Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്ദീപും സരിത്തും സ്വപ്‌നയും ഉന്നതരുമായി ബന്ധപ്പെട്ടിരുന്നത് വേറെ ഫോണുകളിൽ; എൻഐഎ തപ്പുന്നത് കള്ളക്കടത്ത് സംഘത്തിന്റെ ഉന്നത ബന്ധങ്ങൾ; ശിവശങ്കറിനെ തൊടാതെ മാറി നടക്കുന്നത് കസ്റ്റംസിന്റെ അന്വേഷണം പൂർത്തിയാവാൻ; ശിവശങ്കറുടെ ഫോൺ കോളുകളും വിദേശ യാത്രകളും അടക്കം സകലതും നിരീക്ഷണത്തിൽ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ദേശീയ അന്വേഷണ സംഘം

സന്ദീപും സരിത്തും സ്വപ്‌നയും ഉന്നതരുമായി ബന്ധപ്പെട്ടിരുന്നത് വേറെ ഫോണുകളിൽ; എൻഐഎ തപ്പുന്നത് കള്ളക്കടത്ത് സംഘത്തിന്റെ ഉന്നത ബന്ധങ്ങൾ; ശിവശങ്കറിനെ തൊടാതെ മാറി നടക്കുന്നത് കസ്റ്റംസിന്റെ അന്വേഷണം പൂർത്തിയാവാൻ; ശിവശങ്കറുടെ ഫോൺ കോളുകളും വിദേശ യാത്രകളും അടക്കം സകലതും നിരീക്ഷണത്തിൽ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ദേശീയ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസിൽ പിടിക്കുമെന്നായപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു തിരുവനന്തപുരം നഗരം വിടും മുൻപു പൂജപ്പുര ഭാഗത്തായിരുന്നു സ്വപ്‌നാ സുരേഷിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ എന്നാത് കേസ് അന്വേഷണത്തിൽ നിർണ്ണായകമെന്ന തിരിച്ചറിവിൽ ദേശീയ അന്വേഷണ ഏജൻസി. അതിനിടെ സന്ദീപ് നായരും സരിത്തും സ്വപ്‌നയും ഉന്നതരുമായി ബന്ധപ്പെട്ടിരുന്നത് വേറെ ഫോണുകളിൽ ആണെന്നും കണ്ടെത്തി. അന്വേഷണത്തിന്റെ തുടക്കത്തിൽ എൻഐഎ തപ്പുന്നത് കള്ളക്കടത്ത് സംഘത്തിന്റെ ഉന്നത ബന്ധങ്ങളാണ്. മുഖ്യന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിനെ തൊടാതെ മാറി നടക്കുന്നത് കസ്റ്റംസിന്റെ അന്വേഷണം പൂർത്തിയാവാനാണ്. ശിവശങ്കറുടെ ഫോൺ കോളുകളും വിദേശ യാത്രകളും അടക്കം സകലതും എൻഐഎ പരിശോധിക്കുന്നുണ്ട്.

സ്വപ്‌ന സ്ഥലം വിടുന്നതിന് മുമ്പ് ഫോണിന്റെ ലൊക്കേഷൻ പൂജപ്പുരയാണെന്നതും നിർണ്ണായകമാണ്. ഈ ഭാഗത്താണ് ശിവശങ്കറിന്റേയും വീട്. അതിനിടെ സ്വർണം കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷുമായും അവർ വഴി സരിത്തുമായും സൗഹൃദമുണ്ടെന്നു കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ ശിവശങ്കർ സമ്മതിച്ചു. സ്വപ്നയുടെ ഫ്‌ളാറ്റിൽ പോകാറുണ്ടായിരുന്നു. എന്നാൽ സെക്രട്ടേറിയറ്റിനു സമീപം പുന്നൻ റോഡിൽ കള്ളക്കടത്തു സംഘത്തിനു ഫ്‌ളാറ്റ് എടുത്തു നൽകിയതിൽ പങ്കില്ല. സന്ദീപ് നായരെ സ്വപ്നയുടെ സുഹൃത്തെന്ന നിലയിലാണു പരിചയം എന്നായിരുന്നു മൊഴി. എന്നാൽ അരുൺ ബാലചന്ദ്രനെന്ന ഐടി വിഭാഗത്തിലെ ജീവനക്കാരനാണ് ഫ്‌ളാറ്റ് എടുത്തു കൊടുത്തതെന്ന് തെളിഞ്ഞു. ശിവശങ്കർ പറഞ്ഞിട്ടാണ് ഇതെന്നും വ്യക്തമായി. ഇതോടെ ശിവശങ്കറിന്റെ മൊഴി തെറ്റാണെന്ന് തെളിയുകയാണ്. ഈ സാഹചര്യത്തിൽ ശിവശങ്കർ കുടുങ്ങാനാണ് സാധ്യത.

സ്വർണ്ണ കടത്ത് കേസ് കസ്റ്റംസും തീവ്രവാദ ബന്ധങ്ങൾ എൻഐഎയുമാണ് അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യലിന് ആദ്യം വിട്ടുകൊടുക്കുകയാണ്. കസ്റ്റംസിന്റെ അന്വേഷണം പൂർത്തിയായാൽ ഉടൻ എൻഐഎ കേസിൽ ഇടപെടൽ ശക്തമാക്കും. ഇതോടെ ശിവശങ്കർ കൂടുതൽ കുരുക്കിലാകും. സ്വപ്‌നയ്ക്കും സരിത്തിനും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്നും ശിവശങ്കർ അറിയിച്ചു. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണു സ്വപ്നയുമായി പരിചയമെന്നു ശിവശങ്കർ മൊഴി നൽകി. പിന്നീട് അതു സൗഹൃദമായി. അവരുടെ കുടുംബവുമായും അടുപ്പമുണ്ട്. സ്വപ്നയുടെ ഫ്‌ളാറ്റിൽ താനും തന്റെ വാടക ഫ്‌ളാറ്റിൽ സ്വപ്നയും വന്നിട്ടുണ്ടെന്നും സമ്മതിച്ചു.

നഗരത്തിലെ റസ്റ്ററന്റുകളിൽ സ്വപ്നയ്ക്കും ഭർത്താവിനുമൊപ്പം പോയിട്ടുണ്ട്. സ്വപ്നയ്ക്കു ജോലിക്കായി ഇടപെട്ടിട്ടില്ല. സ്വപ്ന വഴിയാണു കോൺസുലേറ്റ് ഉദ്യോഗസ്ഥനായ സരിത്തിനെ പരിചയപ്പെട്ടത്. സ്വപ്നയോടൊപ്പം പല തവണ സന്ദീപിനെ കാണുകയും അങ്ങനെ അടുപ്പമുണ്ടാവുകയും ചെയ്തു. സന്ദീപും തന്റെ ഫ്‌ളാറ്റിൽ വന്നിട്ടുണ്ടെന്നു സമ്മതിച്ച ശിവശങ്കറിന്, ഇയാളുമായി നടത്തിയ ഫോൺ വിളികൾ സംബന്ധിച്ച ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ഇതും വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ എൻ ഐ എ ഏതു സമയവും ശിവശങ്കറിനെ കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ട. എന്നാൽ മലബാർ കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരെ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധത്തെ സൗഹൃദം മാത്രമായി ഒതുക്കാനാകില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജൻസികൾ.

സ്വപ്നയെയും സരിത്തിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്തു പരമാവധി തെളിവുകളിലേക്കു പോകുന്നതിലാണ് എൻഐഎ നിലവിൽ ശ്രദ്ധിക്കുന്നത്. എം.ശിവശങ്കറിലേക്ക് എൻഐഎ അന്വേഷണം കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. അതിനു മുൻപു കസ്റ്റംസിന്റെ നടപടികൾ പൂർത്തിയാക്കും. സന്ദീപ് നായരാണ് ഈ സംഘത്തിലെ സുപ്രധാന കണ്ണിയെന്ന രീതിയിലാണ് എൻഐഎ അന്വേഷണം പോകുന്നത്. കൊടുവള്ളി സംഘമുൾപ്പെടെ കേരളത്തിലെ ശക്തമായ കള്ളക്കടത്തു സംഘങ്ങളുമായെല്ലാം സന്ദീപിനു വർഷങ്ങൾ നീണ്ട ബന്ധമുണ്ട്.

ഹോട്ടലുകളിലും ഫ്‌ളാറ്റിലും പ്രതികൾക്കൊപ്പം ഉണ്ടായിരുന്നതും ഇവർക്കു ഫ്‌ളാറ്റ് എടുത്തു നൽകിയതുമൊക്കെ ശിവശങ്കറിനെതിരെ നിർണായകമാകുമെങ്കിലും എൻഐഎ ശക്തമായ തെളിവാണു തേടുന്നത്.സ്വർണം ദുബായിൽ നിന്ന് ഇങ്ങോട്ടു കയറ്റി അയച്ച േശഷം പ്രതികളുടെയും എം.ശിവശങ്കറിന്റെയും യാത്രകളും ഫോൺവിളികളും പരിശോധിക്കുകയാണ്. അതിനു ശേഷം എല്ലാവരും കൂടിക്കാഴ്ച നടത്തിയോ, ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ ഈ സമയം ആരൊക്കെയെത്തി എന്നതും പരിശോധിക്കുന്നുണ്ട്. ശിവശങ്കർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ യാത്രാരേഖകളും പരിശോധിക്കുന്നുണ്ട്.

സന്ദീപും സ്വപ്നയും സരിത്തും ഈ ഓപ്പറേഷനു വേണ്ടി മാത്രം പുതിയ സിം കാർഡുകൾ തരപ്പെടുത്തിയെന്നും സംശയിക്കുന്നു. അവസാനം രക്ഷപെടും മുൻപ് സ്വപ്ന നടത്തിയ ഫോൺ വിളികളും പരിശോധിക്കുന്നു. ഇതും ശിവശങ്കറിനെതിരായ അന്വേഷണത്തിൽ നിർണ്ണായകമാകും. കഴിഞ്ഞ ഒന്ന്, രണ്ട് തീയതികളിൽ ശിവശങ്കറിന്റെ ഫ്ളാറ്റിനു സമീപത്തെ ഹോട്ടലിൽ പ്രതികൾ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും കസ്റ്റംസ് ശിവശങ്കറിനോട് ചോദ്യങ്ങളുന്നയിച്ചു. ചൊവ്വാഴ്ച െവെകിട്ട് നാലോടെയാണു കസ്റ്റംസ് സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യംചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയത്. അഞ്ചോടെ ശിവശങ്കർ സ്വന്തം വാഹനത്തിൽ കസ്റ്റംസ് ആസ്ഥാനത്തെത്തി. ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും ശിവശങ്കർ സംശയനിഴലിൽത്തന്നെയാണെന്ന നിലപാടിലാണു കസ്റ്റംസ്. കൊച്ചിയിൽനിന്നു കസ്റ്റംസ് കമ്മിഷണർ വിഡിയോ കോൺഫറൻസിലൂടെ ചോദ്യംചെയ്യലിൽ പങ്കെടുത്തു.

രാത്രി 12-നു ചോദ്യംചെയ്യൽ എഴാം മണിക്കൂറിലെത്തിയപ്പോൾ കസ്റ്റംസ് ആസ്ഥാനത്തിന്റെ വാതിൽ അടഞ്ഞു. അതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം പരന്നു. പുലർച്ചെ രണ്ടരയോടെ കസ്റ്റംസ് ആസ്ഥാനത്തുനിന്ന് ഒരു വാഹനം പുറത്തുവന്നപ്പോൾ, ശിവശങ്കറിനെ അറസ്റ്റ് ചെയ്തുകൊച്ചിയിലേക്കു കൊണ്ടുപോകുകയാണെന്നായി ഊഹാപോഹങ്ങൾ. എന്നാൽ, അതിൽ ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. പിന്നാലെ മറ്റൊരു കസ്റ്റംസ് വാഹനം ശിവശങ്കറിനെയും കൊണ്ട് കടന്നുപോയി. കൊച്ചിയിലേക്കെന്നു കരുതിയവർക്കു തെറ്റി. രണ്ട് വാഹനങ്ങളും പൂജപ്പുരയിലെ ശിവശങ്കറിന്റെ വസതിയിലേക്കാണു പോയത്. ശിവശങ്കർ പിൻവശത്തുകൂടി വീട്ടിൽ പ്രവേശിച്ചതോടെ കസ്റ്റംസ് സംഘം മടങ്ങി. അഭ്യൂഹങ്ങൾക്കും വിരാമമായി. എന്നാൽ എൻഐഎ വന്നാൽ കളി മാറുമെന്നാണ് സൂചന.

അതിനിടെ ശിവശങ്കറിനെതിരേ സിബിഐ. അന്വേഷണത്തിനു ശിപാർശയുമുണ്ട്. മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരേ 2018-ലെ അഴിമതി നിരോധന (ഭേദഗതി) നിയമപ്രകാരം കേസെടുക്കണമെന്നാണ് അന്വേഷണ ഏജൻസികൾ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിനു നൽകിയ ശിപാർശ. ശിവശങ്കറിനെതിരേ വകുപ്പുതല അന്വേഷണമാണ് ആദ്യം പരിഗണിച്ചതെങ്കിലും ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്നു വ്യക്തമായ വിവരം ലഭിച്ചതോടെയാണു സിബിഐ. അന്വേഷണത്തിനു കളമൊരുങ്ങിയത്. സ്വർണക്കടത്തിലെ സാമ്പത്തികക്കുറ്റം കസ്റ്റംസും തീവ്രവാദബന്ധം എൻ.ഐ.എയും അന്വേഷിക്കുന്നതിനു പുറമേയാണു ശിവശങ്കറിനെതിരേ സിബിഐ. അന്വേഷണവും വരുന്നത്.

കേസിൽ എൻഫോഴ്സ്മെന്റ്, റോ, കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് എന്നീ ഏജൻസികളും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കേന്ദ്രതീരുമാനം വരുന്നതിനു മുമ്പ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു വിജിലൻസ് അന്വേഷണത്തിനും സംസ്ഥാനസർക്കാർ ആലോചിക്കുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചശേഷമാകും നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP