Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബുധനാഴ്ചകളിൽ പതിവായി കിട്ടുന്ന പടി മുടങ്ങിയപ്പോൾ എംസാൻഡ് ലോറികൾ തടഞ്ഞ് പിഴയിട്ട് എസ്‌ഐ; വൻതുക പിഴയിട്ടതോടെ പടിക്കണക്കിന്റെ രേഖകളും ദൃശ്യങ്ങളും സഹിതം പരാതി നൽകി കമ്പനിയുടമകൾ; അന്വേഷണത്തിൽ സത്യമെന്ന് കണ്ടെത്തിയതോടെ ഉടൻ നടപടി ഉണ്ടായേക്കും

ബുധനാഴ്ചകളിൽ പതിവായി കിട്ടുന്ന പടി മുടങ്ങിയപ്പോൾ എംസാൻഡ് ലോറികൾ തടഞ്ഞ് പിഴയിട്ട് എസ്‌ഐ; വൻതുക പിഴയിട്ടതോടെ പടിക്കണക്കിന്റെ രേഖകളും ദൃശ്യങ്ങളും സഹിതം പരാതി നൽകി കമ്പനിയുടമകൾ; അന്വേഷണത്തിൽ സത്യമെന്ന് കണ്ടെത്തിയതോടെ ഉടൻ നടപടി ഉണ്ടായേക്കും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എന്തൊക്കെ അഴിമതി അവസാനിപ്പിക്കുമെന്ന് സർക്കാർ വാതോരാതെ പ്രസ്താവനകൾ ഇറക്കിയാലും അതിന് ഒരു അറുതിയുണ്ടാകുമോ? പതിവായി കിട്ടുന്ന കൈക്കൂലി ഒരു ദിവസം താമസിച്ചതോടെ എംസാൻഡ് കമ്പനിയുടെ രണ്ട് ലോറികൾ പിടികൂടിയ എസ്‌ഐക്ക് പണികിട്ടി.

എസ്‌ഐ തങ്ങളിൽ നിന്ന് ആഴ്ചതോറും ഈടാക്കിയ പടിയുടെ കണക്കും ക്യാമറാ ദൃശ്യങ്ങളും സഹിതം കമ്പനി അധികൃതർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്‌ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയതായാണ് വിവരം. ഇയാൾക്കെതിരെ നാളെ നടപടി ഉണ്ടായേക്കുമെന്നും അറിയുന്നു.

പതിവായി പടി കിട്ടുന്ന ദിവസം പടി മുടങ്ങിയതിന്റെ പേരിൽ ഹൈവേ പട്രോളിങ് സംഘത്തിലെ എസ്ഐ, എം-സാൻഡ് കമ്പനിയുടെ രണ്ടു ലോറികൾ പിടികൂടി വൻതുക പിഴ ഈടാക്കുകയായിരുന്നു. കമ്പനി ഉടമകൾ എസ്ഐ തങ്ങളിൽ നിന്ന് ആഴ്ചതോറും ഈടാക്കിയിരുന്ന പടിയുടെ കണക്കും ക്യാമറദൃശ്യങ്ങളും സഹിതം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് അന്വേഷണം നടന്നത്.

തിരുവല്ല-വടശേരിക്കര റൂട്ടിലുള്ള ഹൈവേ പട്രോളിങ് സംഘത്തിലെ എസ്ഐ അനിരാജാണ് കുടുങ്ങിയിരിക്കുന്നത്. പത്തനംതിട്ട-മൈലപ്ര റോഡിൽ താഴേവെട്ടിപ്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്എം എം സാൻഡ് കമ്പനി ഉടമകളാണ് എസ്ഐക്ക് പണി കൊടുത്തത്. ഇവിടെ നിന്നും ആഴ്ച തോറുമാണ് എസ്ഐക്ക് പടി നൽകിയിരുന്നത്. 4000 രൂപയാണ് ചോദിച്ചതെന്ന് കമ്പനി ഉടമകൾ എസ്‌പിക്ക് നൽകിയ പരാതിയിലുണ്ട്.

എല്ലാ ബുധനാഴ്ചകളിലുമാണ് പടി കൈപ്പറ്റിക്കൊണ്ടിരുന്നത്. അന്ന് കിട്ടാതെ വന്നപ്പോൾ ഇന്നലെ ഔദ്യോഗിക വാഹനത്തിൽ തന്നെ എസ്.ഐ പടി കൈപ്പറ്റാൻ ചെന്നു. കിട്ടാതെ വന്നപ്പോൾ റോഡിലിറങ്ങി കമ്പനിയുടെ രണ്ടു ലോറികൾ പിടികൂടുകയും പലകാരണം പറഞ്ഞ് വൻ തുക പിഴ ഈടാക്കുകയും ആയിരുന്നു. ഇതേ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം കമ്പനി ഉടമകൾ എസ്‌പിയെ സമീപിച്ച് പരാതി നൽകി.

എസ്ഐയ്ക്ക് നൽകിയിരുന്ന പണത്തിന്റെ കണക്ക് ഇവർ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പകർപ്പും എസ്‌പിക്ക് നൽകി. ഇതിന് പുറമേ ഔദ്യോഗിക വാഹനത്തിൽ പടി ചോദിക്കാൻ വന്ന എസ്ഐയുടെ ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം ചേർത്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌പി സതീഷ് ബിനോ സ്പെഷൽ ബ്രാഞ്ച് ഡിവൈ എസ്‌പി പികെ ജഗദീശിന് കൈമാറി.

ഡിവൈഎസ്‌പി ഇന്ന് രാവിലെ ഇതു സംബന്ധിച്ച് തെളിവെടുത്തു. വൈകിട്ട് റിപ്പോർട്ട് സമർപ്പിക്കും. എസ്ഐ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നാണ് വിവരം. ഡിജിപിയുടെ വിടവാങ്ങൽ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എസ്‌പി തിരുവനന്തപുരത്താണ്. നാളെ മടങ്ങി എത്തിയാലുടൻ എസ്ഐക്കെതിരേ നടപടി ഉണ്ടാകുമെന്ന സൂചനയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP