Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

ബംഗളുരുവിൽ ആത്മഹത്യ ചെയ്ത മാധ്യമപ്രവർത്തക ശ്രുതിയുടെ ഭർത്താവ് എവിടെ? കണ്ണൂരിൽ ബംഗളുരു പൊലീസ് എത്തിയപ്പോൾ കണ്ടത് വീട് പൂട്ടിയ നിലയിൽ; ഒന്നുമറിയില്ലെന്ന് അയൽവാസികളും; അനീഷ് കോയാടൻ എങ്ങോട്ടു പോയെന്ന് എത്തും പിടിയും ഇല്ലാതെ പൊലീസ്

ബംഗളുരുവിൽ ആത്മഹത്യ ചെയ്ത മാധ്യമപ്രവർത്തക ശ്രുതിയുടെ ഭർത്താവ് എവിടെ? കണ്ണൂരിൽ ബംഗളുരു പൊലീസ് എത്തിയപ്പോൾ കണ്ടത് വീട് പൂട്ടിയ നിലയിൽ; ഒന്നുമറിയില്ലെന്ന് അയൽവാസികളും; അനീഷ് കോയാടൻ എങ്ങോട്ടു പോയെന്ന് എത്തും പിടിയും ഇല്ലാതെ പൊലീസ്

അനീഷ് കുമാർ

കണ്ണൂർ: ബംഗളൂരുവിൽ ആത്മഹത്യ ചെയ്ത് മലയാളി മാധ്യമപ്രവർത്തകയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണമാണ് ബന്ധുക്കൾ ഉന്നയിച്ചിരുന്നത്. കാസർകോട് സ്വദേശി എൻ ശ്രുതി(36) യെയാണ് ബംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ മാധ്യമ പ്രവർത്തകയായിരുന്നു ശ്രുതി. ഇവർക്കെതിരെ ക്രൂരമായ പീഡനങ്ങളാണ് ഭർത്താവ് അനീഷ് കോയാടൻ നടത്തിയത്. ആത്മഹത്യ വിവാദമായ ഘട്ടത്തിൽ അന്വേഷണം തുടങ്ങിയ പൊലീസിന് ഇതുവരെ ഇയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ബംഗ്ലൂരിൽ ഐ.ടി പ്രൊഫഷനലായി ജോലി ചെയ്തിരുന്ന ഇയാൾ കണ്ണൂരിലുണ്ടെന്ന വിവരത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ബംഗളുരു പൊലീസ് കണ്ണൂരിലെത്തിയത്. ശ്രുതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് അനീഷ് കോയാടനെ തേടിയാണ് ബെംഗളൂരു വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ. വെങ്കിടേഷ്, സീനിയർ സി.പി.ഒ. യാസിൻ പാഷ എന്നിവരടങ്ങുന്ന അന്വേഷണസംഘമെത്തിയത്.

ബുധനാഴ്ച രാവിലെ ശ്രീകണ്ഠപുരം സിഐ. ഇ.പി. സുരേശന്റെയും എഎസ്ഐ. വിനോദ്കുമാറിന്റെയും സഹായത്തോടെ അനീഷിന്റെ ചുഴലിയിലെ വീട്ടിലെത്തി. എന്നാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അയൽവാസികളോട് കാര്യങ്ങൾ തിരക്കിയപ്പോൾ അനീഷിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും മാതാപിതാക്കൾ ധർമശാലയിലുള്ള മകളുടെ വീട്ടിലാണെന്നുമുള്ള വിവരവുമാണ് ലഭിച്ചത്. തുടർന്ന് ഉച്ചയോടെ പൊലീസ് സംഘം ധർമശാലയിലെ വീട്ടിലെത്തിയെങ്കിലും അനീഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല.

മാർച്ച് 20-നാണ് ശ്രുതിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്ന് എഴുതിയിരുന്നു. ശ്രുതിയുടെ ശരീരത്തിൽ മർദനത്തിന്റെയും കടിയേറ്റതിന്റെയും പാടുകളുള്ളതായും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഭർത്താവിനെതിരേ ബെംഗളൂരു പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തത്.

തളിപ്പറമ്പ് സ്വദേശിയായ ഭർത്താവ് അനീഷ് കോയാടൻ ശ്രുതിയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വൈനിൽ ലഹരിമരുന്ന് ചേർത്ത് നൽകിയും മുഖത്ത് തലയിണ അമർത്തിയും ശ്രുതിയെ കൊല്ലാനായി അനീഷ് ശ്രമിച്ചിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. പണത്തിനു വേണ്ടിയാണ് അനീഷ് ഈ ക്രൂരതകൾ കാട്ടിയതെന്നാണ് ആരോപണം.

വീട്ടുകാരെ വിളിക്കാൻ പോലും അനീഷ് അനുവദിക്കില്ലായിരുന്നു. ശ്രുതിയെ നിരീക്ഷിക്കാൻ അനീഷ് വീടിനുള്ളിൽ ക്യാമറയും വോയിസ് റെക്കോർഡറും വരെ സ്ഥാപിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.മുൻപ് ശ്രുതിയുടെ ശരീരമാകെ ഇയാൾ കടിച്ച് മാരകമായി മുറിവേൽപിച്ചുവെന്നും സഹോദരൻ പറഞ്ഞു. ശ്രുതി തന്റെ ശമ്പളം കുടുംബത്തിന് നൽകുന്നുവെന്ന സംശയമായിരുന്നു അനീഷിന്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനു ശേഷമാണ് താൻ അനുഭവിച്ച കൊടും ക്രൂരതകൾ ശ്രുതി പുറത്ത് പറഞ്ഞത്. പിന്നാലെ ആത്മഹത്യയും.

കാസർകോട് വിദ്യാനഗർ സ്വദേശിനിയായ എൻ.ശ്രുതി ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്തത് മാർച്ച് 20ന് ആണ്. റോയിട്ടേഴ്‌സിൽ മാധ്യമ പ്രവർത്തകയായിരുന്നു (പേജ് എഡിറ്റർ) ശ്രുതി. വിവാഹശേഷം ശ്രുതിയെ അനീഷ് നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബം ആരോപിക്കുന്നു. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാർട്ട്മെന്റിലായിരുന്നു ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്.

ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭർത്താവ് അനീഷ്. സംഭവത്തിൽ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് ബെംഗ്ലൂരു പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. നാട്ടിൽനിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പ്രതികരണമുണ്ടാവത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ എൻജിനീയറായ സഹോദരൻ നിഷാന്ത് അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റിയോട് ഫോണിൽ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടർന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാല് വർഷം മുമ്പാണ് ശ്രുതിയും അനീഷും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

ഭർത്താവിനെ പൊലീസ് ഫോൺ ചെയ്തപ്പോൾ താൻ നാട്ടിലാണെന്നും ഭാര്യ എവിടെയാണെന്നു ചോദിച്ചപ്പോൾ കൂടെ ഉണ്ടെന്നുമായിരുന്നു ലഭിച്ച മറുപടിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവിന്റെ പീഡനം കാരണമാണു മരണമെന്ന കുറിപ്പ് പൊലീസ് കണ്ടെത്തി. ഭർത്താവ് ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ തളിപ്പറമ്പ് ചുഴലി സ്വദേശി അനീഷിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തു.

2017 ലാണ് ശ്രുതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ക്രൂരമായ പെരുമാറ്റം ആയിരുന്നുവെന്നു സഹോദരൻ നിഷാന്ത് ആരോപിച്ചു. എഴുത്തുകാരനും യുക്തിവാദി നേതാവും റിട്ട.അദ്ധ്യാപകനുമായ നാരായണൻ പേരിയയുടെയും റിട്ട.അദ്ധ്യാപിക ബി.സത്യഭാമയുടെയും മകളാണ് ശ്രുതി. മൃതദേഹം ബെംഗളൂരുവിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കാസർകോട് വിദ്യാനഗർ പാറക്കട്ട ശ്മശാനത്തിൽ സംസ്‌കരിച്ചു.

. ''ഞാനെന്റെ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണ്. അതോടെ രണ്ടു പേർ സന്തോഷമുള്ളവരായി മാറും. ഞാനും നീയും. ഈ പീഡന ജീവിതത്തിൽ നിന്ന് രക്ഷപ്പെടുന്നതിനാൽ ഞാൻ സന്തോഷവതിയാണ്. നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഇല്ലാത്തതിനാൽ നിങ്ങൾ സന്തോഷിക്കും'' മാർച്ച് 20ന് എഴുതിയ ശ്രുതിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഈ വാക്കുകൾ. ശ്രുതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു.

കാസർകോട് സ്വദേശിയായ ശ്രുതി അഞ്ച് വർഷത്തോളം യുകെയിലെയും അയർലൻഡിലെയും വാർത്താ ഏജൻസിയായ പ്രസ് അസോസിയേഷനിൽ ഡെപ്യൂട്ടി പ്രൊഡക്ഷൻ എഡിറ്ററായി ജോലി ചെയ്തിരുന്നു. 2013ലാണ് റോയിട്ടേഴ്‌സിൽ ചേരുന്നത്. ബെംഗളൂരു ഓഫീസിൽ പേജ് എഡിറ്ററായിരുന്നു ശ്രുതി. വീട്ടിൽ നിന്ന് മൂന്ന് ആത്മഹത്യാ കുറിപ്പുകളും പൊലീസ് കണ്ടെടുത്തതായി നിഷാന്ത് പറഞ്ഞു. പൊലീസിനും ഭർത്താവിനും വയസായ മാതാപിതാക്കളുടെയും പേരിലായിരുന്നു കുറിപ്പുകൾ. 20 മിനിറ്റിൽ കൂടുതൽ അനീഷിന്റെ പീഡനം സഹിക്കാനാകില്ലെന്നും ഇനി വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ബധിരയും അന്ധയുമായ യുവതിയെ വിവാഹം കഴിക്കണമെന്നും ഭർത്താവിന് വേണ്ടിയുള്ള കുറിപ്പിൽ പറയുന്നു.

''ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് എല്ലാ ദിവസവും സങ്കടത്തിന് കാരണമാകും. പക്ഷേ ഞാൻ മരിച്ചാൽ നിന്റെ ദുഃഖം കുറച്ചു ദിവസങ്ങൾ മാത്രമേ നിലനിൽക്കൂ'' മാതാപിതാക്കൾക്കായി എഴുതിയ കത്തിൽ ശ്രുതി കുറിച്ചു. റിട്ടയേഡ് ഹൈസ്‌കൂൾ അദ്ധ്യാപകരാണ് ശ്രുതിയുടെ മാതാപിതാക്കൾ. ആത്മഹത്യാ കുറിപ്പിന്റെയും നിശാന്ത് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് പൊലീസ് അനീഷ് കോറോത്തിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

ശ്രുതി വീട്ടുകാരോട് സംസാരിക്കുന്നത് അനീഷിന് ഇഷ്ടമായിരുന്നില്ല. അമ്മയ്ക്ക് പണം അയച്ചാൽ അല്ലെങ്കിൽ അവളുടെ പിതാവിന് ഒരു പുസ്തകം സമ്മാനിച്ചാലൊക്കെ അനീഷ് ശ്രുതിയെ ഉപദ്രവിക്കുമായിരുന്നു. ടെക്കിയായ അനീഷിന് എപ്പോഴും ജോലി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവമാണെന്ന് പിതാവ് നാരായണൻ പറഞ്ഞു.പി.എഫ് അക്കൗണ്ട് നോമിനിയായി അമ്മക്ക് പകരം തന്റെ പേര് ആക്കണമെന്നാവശ്യപ്പെട്ട് ശ്രുതിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങൾ വൈകിയപ്പോഴും അയാൾ അവളെ ഉപദ്രവിച്ചു. അവൾ 8 ലക്ഷം മുടക്കി സ്വന്തമായി ഒരു കാർ വാങ്ങിയപ്പോഴും അത് അനീഷിന്റെ പേരിലാക്കാൻ നിർബന്ധിച്ചതായും നാരായണൻ പറഞ്ഞു. ജനുവരി 15നുണ്ടായ വഴക്കിനെത്തുടർന്ന് അനീഷ് ശ്രുതിയെ തലയണ കൊണ്ട് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെന്ന് നിശാന്ത് വൈറ്റ്ഫീൽഡ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫെബ്രുവരിയിൽ കാസർകോട് വിദ്യാനഗറിലെ നാരായണന്റെ വീട്ടിൽ ഇരുകുടുംബങ്ങളും ഒത്തുതീർപ്പിനായി ഒത്തുകൂടി.

ബന്ധം അവസാനിപ്പിക്കാമെന്ന് ആവശ്യപ്പെട്ടപ്പോൾ അനീഷ് ക്ഷമാപണം നടത്തുകയും തെറ്റു തിരുത്താമെന്ന് പറയുകയും ചെയ്തതായി നാരായണൻ പറഞ്ഞു. എന്നാൽ അടുത്ത ദിവസം ശ്രുതിയെ വീട്ടിൽ ഇറക്കി വിട്ടിട്ട് അനീഷ് സ്വന്തം വീട്ടിലേക്കു പോയതായും നാരായണൻ കൂട്ടിച്ചേർത്തു. കോടതിയിൽ നിന്നും മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ അനീഷ് ഇന്നോ നാളെയോ കീഴടങ്ങിയേക്കുവന്ന സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP