Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ത്രിവേണി ആശുപത്രിയിൽ എത്തി കൈമാറിയത് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ്; കൊച്ചിയിലെ ഓഫീസിലേക്ക് സ്വന്തം വണ്ടിയിലോ ഞങ്ങൾക്കൊപ്പമോ ഉടൻ വരണമെന്ന് നിർദ്ദേശം; നിങ്ങളുടെ വണ്ടിയിൽ തന്നെ താൻ വരാമെന്ന് പറഞ്ഞ് കീഴടങ്ങൽ; ത്രിവേണി ആശുപത്രിയിൽ നിന്ന് നല്ല കുട്ടിയായി മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയുടെ യാത്ര

ത്രിവേണി ആശുപത്രിയിൽ എത്തി കൈമാറിയത് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ്; കൊച്ചിയിലെ ഓഫീസിലേക്ക് സ്വന്തം വണ്ടിയിലോ ഞങ്ങൾക്കൊപ്പമോ ഉടൻ വരണമെന്ന് നിർദ്ദേശം; നിങ്ങളുടെ വണ്ടിയിൽ തന്നെ താൻ വരാമെന്ന് പറഞ്ഞ് കീഴടങ്ങൽ; ത്രിവേണി ആശുപത്രിയിൽ നിന്ന് നല്ല കുട്ടിയായി മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയുടെ യാത്ര

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കോടതി വിധി വന്നതോടെ തന്നെ എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ എടുക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് 15 മിനിറ്റിനുള്ളിൽ ഇഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് വഞ്ചിയൂരിലുള്ള ത്രിവേണി ആശുപത്രിയിൽ എത്തിയത്. കൊച്ചിയിൽ നിന്ന് ഇന്നലെ തന്നെ എത്തിയ ഉദ്യോഗസ്ഥർ അതിവേഗം ആശുപത്രിക്കുള്ളിൽ കടന്നു. മാധ്യമങ്ങളെ അമ്പരപ്പിക്കുന്ന വേഗത്തിൽ ശിവശങ്കറുമായി പുറത്തേക്ക്. പിന്നെ ഇഡിയുടെ കാറിൽ കൊച്ചിയിലേക്കും. കസ്റ്റഡിയിൽ എടുത്ത ശിവശങ്കറിനെ കൊച്ചിയിൽ എത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യൽ അതിന് ശേഷം അറസ്റ്റും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ കേരളത്തെ ഒരുകാലത്ത് നിയന്ത്രിച്ച ഐഎഎസ് കരുത്തനാണ് ഇഡിയുടെ കസ്റ്റഡിയിൽ ആകുന്നത്.

ത്രിവേണി ആശുപത്രിയിൽ എത്തി ഇഡി ഉദ്യോഗസ്ഥർ ശിവശങ്കറിന് കൈമാറിയത് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസായിരുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് സ്വന്തം വണ്ടിയിലോ ഞങ്ങൾക്കൊപ്പമോ ഉടൻ വരണമെന്ന് നിർദ്ദേശമാണ് അവർ നൽകിയത്. വലിയ ആരോഗ്യ പ്രശ്‌നമില്ലെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കിയിരുന്നു. ഇതെല്ലാം മനസ്സിലാക്കി വേഷം മാറി തയ്യാറെടുത്തായിരുന്നു ശിവശങ്കറും നിന്നിരുന്നത്. ഇഡി ഉദ്യോഗസ്ഥരോട് നിങ്ങളുടെ വണ്ടിയിൽ തന്നെ താൻ വരാമെന്ന് പറഞ്ഞ് കേരളത്തെ നിയന്ത്രിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ പുറത്തേക്ക് ഇറങ്ങി. ത്രിവേണി ആശുപത്രിയിൽ നിന്ന് ആരോടും ഒന്നും പറയാതെ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയുടെ യാത്ര കൊച്ചിയിലേക്കാണ്. നാടകങ്ങളും നാട്യവുമില്ലാതെ ഇഡിക്ക് മുന്നിൽ ശിവശങ്കർ കീഴടങ്ങുമ്പോൾ അത് രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും വഴിയൊരുക്കും.

നേരത്തെ കസ്റ്റംസ് സമാന രീതിയിൽ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചിരുന്നു. അന്ന് അസുഖം കളിച്ച് അതൊഴിവാക്കി. അതിന് ശേഷം മുൻകൂർ ജാമ്യ ഹർജി നൽകി. എന്നാൽ തെളിവുകൾ നിരത്തി കേന്ദ്ര ഏജൻസികൾ വാദിച്ചപ്പോൾ ശിവശങ്കർ അറസ്റ്റ് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതി വിധി എത്തിയപ്പോൾ തന്നെ കസ്റ്റഡിയിലേക്ക് മാറാൻ ശിവശങ്കർ മാനസികമായി തയ്യാറെടുത്തു. ത്രിവേണി ആശുപത്രിയും കേന്ദ്ര ഏജൻസികളെ പിണക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അസുഖമെന്ന പ്രതിരോധം അറസ്റ്റിനെ നേരിടാൻ പ്രയോഗിക്കാനും കഴിഞ്ഞില്ല. വീട്ടിൽ നിന്നുള്ള യാത്ര ഒഴിവാക്കിയെന്നത് മാത്രമാണ് ആശുപത്രി വാസം ശിവശങ്കറിന് നൽകിയ ഏക ലാഭം.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ശിവശങ്കറിനെ എൻഫോഴ്‌സമെന്റ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വഞ്ചിയൂരുള്ള ആയുർവേദ കേന്ദ്രത്തിലെത്തിയാണ് എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ഇഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇഡി കസ്റ്റഡിയിലെടുത്ത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകം ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. കൊച്ചിയിലേക്കാണ് കൊണ്ടുപോകുന്നത്. ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നുവെന്ന് അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

ശിവശങ്കർ തന്നെയാകാം സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ കോടതിയെ ബോധിപ്പിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ല. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത് തട്ടിപ്പാണ്. സ്വർണക്കടത്തുകേസിൽ ശിവശങ്കറിനെതിരായ നിർണായക തെളിവുകൾ ഇഡി കോടതിക്കു കൈമറിയിരുന്നു. സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു സന്ദേശങ്ങളിൽനിന്നു വ്യക്തമാകുന്നത്. ശിവശങ്കറിന്റെ പദവിയും സ്വാധീനവും പരിഗണിക്കുമ്പോൾ തെളിവു നശിപ്പിക്കുമെന്ന ആശങ്കയുണ്ട്. വൻതോതിലുള്ള കമ്മിഷനാണു ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ സമൂഹത്തിനെതിരായ പ്രവർത്തനമാണെന്നു കസ്റ്റംസ് കോടതിയ അറിയിച്ചു. ഇതെല്ലാം അംഗീകരിക്കപ്പെട്ടു.

അതേ സമയം ശിവശങ്കറിന്റെ വാദമുഖങ്ങൾ കോടതി തള്ളി. അന്വേഷണ ഏജൻസികൾ കഥ മെനയുകയാണെന്ന് ശിവശങ്കർ കോടതിയിൽ പറഞ്ഞു. സംഭവങ്ങൾ തെറ്റിദ്ധരിപ്പിക്കും വിധം വളച്ചൊടിക്കുകയാണെന്നും വാദിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ആശുപത്രിയുടെ ഭാഗത്തുനിന്നും തടസമുണ്ടാകില്ലെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് അതിവേഗം ഇഡി ആശുപത്രിയിൽ എത്തിയത്. കേരളത്തിലെ സർവ്വ പ്രതാപിയായിരുന്ന ഐഎഎസുകാരനെകാണ് ഇഡി കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഒരു കാലത്ത് ശിവശങ്കർ. അതുകൊണ്ട് തന്നെ അടുത്ത കാലം വരെ ഭരണം നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥന്റെ അറസ്റ്റ് മുഖ്യമന്ത്രിക്കും വിനയാകും.

കസ്റ്റംസിന്റെ ഇ.ഡിയുടെയും എതിർവാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേർഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്. ഇ.ഡിക്കും കസ്റ്റംസിനും ജാമ്യാപേക്ഷ തള്ളിയതോടെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള തടസ്സം നീങ്ങി. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.

അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുൾപ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എൻഫോഴ്സ്മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയിൽ ഉയർത്തിയിരുന്നത്. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു.

കസ്റ്റംസ് സംഘം ഏറ്റവും ഒടുവിൽ ഒക്ടോബർ 16-ന് ചോദ്യം ചെയ്യാനായി വൈകുന്നേരം വീട്ടിലെത്തി നോട്ടീസ് നൽകി ഒപ്പം കൂട്ടുകയായിരുന്നു. എന്നാൽ വഴിമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അദ്ദേഹം പരാതിപ്പെടുകയും കസ്റ്റംസ് സംഘം തന്നെ ആശുപത്രിയിലെത്തിച്ചു.എന്നാൽ, അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നമില്ലെന്നും പുറംവേദന മാത്രമാണുള്ളതെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് അദ്ദേഹത്തെ മാറ്റി. അവിടെ ഓർത്തോ വിഭാഗം ഐസിയുവിലാക്കി.

അതിനിടെയാണ് കസ്റ്റംസ് കേസിലും ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 28 വരെ അറസ്റ്റ് പാടില്ല എന്ന കോടതി ഉത്തരവ് കസ്റ്റംസ് കേസിലും വന്നത്. തുടർന്ന് ശിവശങ്കർ ഡിസ്ചാർജായി ആയുർവേദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റായി. അതും വെറുതെയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP