ് തുടങ്ങിയവരെ കുറ്റവിമുക്തരാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകർ, ശങ്കരനാരായണൻ എന്നിവർ അടങ്ങിയ ബെഞ്ച് ജംഇയ്യത്തുൽ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ടു കൊലപാതകങ്ങളും പുനരന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു.

രണ്ടുവർഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയായ മൊയ്നുദ്ദീൻ പിടിയിലാവുന്നത്. മലപ്പുറത്തുവച്ചാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുനിലിനെ കൊലപ്പെടുത്തുമ്പോൾ ഇയാൾ കരാട്ടെ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ മലപ്പുറത്ത് ഹോട്ടൽ തൊഴിലാളിയാണ്. കേസിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സുനിലിനെയും കുടുംബത്തെയും അക്രമിച്ചതെന്ന് തങ്ങളാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. സുനിലിന് ചില മുസ്ലിം വീടുകളുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.

വാടാനപ്പിള്ളി സന്തോഷ്, കയ്‌പ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലംങ്കോട് താമി വധക്കേസുകളിലും നോമ്പുകാലത്ത് തുറന്ന് പ്രവർത്തിച്ച സിനിമ തിയ്യറ്ററുകൾ കത്തിച്ച കേസിലും തീവ്രവാദ സംഘത്തിൽപ്പെട്ടവർ പ്രതികളായിരുന്നു. മലപ്പുറത്തെ തീയേറ്ററുകൾ കത്തിച്ചുകൊണ്ടാണ് ഇവർ രംഗത്ത് എത്തിയത്. ഈ കേസുകൾ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ചേകന്നൂർ മൗലവി വധക്കേസിൽ പ്രതിയായ സെയ്തലവി അൻവരിയും കൂട്ടാളികളുമാണ് സുനിൽ വധത്തിനു പുറകിലുമെന്ന് പിന്നീട് തെളിഞ്ഞു. ഈ സംഘടന ഇപ്പോൾ സജീവമല്ലെങ്കിലും ഇവർ ഇതുപോലെ എത്ര കൊലപാതകങ്ങൾ ചെയ്തിട്ടുണ്ടാവുമെന്നാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഉയരുന്ന ചോദ്യം. മലബാറിലെ അടക്കം സംശയമുള്ള കൊലപാതങ്ങളിൽ പുനർ അന്വേഷണം വേണമെന്നും ഇതോടെ ആവശ്യം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP