Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

സിഎക്കാരൻ സാക്ഷിയാകുമെന്ന് ആദ്യമേ തിരിച്ചറിഞ്ഞ ദീർഘ വീക്ഷണം; ലോക്കറിലെ ഐഎഎസുകാരന്റെ പങ്കാളിത്തവും വ്യക്തം; ശിവശങ്കർ അറിയാതെ സ്വപ്നയുടെ പണമിടപാടുകൾ വേണുഗോപാൽ വഴി നടന്നിട്ടില്ലെന്ന് തെളിഞ്ഞു; ജാമ്യം കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ച പഴയ കരുത്തന് ദീർഘനാൾ അഴിക്കുള്ളിൽ കിടക്കേണ്ടി വരും; 2018ലെ ചാറ്റുകൾ കരുക്കാകുമ്പോൾ

സിഎക്കാരൻ സാക്ഷിയാകുമെന്ന് ആദ്യമേ തിരിച്ചറിഞ്ഞ ദീർഘ വീക്ഷണം; ലോക്കറിലെ ഐഎഎസുകാരന്റെ പങ്കാളിത്തവും വ്യക്തം; ശിവശങ്കർ അറിയാതെ സ്വപ്നയുടെ പണമിടപാടുകൾ വേണുഗോപാൽ വഴി നടന്നിട്ടില്ലെന്ന് തെളിഞ്ഞു; ജാമ്യം കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ച പഴയ കരുത്തന് ദീർഘനാൾ അഴിക്കുള്ളിൽ കിടക്കേണ്ടി വരും; 2018ലെ ചാറ്റുകൾ കരുക്കാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോടു സംസ്ഥാനത്തിനു പുറത്തേക്കു മാറിനിൽക്കാൻ നിർദ്ദേശിച്ച സന്ദേശം അന്വേഷണ സംഘത്തിനു ലഭിച്ചത് അതിനിർണ്ണായകമെന്ന് കസ്റ്റംസ്. ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ ചില ഭാഗങ്ങൾ പുറത്തായതോടെ ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ ഹൈക്കോടതി എന്ത് തീരുമാനം എടുക്കുമെന്ന ചർച്ചയും സജീവമാകുകയാണ്. മുൻകൂർ ജാമ്യം നിഷേധിച്ചാൽ ഏറെ കാലം ശിവശങ്കറിന് അഴിക്കുള്ളിൽ കഴിയേണ്ടി വരുമെന്നാണ് സൂചന.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ച ഡിജിറ്റൽ രേഖകളിലാണ് ഇക്കാര്യമുള്ളത്. മാധ്യമപ്രവർത്തകരിൽനിന്ന് അകന്നുനിൽക്കാനും കഴിയുമെങ്കിൽ നാഗർകോവിലിലേക്കു പോകാനുമായിരുന്നു ഉപദേശം. സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത അക്കൗണ്ടിൽ ബാങ്ക് ലോക്കർ ഉള്ളതായി അതിനകം തന്നെ അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചിരുന്നു. എൻഐഎ ഒരു കോടി രൂപ ഇതിൽനിന്നു പിടിച്ചെടുക്കുകയും ചെയ്തു. സ്വപ്നയുടെ ഇടപാടുകൾ ശിവശങ്കർ അറിഞ്ഞിരുന്നു എന്ന നിഗമനത്തിലേക്കും കേസിൽ തുടർനടപടികളിലേക്കും അന്വേഷണ ഏജൻസികൾ നീങ്ങിയതിൽ പ്രധാനമാണ് ഈ ഡിജിറ്റൽ തെളിവുകൾ. ഇത് ശിവശങ്കറിന് കുരുക്കാണ്.

സ്വപ്ന പിടിക്കപ്പെട്ട ഉടൻ അന്വേഷണം ലോക്കറിലേക്കെത്തുമെന്നു ശിവശങ്കർ മനസ്സിലാക്കിയെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തൽ. ശിവശങ്കറും വേണുഗോപാലുമായി 2018 നവംബർ മുതലുള്ള വാട്‌സാപ് സന്ദേശങ്ങൾ കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. സ്വപ്നയുടെ ലോക്കറിലെ പണമിടപാടുകൾ താനറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കർ നൽകിയ മൊഴിയെ ഖണ്ഡിക്കുന്നതാണ് ചാറ്റുകൾ. വേണുഗോപാൽ ഓരോ വിവരവും ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് ചാറ്റുകളിൽ വ്യക്തമാകുന്നു. ശിവശങ്കർ അറിയാതെ സ്വപ്നയുടെ പണമിടപാടുകൾ വേണുഗോപാൽ വഴി നടന്നിട്ടില്ലെന്നും തെളിയുന്നു. എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ആണ് വാട്സാപ്പ് ചാറ്റ് സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിനെ ഗൗരവത്തോടെയാണ് എൻഫോഴ്‌സ്‌മെന്റും കാണുന്നത്.

ഈ ഡിജിറ്റൽ തെളിവുകൾ കസ്റ്റംസിന് കിട്ടിയതായി ശിവശങ്കറും മനസ്സിലാക്കിയിരുന്നു. ഇതോടെയാണ് ശിവശങ്കർ അറസ്റ്റ് ഒഴിവാക്കാൻ പല വിധ നാടകങ്ങൾ കളിച്ചതെന്നാണ് വിലയിരുത്തൽ. ശിവശങ്കറിന്റെ അയ്യോ പാവം ഇമേജ് തകർക്കുന്നതാണ് പുറത്തു വന്ന ചാറ്റുകൾ. കസ്റ്റംസിന്റെ ആദ്യഘട്ട ചോദ്യംചെയ്യൽ വിവരങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ഇതിലും ലോക്കറിനെക്കുറിച്ചുള്ള ആശങ്കകൾ ശിവശങ്കർ ഉന്നയിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതുവരെ അവധിയെടുക്കാനും സാധിക്കുമെങ്കിൽ തിരുവനന്തപുരം നഗരം വിടാനും നാഗർകോവിലിലോ മറ്റോ പോകാനും വേണുഗോപാലിനെ ഉപദേശിക്കുന്നുമുണ്ട്.

കേസെടുത്താൽ വേണുഗോപാൽ സാക്ഷിപ്പട്ടികയിലായിരിക്കും എന്ന് ശിവശങ്കറിന്റെ ദീർഘവീക്ഷണവും ചാറ്റിലുണ്ട്. അങ്ങനെ വന്നാൽ താൻ പ്രതിയാകുമെന്നും ശിവശങ്കർ കണക്കുകൂട്ടിയിരുന്നു. വേണുഗോപാലിന്റെ മൊഴികളും ശിവശങ്കറിന് എതിരാണ്. ഇ.ഡി. സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ ശിവശങ്കർ പറഞ്ഞതുപോലെ വേണുഗോപാലിനെ സാക്ഷിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കുരുക്കാകുന്നത് 2018ലെ ചാറ്റ്

സ്വപ്നയുടെ പണം ലോക്കറിൽ വെക്കുന്നതിനുമുമ്പുള്ള ചാറ്റിംഗും നിർണ്ണായകമാണ്. 2018 നവംബർ 28നായിരുന്നു ഈ ചാറ്റ്. അന്ന് രാവിലെ 11:34 മണിക്ക് ശിവശങ്കർ: പണം 35 ഉണ്ട്. പ്രത്യേകമായി തിരിക്കേണ്ടി വരുമോ?-എന്ന ചോദ്യമാണ് ശിവശങ്കർ ഉന്നയിക്കുന്നത്. 11:36ന് വേണുഗോപാൽ: സ്ഥിരനിക്ഷേപം 30 ഒ.കെ. ആണ് എന്ന് മറുപടി നൽകുന്നു. ഉച്ചയ്ക്ക് 02:42 ശിവശങ്കർ: 3.30-3.40 ആകുമ്പോൾ ഞാനും നിങ്ങളുടെ അടുത്തെത്തുമെന്ന് ശിവശങ്കർ മെസേജ് ചെയ്തു. ഈ ചാറ്റിന് ശേഷം സ്വപ്നയും ശിവശങ്കറുംകൂടി വേണുഗോപാലിന്റെ വീട്ടിലെത്തി പണം നിറച്ച ബാഗ് കൈമാറി. 35 ലക്ഷം എന്ന് ശിവശങ്കർ അറിയിച്ചിരുന്നുവെങ്കിലും 30 ലക്ഷമേ ഉണ്ടായിരുന്നുള്ളൂ എന്ന് വേണുഗോപാൽ മൊഴി നൽകിയിരുന്നു. 20 ലക്ഷം സ്വപ്നയുടെ പക്കൽ ഉണ്ടായിരുന്നെന്നും ബാഗിൽ എത്ര പണം ഉണ്ടായിരുന്നു എന്ന് തനിക്കറിയില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി.

പണം ലോക്കറിൽ വെച്ചുകഴിഞ്ഞും സന്ദേശം അയച്ചിട്ടുണ്ട്. 30നായിരുന്നു അത്. അന്ന് വൈകീട്ട് 04:01നായിരുന്നു സന്ദേശം. രണ്ടുമണിക്ക് അവരുടെ സാന്നിധ്യത്തിൽ ലോക്കറിൽ വെച്ചു എന്ന് ശിവശങ്കറിനെ സിഎക്കാരൻ അറിയിക്കുന്നു. അതിന് 05:05മണിക്ക് ശിവശങ്കർ നന്ദി എന്ന സന്ദേശം തിരിച്ചയച്ചു. 05:48ന് വേണുഗോപാൽ സർ, മറ്റാരും അടുത്തില്ലാത്തപ്പോൾ എന്നെ വിളിക്കാമോ എന്ന സന്ദേശം അയച്ചു. അതിന് ഒ.കെ. എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. *എന്തിന് ലോക്കറിൽ വെച്ചു ശിവശങ്കർ എന്ന് ചോദിക്കുന്നില്ല. ലോക്കർ തുടങ്ങാൻ താൻ പറഞ്ഞിട്ടില്ല എന്നാണ് ശിവശങ്കർ അന്വേഷണ ഏജൻസികൾക്ക് കൊടുത്തിരുന്ന മൊഴി. എന്നാൽ, ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയ മൊഴി. ഇതിന് ഈ സന്ദേശങ്ങളും തെളിവാണ്.

അതിനിടെ മാനദണ്ഡങ്ങൾ മറികടന്നു ഡോളർ കൈമാറ്റം ചെയ്‌തെന്ന് ആരോപണം നേരിടുന്ന കരമന ആക്‌സിസ് ബാങ്ക് മാനേജർ ശേഷാദ്രി അയ്യരെ സസ്‌പെൻഡ് ചെയ്തു. യുഎഇ കോൺസുലേറ്റിനും സ്വപ്ന സുരേഷിനും അക്കൗണ്ടുള്ള ബാങ്കാണിത്. സ്വപ്ന വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ച് വിദേശത്തേക്കു ഡോളർ കടത്തിയതു കണ്ടെത്തിയിരുന്നു. രൂപ ഡോളറാക്കി മാറ്റിനൽകിയത് ഈ ബാങ്കിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ശേഷാദ്രി അയ്യരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP