Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

'ഒരു പൂട്ടിയിടൽ അപാരത' എന്നപേരിൽ ഫാദർ നോബിൾ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പട്ടാപ്പകൽ നടന്നത്; അവിടെ ഭക്ഷണംപോലും ലഭിക്കാതെ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു സിസ്റ്റർ ലൂസി; ഒപ്പമുണ്ടായിരുന്ന എന്റെ ഭാര്യയുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്; അവരുടെ അത്മകഥ പ്രസിദ്ധീകരിക്കുമ്പോൾ പല വിഗ്രഹങ്ങളും ഉടയും; പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; മാധ്യമ പ്രവർത്തകൻ മിൽട്ടൻ ഫ്രാൻസിസ് മറുനാടനോട്

'ഒരു പൂട്ടിയിടൽ അപാരത' എന്നപേരിൽ ഫാദർ നോബിൾ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പട്ടാപ്പകൽ നടന്നത്; അവിടെ ഭക്ഷണംപോലും ലഭിക്കാതെ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു സിസ്റ്റർ ലൂസി; ഒപ്പമുണ്ടായിരുന്ന എന്റെ ഭാര്യയുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്; അവരുടെ  അത്മകഥ പ്രസിദ്ധീകരിക്കുമ്പോൾ പല വിഗ്രഹങ്ങളും ഉടയും; പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; മാധ്യമ പ്രവർത്തകൻ മിൽട്ടൻ ഫ്രാൻസിസ് മറുനാടനോട്

സുവർണ.പി.എസ്

 കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ പീഡന വിവാദത്തിലടക്കം ശക്തമായി പ്രതികരിച്ചതിന്റെ പേരിൽ സഭ വിമതയാക്കി മുദ്രകുത്തി പീഡിപ്പിക്കുന്ന സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ പ്രചരിച്ച ഒരു വീഡിയോ വലിയ വിമർശനങ്ങൾക്കും പൊലീസ് നടപടിക്കും ഇടയാക്കിയിരിക്കയാണ്. സിസ്റ്റർ ലൂസി കളപ്പുരയെ ഏത് വിധേനെയും പുറത്താക്കുന്നതിനായി മാനന്തവാടി രൂപത കഴിഞ്ഞ കുറെക്കാലമായി ശ്രമിച്ചുവരികയാണ്. ഇതിനിടെയാണ് രൂപതാ പിആർഒയായ ഫാ. നോബിൾ തോമസ് പാറയ്ക്കലിന്റെ നേതൃത്വത്തിലുള്ള സംഘം 'ഒരു പൂട്ടിയിടൽ അപാരത' എന്ന പേരിൽ സിസ്റ്ററെ അധിക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ചത്.

സിസ്റ്റർ ലൂസി മഠത്തിന്റെ പിൻവാതിലിലൂടെ അകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങളും ഒപ്പം രണ്ട് പുരുഷന്മാരെയുമാണ് കാണിച്ചിരിക്കുന്നത്. ഇതുവെച്ച് സിസ്റ്ററെ തേജോവധം ചെയ്യുകയായിരുന്നു വീഡിയോ പുറത്തുവിട്ടവരുടെ ലക്ഷ്യം. എന്നാൽ സിസ്റ്റർക്ക് ഒപ്പമുണ്ടായിരുന്നത് രണ്ട് മാധ്യമ പ്രവർത്തകരാണെന്ന് തെളിഞ്ഞതോടെ ഈ വാദങ്ങൾ പൊളിയുകയാണ്. യെസ് ന്യൂസിന്റെ എംഡിയും മാധ്യമ പ്രവർത്തകനായ മിൽട്ടൻ ഫ്രാൻസിസും ഭാര്യ ബിന്ദു മിൽട്ടനും, യെസ് ന്യൂസിന്റെ വയനാട് ലേഖകൻ മഹേഷുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. പട്ടാപ്പകൽ നടന്ന ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഈ രീതിയിൽ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം ആക്ഷേപകരമാണെന്നും ഇതിനെതിരെ ശക്തമായ പ്രതികരണം പൊതുസമൂഹത്തിൽനിന്ന് ഉണ്ടാകണമെന്നും മറുനാടൻ മലയാളിയോട് പ്രതികരിക്കവേ മിൽട്ടൻ ഫ്രാൻസിസ് വ്യക്തമാക്കി.

Stories you may Like

അന്ന് നടന്ന സംഭവങ്ങൾ മിൽട്ടൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 'കഴിഞ്ഞ മെയ് ഒന്നാം തീയതിയാണ് ഞങ്ങൾ സിസ്റ്റർ ലൂസിയെ കാണാൻ കാരയ്ക്കാമല മഠത്തിൽ എത്തിയത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഒപ്പം ഭാര്യ ബിന്ദുവും, യെസ് ന്യൂസിന്റെ വയനാട് ലേഖകൻ മഹേഷുമുണ്ടായിരുന്നു. പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ് സിസ്റ്റർ ലൂസി അവിടെ താമസിച്ചിരുന്നത്. ശരിക്കും ഒരു ഏകാന്ത തടവുപോലെ. അവർക്ക് ഭക്ഷണംപോലും കിട്ടുന്നുണ്ടായിരുന്നില്ല. പറമ്പിലെ മാവിലെ മാങ്ങയായിരുന്നു പലപ്പോഴും അവരുടെ ആശ്രയം. കോൺവെന്റിലെ എല്ലാവരും കൃത്യമായി ലക്ഷ്യത്തോടെ അവരെ ഒറ്റപ്പെടുത്തി തകർക്കാനാണ് ശ്രമിച്ചത്. പുറത്ത് ഇരിക്കാൻ സൗകര്യമില്ലാത്തതുകൊണ്ടാണ് ഞങ്ങൾ അകത്തേക്ക് കയറിയത്. ഈ വീഡിയോയിൽ സിസ്റ്റർ ലൂസി മഠത്തിന്റെ പിൻവാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാര്യയുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് കളയാനും അവർ ശ്രദ്ധിച്ചു.'- മിൽട്ടൻ വ്യക്തമാക്കി.

നേരത്തെയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിസ്റ്റർ ലൂസി മിൽട്ടനെ വിളിപ്പിച്ചത്. അവർ എഴുതുന്ന ആത്മകഥയുടെ കൈയെഴുത്തു പ്രതി ഏൽപ്പിക്കാനും കൂടിയായിരുന്നു ഈ സന്ദർശനം. കൈയെഴുത്തുപ്രതി മഠത്തിലാണ് സിസ്റ്റർ ലൂസി സൂക്ഷിച്ചിരുന്നത്. ഇത്് മഠത്തിലെ മദർ സുപ്പീരിയർ ഉൾപ്പടെയുള്ളവർ നശിപ്പിച്ചു കളയുമെന്ന ഭയം സിസ്റ്ററിനുണ്ടായിരുന്നു. അതിനാൽ ഇതിന്റെ മാനുസ്‌ക്രിപ്റ്റ് ഞങ്ങളെ എൽപ്പിക്കയായിരുന്നു.

'ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. സഭയുടെ പിആർഒയെ ഞാൻ വിളിച്ചിരുന്നു. അദ്ദേഹം പറയുന്നത്, നിങ്ങളുടെ സിസ്റ്റർ കൊടുത്ത കേസ് പിൻവലിച്ചാൽ ഞാനീ ദൃശ്യങ്ങളും വീഡിയോയും പിൻവലിക്കാമെന്നാണ്. ഇതെന്ത് തരം നിലപാടാണ്? രൂപതയോടെ അറിവോടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. രൂപതയുടെ ബിഷപ്പ് പാലിക്കുന്ന മൗനത്തിൽ ദുരൂഹതയുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും. പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. അദ്ദേഹം എന്തിനാണ് ഫാദർ നോബിളിനെ അഴിച്ചു വിട്ടിരിക്കുന്നത്? ഇതിനൊക്കെ മറുപടി പറയേണ്ടി വരും'', -മിൽട്ടൻ ഫ്രാൻസിസ് വ്യക്തമാക്കുന്നു.

ദൈവനാമത്തിൽ എന്നാണ് സിസ്റ്ററുടെ ആത്മകഥക്ക് പേരിട്ടിരിക്കുന്നത്. പുസ്തകം വൈകാതെ വിപണിയിൽ എത്തിക്കുമെന്നും മിൽട്ടൻ വ്യക്താമാക്കി. 'സഭക്ക് എതിരെയോ വിശ്വാസത്തിന് എതിരെയോ അല്ല സിസ്റ്റർ ലൂസിയുടെ പോരാട്ടം. ഇവിടെ നിലനിൽക്കുന്ന ചില പുഴുക്കുത്തുകൾക്ക് എതിരായാണ്. ശക്തമായ ഒരു നവോത്ഥാന പ്രസ്ഥാനം സഭക്ക് അകത്തും രൂപപ്പെടേണ്ടതുണ്ട്. സിസ്റ്റർ ലൂസി അതിനുള്ള തുടക്കമാണെന്നാണ് തോനുന്നത്. ഇതിനുശേഷം നിരവധി വിശ്വാസികൾ തന്നെയാണ് സിസ്റ്റർ ലൂസിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. കേരളത്തിലും ആ രീതിയിലുള്ള ഒരു മുന്നേറ്റം വരുമെന്നാണ് പ്രതീക്ഷ'- മിൽട്ടൻ വ്യക്തമാക്കി.

ദൃശ്യങ്ങൾ നൽകിയത് സിസ്റ്റർ ലിജി മരിയയും ജ്യോതി മരിയയും ചേർന്ന്

അതേസമയം തന്നെ അപമാനിച്ചവർക്കെതിരെ സിസ്റ്റർ ലൂസി പരാതി നൽകിയിട്ടുണ്ട്. സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതിയിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.. മാനന്തവാടി രൂപതാ പിആർഒ ഫാദർ നോബിൾ പാറയ്ക്കൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

''എന്നെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഫാ. നോബിളിന് മഠത്തിലെ സിസിടിവി ദൃശ്യങ്ങൾ നൽകിയത് സിസ്റ്റർ ലിജി മരിയയും ജ്യോതി മരിയയും ചേർന്നാണ്. എന്നെ കാണാൻ വന്ന സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്റെ സ്ത്രീത്വത്തെയാണ് അദ്ദേഹം തെരുവിലിട്ട് പിച്ചിച്ചീന്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇത്തരം നടപടികൾ തുടങ്ങിയിട്ട്. കന്യാസ്ത്രീയായ എന്നോടിതുപോലെയാണ് ഇവർ പെരുമാറുന്നതെങ്കിൽ മറ്റ് സ്ത്രീകളെ ഇവരെന്തെല്ലാം ചെയ്യും?'', സിസ്റ്റർ ലൂസി ചോദിക്കുന്നു.

അതേസമയം സംഭവം വിവാദമാകുകയും കേസെടുക്കുകയും ചെയ്തതോടെ വിശദീകരണവുമായി ഫാദർ നോബിൾ രംഗത്തെത്തി. മഠത്തിനുള്ളിൽ പുരുഷന്മാർ കയറുന്നതിലാണ് പ്രശ്‌നമെന്നും ചൂണ്ടിക്കാട്ടി വീണ്ടും വീഡിയോ പോസ്റ്റു ചെയതു. ആവൃതിയുടെ നിയമങ്ങളെ ലംഘിക്കുകയാണ് ചെയ്തത് എന്നാണ് ഫാദർ നോബിൾ പറയുന്നത്. കത്തോലിക്കാസന്ന്യാസം തെരുവിൽ അപമാനിക്കപ്പെടുമ്പോൾ അസ്വസ്ഥമാകുന്ന ആയിരമായിരം സന്യസ്തജീവിതങ്ങൾക്കു വേണ്ടി വാദിക്കാൻ, സത്യം പറയാൻ ആരുമില്ലാതാകുന്നുവോ? സത്യം പറയുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വലിയ സംഘടിതശക്തികളെക്കുറിച്ച് കൂടി കരുതലുള്ളവരാകുകയെന്നും നോബിൾ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ വിഷയത്തിലും ഫാദർ റോബിന്റെ പീഡന കേസിലും ഇവർക്ക് വേണ്ടി ശക്തിയുക്തം വാദിച്ച വ്യക്തിയാണ് ഫാദർ നോബിൾ. സഭയ്ക്ക് നിരന്തരം അപമാനം ഉണ്ടാക്കുന്ന പിആർഒക്കെതിരെ നടപടി വേണമെന്ന ആവശ്യം വിശ്വാസികൾക്കിടയിലും ശക്തമായി ഉയർന്നിട്ടുണ്ട്. നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം ചെയ്ത കന്യാസ്ത്രീമാർക്ക് പിന്തുണ നൽകിയതിന് സി. ലൂസി കളപ്പുരയെ എഫ്സിസി സന്യാസസഭയിൽ നിന്നും പുറത്താക്കിയത് മെയ് 11 നാണ്.

വിരുദ്ധ നടപടികൾ എടുക്കുന്നു എന്നായിരുന്നു നടപടിക്ക് പറഞ്ഞ ന്യായീകരണം. പുറത്താക്കിക്കൊണ്ട് എഫ്സിസി നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും സി. ലൂസി മാനന്തവാടിയിലെ മഠം വിട്ടിട്ടില്ല. എത്രയും വേഗം മഠം വിട്ടു പോകാൻ നിർദ്ദേശിച്ച അധികൃതർ ഇവർ പോകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് വിളിച്ചു കൊണ്ടുപോകാൻ ആവശ്യപ്പെട്ട് മാതാവിന് കത്തയയ്ക്കുകയും ചെയ്തു. എന്നാൽ പുറത്താക്കലിനെതിരേ സിസ്റ്റർ ലൂസി വത്തിക്കാന് അപ്പീൽ സമർപ്പിച്ചതോടെ നടപടികൾ സഭ നിർത്തി വെച്ചിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP