Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തൊടുപുഴ നഗരത്തിൽ ഗാന്ധി സ്‌ക്വയറിനു സമീപം ബേക്കറിയും കൂൾബാറും നടത്തിയ ആന്റണിയും ഭാര്യയും; മകളേയും കൂട്ടി അവർ ആത്മഹത്യ ചെയ്തത് എന്തിന്? കാരണം കണ്ടെത്താൻ പൊലീസിന് താൽപ്പര്യക്കുറവ്; വേണ്ടത് ഓപ്പറേഷൻ കുബേര

തൊടുപുഴ നഗരത്തിൽ ഗാന്ധി സ്‌ക്വയറിനു സമീപം ബേക്കറിയും കൂൾബാറും നടത്തിയ ആന്റണിയും ഭാര്യയും; മകളേയും കൂട്ടി അവർ ആത്മഹത്യ ചെയ്തത് എന്തിന്? കാരണം കണ്ടെത്താൻ പൊലീസിന് താൽപ്പര്യക്കുറവ്; വേണ്ടത് ഓപ്പറേഷൻ കുബേര

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കടബാധ്യത കാരണം കുടുംബത്തോടെ വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയും മരിക്കുമ്പോൾ അനച്ചാൽ ഗ്രാമം മുഴുവൻ നൊമ്പരത്തിൽ. സംഭവത്തിൽ ശരിയായ അന്വേഷണം ഇതുവരെ ഉണ്ടായില്ല. ഈ കുടുംബത്തിന് എന്തു പറ്റിയെന്നതിൽ നാട്ടുകാർക്ക് ഇനിയും വ്യക്തത വന്നിട്ടില്ല. പലിശക്കാർക്കെതിരെ ഓപ്പറേഷൻ കുബേര എന്ന പേരിൽ പൊലീസ് ഓപ്പറേഷൻ ഉണ്ടായിരുന്നു. എന്നാൽ കുറച്ചു കാലമായി ഇത് നിലച്ചു. അതിന് ശേഷം കടം കൊടുക്കുന്നവരുടെ ഭീഷണിയിൽ കേരളത്തിൽ ആത്മഹത്യകൾ കൂടുന്നു.

മണക്കാട് ചിറ്റൂർ പുല്ലറയ്ക്കൽ സിൽന(21)യാണ് ഇന്നലെ രാവിലെ മരിച്ചത്. സിൽന, പിതാവ് ആന്റണി (62), അമ്മ ജെസി (56) എന്നിവരെ കഴിഞ്ഞ 30 നാണു വീട്ടിൽ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു ജെസിയും കഴിഞ്ഞ ഒന്നിന് ആന്റണിയും മരിച്ചു. കടം വാങ്ങിയാണ് ഈ കുടുംബം പ്രതിസന്ധിയിലായതെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ നാട്ടുകാർക്കും ബന്ധുക്കൾക്കും പല ദുരൂഹതകളും ഉണ്ട്. അതിനാൽ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് നാട്ടുകാർ.

തൊടുപുഴ നഗരത്തിൽ ഗാന്ധി സ്‌ക്വയറിനു സമീപം ബേക്കറിയും കൂൾബാറും നടത്തുകയായിരുന്നു ആന്റണി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ പലരിൽ നിന്നായി കടം വാങ്ങിയിരുന്നതായാണു വിവരമെന്നു പൊലീസ് പറഞ്ഞു. ചിലരുടെ സ്വർണം വാങ്ങി പണയം വച്ചതായും പറയുന്നു. പണം കിട്ടാനുള്ളവർ കടയിൽ അന്വേഷിച്ചെങ്കിലും കാണാത്തതിനാൽ വീട്ടിലെത്തിയപ്പോഴാണു മൂവരെയും അവശനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവദിവസം ആന്റണിയുടെ മൂത്ത മകൻ സിബിൻ മംഗളൂരുവിൽ ജോലിസ്ഥലത്തായിരുന്നു. സിൽനയുടെ സംസ്‌കാരം നടത്തി.

ആന്റണി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും കടം വാങ്ങിയിരുന്നതായി പറയുന്നുണ്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. മൂവരെയും ആശുപത്രിയിൽ എത്തിച്ചപ്പോൾ അബോധാവസ്ഥയിലായിരുന്നു. ഇവരുടെ മരണമൊഴി എടുക്കാൻ മജിസ്‌ട്രേട്ട് എത്തിയെങ്കിലും ഇതിനു കഴിഞ്ഞില്ല. അതിനാൽ യഥാർഥ കാരണം എന്താണെന്നു വ്യക്തമായി ആർക്കും അറിയില്ല. കടം കൊടുത്തവർ ഇവരെ ഭീഷണിപ്പെടുത്തിയെന്ന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണത്തിന് പൊലീസിന് താൽപ്പര്യമില്ല. കടബാധ്യത എങ്ങനെയുണ്ടായി പലിശക്കാരുടെ ഭീഷണിയുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജീവനൊടുക്കാനുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന കത്തോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്നും 10 ലക്ഷം രൂപ കടം ഉള്ളതായാണു വിവരമെന്നും പൊലീസ് പറഞ്ഞു. ഇത് ആത്മഹത്യയ്ക്ക് കാരണമാകുമോ എന്ന ചർച്ചയും സജീവമാണ്. ഇവർ കുടുംബമായി അടിമാലി ആനച്ചാലിലായിരുന്നു താമസം. 12 വർഷം മുമ്പാണ് തൊടുപുഴയിലേക്ക് വന്നത്. സിൽന അൽ അസ്ഹർ കോളേജിലെ അവസാനവർഷ ബി.സി.എ. വിദ്യാർത്ഥിനിയാണ്. ആന്റണിയുടെ മൂത്തമകൻ സിബിൻ മംഗ്ലൂരുവിൽ ജോലി ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP