Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആൾക്കൂട്ടത്തിൽ നിന്ന് സതീഷ് ബാബു മതിലുചാടി ഓടിയിട്ടും ആരും കണ്ടില്ല; മൂർച്ചയുള്ള ആയുധം വളഞ്ഞ കമ്പിയായി; കന്യാസ്ത്രീയുടെ വസ്ത്രം മാറ്റിയതിലും കുഴപ്പമില്ല; സിസ്റ്റർ അമല കൊലക്കേസിൽ പൊലീസ് വിശദീകരണങ്ങൾ ദുരൂഹത കൂട്ടുന്നു

ആൾക്കൂട്ടത്തിൽ നിന്ന് സതീഷ് ബാബു മതിലുചാടി ഓടിയിട്ടും ആരും കണ്ടില്ല; മൂർച്ചയുള്ള ആയുധം വളഞ്ഞ കമ്പിയായി; കന്യാസ്ത്രീയുടെ വസ്ത്രം മാറ്റിയതിലും കുഴപ്പമില്ല; സിസ്റ്റർ അമല കൊലക്കേസിൽ പൊലീസ് വിശദീകരണങ്ങൾ ദുരൂഹത കൂട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലായിലെ സിസ്റ്റർ അമല കൊലക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷവും ദുരൂഹതകൾ തുടരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൊലനടത്തി മുങ്ങിയ പ്രതിയെ മൊബൈൽ ഫോൺ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ കുടുക്കിയെന്നു പൊലീസ് പറയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധി. അതിനിടെ സിസ്റ്റർ അമല കൊലക്കേസിൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിനു പ്രത്യേക പാരിതോഷികം നൽകും. ഇക്കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിക്കുമെന്നും എ.ഡി.ജി.പി: കെ.പത്മകുമാർ അറിയിച്ചു.

കൊലക്കേസിലെ പ്രതിയെന്ന് കരുതുന്ന സതീഷ് ബാബുവിനെ കഴിഞ്ഞ ദിവസം ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കൃത്യനിർവ്വഹണത്തിന് ശേഷം പാലായിലും പരിസരപ്രദേശത്തും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് തടിച്ചു കൂടിയ ജനങ്ങളോടൊപ്പവും പ്രതിയുണ്ടായിരുന്നു. പൊലീസ് നായ മണംപിടിച്ച് പുറത്തേക്കിറങ്ങിയപ്പോൾ ഇയാൾ മതിൽ ചാടി ഓടി രക്ഷപെടുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിക്കാൻ ഇടയുള്ള ഒരു കൊലപാതകം നടന്ന സ്ഥലത്ത് പൊലീസിന്റേയും ഇന്റലിജൻസ് വിഭാഗത്തിന്റേയും ശ്രദ്ധയിൽ പെടാതെ പ്രതി രക്ഷപ്പെട്ടു. അതിന് ശേഷമാണ് നാടകീയമായി പൊലീസ് സതീഷ് ബാബുവിനെ പിടികൂടുന്നത്. ഇരുമ്പു കമ്പിപോലുള്ള ആയുധം കൊണ്ടാണു സിസ്റ്റർ അമലയെ താൻ തലയ്ക്കടിച്ചു വീഴ്‌ത്തിയതെന്നു സതീഷ് സമ്മതിച്ചെന്നു പൊലീസ് പറയുന്നു. എന്നാൽ സംഭവം നടന്നു മൂന്നു ദിവസങ്ങൾക്കുശേഷം കോൺവെന്റിൽനിന്നു രക്തക്കറ പുരണ്ട മൺവെട്ടി കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.

അക്രമിക്കാൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന ഈ മൺവെട്ടി ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഫോറൻസിക്ക് വിദഗ്ധരുടേയും പോസ്റ്റ്മാർട്ടം റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ടാണ് സിസ്റ്റർ അമല അക്രമിക്കപ്പെട്ടതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. അതു തെറ്റുകയാണ്. സംഭവത്തിന് ശേഷം നാലു ദിവസങ്ങൾ കഴിഞ്ഞ് കൊലപാതകം നടന്ന കൊൺവെന്റിലെ കോണിപ്പടിയുടെ അടിയിൽ നിന്നും ഒരു മൺവെട്ടി കണ്ടെത്തുകയും ഇത് അക്രമത്തിന് ഉപയോഗിച്ചതാണെന്നും സംശയിച്ചിരുന്നു. അമലയുടെ മൃതദേഹം കണ്ടെടുത്ത മുറിയിൽ നിന്നും പൊലീസ് നായ സമീപത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റാന്റ് വരെ പോകുകയും തിരിച്ച് കോൺവെന്റിലേക്ക് തന്നെ മടങ്ങി വരുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും ആയുധം പൊലീസ് നായയുടേയോ സ്ഥലപരിശോധന നടത്തിയ അന്വേഷണ സംഘത്തിന്റേയോ ശ്രദ്ധയിൽ പെടാതിരുന്നത് സംശയം ജനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മൂർച്ച ഇല്ലാത്ത ആയുധം കൊണ്ടാണ് അക്രമിച്ചതെന്ന് പറയപ്പെടുന്നു.

ഇതിനേക്കുറിച്ച് കൂടുതൽ വിശദീകരിക്കുവാൻ എഡിജിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല. കൊല്ലപ്പെടുന്ന സമയത്ത് സിസ്റ്റർ അമല ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് എത്തുന്നതിന് മുമ്പ് മാറ്റി മറ്റൊന്ന് ധരിപ്പിക്കുകയും മുറി കഴുകിയതായും ആരോപണം ഉണ്ട്. അമലയുടെ മൃതദേഹം ആദ്യം കണ്ടത് ഇതേ കോൺവന്റിലേ തന്നെ മറ്റൊരു കന്യാസ്ത്രീയും ഡോക്ടറുമായ സിസ്റ്റർ റൂബിയയാണ്. അസ്വഭാവികമായ മരണം സംഭവിച്ച ഒരാളുടെ മൃതദേഹം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാതെ വസ്ത്രം മാറ്റുന്നതും മുറി കഴുകുന്നതും തെളിവ് നശിപ്പിക്കുവാനല്ലേയെന്ന ചോദ്യത്തിന് പൊലീസ് അധികൃതർക്ക് കൃത്യമായ മറുപടിയില്ല. സിസ്റ്റർ അമല കൊല്ലപ്പെട്ടശേഷം, പൊലീസെത്തുന്നതിനുമുമ്പ് വസ്ത്രം മാറ്റിയതിൽ തെറ്റില്ലെന്നും പൊലീസ് പറഞ്ഞു. വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. പ്രതിയെ ചോദ്യംചെയ്തതിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. സതീഷ് ബാബുവിന്റെ പതിമൂന്നോളം വിരലടയാളങ്ങൾ ഈ മുറിയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അമലയുടെ കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുമ്പ് ഇവിടെ മറ്റൊരു കന്യാസ്ത്രീയും അക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവം പൊലീസിൽ പരാതി നൽകാത്ത മഠാധികൃതരുടെ നടപടിയും ദുരൂഹമാണ്.

സംഭവശേഷം പ്രതി മുങ്ങിയതു സംബന്ധിച്ചുള്ള വിവരങ്ങളിലും പൊരുത്തക്കേടുകളുണ്ട്. കൊലപാതക വിവരമറിഞ്ഞു പൊലീസ് എത്തുമ്പോൾ സതീഷ് സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് നായ മണംപിടിച്ചെത്തുമ്പോൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടുവെന്നുമാണു പറയുന്നത്. ഈ വിവരം പിറ്റേന്നു നാട്ടുകാർ പറയുമ്പോഴാണ് അറിയുന്നതത്രേ. ആൾക്കൂട്ടത്തിനിടയിൽനിന്നു മതിൽ ചാടി ഓടി രക്ഷപ്പെട്ടിട്ടും ആരും പൊലീസിനെ വിവരമറിയിച്ചില്ലെന്നതു പറയുന്നതു വിശ്വസനീയമല്ല. കൊലപാതകങ്ങളിൽ ആനന്ദം കണ്ടെത്തുന്നയാളാണു പ്രതിയെന്നാണു പൊലീസ് ആവർത്തിച്ചു പറഞ്ഞത്. എന്നാൽ, ഇതുവരെ ഒരു കൊലപാതക കേസിലും പ്രതിയാകാത്തയാൾക്ക് എങ്ങനെ കൊലപാതകത്തിൽ ആനന്ദം കിട്ടുമെന്ന ചോദ്യം ഉയർന്നതോടെ ആക്രമണത്തിൽ വിനോദം കണ്ടെത്തുന്നയാൾ എന്നായി നിലപാടുമാറ്റി. സതീഷ് ഒട്ടനവധി കേസുകളിൽ പ്രതിയാണെന്നു പറയുമ്പോഴും അവയേതെന്നു കൃത്യമായി പറയാൻ പൊലീസിനു കഴിയുന്നില്ല. സതീഷിന്റെ പാലായിലെ ജീവിതം, താമസിച്ച സ്ഥലം എന്നിവ സംബന്ധിച്ചും പൊലീസ് നൽകിയ വിവരങ്ങൾ പൊരുത്തപ്പെടുന്നതായിരുന്നില്ല. എല്ലാ, വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും എ.ഡി.ജി.പി. പത്മകുമാർ അവകാശപ്പെട്ടു.

ഏത് കന്യാസ്ത്രീമഠം കണ്ടാലും ആക്രമണത്തിന് പദ്ധതിയിടുന്ന സ്വഭാവമാണ്, സിസ്റ്റർ അമലയെകൊന്ന കേസിലെ പ്രതി സതീഷ്ബാബുവിനുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇതൊരു മനോവൈകല്യമാണ്. കൊലപാതകംനടന്ന പാലാ ലിസ്യു കർമ്മലീത്താ മഠത്തിൽ ആക്രമണംനടത്താൻ ദിവസങ്ങൾക്കുമുമ്പേ പ്രതി സതീഷ്ബാബു ഒരുക്കങ്ങൾ നടത്തിയിരുന്നു. മഠത്തിനുസമീപമുള്ള ആശുപത്രിയിൽ ഇയാളുടെ സുഹൃത്ത് ചികിത്സയ്ക്കായെത്തി. ഈ സമയം കൂട്ടിരിക്കാൻവന്ന പ്രതി സമീപത്തെ മഠത്തിൽ ആക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കി. കൊലപാതകത്തിനുമുമ്പ് 13ാം തിയ്യതി മഠത്തിനുള്ളിൽക്കയറി മറ്റൊരു കന്യാസ്ത്രീയെ ആക്രമിച്ചിരുന്നു. സംഭവദിവസംരാത്രി,സതീഷ് ബാബു വീണ്ടുമെത്തി. മഠത്തിന്റെ ടെറസിനുമുകളിൽ കയറിയ പ്രതി, അവിടെ നടുഭാഗത്തുള്ള ഇടനാഴിയിലിറങ്ങി. പൂട്ടാതെകിടന്ന ഗ്രില്ല് തള്ളിത്തുറന്ന് അകത്തുകയറി.രക്ഷപ്പെടുന്നതിനായി പിന്നിലെ വാതിലും തുറന്നിട്ടു.

കന്യാസ്ത്രീകൾ താമസിക്കുന്ന മുറികൾ പരതി നടക്കുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിലെത്തി. മുറിക്കുള്ളിൽകയറിയ സതീഷ് സിസ്റ്റർ അമലയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട പ്രതി പിറ്റേന്ന് കൊലപാതകവിവരം പുറത്തായശേഷവും സ്ഥലത്തെത്തിയെന്നും അന്വേഷണം തുടങ്ങിയപ്പോൾ മുങ്ങിയെന്നും പൊലീസ് പറഞ്ഞു. ഇയാൾപോയ ഷാപ്പിൽനിന്ന് മഠത്തിലെ കുട ലഭിച്ചതും തെളിവായി. ഡ്രൈവിങ്ങുൾപ്പെടെയുള്ള ജോലികൾ ചെയ്താണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇങ്ങനെ ജോലിക്കുനിന്ന ഒരുസ്ഥലത്ത് പെൺകുട്ടിയെ ഉപദ്രവിച്ചതിന് വീട്ടുകാർ പറഞ്ഞുവിട്ടു. നാണക്കേടോർത്താണ് അവർ കേസിന് പോകാഞ്ഞത്. ചെല്ലുന്ന സ്ഥലങ്ങളിൽ ആക്രമണത്തിനും പദ്ധതിയിടുന്നത് ഇയാളുടെ സ്വഭാവമാണ് കിട്ടുന്ന പണം മുഴുവനും കള്ളുഷാപ്പുകളിലാണ് ചെലവിട്ടിരുന്നത്. ആരെയും സംസാരിച്ചുവീഴ്‌ത്താൻ പ്രത്യേക വിരുതുണ്ടെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP